DCBOOKS
Malayalam News Literature Website

ജനകീയസമരങ്ങളുടെ രാഷ്ട്രീയം

ഐ ഗോപിനാഥിന്റെ ‘കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം’ സി ആര്‍ നീലകണ്ഠന്‍ എഴുതിയ വായനാനുഭവം

മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വ്വം ചില രാഷ്ട്രീയനേതാക്കള്‍ ഒരു പരിധിവരെ ഈ ജനകീയ സമരങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ട്. വിഎസ് അച്യുതാനന്ദനും വിഎംസുധീരനും ആ പട്ടികയില്‍ മുന്‍ നിരയിലാണ്. മൂലമ്പിള്ളി, ചെങ്ങറ, ഏലൂര്‍ മലിനീകരണം തുടങ്ങിയ ചില വിഷയങ്ങളില്‍ വിഎസിന് വ്യത്യസ്ത നിലപാടുണ്ടായിരുന്നു എന്നതൊരു രഹസ്യമല്ല. ഒട്ടു മിക്ക പ്രാദേശിക സമരക്കാരും വിഎസിനെയോ സുധീരനെയോ സ്വാഗതം ചെയ്തിരുന്നു. മറ്റു ചില നേതാക്കളും ഭാഗികമായി പരിസ്ഥിതി വിഷയങ്ങളില്‍ സമരങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ട്.

സ്വാതന്ത്രാനന്തര ഇന്ത്യയില്‍ നടന്ന ജനകീയ സമരങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ അതിനെ രണ്ട് ഘട്ടങ്ങളായി തിരിക്കാം എന്ന് തോന്നുന്നു. അടിയന്തരാവസ്ഥയും 1977 ലെ കേന്ദ്രഭരണമാറ്റവും വരെ ഒന്നാം ഘട്ടമാണ്. അതുവരെ നടന്ന മിക്ക സമരങ്ങളിലും വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളുടെ നേതൃത്വം ഉണ്ടായിരുന്നു. 1970 കളിലെ റെയില്‍വേ പണി മുടക്കും മറ്റും സോഷ്യലിസ്റ്റു പാര്‍ട്ടികളുടെയും യുണിയനുകളുടെയും നേതൃത്വത്തിലായിരുന്നു. എന്നാല്‍ സമാന്തരമായി ഉയര്‍ന്നു വന്ന ജെ പി പ്രസ്ഥാനം മറ്റൊരു വഴി തുറന്നിട്ടു. അതില്‍ വ്യവസ്ഥാപിത കക്ഷികളുടെ നേതൃത്വം ഉണ്ടായിരുന്നില്ല, പങ്കാളിത്തം ഉണ്ടായിരുന്നെങ്കിലും. എന്നാല്‍ അടിയന്തരാവസ്ഥക്കു ശേഷം ചരിത്രത്തെ സ്വാധീനിക്കാന്‍ കഴിയുന്ന വിധത്തില്‍ ഒരു സമരവും നയിക്കാന്‍ ഒരു രാഷ്ട്രീയകക്ഷിക്കും കഴിഞ്ഞിട്ടില്ല. എങ്ങനെയാണിതിനെ വിലയിരുത്തേണ്ടത് ? ഇവിടെ ഗാന്ധിയന്‍ രീതികള്‍ നമ്മെ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുവോ? നമുക്ക് ഗാന്ധിയിലേക്കു നോക്കാം. എന്നും നിയമപരമായ അധികാരത്തിന്റെ നേരെ എതിര്‍ ധ്രുവത്തിലായിരുന്നു ഗാന്ധി നിലയുറപ്പിച്ചതെന്നു കാണാം. അങ്ങനെ നില്‍ക്കുമ്പോള്‍ മാത്രമാണ് വ്യവസ്ഥിതിയുടെ ഘടനാപരമായ പ്രശനങ്ങള്‍ അഭിസംബോധന ചെയ്യാനാകൂ എന്ന് ഗാന്ധി നമ്മെ പഠിപ്പിക്കുന്നില്ല? ആ ഘടനയുടെ ഭാഗമായാല്‍ പിന്നെ അതിന്റെ അടിത്തറ തകര്‍ക്കാന്‍ കഴിയാത്ത അവസ്ഥ വരും.

