DCBOOKS
Malayalam News Literature Website

എന്‍ വി കൃഷ്ണവാരിയര്‍ എന്ന ബഹുഭാഷാ പണ്ഡിതന്‍

മലയാളത്തിലെ പത്രപ്രവര്‍ത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഒരു വ്യക്തിത്വമായിരുന്നു എന്‍.വി. കൃഷ്ണവാരിയര്‍ (1916-1989). ബഹുഭാഷാപണ്ഡിതന്‍, കവി, സാഹിത്യചിന്തകന്‍ എന്നീ നിലകളിലും എന്‍.വി. കൃഷ്ണവാരിയര്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ആ മഹാപ്രതിഭയുടെ ചരമവാർഷികദിനമാണ് ഇന്ന്. 

(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും ഒരു ഭാഗം) ജൂണ്‍ 11, 1986

എന്‍.വി.യുടെ സപ്തതി ആഘോഷത്തില്‍ ഒന്നു പങ്കെടുത്തതാണ് ഞാന്‍, കോഴിക്കോട്ട്. പിന്നെ കൊല്ലത്തുകൂടി പങ്കെടുക്കണോ? എങ്കിലും വൈക്കം ചന്ദ്രശേഖരന്‍നായര്‍ പറഞ്ഞു, ഞാന്‍ ചെന്നേ മതിയാവൂ എന്ന്. വൈക്കം പറഞ്ഞാല്‍ വയ്യ എന്നു പറയാന്‍ എനിക്കു വയ്യ. മാത്രമല്ല ‘കുങ്കുമം’ വാരികയുടെ ആഭിമുഖ്യത്തിലുമാണ് പരിപാടികള്‍.

ജൂണ്‍ 7 ശനിയാഴ്ച വൈകീട്ട് 5.30-ന് കൊല്ലത്തെ വിദ്യാധിരാജ ആഡിറ്റോറിയത്തിലെത്തി (41-ാം ലക്കം കുങ്കുമത്തില്‍, രാമന്‍ കണ്ട്‌രത്ത് എഴുതിയിട്ടുള്ള കത്തില്‍ ടി.കെ. മാധവന്റെ ജീവചരിത്രപ്രകാശനത്തെപ്പറ്റി ഞാന്‍ എഴുതിയപ്പോള്‍ അതിന്റെ തീയതി കാണിക്കാഞ്ഞത് അശ്രദ്ധയാണെന്നും അതു പൊറുക്കാന്‍ വയ്യെന്നും കണ്ടു. അതുകൊണ്ട് ഇവിടെ തീയതി, ആഴ്ച, മണിക്കൂര്‍, മിനിറ്റ് എല്ലാം വച്ചിരിക്കുന്നു. ടി.കെ. പുസ്തകപ്രകാശനം മാര്‍ച്ച് 24-നായിരുന്നു എന്ന് രാമനുവേണ്ടി കുറിക്കട്ടെ).

യോഗം തുടങ്ങിയപ്പോള്‍ പ്രസംഗവേദിയില്‍ രണ്ടു നിരയായി ഇട്ടിരുന്ന കസേര പോരാതെ വന്നു. തൃശൂര്‍പൂരത്തിന് ആനകളെ എഴുന്നെള്ളിച്ചു നിറുത്തിയിരിക്കുന്നപോലെ കവികളെ നിരത്തി ഇരുത്തിയിരിക്കുന്നു–ഒ.എന്‍.വി., സുഗതകുമാരി, അയ്യപ്പപ്പണിക്കര്‍, പി. ഭാസ്‌കരന്‍, ചെമ്മനം, കടമ്മനിട്ട, വിഷ്ണുനാരായണന്‍ നമ്പൂതിരി, വിനയചന്ദ്രന്‍, നാരായണക്കുറുപ്പ്, രാഘവന്‍ എന്നിങ്ങനെ സാഹിത്യപരിഷത് സമ്മേളനത്തിനുപോലും ഇത്രയും മഹാരഥന്മാരെ  ഒന്നിച്ചു കാണാന്‍ പറ്റില്ല.

