DCBOOKS
Malayalam News Literature Website

കേരളത്തിന്റെ തെക്കേ അതിര്‍ത്തിയായ കളിയിക്കാവിള മുതല്‍ വടക്ക് തലപ്പാടിവരെ സഞ്ചരിച്ച് പിജി രാജേന്ദ്രന്‍ തയ്യാറാക്കിയ ‘ക്ഷേത്രവിജ്ഞാനകോശം’; മൂന്ന് വാല്യങ്ങള്‍ ഒന്നിച്ച് ഇ-ബുക്കുകളായി സ്വന്തമാക്കാം ഇപ്പോള്‍ വെറും 499 രൂപയക്ക്!

Kshethravijnanakosham

കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാനക്ഷേത്രങ്ങളെക്കുറിച്ചുമറിയാന്‍ വായനക്കാരെ സഹായിക്കുന്ന ‘ക്ഷേത്രവിജ്ഞാനകോശത്തിന്റെ’ ഡിജിറ്റല്‍ പതിപ്പ് അത്യാകര്‍ഷകമായ വിലക്കുറവില്‍  വായനക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. 1999 രൂപാ വിലയുള്ള മൂന്ന് വാല്യങ്ങള്‍ ഒന്നിച്ച് 499 രൂപയ്ക്കും, ഓരോ വാല്യങ്ങളായി 199 രൂപയ്ക്കും ഇപ്പോള്‍ വായനക്കാര്‍ക്ക്  സ്വന്തമാക്കാവുന്നതാണ്.

പുസ്തകത്തിന് പി. ജി. രാജേന്ദ്രന്‍ എഴുതിയ ആമുഖം വായിക്കാം

കേരളത്തിന്റെ തെക്കേ അതിര്‍ത്തിയായ കളിയിക്കാവിള മുതല്‍ വടക്ക് തലപ്പാടിവരെ സഞ്ചരിച്ച് തയ്യാറാക്കിയ ക്ഷേത്രവിജ്ഞാനകോശം കൈരളിക്ക് ഡിസംബര്‍ 2010-ലാണ് സമര്‍പ്പിച്ചത്. പിന്നീട് ദക്ഷിണേന്ത്യയിലുടനീളം സഞ്ചരിച്ച് ആന്ധ്ര, കര്‍ണ്ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളിലുള്ള മഹാക്ഷേത്രങ്ങളെക്കുറിച്ചും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ജ്യോതിര്‍ലിംഗക്ഷേത്രങ്ങളെക്കുറിച്ചും ലേഖനങ്ങള്‍ തയ്യാറാക്കുകയു ണ്ടായി. അവയെല്ലാം പരിഷ്‌കരിച്ച് വിപുലപ്പെടുത്തിയ ഈ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍വികര്‍ തയ്യാറാക്കിയ പദ്ധതികള്‍ക്കും അതില്‍നിന്നും ഉയര്‍ന്നുവന്ന ആചാരങ്ങള്‍ക്കും പുറമേ സുഗമമായ ക്ഷേത്രനടത്തിപ്പിനുവേണ്ടി ഏര്‍പ്പെടുത്തിയ ചിട്ടകളും നിഷ്ഠകളും മനസ്സിലാക്കാനും, തീര്‍ത്ഥാടനത്തിനും ഇത് ഉപകരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ക്ഷേത്രങ്ങളിലെ ആചാരങ്ങളിലും ഐതിഹ്യങ്ങളിലും ചരിത്രവും ഒളിഞ്ഞുകിടക്കുന്നുണ്ടല്ലോ.

PG Rajendran-Kshethravijnanakosham-3 Volumesനൂറുകൊല്ലമെങ്കിലും പഴക്കമുള്ള ക്ഷേത്രങ്ങള്‍, പ്രത്യേകതയുള്ള ക്ഷേത്രങ്ങള്‍, പഴയ കാലത്തെ പ്രസിദ്ധ ക്ഷേത്രങ്ങള്‍, ചരിത്രവും മഹാ ന്മാരുമായി ബന്ധമുള്ള ക്ഷേത്രങ്ങള്‍ എന്നെല്ലാമായിരുന്നു ഇതു തയ്യാറാ ക്കാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ ഞാന്‍ നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങള്‍. പഴമക്കാരില്‍നിന്നും പഴയ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനുള്ള
പരിശ്രമങ്ങള്‍ വേണ്ടത്ര വിജയിച്ചില്ല.

