DCBOOKS
Malayalam News Literature Website

കോവിഡും ഹോമിയോ പ്രതിരോധ മരുന്നും – ആരോഗ്യരംഗത്ത്‌ വിവാദങ്ങളല്ല വേണ്ടത്‌: സി.എസ് ചന്ദ്രിക

സംവാദങ്ങള്‍ എപ്പോഴും ആരോഗ്യകരമാണ്‌. അതിനാല്‍ സ്വാഗതാര്‍ഹവുമാണ്‌. പക്ഷേ വിവാദങ്ങള്‍ ഏതു രംഗത്തായാലും, അക്രമാസക്തമായ ആരോപണങ്ങളും പരിഹാസങ്ങളും നിറഞ്ഞ അനാരോഗ്യകരമായ ബഹളം വെയ്‌ക്കലുകളായി മാറുന്നു. ആരോഗ്യരംഗത്ത്‌ ഈ ഘട്ടത്തില്‍ വിവാദങ്ങളുണ്ടാകുന്നത്‌ തീര്‍ത്തും ഒഴിവാക്കപ്പെടേണ്ടതാണ്‌.

കോവിഡ്‌ പ്രതിരോധത്തിനായി ഹോമിയോ മരുന്ന്‌ ഉപയോഗിക്കുന്നത്‌ ഗുണകരമാണ്‌ എന്ന്‌ കേരളത്തിന്റെ ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്‌തവനയെത്തുടര്‍ന്ന്‌ ആരോഗ്യമന്ത്രിയെത്തന്നെ പരസ്യമായി വിമര്‍ശിക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന പ്രതികരണങ്ങള്‍ മുതിര്‍ന്ന ആരോഗ്യ പ്രവര്‍ത്തകരുടേയും സംഘടനകളുടേയും ഭാഗത്തു നിന്ന്‌ ഉയര്‍ന്നു വന്നു. ആധുനിക വൈദ്യശാസ്‌ത്ര രംഗത്തെ ഞാനേറെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന കേരളത്തിലെ മുതിര്‍ന്ന പലരും പരസ്യമായി ഫെയ്‌സ്‌ബുക്കിലും ദൃശ്യമാധ്യമങ്ങളിലുമൊക്കെ ആരോഗ്യമന്ത്രി നിലപാട്‌ തിരുത്തണം എന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ എതിര്‍പ്പുകള്‍ ഉയര്‍ത്തി. ഫേസ്‌ബുക്ക്‌ പോസ്റ്റുകളും അതിനുള്ളിലെ കമന്റുകളും ടെലിവഷന്‍ ചര്‍ച്ചയില്‍ കേട്ട അഭിപ്രായങ്ങളും ഒക്കെ വിശകലനം ചെയ്യുമ്പോള്‍, എല്ലാ തരം ചികിത്സാരീതികള്‍ക്കും അതിന്റേതായ ഇടവും ഗുണങ്ങളും ഫലങ്ങളുമുണ്ട്‌ എന്ന്‌ അനുഭവസ്ഥരായ മനുഷ്യരുടെ പക്ഷത്തു നിന്ന്‌ സത്യസന്ധമായി ചില അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു വരേണ്ടതുണ്ട്‌ എന്ന്‌ കരുതുന്നു.

ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം ടെലിവിഷനില്‍ നടന്ന ഒരു നല്ല ചര്‍ച്ചയില്‍ ഡോ. ഫസല്‍ ഗഫൂറിലും ഡോ. രാമന്‍കുട്ടിയിലും കാണാന്‍ കഴിഞ്ഞ ബൗദ്ധികമായ സത്യസന്ധതയെ, സ്വാനുഭവങ്ങളെ തുറന്നു പറഞ്ഞ നൈതികതയെ ഞാനിഷ്‌ടപ്പെടുന്നു. എന്നാല്‍, ഐ. എം. എ പ്രതിനിധിയുടെ വാദങ്ങളില്‍ പരമ്പരാഗത ജ്ഞാന ശാസ്‌ത്രങ്ങളുടെ ബഹുസ്വരതകളെ മുഴുവന്‍ തള്ളിക്കളയുന്ന മൗലികവാദപരമായ പ്രവണതകളുടെ ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്‌. ശാസ്‌ത്രീയമായ തെളിവുകളുടെ പിന്തുണയോടെ ഗുണഫലങ്ങള്‍ സമര്‍ത്ഥിക്കാന്‍ സാധിക്കാത്തതെല്ലാം അന്ധവിശ്വാസമാണ്‌ എന്നാണ്‌ അദ്ദേഹത്തിന്റേയും അതേ വാദമുയര്‍ത്തുന്നവരുടേയും ശക്തമായ നിലപാട്‌.