ചീഫ് ജസ്റ്റിസായിരുന്ന സുബ്രഹ്മണ്യം പോറ്റിയും ജില്ലാ കളക്ടര്‍ ആനന്ദബോസും ജനാര്‍ദ്ദനക്കുറുപ്പും തോപ്പില്‍ ഭാസിയും എ.പി.പി. നമ്പൂതിരിയും ഞാനുമാണ് ‘അകവി’കളായി അവിടെ ഉണ്ടായിരുന്നത്. വൈക്കത്തെയും വാസുദേവനെയുംകൂടി ഈ ലിസ്റ്റില്‍ ചേര്‍ക്കാം (അകവി എന്നു പറഞ്ഞാല്‍ ബുദ്ധിയില്ലാത്തവന്‍ എന്നാണര്‍ത്ഥം. പക്ഷേ, ഞാനിവിടെ കവിയല്ലാത്തവന്‍ എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. കൃഷ്ണന്‍നായര്‍ വെറുതെ കയറി ശണ്ഠകൂട്ടരുത്).

വൈക്കത്തിന്റെ സ്വാഗതമായിരുന്നു ഒന്നാം ഇനം. പുറകിലിരുന്ന ഞങ്ങള്‍ അതില്‍ ഒരക്ഷരം കേട്ടില്ല. ഡോ. രാജാകൃഷ്ണന്‍ പ്രസംഗകര്‍ക്കു ബൊക്കെ നല്‍കുന്നതു നോക്കിയിട്ടാണ്, ആര്‍ക്കാണ് വൈക്കം സ്വാഗതം പറഞ്ഞത് എന്നു ഞങ്ങള്‍ അറിഞ്ഞിരുന്നത്.

എനിക്കു നിശ്ചയിച്ചിരുന്ന ചടങ്ങ് പുസ്തകപ്രകാശനമായിരുന്നു; എന്‍.വി.യുടെ ‘അന്വേഷണങ്ങള്‍ കണ്ടെത്തലുകള്‍’ എന്ന പുസ്തകം. പ്രകാശകന്‍തന്നെ പ്രമുക്തി നടത്തുന്ന ഏര്‍പ്പാടു പുതുമയുള്ളതാണ് (ഇടയ്ക്ക് ഈ വാക്കിലെ കുഴപ്പത്തെപ്പറ്റി ഒരു വാക്ക്: മലയാളത്തില്‍ പബ്ലിഷര്‍ക്ക് ഇന്നു പ്രസാധകന്‍ എന്ന പദമാണ് ഉപയോഗിച്ചുവരുന്നത്. ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പ്രകാശകന്‍ എന്നാണ് ഉപയോഗിച്ചിരുന്നത്. അതാണു ശരിയും. പ്രസാധകന്‍ എന്ന പദം എഡിറ്റര്‍ക്കുവേണ്ടി മാറ്റിവയ്‌ക്കേണ്ടതുമാണ്. പുസ്തകപ്രകാശനമെന്നു പറഞ്ഞുവരുന്ന ‘റിലീസി’ന് എന്‍.വി. കണ്ടുപിടിച്ചു നടപ്പില്‍വരുത്തിയ പദമാണ് പ്രമുക്തി. പക്ഷേ, പ്രമുക്തിക്കു വേണ്ടത്ര പ്രചാരം കിട്ടാതെപോയി).

കോഴിക്കോട്ട് എന്‍.വി.യുടെ സപ്തതി ആഘോഷങ്ങളോടനുബന്ധിച്ച് മൂന്നു പുസ്തകങ്ങള്‍ പ്രകാശിപ്പിച്ച കാര്യം മുമ്പ് ഞാനെഴുതിയിരുന്നു. അവിടെ സാ.പ്ര.സ. സംഘത്തിന്റെ പുസ്തകം പ്രസിഡണ്ട് സി. രാധാകൃഷ്ണനും മാതൃഭൂമിയുടെ പുസ്തകം മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും പൂര്‍ണായുടെ പുസ്തകം എന്‍.ഇ. ബാലകൃഷ്ണനുമാണു പുറത്തിറക്കിയത്. ആ കീഴ്‌വഴക്കമനുസരിച്ച് ഡി സി ബുക്‌സിന്റെ പുസ്തകം ഞാന്‍തന്നെ വേണമല്ലൊ പ്രകാശിപ്പിക്കാന്‍. സുബ്രഹ്മണ്യം പോറ്റിയാണ് പുസ്തകം ഏറ്റുവാങ്ങിയത്.

