DCBOOKS
Malayalam News Literature Website

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പെണ്‍കുറിപ്പുകള്‍

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പെണ്മുഖം തുറന്നുകാട്ടിക്കൊണ്ട് കെ.എല്‍.എഫ് വേദിയില്‍ മുന്‍ സമതാ പാര്‍ട്ടി പ്രസിഡന്റ് ജയാ ജയ്റ്റ്‌ലി എത്തി. ബിന്ദു അമാട്ടാണ് ജയ ജയ്റ്റ്‌ലിയുമായി അഭിമുഖസംഭാഷണം നടത്തിയത്. എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയും ഇന്ത്യന്‍ കരകൗശല വിദഗ്ധയുമായ ജയ തന്റെ ഓര്‍മ്മക്കുറിപ്പായ ലൈഫ് എമങ്ങ് ദ സ്‌കോര്‍പ്പിയോണ്‍സ് (Life among the Scorpions) ന്റെ വെളിച്ചത്തില്‍ രാഷ്ട്രീയ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് കൊണ്ട് കാഴ്ചപ്പാടുകളും നിലപാടുകളും വ്യക്തമാക്കുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചും ജീവിച്ചും അനുഭവമാര്‍ജ്ജിച്ച അവര്‍ സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എടുത്തുകാട്ടി. പെണ്‍ശബ്ദം രാഷ്ട്രീയത്തില്‍ ഉയര്‍ന്നു കേള്‍ക്കാന്‍ പുരുഷാധിപത്യം അനുവദിക്കില്ല എന്ന സത്യത്തിലേക്ക് കൂടിയാണ് അവര്‍ വിരല്‍ചൂണ്ടിയത്. സമൂഹത്തില്‍ പുരുഷന്‍ അനുഭവിക്കുന്ന അതേ സ്വാതന്ത്ര്യം സ്ത്രീയും അര്‍ഹിക്കുന്നുവെന്ന് അവര്‍ അടിവരയിട്ടു പറഞ്ഞു.

തന്റെ ഇരുപത്തിയഞ്ചു വര്‍ഷത്തെ കശ്മീര്‍ ജീവിതവും ഗുജറാത്തിലെ കരകൗശല ഉല്‍പന്നങ്ങളുടെ പ്രവര്‍ത്തനങ്ങളുമടക്കം കാണികളുമായി പങ്കുവെച്ചതോടൊപ്പം ജോര്‍ജ്ജ് ഫെര്‍ണാണ്ടസുമായുള്ള അടുപ്പവും ജയ പങ്കുവെച്ചു. തെഹല്‍ക വിവാദവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ തന്റെ ഭാഗം ജയ വ്യക്തമാക്കുകയുണ്ടായി. ദില്ലി വിട്ട് പോവുന്നതിനായി ഇപ്പോഴും പൊലീസിനെ അറിയിക്കണമെന്നും തന്റെ സ്വാതന്ത്ര്യം തിരസ്‌കരിക്കപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു. മാധ്യമങ്ങള്‍ ഒരിക്കലും ഒരാളെക്കുറിച്ച് നല്ലത് പറയില്ലെന്നും ചെറിയ തെറ്റുകള്‍ പറ്റുന്നത് എപ്പോഴാണെന്ന് നോക്കിയിരിപ്പാണെന്നും അവര്‍ കുറ്റപ്പെടുത്തി.

Comments are closed.