ജനാധിപത്യത്തെ ഇടത്തവളമായി കണ്ട് പ്രവര്‍ത്തിച്ചു വന്ന കമ്യുണിസ്റ്റ് പാര്‍ട്ടിക്ക് തന്നെ ഇത്തരം അനുഭവം ഉണ്ടായിട്ടില്ലേ ? ആദ്യ കമ്യുണിസ്‌റ് പാര്‍ട്ടി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള കാലത്തെ കമ്യുണിസ്‌റ് പാര്‍ട്ടി അതിനു മുമ്പുള്ളതില്‍ നിന്നും എത്രമാത്രം വ്യത്യാസം വന്നു എന്ന് കേരളത്തില്‍ നിന്ന് മാത്രം നോക്കിയാല്‍ കാണാം. നിരന്തരവിപ്ലവം എന്നൊക്കെ മാവോ ചൈനയില്‍ പ്രഖ്യാപിച്ചത് ഇത് തടയാന്‍ വേണ്ടിയായിരിക്കണം. അവിടെ എന്തു നടന്നു എന്നത് മറ്റൊരു കാര്യം. കേവലം തിരുത്തല്‍വാദികളായി മുഖ്യധാരാ കമ്യുണിസ്റ്റുകള്‍ മാറി എന്നുള്ള മാവോയിസ്‌റ് ആരോപണത്തെയും ഇതേ വെളിച്ചത്തില്‍ കാണണം. ഇതിനെ കേവലം പാര്‍ലിമെന്ററി വ്യാമോഹമെന്ന ലളിതവല്‍ക്കരണത്തിലോ അഴിമതിയിലോ സുഖാസക്തിയിലോ ഒതുക്കി കേവലം ചിലരുടെ അപചയമായിമാത്രം കാണാനുള്ള ശ്രമമൊന്നും ഇന്നാരും നടത്തുന്നില്ല. സ്വകാര്യസ്വത്തുടമസ്ഥ ഇല്ലാതാകുന്ന ഒരു സോഷ്യലിസത്തെ ഇന്ന് മുഖ്യധാരാ കമ്യുണിസ്റ്റുകളൊന്നും സ്വപ്നം കാണുന്നില്ല. ഭരണകൂടം കൊഴിഞ്ഞുപോകുന്ന കാലത്തെ കുറിച്ചാരും സംസാരിക്കുന്നുമില്ല.

ഭരണാധികാരപ്രയോഗത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ ഉണ്ടെന്നു പറഞ്ഞിരുന്ന വ്യത്യാസങ്ങളുടെ രേഖ ഇന്ന് മാഞ്ഞു പോയിരിക്കുന്നു എന്ന് പറയാം. അങ്ങനെ ഒരു രേഖ ഉണ്ടെങ്കില്‍ തന്നെ അത് അടിസ്ഥാന വിഷയങ്ങളെ സംബന്ധി ക്കുന്നവയല്ല. എല്ലാ സര്‍ക്കാരുകളും ഇന്ന് മൂലധന സൗഹൃദമാകാന്‍ മത്സരിക്കുകയാണ്. ഇടതുപക്ഷവും ഇതേ പാതയിലാണ്. ഇന്ന് ഈ സമീപനം നേരിടുന്ന വെല്ലുവിളികള്‍ ഏറെ പ്രകടമായിക്കൊണ്ടിരിക്കുന്നു.