കവികള്‍ അരങ്ങു തകര്‍ത്തു. ഒ.എന്‍.വി.യാണ് കവിതയുമായി ആദ്യം വന്നത്. മിക്ക കവികളുടെയും (കവിതകളുടെയും) മുഴക്കം കൊല്ലം പട്ടണത്തെത്തന്നെ ഇളക്കാന്‍ പര്യാപ്തമായിരുന്നു, മഴ ഇല്ലായിരുന്നെങ്കില്‍. ഒരൊറ്റ കവിത വായിക്കയോ, ജീവിതത്തില്‍ ഒരൊറ്റ കവിതാഗ്രന്ഥം കാശുകൊടുത്തു വാങ്ങുകയോ ചെയ്തിട്ടില്ലാത്ത നൂറുകണക്കിനു സഹൃദയര്‍ കാതുകൂര്‍പ്പിച്ചിരുന്ന് കവിത ആസ്വദിക്കുന്നതു കാണാന്‍ കൗതുകമുണ്ട്. ചിലര്‍ സ്വന്തം കവിതയും പലര്‍ എന്‍.വി. കവിതയുമാണ് ചൊല്ലിയത്. കുറേപ്പേര്‍ ആവശ്യത്തിലധികം സമയം എടുക്കാന്‍ മടിച്ചില്ല. എങ്കിലും പുറത്തു മഴ ഉണ്ടായിരുന്നതുകൊണ്ട് ആര്‍ക്കെങ്കിലും പോകണമെന്നു വിചാരിച്ചാലും നടക്കുകയില്ല. ഇടയ്ക്കു രണ്ടോ നാലോ പേര്‍ ഇറങ്ങിപ്പോയപ്പോള്‍ അയ്യപ്പപ്പണിക്കര്‍ പറഞ്ഞു: ‘തമ്മില്‍ ഭേദം മഴയാണെന്ന് അവര്‍ കരുതുന്നു.’

ബുക് ക്ലബ് വാർഷികവേദിയിൽ ഡീ സി സ്വാഗതമാശംസിക്കുന്നു. വൈക്കം ചന്ദ്രശേഖരൻ നായർ, തകഴി, എന്‍ വി കൃഷ്ണവാരിയര്‍ തുടങ്ങിയവർ സമീപം.
ബുക് ക്ലബ് വാർഷികവേദിയിൽ ഡീ സി സ്വാഗതമാശംസിക്കുന്നു. വൈക്കം ചന്ദ്രശേഖരൻ നായർ, തകഴി, എന്‍ വി കൃഷ്ണവാരിയര്‍ തുടങ്ങിയവർ സമീപം.

അദ്ധ്യക്ഷത വഹിച്ച ആനന്ദബോസിനു നേരത്തേ പോകേണ്ടിവന്നു. പി. ഭാസ്‌കരനെ അദ്ധ്യക്ഷനായി വാഴിച്ചിട്ടാണ് അദ്ദേഹം പോയത്. 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഭാസ്‌കരന്‍, എ.പി.പി.യെ അദ്ധ്യക്ഷനായി പ്രഖ്യാപിച്ചിട്ടു സ്ഥലംവിട്ടു. എ.പി.പി.ആരെയാണ് ഇനി അദ്ധ്യക്ഷനാക്കുക എന്നു ഞങ്ങള്‍ നോക്കിയിരുന്നു.

എന്‍.വി.യുടെ മറുപടിപ്രസംഗം കാത്തിരുന്ന ജനത്തിന് ഒട്ടും നിരാശപ്പെടേണ്ടിവന്നില്ല. കോഴിക്കോട്ട് ഒന്നര മിനിറ്റില്‍ പ്രസംഗം നിര്‍ത്തിയ എന്‍.വി. കൊല്ലത്ത്, എഴുതിത്തയ്യാറാക്കിയ അഞ്ചെട്ടു പേജ് വരുന്ന പ്രസംഗം വായിച്ചുതീര്‍ത്തു. വിലപ്പെട്ട ഒരു രേഖയായി അതു കിടന്നുകൊള്ളട്ടെ എന്ന് എന്‍.വി. കരുതിയിരിക്കണം.

