DCBOOKS
Malayalam News Literature Website

കൊച്ചി പഴയ കൊച്ചിയല്ല, എഞ്ചിനീയര്‍മാരോ?

ഒറ്റ രാത്രികൊണ്ട് പെയ്ത മഴ കൊച്ചി നഗരത്തില്‍ സൃഷ്ടിച്ച വെള്ളപ്പൊക്കദുരിതം വലിയ ചര്‍ച്ചയായി മാറിയിരുന്നു. നിര്‍മ്മാണരീതികളിലെ അപാകതകളെക്കുറിച്ച് പൊതുവില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഭാവിയില്‍ ഇനി എന്ത് നടപടികള്‍ കേരളത്തില്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുകയാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി സംഘടനയിലെ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി.

മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍നിന്നും

കൊച്ചി പഴയ കൊച്ചിയല്ല, എഞ്ചിനീയർമാരോ?

സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്തതിന്റെ ഒരു പ്രയോജനം ആവശ്യം വരുമ്പോഴെല്ലാം സിവില്‍ എന്‍ജിനീയര്‍മാരെ ധൈര്യമായി വിമര്‍ശിക്കാം എന്നതാണ്. ‘പഠിച്ചിട്ടു വിമര്‍ശിക്കൂ സുഹൃത്തേ’ എന്നാരും പറയില്ലല്ലോ.

അതുകൊണ്ടു തന്നെയാണ് കേരളത്തില്‍ മണല്‍ മാഫിയ ഉണ്ടായതിന്റെ ഉത്തരവാദിത്തം, നിര്‍മ്മാണരീതികളില്‍ കാലാകാലമായി മാറ്റം കൊണ്ടുവരാത്ത സിവില്‍ എന്‍ജിനീയര്‍മാരുടെ കൂടിയാണെന്ന് ഞാന്‍ പറഞ്ഞത്. ക്വാറിയുടെ, ഖരമാലിന്യത്തിന്റെ, ഇളകുന്ന പാലങ്ങളുടെ, ആസൂത്രണമില്ലാത്ത നഗരങ്ങളുടെ, മലയിടിച്ച് മണ്ണിടിച്ചിലുണ്ടാക്കുന്ന റോഡിന്റെ എല്ലാം കാര്യത്തില്‍ നമുക്കുമുണ്ട് ഉത്തരവാദിത്തം. വേണ്ട സമയത്ത് വേണ്ടത് ചെയ്യാത്തത് ഉത്തരവാദിത്തമില്ലായ്മ തന്നെയാണ്.

‘എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം, വേണ്ട സമയത്ത് അത് ഞങ്ങള്‍ പറഞ്ഞതുമാണ്, പക്ഷെ തീരുമാനമെടുക്കുന്നത് ഞങ്ങളല്ലല്ലോ’ എന്നതാണ് പൊതുവെ ഇതിന് കിട്ടുന്ന ഉത്തരം. വാസ്തവമാണ്. സമൂഹത്തില്‍ പണ്ടത്തെയത്ര സ്ഥാനവും, പിടിപ്പും, ബഹുമാനവും എന്‍ജിനീയര്‍മാര്‍ക്കിന്നില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെയും, ഉദ്യോഗസ്ഥ നേതൃത്വത്തിന്റെയും വളരെ താഴെയാണ് ഇപ്പോള്‍ എന്‍ജിനീയര്‍മാരുടെ സ്ഥാനം.