മൂലധമെന്നാല്‍ ധന മൂലധനമാണെന്ന നയം ഇന്ന് ഇടതുപക്ഷത്തിനും സ്വീകാര്യമാണ്. വിദേശകുത്തകകളില്‍ നിന്നും അത് കൊണ്ടുവരാന്‍ മുഖ്യമന്ത്രിയടക്കം എല്ലാവരും പാഞ്ഞു നടക്കുകയാണ്. ഇത് പ്രകൃതി നിയമങ്ങള്‍ക്കെതിരാണ് എന്നതുപോലെ അടിസ്ഥാന മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിനും എതിരാണ് എന്നവര്‍ കരുതുന്നില്ല. മൂലധനം ലാഭമുണ്ടാക്കുന്നത് തൊഴിലാളിയുടെ അധ്വാനത്തില്‍ നിന്നുള്ള മിച്ചമൂല്യമെന്ന സിദ്ധാന്തം വഴിയാണെന്നാണല്ലോ മാര്‍ക്‌സിസ്റ്റുകാര്‍ മനസ്സിലാക്കുന്നത്. ഇന്ന് ധനമൂലധനമിറക്കി വ്യവസായങ്ങളില്‍ ലാഭമുണ്ടാക്കുന്നത് തൊഴിലാളിയുടെ അധ്വാനത്തില്‍ നിന്നു ലഭിക്കുന്ന മിച്ചമൂല്യം വഴിയല്ല. മറിച്ച് വരും തലമുറകള്‍ക്കു കൂടി അവകാശപ്പെട്ട പ്രകൃതി വിഭവങ്ങളുടെയും പൊതു ആസ്തികളുെടെയും കൊള്ള വഴിയാണ് എന്ന് എളുപ്പം മനസ്സിലാകും. മാവൂര്‍ റയോണ്‍സ് ഉയര്‍ന്ന ലാഭമുണ്ടാക്കിയത് തൊഴിലാളികളുടെ പ്രവര്‍ത്തനക്ഷമത കൊണ്ടല്ല മറിച്ച് നിസ്സാരമായ വിലയ്ക്ക് (ആദിവാസിക്ക് നല്‍കുന്ന തിന്റെ നൂറിലൊന്ന് വിലയ്ക്ക്) അവര്‍ക്ക് മുളയും മരങ്ങളും ലഭിച്ചതിനാല്‍ ആയിരുന്നു. സമൂഹത്തിന്റെ മുന്തിയ പരിഗണന കിട്ടിയത് ആദിവാസിക്കല്ല, മുതല്‍ മുടക്കിയ ബിര്‍ളക്കായിരുന്നു. ഓരോ ദിവസവും ചാലിയാറില്‍ നിന്നും ലക്ഷക്കണക്കിന് ലിറ്റര്‍ ജലമെടുത്ത് മലിനമാക്കി തിരിച്ചു വിടാന്‍ ഒരു പൈസ പോലും കമ്പനി മുടക്കിയില്ല. ഇതിന്റെ ഫലമായി പുഴയില്‍ നിന്ന് കുടിവെള്ളം കിട്ടിയിരുന്നവര്‍ക്ക് അതു കിട്ടാതായി. അവര്‍ വെള്ളത്തിന് അധിക പണം മുടക്കേണ്ടി വന്നു. മീന്‍ പിടിച്ചും കക്ക വാരിയും ജീവിച്ചിരുന്നവര്‍ക്ക് തൊഴിലും വരുമാനവും തീരവാസികള്‍ക്ക് ആരോഗ്യവും നഷ്ടമായി. വാഴക്കാട് ഗ്രാമത്തിലേക്ക് എത്തിയ വിഷക്കാറ്റ് അവിടെ കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ കൊണ്ടുവന്നു. മുളക്കും വെള്ളത്തിനും വായുവിനും ആദിവാസികള്‍ക്കും തീരവാസികള്‍ക്കും കമ്പനി മൂലമുണ്ടായ ഭീമമായ നഷ്ടം കമ്പനിയുടെ കണക്ക് പുസ്തകത്തിനു പുറത്ത് നിര്‍ത്തുന്നതു മൂലമാണ് റയോണ്‍സ് ലാഭത്തിലാകുന്നത്. അതായത് ഇവരുടെ ലാഭമെന്നത് പ്രകൃതിക്കും മനുഷ്യനുമുണ്ടാകുന്ന നഷ്ടത്തില്‍ നിന്നാണ്. ഇങ്ങനെ കിട്ടുന്ന കൊള്ളലാഭത്തിന്റെ ഒരു പങ്ക് തൊഴിലാളിക്കും അവരെ നയിക്കുന്ന യുണിയനുകള്‍ക്കും അതിനെ പിന്തുണക്കുന്ന കക്ഷികള്‍ക്കും നല്‍കുന്നതിനാല്‍ പാര്‍ട്ടികളും യൂണിയനുകളും ഇതിനെ വികസനമായി കാണുന്നു. ഇതില്‍ അഴിമതിയുടെ പങ്കും ചെറുതല്ല. തങ്ങള്‍ക്കുണ്ടാകുന്ന വിനാശത്തി നെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തിയാല്‍ അതിനെ വികസനവിരുദ്ധതയായി ഇവരും ഇരകളല്ലാത്ത പൊതുസമൂഹവും കാണുന്നു. ഈ വിഭവക്കൊള്ളയുടെ പുറത്താണ് യൂണിയനുകളുടേയും രാഷ്ട്രീയ കക്ഷികളുടെയും നിലനില്‍പ് എന്ന് നമുക്കു കാണാം.

