DCBOOKS
Malayalam News Literature Website

‘ലൈഫ് ബോയ്’; സന്തോഷത്തിന്റെ കൊച്ചുപുസ്തകം

പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘ലൈഫ് ബോയ്’ ക്ക് അജിത എഴുതിയ വായനാനുഭവം.

പ്രശാന്ത്  നായർ ഐ എ എസി ന്റെ പുതിയ പുസ്തകം ലൈഫ്ബോയ്  അദ്ദേഹത്തിന്റെ കയ്യൊപ്പോടെ ആദ്യ കോപ്പികളിൽ ഒന്നു തന്നെ സ്വന്തമാക്കാൻ എനിക്ക് കഴി‍‍ഞ്ഞു. കളക്ടർ ബ്രോ വായിച്ച ഒരു പോസിറ്റീവ് ഫീലിംഗ് നിലനിൽക്കുമ്പോഴാണ് പുതിയ പുസ്തകത്തിനെക്കുറിച്ച് അറിയുന്നത്. പിന്നെ നമ്മള്‍ വായിക്കാതെ വിടുമോ അത്. ജീവിതത്തിൽ തളർന്നു പോയി, ഇനി കരകയറാൻ പറ്റില്ല എന്ന് ചിന്തിച്ച് ബാക്കി ജീവിതം എങ്ങനെയോ പോകട്ടെ എന്നു കരുതുന്നവർക്ക് ജീവിക്കാനുളള പോസിറ്റീവ് എനർജി ഈ പുസ്തകം നൽകുന്നുണ്ട്. നമ്മുടെ ഓരോ സാഹചര്യത്തിനും നമുക്ക് സംഭവിക്കുന്ന ഓരോ പ്രശ്നങ്ങള്‍ക്കും മറുപടി വ്യക്തമായി തന്ന് നമ്മളെ പ്രശ്നങ്ങളിൽ നിന്ന് കരകയറാനുളള ആവേശവും തന്ന് ശക്തരാക്കുന്ന ഒരു വൈബ് ഇതിന്റെ ആദ്യാവസാനം  ഉണ്ട്.  നമ്മുടെയൊക്കെ ജീവൻ രക്ഷിക്കുന്ന പൊങ്ങുയന്ത്രമാണ് ഈ ലൈഫ്ബോയി.

അദ്ദേഹം പറയുന്നു, “ഒരു വ്യക്തിയുടെ ഇഷ്ടം അനിഷ്ടം, അഭിപ്രായം, വ്യക്തിസ്വാതന്ത്ര്യം, Textസാമ്പത്തിക പുരോഗതി, ബൗദ്ധികമായ വളർച്ച , ആരോഗ്യം ഇവയൊക്കെ മറ്റു ചിലരുടെ നിയന്ത്രണത്തിൽ ആവുന്ന അവസ്ഥ എത്ര ഗുരുതരമാണ്.” ഇത് അനുഭവിക്കുന്നവർക്ക് ഇതിന്റെ ആഴം മനസ്സിലാവും. ഇന്ന് തലപോകുന്ന കേസാണെന്ന് വിചാരിക്കുന്ന പലതും പത്തുവർഷം കഴി‍ഞ്ഞാൽ നമ്മള്‍ ഓർത്തോർത്ത് ചിരിക്കും. ശരിയല്ലേ, പലപ്പോഴും ചിന്തിക്കാറില്ലേ ഈ ധൈര്യം പത്തുവർഷം മുന്നേ കാണിച്ചിരുന്നെങ്കിൽ നമ്മള്‍ എവിടെ എത്തിയേനെ.

പൊട്ടിക്കരയുമ്പോള്‍ കെട്ടിപ്പിടിച്ചൊന്നു ആശ്വസിപ്പിക്കാനും, തളർന്നു നിൽക്കുമ്പോള്‍ ചേർത്ത് പിടിച്ച് കൈയിൽ കൈകള്‍ അമ‍ർത്താനും ആരാണ് ആഗ്രഹിക്കാത്തത്. ‍ഞാനൊരു വികാരജീവിയാണെന്ന അദ്ധ്യായം വളരെ അർത്ഥവത്തായ കാര്യങ്ങളാണ് പറയുന്നത്. ഒരദ്ധ്യായം മാത്രമല്ല പുസ്തകം മുഴുവനും, (ഒരു പേജും മാറ്റി വയ്ക്കാനില്ല) വായിച്ചാൽ നമ്മള്‍ ആരാണെന്ന് നമുക്ക് മനസ്സിലാവും. എത്ര പുസ്തകങ്ങള്‍, അറിവുകള്‍ വിശകലനം ചെയ്തിട്ടാണ് ലൈഫ് ബോയ് തയ്യാറാക്കിയിരിക്കുന്നത്. ഇത്രയും സമയം എടുത്ത് മറ്റുളളവർക്ക് വേണ്ടി , വൈകാരിക തകർച്ച നേരിടുന്നവരെ അവരുടെ ബോധമണ്ഡലങ്ങളിലേക്ക് ഉയിർത്തെഴുന്നേൽപ്പിക്കുന്ന ലൈഫ്ബോയ് പുതുതലമുറ വായിക്കേണ്ടത് തന്നെയാണ്. എത്ര കൃത്യമായാണ് ഓരോ പേജും തയ്യാറാക്കിയിരിക്കുന്നത്.

സന്തോഷം പൂമ്പാറ്റയെ പോലെയാണെന്നാണ് അദ്ദേഹം പറയുന്നത് പിന്നാലെ നടന്നു പിടികൂടാൻ ശ്രമിച്ചാൽ ജീവനോടെ കിട്ടില്ല. ശാന്തരായി ഇരുന്നാൽ ചിലപ്പോള്‍ ആ ശലഭം നമ്മുടെ മേൽ വന്നിരുന്നാലായി. എത്ര ശക്തമായ വാക്കുകള്‍ ആണ്. ചുറ്റുമുളളവർക്ക് ഉപകാരപ്പെടാനായാൽ നിലനിൽപ്പിനുതന്നെ അർത്ഥമുണ്ടാകും. സ്നേഹവും ആർദ്രതയുമുളള മനസ്സിലെ ശാന്തതയാണ് നമ്മുടെ ഉളളിലെ യഥാർത്ഥ ലൈഫ്ബോയ്. ജീവിതത്തിൽ പ്രശ്നങ്ങളിൽ നിന്നു പിടിച്ചു കയറാൻ ഈ കച്ചിതുരുമ്പ് ധാരാളം. ഇനിയും പുതിയ എഴുത്തിനായി കാത്തിരിക്കുന്നു.

പ്രശാന്ത് നായരുടെ ‘ലൈഫ് ബോയ്’ വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.