ഇത് നമ്മള്‍ തന്നെ വരുത്തിവെച്ച വിനയാണ്. കാരണം, സമൂഹത്തില്‍ നമുക്ക് മാത്രം ചെയ്യാവുന്ന കാര്യങ്ങളുണ്ട്. കാരണം, ഒഴുകുന്ന നദിയെ കളക്ടറോ മന്ത്രിയോ വിചാരിച്ചാല്‍ അണകെട്ടി തടയാന്‍ സാധിക്കില്ല. എത്ര ശക്തനായ പ്രധാനമന്ത്രി വിചാരിച്ചാലും ഒരു പട്ടിയെ പോലും ബഹിരാകാശത്ത് അയക്കാന്‍ പറ്റില്ല. എത്ര രാജാക്കന്മാരും ഷേക്കുമാരും ഉണ്ടെങ്കിലും മണലാരണ്യത്തില്‍ നിന്ന് ഒരു ലിറ്റര്‍ എണ്ണ പോലും കുഴിച്ചെടുക്കാന്‍ ആവില്ല. ഏത് മന്ത്രവാദി വിചാരിച്ചാലും ക്രൂഡ് ഓയിലിനെ പ്ലാസ്റ്റിക്കാക്കാന്‍ സാധിക്കില്ല. അതിനെല്ലാം എന്‍ജിനീയര്‍മാര്‍ തന്നെ വേണം.

എന്നാല്‍ എന്ത് ചെയ്യണം എന്നറിഞ്ഞാല്‍ മാത്രം പോരാ, അത് ചെയ്യിച്ചെടുക്കാനുള്ള കഴിവും കൂടി എന്‍ജിനീയര്‍മാര്‍ ആര്‍ജ്ജിച്ചേ തീരൂ. അല്ലെങ്കില്‍ പാതിരാത്രിയില്‍ വെള്ളം വറ്റിക്കാന്‍ മോട്ടോര്‍ അന്വേഷിച്ചു നടക്കേണ്ടി വരും.

കൊച്ചിയിലെ വെള്ളക്കെട്ടാണ് വിഷയം. കണ്ണടച്ച് തുറക്കുന്നതിന് മുന്‍പ് ആയിരക്കണക്കിന് സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി, നൂറുകണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായി, രാഷ്ട്രീയമായി പഴിചാരലായി. ‘കാന വൃത്തിയാക്കാഞ്ഞിട്ടല്ലേ, കനാല്‍ കെട്ടിയടച്ചിട്ടല്ലേ, മുറ്റത്തു ടൈല്‍ ഇട്ടിട്ടല്ലേ’ എന്ന തരത്തില്‍ ഒറ്റമൂലി പ്രയോഗങ്ങളുമായി ‘വിദഗ്ദ്ധര്‍’ ചാനലിലും ഫേസ്ബുക്കിലും നിരന്നു.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കൊച്ചിയില്‍ വെള്ളക്കെട്ട് ഒഴിവാക്കി ജനജീവിതം സാധാരണഗതിയിലാക്കണമെങ്കില്‍ ഇനി എന്‍ജിനീയര്‍മാര്‍ തന്നെ വിചാരിക്കണം.

എഞ്ചിനീയര്‍മാര്‍ക്ക് മുന്നില്‍ രണ്ടു സാദ്ധ്യതകളാണുള്ളത്.