ഈ ഉദാഹരണം ഒറ്റപ്പെട്ടതല്ല. വലിയ തോതില്‍ വായുവും വെള്ളവും മണ്ണും മലിനീകരിക്കുന്ന ഒട്ടുമിക്ക വ്യവസായങ്ങള്‍ക്കും ബാധകമാണ്. 250 രാസ വ്യവസായ ശാലകള്‍ മലിനമാക്കുന്ന പെരിയാര്‍, കാതിക്കുടം നിറ്റാ ജലാറ്റിന്‍ മലിനീകരിക്കുന്ന ചാലക്കുടിപ്പുഴ, ന്യൂസ് പ്രിന്റ് കമ്പനി മലിനീകരി ക്കുന്ന മൂവ്വാറ്റുപുഴയാര്‍, കെ എം എം എല്‍ മലനീകരിക്കുന്ന ചവറ ശങ്കര മംഗലം, പ്ലാച്ചിമടയിലെ കൊക്കകോള, മറ്റു നിരവധി ചെറുതും വലുതുമായ വ്യവസായങ്ങള്‍ഃ ഈ പട്ടികയില്‍ വരുന്നു. എന്നാല്‍ ഇത്തരം വികസനം മൂലം നഷ്ടമാകുന്ന തൊഴിലുകള്‍ എത്രയെന്ന് ഒരിക്കലും ആരും കണക്കാക്കിയിട്ടില്ല. കൃഷി, മത്സൃബന്ധനം, കക്ക/മണല്‍വാരല്‍ തുടങ്ങിയവയാണത്. ഇവിടെ പുതിയ തൊഴിലുകള്‍ കിട്ടുന്ന വിഭാഗങ്ങള്‍ക്കല്ല തൊഴില്‍ നഷ്ടമാ കുന്നത്. കിട്ടുന്നവര്‍ താരതമ്യേന സാമൂഹൃമായി ഉന്നതരും നഷ്ടമാകുന്നവര്‍ താഴേത്തട്ടിലുള്ളവരുമാണ്.

