DCBOOKS
Malayalam News Literature Website

എം. ഗോവിന്ദന്റെ കുഞ്ഞാലിമരക്കാര്‍: ആര്‍. ചന്ദ്രബോസ്

നോവലിലും സിനിമയിലും നാടകത്തിലും അതിനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ത്തന്നെയും കുഞ്ഞാലി മരയ്ക്കാരുടെ വാഴ്ചയും വീഴ്ചയും അതിന്റെ രാഷ്ട്രീയാന്തര്‍ക്ഷോഭങ്ങളും വൈചാരികതയുടെയും വൈകാരികതയുടെയും സമനിലകൈവെടിയാതെ ആഖ്യാനം ചെയ്തിരിക്കുന്നു എന്നതാണ് എം. ഗോവിന്ദന്റെ കവിതയുടെ വ്യതിരിക്തത. കലയിലും രാഷ്ട്രീയത്തിലും തനതിനെ തിരഞ്ഞ ഗോവിന്ദന്റെ നിസ്തുലമായ കാവ്യപരീക്ഷണമാണ് കുഞ്ഞാലിമരയ്ക്കാര്‍.

കവിത ഒരു കായകല്പചികിത്സയാണെന്ന് വിശ്വസിച്ച കവിയാണ് എം. ഗോവിന്ദന്‍. അത് തന്റെ
അനുഭവപാഠമാണെന്നും അത്യാഹിതത്തോളം ചെന്നെത്തുന്ന ആത്മീയ സംഘര്‍ഷങ്ങളെ തരണം ചെയ്തിട്ടുള്ളത് കവിതയെ ശരണം പ്രാപിച്ചാണെന്നും ഏറെ അസാധാരണതകളുള്ള ഈ കവി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളസംസ്‌കാര ചരിത്രത്തെ അവലംബിച്ചെഴുതിയ കവിതകളിലൂടെ ഗോവിന്ദന്‍ മലയാളത്തിന് നല്‍കിയത് പുതിയ ജ്ഞാനത്തിന്റെ സ്‌നാനഘട്ടങ്ങള്‍ തന്നെയാണ്. മലയാളിയുടെ വികല മാനവികതയ്ക്ക് ചരിത്രബോധത്തിന്റെ കായകല്പചികിത്സ നല്‍കുകയായിരുന്നു കവി. ആ ഗണത്തില്‍പ്പെടുന്ന കവിതകളിലൊന്നാണ് ‘കുഞ്ഞാലിമരയ്ക്കാര്‍’: പറങ്കികളുമായി കൂട്ടുകൂടിതന്നെ തടവിലാക്കിയ സാമൂതിരിയോടു നടത്തുന്ന അന്ത്യഭാഷണത്തില്‍, നീതിയും ധീരതയും ആര്‍ദ്രതയും നഷ്ടപ്പെട്ട കാലത്തെക്കുറിച്ച് കുഞ്ഞാലി പറയുന്നുണ്ട്. രാഷ്ട്രീയനെറികേടിന്റെ കടല്‍ക്ഷോഭങ്ങളില്‍ പെട്ടുലയുമ്പോഴും ആത്മധൈര്യത്തോടെ കപ്പലോട്ടുന്ന നാവികനെപ്പോലെ നില്‍ക്കുന്ന കുഞ്ഞാലിയില്‍ ഗോവിന്ദന്‍ പ്രതിഫലിക്കുന്നു. കുഞ്ഞാലിയുടെ മനോലോകങ്ങളെഴുതുമ്പോള്‍ ഗോവിന്ദന്‍ തന്നെത്തന്നെ എഴുതിയോ? ഒറ്റുകൊടുക്കപ്പെട്ട ബുദ്ധിജീവിയായിരുന്നുവല്ലോ ഗോവിന്ദനും. മധ്യകാല കേരളചരിത്രത്തില്‍ ദേശസ്‌നേഹത്തിന്റെ ഊറ്റമൂട്ടിയ കുഞ്ഞാലിയും ഇരുപതാം നൂറ്റാണ്ടിന്റെ ധൈഷണിക ചരിത്രത്തില്‍ മാനവികതയുടെ ഊറ്റമൂട്ടിയ ഗോവിന്ദനും തമ്മില്‍ അത്ഭുതകരമായ സമാനതകള്‍ഈ കവിത വായിക്കുമ്പോള്‍ അനുഭവപ്പെടാം. നാനാരീതിയില്‍ അന്യാധീനപ്പെടുന്ന സംസ്‌കാരത്തിന്റെ, രാഷ്ട്രീയത്തിന്റെ ഉണ്മകളെ വീണ്ടെടുക്കാനുള്ള പരിശ്രമങ്ങളിലൊന്നാണ് കുഞ്ഞാലിമരയ്ക്കാര്‍ എന്ന കവിതയുടെ സമകാലവായന എന്നു തോന്നുന്നു.

മനുഷ്യന്റെ വിരിമാറിലെ ചായച്ചെപ്പിലെ മുനമുക്കിയെഴുതിയ ചുണയുടെയും വീറിന്റെയും ചരിതങ്ങള്‍ ഗോവിന്ദന്റെ ബഹുവിധമായ അന്വേഷണങ്ങളിലൊന്നായിരുന്നു. ‘ഉറുമിത്തിറത്താലുമുടലിന്നുരത്താലും’ പടവെട്ടിയ വീരപോരാളികളെക്കുറിച്ച് ‘മാമാങ്ക’മെന്ന കവിതയില്‍ കവി പറയുന്നുണ്ട്. മലബാറിന്റെ മധ്യകാലചരിത്രം വീരപുരുഷന്മാരുടെ ധീരപോരാട്ടത്തിന്റെയും ബലിയുടെയും ചരിത്രംകൂടിയാണ്. കളരിയും
ആയോധനകലയും ആ കാലത്തിന്റെ സംസ്‌കാരമുദ്രകളായിരുന്നു. മധ്യകാല കവിതയില്‍ത്തന്നെ വീരരസ പ്രതിപാദനം മുഖ്യവിഷയമായിരുന്നല്ലോ. മഹാഭാരതം കിളിപ്പാട്ടില്‍ എഴുത്തച്ഛന്‍ യുദ്ധവര്‍ണ്ണനകളെ ഇത്രമേല്‍ വിസ്തരിച്ചത് ആയോധന സംസ്‌കാരത്തിന്റെ സ്വാധീനം കൊണ്ടാവാം.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  മാര്‍ച്ച് ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച്  ലക്കം ലഭ്യമാണ്‌

Comments are closed.