1. ഓടകളെല്ലാം വൃത്തിയാക്കി കനാലുകള്‍ തുറന്നു കൊടുത്ത്, ഭൂമിക്കടിയില്‍ വലിയ പ്രളയജല സംഭരണികളുണ്ടാക്കി, കടലിലും കായലിലും ആവശ്യമുള്ളിടത്ത് ഭിത്തികെട്ടി, അതിശക്തിയുള്ള പന്പുകള്‍ കൊണ്ടുവന്ന് നഗരത്തില്‍ എത്ര മഴപെയ്ത്താലും വെള്ളക്കെട്ടുണ്ടാക്കാതെ നോക്കാം. വെനീസ് മുതല്‍ കുലാലംപുര്‍ വരെ, ടോക്കിയോ മുതല്‍ ലണ്ടന്‍ വരെയുള്ള നഗരങ്ങള്‍ ഇവയില്‍ ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം കൂടുതല്‍ സാന്ദ്രതയുള്ള മഴ കൊണ്ടുവരും, കടലിലെ ജലനിരപ്പ് ഉയരും. അപ്പോള്‍ ഭിത്തിയുടെ ഉയരം കൂട്ടിയും പന്പിന്റെ കപ്പാസിറ്റി കൂട്ടിയും നഗരത്തെ എന്നും വെള്ളക്കെട്ടില്‍ നിന്നും സംരക്ഷിക്കാം. ചിലവ് അല്പം കൂടുതലായേക്കാം. വെനീസിനെ കാലാവസ്ഥ വ്യതിയാനത്തില്‍ നിന്നും രക്ഷിക്കാനായി ഉണ്ടാക്കുന്നത് കടലിനു താഴെ കിടക്കുന്ന ഒരു ഭിത്തിയാണ്, ആവശ്യം വരുമ്പോള്‍ അതുയര്‍ത്തി കടലിനെ തടഞ്ഞു നിര്‍ത്താം. നാല്പത്തിനായിരം കോടി രൂപയാണ് ഇതിന്റെ ചിലവ്. സാധാരണ സമയത്ത് റോഡും, മഴയുണ്ടാകുന്‌പോള്‍ പ്രളയജലസംഭരണിയുമായി മാറുന്ന മലേഷ്യയിലെ സ്മാര്‍ട്ട് ടണലിന്റെ ചിലവ് അയ്യായിരം കോടി രൂപയാണ്. ഭൂമിക്കടിയിലേക്ക് വെള്ളത്തെ ഒഴുക്കിവിട്ട് അവിടെ നിന്നും കടലിലേക്ക് പമ്പ് ചെയ്യുന്ന പദ്ധതി ടോക്യോവില്‍ ഉണ്ട്, ചിലവ് പതിനയ്യായിരം കോടി രൂപ. ഞാന്‍ പറഞ്ഞു വരുന്നത് കയ്യില്‍ കാശുണ്ടെങ്കില്‍ ഞങ്ങള്‍ എഞ്ചിനീയര്‍മാര്‍ക്ക് ഇതൊക്കെ പൂ പറിക്കുന്നത് പോലെ നിസ്സാരമായ കാര്യമാണ് എന്നാണ്.