ഇന്ന് നാടാകെ വ്യാപിച്ചിരിക്കുന്ന ഖനന വിരുദ്ധ സമരങ്ങളെയും ഈ രീതിയില്‍ വിലയിരുത്താം. Textപ്രകൃതിയുടെ വിഭവശേഷിയും സന്തുലനവും തകര്‍ക്കുന്ന പാറ, മണ്ണ്. മണല്‍ ഖനനങ്ങള്‍ മൂലം മലിനീകരണം മാത്രമല്ല തങ്ങളുടെ ജീവനും ജീവിതവും തന്നെ അപകടത്തിലാക്കുന്ന ഖനനങ്ങള്‍ ക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി കേരളത്തിലെങ്ങും വരുന്നു. ആലപ്പാട് എന്ന ഒരു ഗ്രാമത്തിന്റെ 90 ശതമാനവും ഇതിനകം തന്നെ കടലെടുത്ത് പോയത് അധികൃതര്‍ കാണാതിരിക്കുന്നത് അവിടെ നടക്കുന്ന കൊള്ളമുതലിന്റെ പങ്ക് കിട്ടുന്നതിനാലാണ്.

പ്രകൃതിവിഭവക്കൊള്ളയെ മറ്റൊരു തരത്തിലും കാണാം. മനുഷ്യന് പരിമിതിയില്ലാതെ ഉണ്ടാക്കാന്‍ കഴിയുന്നത് പണം മാത്രമാണ്. അതിന്റെ വിനിമയത്തിന് മൂല്യമുണ്ടാക്കുന്നത് പണം കൊണ്ട് വ്യാപാരം നടത്താന്‍ പ്രകൃതി വിഭവങ്ങള്‍ ലഭിക്കുന്നതിനാലാണ്. ആ വിഭവങ്ങളെല്ലാം (ധാതുക്കളും ഭൂമിയും വെള്ളവും വായുവുമടക്കം എല്ലാം) പരിമിതമാണ്. ധനമൂലധന സൗഹൃദമായ നിയമങ്ങളും നയങ്ങളും ഉണ്ടാക്കുമ്പോള്‍ അവ പ്രകൃതി വിഭവങ്ങള്‍ക്കുമേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. ഇതിനെ കേവലം പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്ന രീതിയില്‍ മാത്രം കാണാനാകില്ല. വരുന്ന തലമുറകള്‍ക്ക് കൂടി അവകാശപ്പെട്ട വിഭവങ്ങള്‍ ധനമൂലധത്തിന്റെ അധികാരത്തില്‍ കവര്‍ന്നെടുക്കുമ്പോള്‍ അത് സൃഷ്ടിക്കുന്ന അനീതി കാല ത്തിനും അപ്പുറമാണ്. കേവലം പണത്തിന്റെ കണക്കില്‍ എടുത്താല്‍ പോലും സമൂഹത്തിനുണ്ടാകുന്ന നഷ്ടം ഭീമമാണെന്നു കാണാം. ഒരു മല തുരന്ന് ഇല്ലാതാക്കുമ്പോള്‍ ആ പ്രദേശത്തുള്ള ജലലഭ്യതയും ജൈവ വൈവിദ്ധ്യവും കൃഷിയും സൂക്ഷ്മ കാലാവസ്ഥയുമെല്ലാം തകരാറിലാകുന്നു. ഇതുണ്ടാക്കുന്ന ദീര്‍ഘകാല നഷ്ടം രൂപയില്‍ തന്നെ കണക്കാക്കിയാല്‍ പാറ, മണ്ണ്, മണല്‍ ഖനനത്തില്‍ നിന്നും ഇപ്പോള്‍ കിട്ടുന്ന പണം വളരെ തുച്ഛമാണ്. നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നികത്തുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് മൂല്യത്തിന്റെ പലമടങ്ങാണ് അത് പ്രകൃതിക്കു നല്‍കുന്ന സേവനങ്ങളുടെ മൂല്യം.