കൃഷ്ണസ്വാമിയുമായുള്ള പന്തീരാണ്ടു കാലത്തെ ബന്ധത്തെപ്പറ്റി പറയുന്നതിനിടയില്‍ എന്‍.വി. ചൂണ്ടിക്കാണിച്ച ഒരു വാചകം പലരെയും ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ടാവും: ‘ഞാന്‍ ഇടയ്ക്ക് രണ്ടുവര്‍ഷം മാതൃഭൂമിയില്‍ പോയപ്പോള്‍, ഞാനിവിടെ താമസിച്ചിരുന്ന കെട്ടിടം, അതിലെ ഫര്‍ണിച്ചര്‍പോലും മാറ്റാതെ കൃഷ്ണസ്വാമി റെഢ്യാര്‍ സൂക്ഷിച്ചിട്ടിരുന്നു; എന്നെങ്കിലും ഞാന്‍ തിരിയെ വരുമ്പോള്‍ തരാന്‍വേണ്ടി.’

എന്‍.വി.യുടെ പ്രസംഗത്തിന്റെ സമയത്ത് മൈക്കിനെ പേടിച്ച് ഞാന്‍ മുന്നോട്ടു മാറിയിരുന്നു. പിന്നില്‍ തന്നെ ഇരുന്ന വിഷ്ണു എന്‍.വി. കടലാസില്‍ നോക്കി വായിക്കുന്നതു കണ്ട് അതു കവിതയാണെന്നു ധരിച്ചു.’കാര്‍ത്തിക’യില്‍നിന്നു ഡിന്നറും കഴിഞ്ഞു മടങ്ങുമ്പോള്‍ വെട്ടൂര്‍ രാമന്‍നായര്‍ പറഞ്ഞു: ‘നോക്കണേ, ഓരോരുത്തരുടെ ലുബ്ധ്. ആ ജനാര്‍ദനക്കുറുപ്പിന്റെ പ്രസംഗം കേട്ടില്ലേ? എന്‍.വി.യ്ക്കു ശതാഭിഷേകംവരെയുള്ള ദീര്‍ഘായുസ്സാണ് കറുപ്പ് ആശംസിച്ചത്. ‘നൂറുവയസ്സുവരെ’ എന്നുപോലും പറയാന്‍ തോന്നിയില്ല.’

എന്നിട്ട് വെട്ടൂര്‍ ഒരു കഥ പറഞ്ഞു: ‘പണ്ട് ഈ.വി. കൃഷ്ണപിള്ള മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കുന്ന കാലം. പി.സി. കോരുത് ഒരു കഥ എഴുതി ഈ.വി.യെ ഏല്പിച്ചു. ഈ.വി. അതു വായിച്ചുനോക്കിയിട്ടു പറഞ്ഞു: ‘എടോ കോരുതേ, കഥയ്ക്കകത്ത് ആ മാത്തന് താന്‍ നിശ്ചയിച്ചിരിക്കുന്ന ശമ്പളം 15 രൂപയല്ലേ? എന്തിനിത്ര ലുബ്ധ്; കഥയില്‍? എന്തുകൊണ്ട് അത് 50 രൂപയാക്കിക്കൂടാ? യഥാര്‍ത്ഥത്തില്‍ സ്വന്തം കൈയില്‍നിന്നു നിങ്ങള്‍ വല്ലവര്‍ക്കും ശമ്പളം കൊടുക്കുമ്പോള്‍ അതു 15 രൂപ മതിയെന്നുവയ്ക്കുക.’