2. മാറുന്ന കാലാവസ്ഥയുടെ ലോകത്ത് ഇത്തരം ഓട്ടയടക്കല്‍ പദ്ധതികള്‍ കൊണ്ടൊന്നും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന് ചിന്തിക്കുന്ന എന്‍ജിനീയര്‍മാരുമുണ്ട്. ഞാന്‍ അവരില്‍ പെട്ട ആളാണ്. പ്രകൃതിയും കാലാവസ്ഥയും തമ്മിലുള്ള ഈ യുദ്ധത്തില്‍ ഇപ്പോഴേ പരാജയം സമ്മതിക്കുകയാണ് ബുദ്ധി. എന്നിട്ട് അടുത്ത നൂറു വര്‍ഷത്തില്‍ കാലാവസ്ഥ വ്യതിയാനം പ്രകൃതിയോട് എന്താണ് ചെയ്യുന്നതെന്ന് ശാസ്ത്രജ്ഞമാര്‍ പറയുന്നത് കേള്‍ക്കുക. അതനുസരിച്ച് പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയോടൊപ്പം നിര്‍മ്മിക്കുക. പ്രായോഗികമായി പറഞ്ഞാല്‍ അടുത്ത നൂറുവര്‍ഷത്തിനകം സമുദ്രനിരപ്പ് ഒരു മീറ്ററെങ്കിലും ഉയരുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്, മഴയുടെ സാന്ദ്രത കൂടുമെന്നും. (എത്രത്തോളം കൂടുമെന്നത് സംബന്ധിച്ചും ശാസ്ത്രീയമായ കണക്കുണ്ട്). അപ്പോള്‍ ഈ രണ്ടു സാഹചര്യങ്ങളും ഉള്‍പ്പെടുത്തി കൊച്ചി പോലുള്ള നഗരത്തില്‍ ഏതൊക്കെ സ്ഥലമാണ് സ്ഥിരമായി വെള്ളത്തിനടിയിലാകാന്‍ പോകുന്നത്, ഏതൊക്കെ സ്ഥലമാണ് വര്‍ഷത്തില്‍ പലപ്രാവശ്യം വെള്ളക്കെട്ടില്‍ ആകാന്‍ പോകുന്നതെന്ന് മോഡല്‍ ചെയ്യുക (ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല, ലോകത്ത് പലപ്രാവശ്യം ചെയ്തിട്ടുണ്ട്). ഇങ്ങനെ മാറുന്ന നാളത്തെ കൊച്ചിയില്‍ ഏതൊക്കെ സ്ഥലങ്ങള്‍ പ്രകൃതിക്ക് വിട്ടുകൊടുക്കണം, ഏതൊക്കെ സ്ഥലങ്ങള്‍ ഇരട്ട ഉപയോഗമുള്ള സ്ഥലങ്ങളായി നിലനിര്‍ത്താം, ഏതൊക്കെ സ്ഥലമാണ് മനുഷ്യന് ഉപയോഗിക്കാന്‍ ബാക്കിയുള്ളത് എന്നെല്ലാം കണ്ടുപിടിക്കണം. (ഇടക്കിടക്ക് വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലം ആളുകള്‍ സ്ഥിരമായി താമസിക്കാത്ത, വലിയ നിക്ഷേപമില്ലാതെ മനുഷ്യന് ഉപകരിക്കുന്ന ഫുടബോള്‍ ഗ്രൗണ്ടോ, പബ്ലിക്ക് പാര്‍ക്കോ ആക്കി മാറ്റുന്നതിനെയാണ് ഇരട്ട ഉപയോഗം എന്ന് പറയുന്നത്. മഴ വരുന്‌പോള്‍ വെള്ളം അവിടെ കയറിക്കിടന്നോളും, അല്ലാത്തപ്പോള്‍ മനുഷ്യന് ഉപയോഗിക്കാം). ഇത്തരം ഒരു ബേസ് പ്ലാനില്‍ നിന്നാണ് എഞ്ചിനീയറിങ്ങ് തുടങ്ങേണ്ടത്. ഇപ്പോള്‍ നിക്ഷേപിച്ചിരിക്കുന്ന പലതും എടുത്തുമാറ്റേണ്ടി വരും, ആളുകളെ മാറ്റി താമസിപ്പിക്കേണ്ടി വരും, ആശുപത്രികള്‍ സ്ഥലം മാറ്റേണ്ടി വരും. ഇതൊക്കെ ഇന്ന് ചെയ്താല്‍ നമ്മുടെ അടുത്ത തലമുറക്ക് സമാധാനമായി ജീവിക്കാന്‍ പറ്റും, ആത്യന്തികമായി സാമ്പത്തിക ലാഭവും ഉണ്ടാകും. വെള്ളവുമായി അത്യാവശ്യം പരിചയമുള്ള ഡച്ചുകാരാണ് ഈ പദ്ധതി തുടങ്ങിവച്ചതെങ്കിലും, വെള്ളപ്പൊക്കങ്ങള്‍ക്ക് ശേഷം അമേരിക്കയും ഇംഗ്ലണ്ടും ജര്‍മ്മനിയും ഇന്തോനേഷ്യയും ഈ ചിന്താഗതിയിലെ സാധ്യത മനസ്സിലാക്കിയിട്ടുണ്ട്.

പൊതുവില്‍ പറഞ്ഞാല്‍ ലോകത്തെ എന്‍ജിനീയര്‍മാരുടെ സിലബസ്സില്‍ ഇപ്പോഴും ഈ നിര്‍മ്മാണ പദ്ധതി പഠിപ്പിക്കുന്നില്ല. അതുകൊണ്ടു തന്നെ മതില്‍ കെട്ടിയും കാന താഴ്ത്തിയും പമ്പിങ്ങ് നടത്തിയും കാലാവസ്ഥ വ്യതിയാനത്തെ തടയാനുള്ള പദ്ധതികളാണ് ഇപ്പോഴും കൂടുതല്‍ ചിന്തിക്കപ്പെടുന്നത്. ഇത് മാറിയേ തീരൂ. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ കാലാവസ്ഥ വ്യതിയാണെത്തിനെ നേരിടാനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കിയപ്പോള്‍ ‘നേച്ചര്‍ ബേസ്ഡ് സൊല്യൂഷന്‍സ്’ അതില്‍ ഒരു മുഖ്യവിഷയമായിരുന്നു. ഇത്തരത്തിലുള്ള ചിന്താഗതികള്‍ നമ്മുടെ നാട്ടിലും വരണം.

