DCBOOKS
Malayalam News Literature Website

ഭഗവത്ഗീതയുടെ വ്യാഖ്യാനം മാത്രമാണ് ഭാരതം എന്നുകരുതിയ പണ്ഡിതര്‍ ഇവിടെയുണ്ടായിരുന്നു: സുനില്‍ പി. ഇളയിടം

മഹാഭാരതത്തിന്റെ ഭാഗമാണ് ഭഗവത് ഗീത എന്നതിനു പകരം ഭഗവത് ഗീതയുടെ ഒരു വ്യാഖ്യാനം മാത്രമാണ് മഹാഭാരതം എന്നു കരുതിയിരുന്ന വലിയ പണ്ഡിതന്മാര്‍ നമുക്കുണ്ടായിരുന്നു. അരവിന്ദഘോഷ് മഹാഭാരതത്തെ കുറിച്ച് പറയുന്നത് ‘it is only an epic illustration of Bhagavad Gita’ എന്നാണ്. ഭീഷ്മപര്‍വ്വത്തില്‍ 800 ശ്ലോകമായി ചുരുങ്ങിനിന്നിരുന്ന ഒരു കൃതി ഒരു ലക്ഷം ശ്ലോകങ്ങളുള്ള ഒരു മഹാഗ്രന്ഥത്തിന്റെ ബീജമാണ് എന്ന നിലയിലേക്ക് മാറിവന്നു. ഈ മാറ്റം 19-20 നൂറ്റാണ്ടുകളിലാണ് സംഭവിച്ചത്. 12-ാം നൂറ്റാണ്ടിലെ പ്രശസ്ത സാഹിത്യ ആലങ്കാരികനായിരുന്ന വാമനാചാര്യര്‍ പൗനരുക്ത്യത്തെ വിശദീകരിക്കുന്നതിനായി ഉദ്ധരിച്ച ഉദാഹരണശ്ലോകം ഭഗവത് ഗീതയില്‍ നിന്നായിരുന്നു- സുനില്‍ പി. ഇളയിടം വിശദീകരിക്കുന്നു.

തമ്മില്‍ ചേരാത്ത എല്ലാത്തിനേയും അത് കൂട്ടിയിണക്കിയെന്നാണ് വൈജ്ഞാനികനായിരുന്ന ഡി.ഡി കൊസാംബി ഭഗവത് ഗീതയെക്കുറിച്ച് പറയുന്നത്. ബാലഗംഗാധര തിലകന്‍ വേണമെങ്കില്‍ ഹിംസയാകാം എന്നതിനുള്ള ന്യായമാണ് ഗീതയില്‍ കാണുന്നത്. എന്നാല്‍ ഗാന്ധിജി അഹിംസയുടെ ന്യായമാണ് ഗീതയില്‍ കണ്ടെത്തുന്നത്.

ബ്രാഹ്മണിക്കല്‍ എന്നു പറയുന്നത് എന്താണ്? അതുമായി ബന്ധപ്പെട്ട വലിയൊരു ആശയലോകമുണ്ട്. ബ്രാഹ്മണിക്കല്‍ എന്നത് ഒരൊറ്റ സ്‌ത്രോതസ്സില്‍ നിന്ന് രൂപപ്പെട്ട ഒരൊറ്റ ആശയത്തെ മുന്‍നിര്‍ത്തിയുള്ളതല്ല, പകരം ഷഡ്ദര്‍ശനങ്ങള്‍, ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, അതിലെ യജ്ഞയാഗ പൗരോഹിത്യ പാരമ്പര്യങ്ങള്‍ ഇവയെല്ലാം ചേര്‍ന്നുണ്ടാകുന്ന വിപുലമായ വ്യവഹാരത്തെയാണ് ഇന്ത്യാചരിത്രത്തില്‍ ബ്രാഹ്മണിക്കല്‍ എന്നു പറയുന്നത്. അതല്ലാതെ, വേദങ്ങളില്‍ നിന്നുമാത്രം പുറപ്പെട്ടതാണോ, അതല്ലെങ്കില്‍ ഉപനിഷത്തുക്കളില്‍ നിന്നു മാത്രമുള്ളതോ ബ്രാഹ്മണരെ കേന്ദ്രീകരിച്ചുള്ളതാണോ അല്ല. അങ്ങനെ വരുമ്പോള്‍ തമ്മില്‍ ചേരാത്ത, പരസ്പര വൈരുദ്ധ്യമുള്ള പല ആശയസ്‌ത്രോതസ്സുകളും ബ്രാഹ്മണിക്കല്‍ എന്ന സങ്കല്പത്തില്‍ വന്നുചേരും. അതൊരുഭാഗത്ത് ഉപനിഷത്തിലേക്കു നീങ്ങും, മറ്റൊരു ഭാഗത്ത് വേദങ്ങളിലേക്കു നീങ്ങും, അവ തമ്മിലുള്ള വൈരുദ്ധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു വ്യവഹാരമായി ഈ ബ്രാഹ്മണിക്കല്‍ എന്ന സങ്കല്പത്തെ ഉള്‍ക്കൊള്ളുകയും ചെയ്യും.

2018 ഫെബ്രുവരിയില്‍ കോഴിക്കോട് കടപ്പുറത്തുവെച്ച് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ഇതിഹാസങ്ങളും ചരിത്രവും’ എന്ന വിഷയത്തില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ മലയാളം വിഭാഗം അധ്യാപകനും പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. സുനില്‍ പി. ഇളയിടവുമായി നടത്തിയ സംവാദത്തിലാണ് ഇക്കാര്യം പറഞ്ഞത്. വീഡിയോ കാണൂ…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നാലാം എഡിഷന്‍ 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്തുവെച്ച് നടക്കും. രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക: http://www.keralaliteraturefestival.com/registration/

Comments are closed.