നാടന്‍മൊഴികളില്‍ എന്തെല്ലാം ഒളിഞ്ഞുകിടക്കുന്നുണ്ടെന്നറിയാന്‍ ഒരു ഭഗീരഥപ്രയത്‌നംതന്നെ നടത്തി. വലിയ പ്രതീക്ഷയ്ക്ക് വകയുണ്ടായില്ല. എന്റെ പരിമിതികളാകാം കാരണം. ഒരുതരം അപസര്‍പ്പകകഥകളെപ്പോലെയായിരുന്നു ചില ക്ഷേത്രങ്ങളിലെ ഐതിഹ്യങ്ങള്‍.

പരസ്പരവൈരുദ്ധ്യമുള്ള ഐതിഹ്യങ്ങളുണ്ട്. ഒരു ക്ഷേത്രത്തെക്കുറിച്ച് സങ്കല്പിക്കാന്‍പോലും കഴിയാത്ത ഐതിഹ്യങ്ങളും ചില ആചാരങ്ങള്‍ ഉടലെടുക്കാന്‍ കാരണമായി. കഴിഞ്ഞ നൂറ്റാണ്ടുകളിലുണ്ടായ കൂട്ട പലായനങ്ങളും പിന്നീട് ഭൗതികചിന്തയ്ക്ക് പ്രാമുഖ്യം വന്ന കാലഘട്ടവും, കണ്ണികള്‍ പലതും മുറിഞ്ഞുപോകാനിടയാക്കി. അതോടെ കഥകളിലും ഐതിഹ്യങ്ങളിലും ക്ഷേത്രചരിത്രം ഒതുങ്ങി. തലമുറകള്‍ കൈമാറിയപ്പോള്‍ കൂട്ടിച്ചേര്‍ക്കലും വിട്ടുപോകലും ഐതിഹ്യകഥകള്‍ക്ക് പുതിയ ആശയങ്ങള്‍ പകര്‍ന്നു കാണണം. ഇതെല്ലാം വളരെ ചെറിയതോതില്‍ അങ്ങിങ്ങ് പരിശോധിക്കാന്‍ തുനിഞ്ഞിട്ടുണ്ട്. ശിലാലിഖിതങ്ങളും കണ്ടെത്താന്‍ കഴിഞ്ഞ ചില ചെപ്പേടുകളുമാണ് അല്പമെങ്കിലും ഈ രംഗത്ത് വെളിച്ചം വീശാന്‍ ചരിത്രകാരന്മാര്‍ക്കു തുണയായത്.

ഈശ്വരന്‍ അഗുണവും ജീവന്‍ സഗുണവുമാണെന്ന് രുദ്രോപനിഷത്ത് ഉദ്‌ഘോഷിക്കുന്നു. ‘ഈ ദേഹമാകുന്ന വൃക്ഷത്തില്‍ ജീവന്‍ എന്നും ഈശ്വരന്‍ എന്നും രണ്ടു പക്ഷികള്‍ ഒരുമിച്ചിരിക്കുന്നു. ഇതില്‍ ജീവന്‍ കര്‍മ്മങ്ങള്‍ക്കനുസരിച്ച് ഫലം അനുഭവിക്കുന്നു. ഈശ്വരനൊന്നുമില്ല. ഈശ്വരന്‍ യാതൊരു കര്‍മ്മവും ചെയ്യാതെ സാക്ഷിഭൂതനായിരിക്കുന്നു.’ ജീവന്റെ പരമലക്ഷ്യം മുക്തിയാണ്. സംസാരത്തില്‍നിന്നുള്ള മോചനം. സാധാരണക്കാരന് സഗുണത്തിലൂടെ വേണം അഗുണത്തിലെത്താന്‍. സൂതസംഹിതയിലെ പ്രസിദ്ധ പദ്യം ഇങ്ങനെയാണ്. തീ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടാല്‍ തീ മാത്രമായിട്ടല്ല കൊണ്ടുവരുന്നത്. തീ വിറകില്‍ പിടിപ്പിച്ചിട്ടാണു കൊണ്ടുവരുന്നത്. അഗുണത്തിലെത്താന്‍ അഗ്നിസദൃശമായ ചൈതന്യം ചിഹ്നത്തിലൂടെ അല്ലെങ്കില്‍ മൂര്‍ത്തിയിലൂടെ പൂജിക്കപ്പെടുകയല്ലാതെ നിവൃത്തിയില്ല! ഈ സത്യം കണ്ടെത്തിയ കാലം മുതല്‍ ബിംബം പ്രപഞ്ചചേതനയുടെ ചെറുപതിപ്പായി സങ്കല്പമുണ്ടായി എന്നു കരുതാം. അക്കാലം മുതല്‍ വിഗ്രഹാരാധനയും തുടങ്ങിയിരിക്കണം. ഈ ആരാധനാരീതി പിന്നീട് ജനപദങ്ങളില്‍ ക്ഷേത്രസങ്കല്പമായി വികസിച്ചു. ക്ഷേത്രസങ്കല്പങ്ങള്‍ പരിപാലിച്ചു പോകാന്‍ ആചാരങ്ങളുണ്ടായി. ജീവാത്മപരമാത്മസംയോഗത്തിന് പദ്ധതികളുണ്ടായി. ക്ഷേത്രങ്ങള്‍ മാനസികമാലിന്യദൂരീകരണത്തിന്റെ വേദികളായി. ചൈതന്യസംഭരണത്തിന്റെ കേന്ദ്രങ്ങളായി. അഗുണത്തിലെത്താനുള്ള സഗുണോപാസകരുടെ മൂലമായി. മാനവരാശിയുടെ രക്ഷാകേന്ദ്രങ്ങളായി.