വന്‍കിട അണക്കെട്ടുകള്‍ നിര്‍മ്മിച്ചുണ്ടാക്കുന്ന ജലവൈദ്യുതി വില കുറഞ്ഞതാണെന്ന് പറയുന്നതും ഇതേ യുക്തി വച്ചാണ്. അണക്കെട്ട് മുക്കി ക്കളയുന്നതും നശിപ്പിക്കുന്നതുമായ വനം, കുടിയൊഴിക്കുന്ന ആദിവാസി ജനതയുടെ ദുരനുഭവങ്ങള്‍, അണക്കെട്ടിനു താഴെ ഏറെ ദൂരത്തേക്ക് പുഴയില്ലാതാക്കുന്നത് മൂലം മത്സ്യങ്ങള്‍ക്കും കരയിലെ ജീവികള്‍ക്കും സസ്യങ്ങള്‍ക്കും മനുഷ്യര്‍ക്കുമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ തുടങ്ങിയവയുടെ മൂല്യങ്ങള്‍ പരിഗണിക്കപ്പെടുന്നതേയില്ല. ഈ സേവനങ്ങളുടെ അവകാശികള്‍ അനേകതലമുറകളില്‍പ്പെട്ട മനുഷ്യരും സസ്യജന്തുവിഭാഗങ്ങളുമാണെന്ന സത്യം മറച്ചുവയ്ക്കപ്പെടുന്നത് (ഈ തലമുറയില്‍ പെട്ട കുറച്ചു പേരുടെയും) വികസനം എന്ന വാക്കിന്റെ ബലത്തിലാണ്. ഇതിനെ ചോദ്യം ചെയ്യുന്ന വയാണ് ഇപ്പോള്‍ നടക്കുന്ന പല സമരങ്ങളും.

പൊതു ആസ്തികള്‍ മൂലധന ശക്തികള്‍ക്ക് കൈമാറുന്നതിനേയും എല്ലാ സര്‍ക്കാരുകളും ഏറിയും കുറഞ്ഞും വികസനമായിക്കാണുന്നു. ഭൂമി കേരളത്തിലെ ഏറ്റവുമധികം കൈമാറ്റം ചെയ്യപ്പെടുന്ന ചരക്കായി മാറിയിരിക്കുന്നു. ധനമൂലധനം നിക്ഷേപിക്കാനും പലപ്പോഴും മറച്ചു പിടിക്കാനുമുള്ള മാര്‍ഗമായി ഭൂമി വ്യാപാരം മാറി. ഇതിന്റെ ഫലമായി ഭുമിയുടെ കമ്പോളവില എല്ലാ യുക്തികള്‍ക്കും അപ്പുറമുള്ള ‘മോഹവില’യായി മാറി. സാധാരണ മനുഷ്യന് സ്വന്തമായി ഭൂമി വാങ്ങി വീടുവയ്ക്കുക എന്നത് ഏതാണ്ട് അസാദ്ധ്യമായ അവസ്ഥയിലായി. ഇതിനും പുറമെ ഏതു ഭൂമിയും കമ്പോളാവശ്യത്തിനുസരിച്ച് രൂപഭേദം വരുത്തുന്നത് തെറ്റല്ലെന്ന ‘പൊതുബോധം ‘ സൃഷ്ടിക്കപ്പെട്ടു. ഭൂമി ജീവനെ നിലനിര്‍ത്തുന്ന അടിസ്ഥാന ജൈവഘടകമാണെന്നും അതിന്റെ ജൈവരൂപത്തിലെ (വനം, പുഴ, കായല്‍, കുളങ്ങള്‍, കിണറുകള്‍, നെല്‍പാടങ്ങള്‍, കുന്നുകള്‍, കണ്ടല്‍, തീരപ്രദേശം തുടങ്ങിയ ജൈവധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നവയിലെ) അനിയന്ത്രിത മാറ്റങ്ങള്‍ മൂലം പ്രകൃതിക്കും മനുഷ്യനും വരാനിരിക്കുന്ന തലമുറകള്‍ക്കും ഉണ്ടാക്കാവുന്ന നഷ്ടങ്ങള്‍ നാം മുമ്പു തന്നെ കണ്ടതാണ്.