ഇന്ത്യയില്‍ അംഗീകൃത നിയമപ്രകാരം പതിറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്ന, പാര്‍ശ്വഫലങ്ങലില്ലാത്ത ഹോമിയോ മരുന്നാണ്‌ കോവിഡ്‌ പ്രതിരോധത്തിനായി കേരളത്തില്‍ ജനങ്ങള്‍ക്ക്‌ നല്‍കുന്ന ആഴ്‌സനിക്‌ ആല്‍ബം എന്നാണ്‌ മനസ്സിലാവുന്നത്‌. കാലം തെളിയിച്ച ഒരു മരുന്ന്‌ ഈ കോവിഡ്‌ കാലത്ത്‌ ജനങ്ങള്‍ക്ക്‌ സഹായകരമാവുന്നുണ്ടെന്ന്‌ ഹോമിയോ ഡോകട്‌ര്‍മാരും അനുഭവമുള്ള ജനങ്ങളും പറഞ്ഞാല്‍, അത്‌ വിതരണം ചെയ്യാന്‍ സര്‍ക്കാരും ആരോഗ്യമന്ത്രിയും തീരുമാനിച്ചാല്‍ ആരോഗ്യമന്ത്രിയെത്തന്നെ പ്രതിക്കൂട്ടിലാക്കുകയാണോ വേണ്ടത്‌? കൈ സോപ്പിട്ട്‌ കഴുകല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍, മാസ്‌ക്‌ ധരിക്കല്‍, അകലം പാലിക്കല്‍ തുടങ്ങിയ എല്ലാ ബാഹ്യമായ കോവിഡ്‌ പ്രതിരോധപ്രവര്‍ത്തനങ്ങളോടുമൊപ്പം ജനങ്ങള്‍ക്ക്‌ ഉള്ളിലേക്ക്‌ കഴിക്കാന്‍ മാനസികമായ ആശ്വാസം നല്‍കാന്‍ ഒരു പ്രതിരോധമരുന്നുകൂടി കൊടുക്കുന്നതിനെ എന്തിനാണ്‌ നിഷേധിക്കുന്നത്‌?

പരമ്പരാഗത, ബദല്‍ വൈദ്യശാസ്‌ത്രവിഭാഗങ്ങളായ ആയുര്‍വേദം, യുനാനി, സിദ്ധ, ഹോമിയോ എന്നിവ ഉള്‍പ്പെടുന്ന ആയുഷ്‌ വകുപ്പ്‌ തന്നെ തള്ളിക്കളയേണ്ടി വരുന്നത്ര സമ്മര്‍ദ്ദം, സന്നിഗ്‌ദധത, ആശയക്കുഴപ്പം മന്ത്രിയിലും ജനങ്ങളിലും ഈ വാദങ്ങളിലൂടെ സൃഷ്‌ടിക്കാനാവും. ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി വിവിധ തരം വൈദ്യശാസ്‌ത്ര സേവനങ്ങളെ ആശ്രയിക്കുകയും അറിഞ്ഞുകൊണ്ട്‌ തന്നെ തെരഞ്ഞെടുക്കുകയും അതാതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുകയും ചെയ്‌തിട്ടുള്ള ജനങ്ങള്‍ക്ക്‌ പക്ഷേ ഈ വാദങ്ങളുയര്‍ത്തുന്ന പ്രതിസന്ധിയെ ആശയവ്യക്തതയോടെ മറി കടന്നു മുന്നോട്ട്‌ പോയേ പറ്റൂ.