PG Rajendran-Kshethravijnanakosham-Vol 1സ്വയംഭൂക്ഷേത്രങ്ങള്‍, ഋഷീശ്വര പ്രതിഷ്ഠകള്‍, ആദ്ധ്യാത്മികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും, ഐശ്വര്യം നേടുന്നതിനും രാജാക്കന്മാരും നാടുവാഴികളും ശാസ്ത്രമനുസരിച്ച് നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍ എന്നിങ്ങനെ കേരളത്തിലെ ക്ഷേത്രങ്ങളെ വേര്‍തിരിക്കാമെന്നു തോന്നുന്നു. ഇതു
കൂടാതെ പതിനായിരത്തിലധികം കുടുംബക്ഷേത്രങ്ങളുമുണ്ട്. തത്ത്വചിന്താപരമായ വിജയത്തെത്തുടര്‍ന്ന് ഹിന്ദുക്ഷേത്രങ്ങളായി രൂപാന്തരപ്പെടുത്തിയ ക്ഷേത്രങ്ങളുമുണ്ട്. നിരവധി ക്ഷേത്രങ്ങളില്‍ തിരിച്ചറിയാന്‍ കഴിയാത്ത മൂര്‍ത്തികള്‍ ഇപ്പോഴുമുണ്ട്. വിശകലനം നടത്തിയാലും ഇന്നത്തെ തലമുറയ്ക്ക് അറിയാന്‍ കഴിയാത്ത ആചാരങ്ങളുണ്ട്. ഈ ബൃഹത്തായ സങ്കല്പത്തെ ഇന്നും വളരെ ഭയപ്പാടോടെയാണ് നമുക്കു സമീപിക്കാന്‍ കഴിയുന്നത്.
കേരളത്തില്‍ ക്ഷേത്രസങ്കല്പങ്ങള്‍ വികസിച്ചുവന്ന കാലഘട്ടവും എട്ടാം നൂറ്റാണ്ടിനുശേഷമാണെന്ന് ഒരു നിഗമനമുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൃത്തിക്കും ശുദ്ധിക്കും കേരളീയ ആചാരങ്ങളില്‍ പ്രാമുഖ്യമുണ്ടായിരുന്നു. വൃത്തിയുള്ള മലയാളി എന്ന അംഗീകാരം ലഭിച്ചത് ഈ ക്ഷേത്രജീവിതരീതിയില്‍നിന്നാണെന്ന് അനുമാനി
ക്കുന്നതില്‍ തെറ്റില്ല. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ബന്ധപ്പെ ടുത്തി വിജ്ഞാനം പകരുന്ന ഒരു അനൗപചാരിക വിദ്യാഭ്യാസരീതി കേരളക്ഷേത്രസംസ്‌കാരം പ്രാവര്‍ത്തികമാക്കിയിരുന്നു. ഭക്തിയുടെയും സംസ്‌കാരത്തിന്റെയും കലകളുടെയും സംഗമവേദികളായി ക്ഷേത്രങ്ങള്‍ മാറുന്നത് ഇതോടെയാണ്.