ഭൂമി ചരക്കായി മാറുമ്പോള്‍ ഏതു വിധേനെയും അതു കൈവശപ്പെടുത്താന്‍ മൂലധനശക്തികള്‍ ശ്രമിക്കുമല്ലോ. ഭൂപരിഷ്‌ക്കരണത്തിന്റെ പരിധി നിയമം മറികടന്ന് നിലനില്‍ക്കുന്ന എസ്റ്റേറ്റുകള്‍ ഏതു മാര്‍ഗത്തിലൂടെയും മറ്റാവശ്യങ്ങള്‍ക്ക് (ടൂറിസം, ഖനനം തുടങ്ങി വിമാനത്താവളങ്ങള്‍ വരെ) കൈമാറ്റാന്‍ ശ്രമിക്കുന്നു. ആ ഭൂമികള്‍ എസ്റ്റേറ്റ് അല്ലാതായതോടെ മിച്ച ഭൂമിയാകുന്നു. അതിന്റെ അവകാശികള്‍ ഭൂപരിഷ്‌ക്കരണത്തില്‍ പുറത്താക്കപ്പെട്ട ദളിത് ജനസമൂഹമാണെന്ന പ്രഖ്യാപനമാണ് ചെങ്ങറയിലും അരിപ്പയിലും തൊവേരി മലയിലും മറ്റും നട(ക്കു)ന്ന സമരങ്ങള്‍. മറുവശത്ത് ജനങ്ങളുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് വികസനത്തിന്റെ മറവില്‍ മൂലധനത്തിനു കൈമാറുന്നതിനെതിരെ ശക്തമായ പ്രതിരോധങ്ങള്‍ ഉയര്‍ന്നു വരുന്നു. തുറമുഖങ്ങള്‍, ടെര്‍മിനലുകള്‍, വിമാനത്താവളങ്ങള്‍, ദേശീയപാത, വ്യവസായ പാര്‍ക്കുകള്‍, റെയില്‍പാത, എക്‌സ്പ്രസ് ഹൈവേ, പൈപ്പ് ലൈനുകള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍ തുടങ്ങിയ പദ്ധതികളാണ് ഇതിനായി സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഈ പദ്ധതികള്‍ക്കെതിരെ, അവയുടെ കുടി യൊഴിക്കലുകള്‍ക്കെതിരെ ശക്തമായ പോരാട്ടങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. പക്ഷെ ഭൂമി നഷ്ടപ്പെടാത്ത മദ്ധ്യവര്‍ഗം ഇപ്പോഴും ഭൂമിയെ കേവലം പണ ത്തിന്റെ മൂല്യത്തില്‍ മാത്രം കാണുന്നു എന്നതാണ് പ്രശ്‌നം. ഭൂമിയെന്നാല്‍ അതിന്റെ കമ്പോള വില മാത്രമല്ല എന്ന് ശരാശരി മദ്ധൃവര്‍ഗ്ഗക്കാര്‍ക്കറിയില്ല. അതുകൊണ്ടാണ് നല്ല വില കിട്ടിയാല്‍ എന്തും വില്‍ക്കാമെന്നവര്‍ കരുതുന്നത്. കുടിയിറക്കപ്പെടുന്നത് ഭൂമിയില്‍ നിന്നു മാത്രമല്ല സ്വന്തം ആവാസ വ്യവസ്ഥയില്‍ നിന്നും ജീവിതത്തില്‍ നിന്നുമാണെന്ന സത്യം പലരും തിരി ച്ചറിയുന്നത് സ്വയം ഇരയാക്കപ്പെടുമ്പോള്‍ മാത്രമാണ്. നിയമം പാലിച്ചു കൊണ്ട് മൂലമ്പിള്ളിയില്‍ ജീവിച്ചിരുന്ന മനുഷ്യരെ ബാലപ്രയോഗത്തിലൂടെ കുടിയിറക്കിയത്തില്‍ സന്തോഷിച്ച നേതാക്കളെല്ലാം മരടില്‍ നിയമം ലംഘിച്ചു നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ നിന്നും കോടതി വിധിപ്രകാരം ഇറങ്ങേണ്ടി വന്നവര്‍ക്കായി ഒരുമിച്ച് നിന്ന് കരഞ്ഞത് നാം കണ്ടു. ഇവരുടെ വര്‍ഗവീക്ഷണത്തിനു ഇതിലേറെ നല്ല ഉദാഹരണം വേണ്ടതില്ല.

