DCBOOKS
Malayalam News Literature Website

കട്ടിക്കാരും, കുട്ടിഭാഷയും

രാജീവ് ശിവശങ്കറിന്റെ ‘ലല്ലു അങ്കിളിന്റെ കുസൃതികൾ’ എന്ന പുസ്തകത്തിന് ഡോ രാംലാൽ ആർ വി എഴുതിയ വായനാനുഭവം

എന്നെ അൽഭുതപ്പെടുത്തുന്ന ഒരു കാര്യമുണ്ട് ,പീഡിയാട്രിക്സ് വിഭാഗത്തിലെ ഡോക്ടർമാർ കുട്ടികളോട് ഇടപെടുന്ന രീതി, പനിയും, ചുമയും, ശ്വാസംമുട്ടലും ,വേദനയും ഒക്കെയായി വരുന്ന കുട്ടികളെ മൃദുലമായ സംസാരത്തിലൂടെ, സ്പർശത്തിലൂടെ കയ്യിലെടുത്ത്,കരച്ചിൽ നിർത്തി പരിശോധിച്ച് രോഗം നിർണ്ണയിക്കുന്ന വിദ്യ .അതെങ്ങനെ? എന്ന് ചോദിച്ചാൽ ഒരു ചിരി മാത്രമാകും മറുപടി.

അക്ഷരങ്ങൾ കൂട്ടിച്ചൊല്ലാൻ പോലും കഴിയാത്ത അവരുടെ ഭാഷ അവർക്കറിയാം,അത് ചൊല്ലുമ്പോൾ കുഞ്ഞുങ്ങൾക്ക് മനസ്സിലാവുന്നു,അവർ ശാന്തരാകുന്നു .

കുഞ്ഞുങ്ങളെ അറിയാനും,മനസ്സിലാക്കാനും ഏറ്റവും കഴിവ് അമ്മമാർക്കാണ് എന്നല്ലേ,
ഭാഷ പറഞ്ഞ്,എഴുതി ഒക്കെ തുടങ്ങുന്ന,സ്വയം വായിച്ച് മനസ്സിലാക്കി തുടങ്ങുന്നകുഞ്ഞുങ്ങളോട്, സാഹിത്യംകഥ, കവിത, ശാസ്ത്രം ഒക്കെ പറയണമെങ്കിൽ, എഴുത്ത്ഭാഷ മാത്രം അറിഞ്ഞാൽ പോരാ.

അതിൽ ലോകം മുഴുവൻ പ്രശസ്തർ അനേകം. കുഞ്ഞുങ്ങളുടെ ഭാഷയിൽ മാത്രം സംസാരിച്ചവർ, എഴുതിയവർ. എന്നാൽ  എല്ലാവരിലും ഒരു കുട്ടി ഒളിഞ്ഞിരിപ്പുണ്ട് എന്ന് പറയുന്നത് പോലെ, സാഹിത്യകാരന്റെ ഉള്ളിലെഎഴുത്തിനെ മെരുക്കി, ഇണക്കി, ലളിതമാക്കി, Textപഞ്ചാരപ്പാലുമിട്ടായി ആക്കി കുട്ടികൾക്ക് നൽകിയ, വളരെ ഗൗരവമേറിയ സാഹിത്യം കൈകാര്യം ചെയ്തവരും ഒത്തിരിയുണ്ട്. ലോക സാഹിത്യത്തിൽ എത്രയോ ഉദാഹരണങ്ങൾ.

പിന്നെ മലയാളത്തിൽ, എത്രയോ മഹാരഥന്മാർ കുട്ടികൾക്കായി, കുഞ്ഞുങ്ങളോട് സംവദിക്കാൻ, എല്ലാ സിംഹാസനങ്ങളും വിട്ടിറങ്ങി, പൊടിമണ്ണിൽ കളിച്ചിരിക്കുന്നു .

ഉമാകേരളവും, സാഹിത്യ ചരിത്രവും പിറന്ന ഉല്ലേഖപ്രിയന്റെ നാവിൽ നിന്ന് കുഞ്ഞുങ്ങൾക്കായി കുഞ്ഞിന്റെ കയ്യിൽ നിന്ന് അപ്പം കൊത്തിപ്പറക്കുന്ന കാക്ക, കുട്ടിക്കവിതയായി വരുന്നു.