നമ്പൂതിരിമാരുടെ അധീനത്തിലായിരുന്നു കേരളത്തിലെ മിക്ക ക്ഷേത്രങ്ങളും. ഇപ്പോള്‍ 15,000ത്തിനും 20,000ത്തിനും മദ്ധ്യേ ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ടെന്നാണ് എന്റെ അനുമാനം. പഴയകാലത്ത് ജനസംഖ്യ കുറവായിരുന്നെങ്കിലും ക്ഷേത്രങ്ങള്‍ ഇതില്‍ കൂടുതലേ ഉണ്ടായിരുന്നുള്ളൂ. പടയോട്ടക്കാലത്തും ലഹളകളുടെ കാലത്തും തകര്‍ന്നതും അനാഥത്വംകൊണ്ട് നശിച്ചതും ജീവിതരീതിയിലെ വീക്ഷണവ്യത്യാസങ്ങള്‍കൊണ്ട് ശ്രദ്ധിക്കപ്പെടാതെ ഇല്ലാതായതും അന്യമതദേവാലയങ്ങളായി മാറിയതും ഉള്‍പ്പെടെ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ കുറ്റിയറ്റുപോയിട്ടുണ്ട്. എന്നിരുന്നാലും ഇന്ത്യയില്‍ ഏറ്റവുമധികം ക്ഷേത്രങ്ങളുള്ള സംസ്ഥാനം (ജനസംഖ്യയനുസരിച്ച്) കേരളമാണെന്ന് എനിക്ക് തോന്നുന്നു. ഗ്രാമസമ്പ്രദായത്തിലല്ലാത്ത ജീവിതരീതിയും ആദ്യകാലത്തെ ആക്രമണോത്സുകതയില്ലാത്ത സ്‌നേഹപൂര്‍ണ്ണമായ അന്തരീക്ഷവും, വീറും വാശിയുമില്ലാതെ അഗുണത്തിലെത്താനുള്ള ഏകാഗ്രചിന്തയും ഇത്രയുമധികം ക്ഷേത്രങ്ങള്‍ കേരളത്തില്‍ ഉടലെടുക്കാന്‍ കാരണമായി എന്നു കരുതാം.