ഇതുകൊണ്ടാണ് 2019-ല്‍ തയ്യാറാക്കിയ പുതിയ കുട്ടനാട് പാക്കേജില്‍ പോലും കാലാവസ്ഥ വ്യതിയാനം ഒരു ഫുട്ട് നോട്ട് മാത്രമാകുമ്പോള്‍ എനിക്ക് വിഷമം വരുന്നത്. ഇതുകൊണ്ടാണ് കൊച്ചിയിലെ വെള്ളക്കെട്ടിനെ നേരിടാന്‍ കാനകള്‍ വൃത്തിയാക്കുന്നതും കനാലുകള്‍ വീതികൂട്ടുന്നതുമാണ് പരിഹാരമെന്ന് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പടെ പറയുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടാകുന്നത്. കൊച്ചി പഴയ കൊച്ചിയല്ല, കുട്ടനാട് പഴയ കുട്ടനാടും… കാലാവസ്ഥ വ്യതിയാനം അടുത്ത നൂറു വര്‍ഷങ്ങളില്‍ ഈ പ്രദേശത്തോട് എന്ത് ചെയ്യുമെന്ന് പഠിക്കാതെ നടത്തുന്ന ഏത് പരിഹാര പ്രവര്‍ത്തനവും ഹൃസ്വദൃഷ്ടിയോടെ ഉള്ളതാണ്, പരാജയപ്പെടാന്‍ പോകുന്നതും..!

കുറച്ചു കാര്യങ്ങള്‍ നമ്മള്‍ ഇന്നേ ചെയ്തു തുടങ്ങണം.

1. കാലാവസ്ഥ വ്യതിയാനം കേരളത്തോട് എന്ത് ചെയ്യുമെന്നതിന് നല്ല ഒരു മോഡല്‍ ഉണ്ടാക്കണം.

2. ദുരന്തസാധ്യതയും കാലാവസ്ഥ വ്യതിയാനവും അടിസ്ഥാനമാക്കിയുള്ള ഭൂവിനിയോഗ മാപ്പ് കേരള വികസനത്തിന്റെ അടിസ്ഥാനരേഖ ആക്കണം.

3. കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ മറ്റു രാജ്യങ്ങള്‍ പ്രകൃതിയോടൊത്ത് ചെയ്യുന്നതെന്താണെന്ന് നമ്മള്‍ പഠിക്കണം.

4. പ്രകൃതിയെ അറിഞ്ഞും പ്രകൃതിയോടൊത്തും നിര്‍മ്മിക്കുക എന്നത് നമ്മുടെ എഞ്ചിനീയറിങ്ങ് കരിക്കുലത്തിന്റെ ഭാഗമാക്കണം.

ഇക്കാര്യങ്ങളില്‍ ലോകത്ത് അനവധി പ്രദേശങ്ങളില്‍ ഞങ്ങള്‍ പ്രോജക്ടുകള്‍ ചെയ്യുന്നുണ്ട്. കേരളത്തിലും അധികാരികളുമായി സഹകരിച്ച് കാര്യങ്ങള്‍ ചെയ്തുതുടങ്ങിയിട്ടുണ്ട്. കൊച്ചിയിലെ പ്രളയം ഇത്തരം പ്രവര്‍ത്തനങ്ങളുടെ വേഗത കൂട്ടാനുള്ള ഒരവസരമാണ്.

ഇക്കാര്യം എന്‍ജിനീയര്‍മാര്‍ അറിയണം, അതനുസരിച്ചു മാത്രം വേണം നാളത്തെ കേരളത്തെ കൊച്ചി ഉള്‍പ്പടെ, നിര്‍മ്മിക്കാന്‍. അല്ലെങ്കില്‍ അടുത്ത തലമുറ നമ്മുടെ പിതൃസ്മരണ നടത്തും. അത് വേണോ..?

Comments are closed.