ഈ മഹാമാരിയുടെ കാലത്ത്‌ എല്ലാ വൈദ്യശാസ്‌ത്ര വിഭാഗങ്ങള്‍ക്കും ഒരുപോലെ പങ്കെടുക്കാനും അവരുടേതായ തനതായ സംഭാവനകള്‍ നല്‍കാനുമുള്ള അവസരമുണ്ടാകേണ്ടതില്ലേ? അക്കാര്യത്തിലാണ്‌ ഇപ്പോള്‍ എതിര്‍പ്പുകളും വിവാദവുമുണ്ടായിരിക്കുന്നത്‌. നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ മേഖലയില്‍ ഹോമിയോ, ആയുര്‍വേദ മെഡിക്കല്‍ കോളേജുകളും ആശുപത്രികളും നിരവധി ഡോക്‌ടര്‍മാരും വിദ്യാര്‍ത്ഥികളുമുണ്ട്‌. അവര്‍ പഠിച്ച തിയറികളുടേയും പ്രായോഗങ്ങളുടേയും അനുഭവങ്ങളുടേയും യാഥാര്‍ത്ഥ്യത്തെ ഒറ്റയടിക്ക്‌ ആര്‍ക്കെങ്കിലും റദ്ദു ചെയ്യാനാവുമോ? ഞാന്‍ മോഡേണ്‍ മെഡിസിനും ഹോമിയോപ്പതിയും ആയുര്‍വേദവും സ്വീകരിക്കുന്ന ഒരാളാണ്‌. മൂന്നു രംഗത്തും ബുദ്ധിമാന്‍മാരും ബുദ്ധിമതികളുമായ ഡോക്‌ടര്‍മാര്‍ എനിക്ക്‌ സുഹൃത്തുക്കളായുണ്ട്‌. അവര്‍ നല്‍കുന്ന ചികിത്സാരീതികളിലും ഗുണഫലങ്ങളിലും ഞാന്‍ പൂര്‍ണ്ണസംതൃപ്‌തയും സന്തോഷവതിയുമാണ്‌. അവരെല്ലാമുള്ളതുകൊണ്ടാണ്‌ ഞാനിന്ന്‌ ആരോഗ്യവതിയായിരിക്കുന്നത്‌. എന്നെപ്പോലെ എത്രയോ പേര്‍! മോഡേണ്‍ മെഡിസിനൊപ്പം കേരളത്തില്‍ത്തന്നെ ലക്ഷക്കണക്കിന്‌ മനുഷ്യര്‍ പരമ്പരാഗത ബദല്‍ ചികിത്സ തേടുന്നവരുണ്ട്‌. അവരില്‍ ഉയര്‍ന്ന ശാസ്‌ത്രബോധമുള്ളവരുണ്ട്‌. പക്ഷേ അന്ധവിശ്വാസിയെന്ന്‌ മുദ്രകുത്തപ്പെടുമെന്ന്‌ ഭയന്നോ സൈബര്‍ ആക്രമണം പേടിച്ചോ പലരും ഈ സമയത്ത്‌ നിശ്ശബ്‌ദരായി നില്‍ക്കുന്നതു കാണുന്നു.

ഹോമിയോ ചികിത്സ അന്ധവിശ്വാസമാണ്‌ എന്ന ആരോപണത്തെ ഇന്നത്തെ ഹിന്ദുത്വ ഇന്ത്യന്‍ രാഷ്‌ട്രീയ ഇടത്തില്‍ യുക്തിഭദ്രമായി നേരിടുക എന്നത്‌ അത്ര എളുപ്പമല്ല. ഇക്കാലത്ത്‌ ഈ വെല്ലുവിളി ശാസ്‌ത്രത്തെ മുറുകെപ്പിടിക്കുന്ന ഹോമിയോ ആരോഗ്യപ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടതു തന്നെയാണ്‌. മോഡേണ്‍ മെഡിസിന്റെ ആധിപത്യത്തിനുള്ളില്‍ ഹോമിയോ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലുള്ള അപകര്‍ഷതയും ഹോമിയോപ്പതി മാത്രമാണ്‌ ശരി എന്ന മൗലികവാദ ചിന്തകളുണ്ടെങ്കില്‍ അതും ഒരുപോലെ മാറേണ്ടതുണ്ട്‌. അതിന്‌ സര്‍ക്കാരിന്റെ വലിയ പിന്തുണാ സംവിധാനങ്ങള്‍ ഉണ്ടാവണം. യൂണിവേഴ്‌സ്റ്റി ബിരുദാനന്തര ബിരുദശേഷം മള്‍ട്ടി ഡിസ്‌പ്‌ളിനറി ഗവേഷണ പഠനങ്ങള്‍ക്ക്‌ അവസരമുണ്ടാകണം. തെളിവുകളെ അടിസ്ഥാനമാക്കിയുള്ള നവീന ശാസ്‌ത്ര ഗവേഷണ രീതിശാസ്‌ത്രങ്ങളുടെ ഭാഗമായി പഠനഫലങ്ങള്‍ പുറത്തു വരുന്നതിനാവശ്യമായ അക്കാദികവും സാങ്കേതികവുമായ പരിശീലനം ലഭിക്കണം. ചാണകവെള്ളം കുടിച്ചാല്‍ കോവിഡ്‌ മാറും എന്ന്‌ പ്രചരിപ്പിക്കുന്ന മതഭ്രാന്തരുടെ കാലത്തെ ഇന്ത്യയാണിത്‌.

