DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ അതിഥിയായി കെ.ആര്‍.മീര

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ അതിഥിയായി മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കെ.ആര്‍.മീരയും. മലയാള കഥയ്ക്കും നോവലിനും ആധുനികഭാവങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്ന എഴുത്തുകാരികളില്‍ ശ്രദ്ധേയയായ കെ ആര്‍ മീരയുടെ എല്ലാ രചനകളും ഒരു പോലെയാണ് വായനാലോകം ഏറ്റെടുത്തത്. ഉള്ളുറപ്പും പേശീബലവും നല്‍കിയ ആഖ്യാനം കൊണ്ട് വായനക്കാരുടെ ധാരണകളെ അട്ടിമറിക്കുന്നതും, ഇന്നത്തെ പെണ്ണിന്റെ അവസ്ഥകളെ ഫെമിനിസത്തിന്റെ അതിരുകള്‍ക്കപ്പുറത്തു കൊണ്ടുപോയി ആവിഷ്‌കരിക്കുന്നതുമായ രചനകളാണ് മീരയുടേത്. അവരുടെ കഥകളിലും നോവലുകളിലും നോവെല്ലകളിലും  നിറയുന്നത് സ്ത്രീത്വത്തിന്റെ പലവിധ ആധികളാണ്. മനോഹരമായ കഥകളിലൂടെ ലഘുനോവലുകളിലേക്ക് കടന്ന് ആരാച്ചാര്‍ പോലെ ഒരു ബൃഹദ് നോവലിലേക്ക് വികസിച്ചതാണ് മീരയുടെ എഴുത്തിന്റെ ലോകം. വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കെ എൽ എഫ് ആറാം പതിപ്പ് 2023 ജനുവരി 12, 13, 14, 15 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട്  പ്രമുഖര്‍ പങ്കെടുക്കും.

അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.