PG Rajendran-Kshethravijnanakosham-Vol 2തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളും മലബാറില്‍ എച്ച്.ആര്‍. & സി.ഇ.യും 3000ത്തില്‍ താഴെ ക്ഷേത്രങ്ങളില്‍ ഭരണം നടത്തുന്നു. ഊരാണ്മ ദേവസ്വംബോര്‍ഡും പഴയ നമ്പൂതിരി ഇല്ലങ്ങളും കുറച്ചു ക്ഷേത്രങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നുണ്ട്. ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച ക്ഷേത്രസമിതികളും ട്രസ്റ്റുകളും വ്യക്തികളുമാണ് മറ്റു ക്ഷേത്രങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നത്. ചരിത്രപ്രധാനമായ ക്ഷേത്രങ്ങളും അക്കൂട്ടത്തിലുണ്ട്.
ബ്രിട്ടനില്‍ ട്യൂഡര്‍ രാജാധിപത്യം എന്ന രാഷ്ട്രീയസിദ്ധാന്ത പ്രകാരം എല്ലാ മതസ്ഥാപനങ്ങളും രാജാധിപത്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഈ തത്ത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് കേണല്‍ മണ്‍റോ തിരുവിതാംകൂറിലെയും കൊച്ചിയിലെയും ക്ഷേത്രങ്ങളില്‍ മേല്‍ക്കോയ്മ സിദ്ധാന്തം നടപ്പിലാക്കിയത്. തിരുവിതാംകൂറില്‍ ക്ഷേത്രസ്വത്തുക്കള്‍ സര്‍ക്കാര്‍ മുതലാക്കി. ഭരണം ഡിപ്പാര്‍ട്ടുമെന്റ് എന്ന നിലയില്‍ കേന്ദ്രീകരിച്ചു. നല്ല വരുമാനമുണ്ടായിരുന്ന ക്ഷേത്രങ്ങളെല്ലാം അതോടെ സര്‍ക്കാര്‍ നിയന്ത്രണത്തിലായി. 1912-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ റവന്യൂ വരുമാനത്തിന്റെ മൂന്നിലൊരു ഭാഗം ഇങ്ങനെ ‘പിടിച്ചെടുക്കപ്പെട്ട’ ക്ഷേത്രസ്വത്തുക്കളില്‍നിന്നുള്ള മിച്ചമായിരുന്നു. ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ദിവാന്‍ പേഷ്‌കാര്‍ രാമചന്ദ്രറാവു 18 ലക്ഷം പറ നെല്ലും 80000 രൂപയും മിച്ചമായി ജനറല്‍ റവന്യൂവില്‍ ലയിച്ചു എന്നാണ് തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊച്ചിയില്‍ പക്ഷേ, സ്വത്തുക്കള്‍ തിരുവിതാംകൂറിലേതുപോലെ സര്‍ക്കാരിലേക്കു ലയിപ്പിച്ചില്ല. രാജാധികാരത്തിന്റെ നിയന്ത്രണം ക്ഷേത്രങ്ങളില്‍ ഏര്‍പ്പെടുത്തി. ബ്രിട്ടീഷുകാര്‍ നേരിട്ട് ഭരിച്ചിരുന്ന മലബാറില്‍ ട്രസ്റ്റിമാര്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ട്രസ്റ്റിമാരെ യഥേഷ്ടം നിയമിക്കാനും മാറ്റാനും നിരവധി നിയമങ്ങള്‍ ഉണ്ടാക്കി. ചുരുക്കത്തില്‍ ക്ഷേത്രഭരണം യഥാര്‍ത്ഥത്തില്‍ ചില ഉദ്യോഗസ്ഥന്മാരുടെ കൈകളിലായി. ഹിന്ദുക്കള്‍ക്ക് ക്ഷേത്രഭരണത്തില്‍ പങ്കില്ലാതായതോടെ ക്ഷേത്രങ്ങള്‍ നിര്‍ജ്ജീവങ്ങളായി. ഭൗതിക ചിന്തകള്‍ക്ക് പ്രാമുഖ്യവുമേറി. 1960-കളിലാണ് പിന്നീട് വിശ്വാസത്തിന്റെ തിരിച്ചുവരവുണ്ടാകുന്നത്. ഇതിനകം പലതും അന്യാധീനപ്പെട്ടുകഴിഞ്ഞിരുന്നു. സാമൂഹികപരിഷ്‌കാരം വരുത്തിയ ഭൂപരിഷ്‌കരണനിയമം ക്ഷേത്രങ്ങളെയും കാര്യമായി ബാധിച്ചു. പാട്ടമിച്ചവാരം കിട്ടാതെ വന്നപ്പോള്‍ കാര്യസ്ഥന്മാരും കണക്കെഴുത്തുകാരും ക്ഷേത്രങ്ങള്‍ വിട്ടൊഴിഞ്ഞു. ക്ഷേത്രങ്ങള്‍ പരിപാലിച്ചിരുന്ന ജന്മിമാരും ഇതേ നിയമത്തിന്‍കീഴില്‍ തളര്‍ന്നു. അതോടെ അനാഥത്വം പിടികൂടിയ ക്ഷേത്രങ്ങള്‍ വീണ്ടും തളര്‍ന്നു. അടുത്തകാലത്താണ് ക്ഷേത്രങ്ങള്‍ വീണ്ടും സജീവമാകുന്നതും ഉയിര്‍ത്തെഴുന്നേല്ക്കുന്നതും.