ഹോമിയോപ്പതിയിലെ മയാസം, ജീവശക്തി, പ്രതിരോധം, ആയിരമോ പതിനായിരമോ തവണ നേര്‍പ്പിച്ചെടുക്കുന്ന മരുന്നിലെ കണ്ടന്റിന്റെ ശക്തി, പല രോഗികള്‍ക്ക്‌ ഒരേ രോഗത്തിന്‌ ഒരേ മരുന്ന്‌ നല്‍കാന്‍ സാധ്യമല്ലാത്ത രോഗ നിര്‍ണ്ണയ, ചികിത്സയിലെ യുക്തികള്‍ തുടങ്ങി സര്‍വ്വവും ശാസ്‌ത്രീയമായി വിശദീകരിക്കാനും തെളിവുകള്‍ നല്‍കാനും സഹായകമായ മറ്റു ശാസ്‌ത്ര സാങ്കേതിക ശാഖകളുമായി കൈകോര്‍ക്കേണ്ടതായി വരും. മനുഷ്യ മനസ്സിനെ, വികാരങ്ങളെക്കൂടി കേന്ദ്രീകരിച്ചുകൊണ്ട്‌ ചികിത്സിച്ച്‌ സുഖപ്പെടുത്തുന്നതിന്റെ ശാസ്‌ത്രീയമായ തെളിവുകള്‍ക്ക്‌ അതിവേഗം വികസിച്ചു വരുന്ന ന്യൂറോ സയന്‍സ്‌, ന്യൂറോ സൈക്കോളജി തുടങ്ങിയ പഠനശാഖകള്‍ ഹോമിയോപ്പതിക്ക്‌ ആശ്രയിക്കാവുന്ന വലിയ സാധ്യതകളായിരിക്കും.

എന്തായാലും ഒരേയൊരു വൈദ്യശാസ്‌ത്രരീതി മാത്രം കോടിക്കണക്കിന്‌ വ്യത്യസ്‌തരായ മനുഷ്യര്‍ക്ക്‌ എപ്പോഴും സര്‍വ്വപരിഹാരമാവുകയില്ല എന്ന്‌ അനുഭവം കൊണ്ട്‌ നമുക്കറിയാവുന്നതാണ്‌. ചില സമയത്ത്‌ ഒന്നില്‍ നിന്ന്‌ നമുക്ക്‌ ഗുണഫലമൊന്നും കിട്ടില്ലെങ്കില്‍ നമ്മളതിനെ തീര്‍ച്ചയായും അപ്പോള്‍ കൈവിടും. മറ്റൊന്ന്‌ പരീക്ഷിച്ചു നോക്കും. ഈ തെരഞ്ഞെടുപ്പിനുള്ള സാധ്യതകള്‍ ഉണ്ടായേ പറ്റൂ. ഇപ്പോള്‍ ഹോമിയോപ്പതിയിലും ആയുര്‍വേദത്തിലുമൊക്കെയുള്ള ചികിത്സാ വിജയത്തിന്റെ തെളിവുകള്‍ എന്നു പറയുന്നത്‌ ആ ചികിത്സകളില്‍ ഗുണഫലങ്ങള്‍ കിട്ടിയിട്ടുള്ള അനേകം മനുഷ്യരുടെ ജീവിതങ്ങള്‍ മാത്രമാണ്‌. അതേ സമയം, മോഡേണ്‍ മെഡിസിന്‍ രംഗത്ത്‌ തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കുന്ന വിപ്ലവകരമായ ശാസ്‌ത്ര സാങ്കേതിക വികസന പരീക്ഷണപ്രവര്‍ത്തനങ്ങളും ഫലങ്ങളും ആ ചികിത്സാ സമ്പ്രദായത്തിന്റെ വ്യാപ്‌തിയും വിജയവും മനുഷ്യരാശിയെ രക്ഷപ്പെടുത്തുന്നതിന്റെ കണക്കുകളോടെ പഠനങ്ങളിലും തെളിവുകളിലും ദൃശ്യതയിലും ഒന്നാം സ്ഥാനത്താണ്‌. അതിന്റെ ജൈത്രയാത്രയെ തകിടം മറിക്കാന്‍ ആരെങ്കിലും വരും എന്ന ഉല്‍ക്കണ്‌ഠ അസ്ഥാനത്തും അനാവശ്യവുമാണ്‌.

ശാസ്‌ത്രബുദ്ധി ഒരിക്കലും യാന്ത്രികമാവരുത്‌. മുന്നില്‍ കാണുന്ന കാഴ്‌ച മാത്രമല്ല, ഉള്‍ക്കാഴ്‌ചകളും കൂടിയാവണം ശാസ്‌ത്രം. ഹോമിയോപ്പതിയിലുള്ള ഉള്‍ക്കാഴ്‌ചകള്‍ക്ക്‌ തെളിവുകളും വിശദീകരണവും നല്‍കാനുള്ള പുതിയ രീതികള്‍ ഹോമിയോപ്പതി അക്കാദമിക്‌ സമൂഹം കണ്ടെത്തട്ടെ.

സി.എസ് ചന്ദ്രികയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.