എന്‍.വി.യുടെ പ്രസംഗത്തില്‍ രാജ്യത്തെ കാര്‍ന്നുതിന്നുന്ന അഴിമതിയെപ്പറ്റി രോഷം കൊള്ളുകയുണ്ടായി. അതു കേട്ടപ്പോള്‍ തലേന്നുണ്ടായ ഒരു സംഭവം ഓര്‍മയില്‍വന്നു.ഉച്ചയ്ക്ക് ഒരുമണി. ഞാന്‍ വീട്ടിലേക്കു പോകാന്‍ എഴുന്നേറ്റു. ആ സമയത്ത് ഒരു ചെറുപ്പക്കാരന്‍ കയറിവന്നു. അയാള്‍ക്ക് അത്യാവശ്യമായി സ്വല്പം സംസാരിക്കാനുണ്ട്, എന്ന് മുഖവുരയോടെ തുടങ്ങി. ഞാനിരുന്നു. പേര് പുരുഷോത്തമന്‍ എന്നാണെന്നു പറഞ്ഞിട്ടിങ്ങനെ തുടര്‍ന്നു:’

സാര്‍, നമ്മുടെ നാട്ടിലെ അഴിമതി കണ്ടിട്ടു സഹിക്കാന്‍ വയ്യ.’ കേരളമോ ഇന്ത്യയോ എന്നു ഞാന്‍ ചോദിച്ചു. ഉത്തരം: ‘ഇന്ത്യയിലൊട്ടാകെ. എന്തെങ്കിലും നാം അടിയന്തരമായി ചെയ്‌തേ മതിയാവൂ. നിങ്ങളെപ്പോലുള്ള ആറുപേര്‍ ശ്രമിച്ചാല്‍ അഴിമതി ഇല്ലാതാക്കാം.’

തനിക്ക് പ്രതിമാസം അയ്യായിരം ക. വരുമാനമുണ്ടെന്നും അതുപേക്ഷിച്ച് അഴിമതി ഇല്ലാതാക്കാന്‍വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും പുരുഷോത്തമന്‍ പറഞ്ഞു. പുരുഷോത്തമന്‍ ‘പുരുഷോത്തമന്‍’തന്നെ, സംശയമില്ല.

പത്തു മിനിറ്റ് സംസാരിച്ചിട്ടു ഞാനിറങ്ങി; പിന്നീട് വിശദമായി സംസാരിക്കണമെന്നുകൂടി പറഞ്ഞിട്ട്. ഇതിനിടെ മറ്റൊരു കഥ ഓര്‍മയില്‍വന്നു. കുറെ മാസങ്ങള്‍ക്കുമുമ്പാണ്. എനിക്കു നല്ല പരിചയമുള്ള ഒരു യുവാവിനെ വഴിയില്‍ കണ്ടുമുട്ടി.

‘ഞാന്‍ സാറിനെ കാണാനിരിക്കയായിരുന്നു. ഒരു കാര്യം അത്യാവശ്യമായി ഡിസ്‌കസ് ചെയ്യാനുണ്ട്.’ അയാള്‍ പറഞ്ഞു.ഞാന്‍ കേള്‍ക്കാന്‍ തയ്യാറായി നിന്നുകൊടുത്തു. യുവാവ് വിഷയം അവതരിപ്പിച്ചു. ചുരുക്കം ഇതാണ്:’കേരളത്തിലെ വനങ്ങളില്‍ വളരുന്ന ഒട്ടുവളരെ ആനകള്‍ തമിഴ്‌നാട്ടിലേക്കു പോകുന്നു. അതുകൊണ്ട്, നമ്മുടെ അതിര്‍ത്തിയില്‍ നെടുനീളെ വേലി കെട്ടണം.’

വീണ്ടും എന്‍.വി. സപ്തതി, കോട്ടയത്ത്, നാളെ. സാഹിതീസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍. ഞാന്‍ സഖ്യത്തിന്റെ വൈസ് പ്രസിഡണ്ടുകൂടിയാണ്. എങ്കിലും ഞാന്‍ രാവിലെ ബാംഗ്ലൂര്‍ക്കു പോകുകയാണ്; സപ്തതിയാഘോഷം കൂടിപ്പോയി എന്നു തോന്നിയിട്ടു സ്ഥലംവിടുകയല്ല.

Comments are closed.