ക്ഷേത്രങ്ങളില്‍ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങള്‍ വേണമെന്ന വാദത്തിലും ചെറിയ കഴമ്പുണ്ട്. സാമൂഹികവ്യവസ്ഥിതിയില്‍ നിയന്ത്ര ണങ്ങള്‍ ആവശ്യവുമാണ്. പക്ഷേ, ഇന്നത്തെ അടിമുടി രാഷ്ട്രീയ സ്വഭാവം കലര്‍ന്ന ഭരണം ക്ഷേത്രങ്ങള്‍ക്കു ഭൂഷണമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. നിയമനങ്ങളും മറ്റും പാര്‍ട്ടിഫണ്ട് സ്വരൂപണത്തിനുള്ള വേദികളായി മാറുന്നതും ക്ഷേത്രസംസ്‌കാരമോ വിശ്വാസമോ ഇല്ലാത്തവര്‍ ഭരിക്കുന്നതും ജനപദത്തിന്റെ ആദ്ധ്യാത്മികാവശ്യങ്ങള്‍ നിറവേറ്റുന്ന ക്ഷേത്രങ്ങള്‍ക്കു ഭൂഷണമല്ലതന്നെ. പഴയ മൂന്ന് പ്രധാന രാജ്യങ്ങള്‍ കൂടിച്ചേര്‍ന്നതാണ് കേരളം. ഭരണപരമായ മറ്റെല്ലാ നിയമങ്ങളും ഏകീകരിച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ക്ഷേത്രകാര്യങ്ങളില്‍ ഇപ്പോഴും മൂന്നു നിയമങ്ങളാണ്. ഏകീകൃതനിയമങ്ങളും ഏകീകൃത ഭരണവ്യവസ്ഥയും ക്ഷേത്രങ്ങള്‍ക്കു കൈവരുത്തേണ്ടത് സാമാന്യനീതിമാത്രമാണ്.

PG Rajendran-Kshethravijnanakosham-Vol 3കാല്‍നടയായും ബസ്സിലും നടത്തിയ ആയിരക്കണക്കിന് കിലോമീറ്റര്‍ യാത്രയും മുഴുവന്‍സമയ പരിശ്രമവും വരുത്തിവെച്ച മാനസിക, സാമ്പത്തിക, ശാരീരികപ്രശ്‌നങ്ങള്‍ക്കു നടുവില്‍നിന്ന് തയ്യാറാക്കിയ ഈ വിജ്ഞാനകോശത്തില്‍ എന്റെ പരിമിതികള്‍മൂലവും മൊഴിമാറ്റങ്ങള്‍ മൂലവും എന്തെങ്കിലും തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടാകാം. ഏതാനും ക്ഷേത്രങ്ങളും വിട്ടുപോയിട്ടുണ്ടാകാം. കുറ്റങ്ങളും കുറവുകളും ക്ഷമിക്കുക. ചൂണ്ടിക്കാണിച്ചുതരുന്നവര്‍ക്ക് കൂപ്പുകൈകളോടെ സ്വാഗതം. ഒറ്റയ്ക്കു നടത്തിയതാണ് ഈ പ്രവൃത്തി. ഇത്തരമൊരു സംരംഭം ഇന്ത്യയില്‍തന്നെ ആദ്യത്തേതാണെന്നു ഞാന്‍ കരുതുന്നു.
ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ട ഒട്ടേറെക്കാര്യങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ദേവസംജ്ഞയുടെ ആഗമകോശം ആചാരാനുഷ്ഠാന പദകോശം, താന്ത്രിക പദാവലി തുടങ്ങിയ ക്ഷേത്രസംബന്ധമായ കാര്യങ്ങള്‍ വിശ്വാസസമൂഹത്തിന് ഏറെ പ്രയോജനപ്പെടുന്നതാണ്.

എന്റെ സംരംഭത്തിന് സഹകരണങ്ങള്‍ നല്കിയ നിരവധി വ്യക്തികളുണ്ട്. ഈ സന്ദര്‍ഭത്തില്‍ അവര്‍ക്കെല്ലാം പൂര്‍ണ്ണമനസ്സോടെയുള്ള കൂപ്പുകൈ. ഇവരില്‍ ഒരാളുടെ പേരെടുത്തു പറയാതെ നിവൃത്തിയില്ല. എന്റെ ഭാര്യ ആശാലത. അവരുടെ സ്‌നേഹപൂര്‍ണ്ണമായ സഹകരണവും പിന്തുണയുമുണ്ടായിരുന്നില്ലെങ്കില്‍ ക്ഷേത്രവിജ്ഞാനകോശം തയ്യാറാക്കാനുള്ള ശ്രമം ആരംഭത്തില്‍തന്നെ അസ്തമിക്കുമായിരുന്നു. കാലം മറുപടി തരേണ്ട കൊച്ചുകൊച്ചു പ്രതീക്ഷകളുമായിട്ടാണ് എന്റെ ഈ എളിയ കൃതി കൈരളിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ എനിക്കു ചാരിതാര്‍ത്ഥ്യമുണ്ട്.

പി. ജി. രാജേന്ദ്രന്‍

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.