രാമനെ കട്ടയ്ക്ക് വിമർശിക്കുന്ന സീതാകാവ്യം വന്ന പേനയിൽ നിന്ന് തന്നെയാണ്, പറന്നു പോകുന്ന പൂക്കളായി, പൂമ്പാറ്റകളെ കാണുന്ന കുട്ടിമനസ് പാട്ടായത്.

ജീവിതത്തിൽ ഗൗരവം,നിർബന്ധങ്ങൾ,കോപം, ഒക്കെ മുഖമുദ്രയാക്കിയ വൈലോപ്പിള്ളിയാണോ, കുഞ്ഞ് വാസുവിന്റെ വായിലെ മിഠായിയും, പുഴുപ്പല്ലും , അത് കാട്ടുമ്പോൾ ഉള്ള നാണവും വരച്ച് കാട്ടിയത്.

സമുദ്രം പോലെ എഴുതാൻ കഴിവുള്ള ടാഗോർ, M T, കാരൂർ ഒക്കെ അവരുടെ സാഹിത്യാകാരം ചുരുക്കി കുഞ്ഞുങ്ങളുടെ, കൈക്കുടുന്നയിലെ പാലായി മാറുന്ന അൽഭുതക്കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്.

അത്തരമൊരു സംഭവം നടന്നു, പ്രിയ സുഹൃത്ത് , നോവലിസ്റ്റ് രാജീവ് ശിവശങ്കർ , കുട്ടികൾക്കായി ഒരു കൃതി എഴുതിയിരിക്കുന്നു.

രാജീവിന്റെ അടുത്ത, കടുത്ത വായനക്കാരന്, ഇതും ഒരത്ഭുതമാണ്. ചില നോവലുകളെ കുറിച്ച് ഞാൻ ഇവിടെ എഴുതിയിട്ടുണ്ട്. അതെല്ലാം ഗൗരവമുള്ള വിഷയങ്ങൾ, ഘനമുള്ള ഭാഷയിൽ കടഞ്ഞുണ്ടാക്കിയ ശിൽപ്പങ്ങളാണ്.

തമോവേദത്തിലെ കറുപ്പും, ചുവപ്പും കലർന്ന ഭാഷയും, കൽപ്രമാണത്തിലെ പ്രകൃതിരാഷ്ട്രീയ ഭാഷയും, മറപൊരുളിലെ ശാങ്കര ഭാഷയും, പോരിലെ പുരാണഭാഷയും, കുഞ്ഞാലിത്തിരയിലെ ചരിത്രഭാഷയും , ജാലത്തിലെ മാന്ത്രിക ഭാഷയും, പടത്തിലെ സിനിമാഭാഷയും ഒക്കെ കുടഞ്ഞും , പറിച്ചും കഞ്ഞ് വേണം കുഞ്ഞുങ്ങൾക്കായി എഴുതാൻ.അതാകട്ടെ അത്ര എളുപ്പമല്ല.

അതും നടത്തി കാണിച്ചു രാജീവ്,അദ്ദേഹത്തിന്റെ ഒരു കൃതി കുട്ടികൾക്കായി,അവരുടെ ഭാഷയിൽ പുറത്തു വരുന്നു.കൽപ്രമാണത്തിൽ പറഞ്ഞ പ്രകൃതിപാഠങ്ങൾ ……..

മനുഷ്യന് ജീവിക്കാൻ പ്രകൃതിയിലെ എല്ലാ ജീവികളും വേണം,പുല്ലും പുഴുവും,മലയും, കാറ്റും, കിളിയും, തവളയും ,പൂക്കളും…… എല്ലാം … അതുറക്കെ കുഞ്ഞുങ്ങൾക്കായി, അവരുടെ ഭാഷയിൽ… നമുക്കും വായിക്കാം,നമ്മുടെ ഉള്ളിലും കുട്ടിയുണ്ടല്ലോ. കുട്ടികൾക്ക് വാങ്ങി കൊടുക്കാം, വായിപ്പിക്കാം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കുട്ടികൾക്കായുള്ള നോവൽ. “ലല്ലു അങ്കിളിന്റെ കുസൃതികൾ”.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.