ഏറെ പ്രകീര്‍ത്തിക്കപ്പെടുന്ന നെടുമ്പാശ്ശേരി സിയാല്‍ മാതൃക എത്ര കൊടിയ വഞ്ചനയായിരുന്നു എന്ന് ഇന്നും പലരും തിരിച്ചറിഞ്ഞിട്ടില്ല. തുച്ഛവിലക്ക് സര്‍ക്കാര്‍ സംവിധാനം പ്രയോഗിച്ച് ജനങ്ങളില്‍ നിന്നും ഏറ്റെടുത്ത ഭൂമി ഇപ്പോള്‍ സ്വകാര്യ മേഖലയുടെ കയ്യിലാണ്. ആ ഭൂമി കമ്പോളവിലക്ക് മറിച്ചു വിറ്റ് സിയാല്‍ ലാഭമുണ്ടാക്കുന്നതാണ് ഇടതുപക്ഷത്തിനു തന്നെ മാതൃകാ വികസനമാകുന്നത്: ഇതു തന്നെ കണ്ണൂര്‍ വിമാനത്താവളം, വല്ലാര്‍ പാടം, വിഴിഞ്ഞം ടെര്‍മിനലുകള്‍. സ്മാര്‍ട്ട് സിറ്റി, കൊച്ചി മെട്രോ, ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെടുന്ന അതിവേഗ റെയില്‍, പല ബസ് സ്റ്റേഷനുകള്‍ ദേശീയ പാത ബിഒടി, ഗെയില്‍ വാതക പൈപ്പ് ലൈന്‍ തുടങ്ങിയവയെല്ലാം.. നെടുമ്പാശ്ശേരിയില്‍ ഈ ചതിക്കുഴി പലരും തിരിച്ചറിഞ്ഞിരുന്നില്ല. പക്ഷെ മൂലമ്പിളിയില്‍ വല്ലാര്‍പാടത്തിനായി നടത്തിയ കുടിയിറക്കലും അതിനെതിരായ പോരാട്ടങ്ങളും പൊതു സമൂഹത്തിന്റെ നിപാടുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

സ്മാര്‍ട്ട് സിറ്റിയില്‍ കുടിയിറക്കുന്നതിനു മുമ്പ് പുനരധിവാസം എന്നത് തത്വത്തിലെങ്കിലും അംഗീകരിച്ചു. എന്നാല്‍ മൂലമ്പിള്ളിയില്‍ കുടിയിറക്കിയ ശേഷം ശക്തമായ സമരങ്ങള്‍ നടത്തിയപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ഒരു പാക്കേജ് തന്നെ പ്രഖ്യാപിച്ചത്. ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും അതിലെ നാലിലൊന്നു പോലും നടപ്പിലായില്ല. താരതമ്യേന സമ്പന്നരുടെ ഭൂമി ആയതിനാലും കുടിയിറക്കല്‍ കാര്യമായി ഇല്ല എന്നതിനാലും കൊച്ചി മെട്രോ ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നമായില്ല. എന്നാല്‍ കൊച്ചി മുതല്‍ കാസര്‍കോഡും വാളയാറും വരെ ഭൂമി ഏറ്റെടുത്ത ഗെയില്‍ പദ്ധതിയില്‍ വലിയ തോതില്‍ ചോര ഒഴുക്കേണ്ടി വന്നു.

ദേശീയ പാതക്കായി 45 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കാനുള ശ്രമങ്ങള്‍ ക്കെതിരെ നാടൊട്ടുക്കും ശക്തമായ പ്രതിരോധം സൃഷ്ടിക്കപ്പെടുന്നു. ഒരു പതിറ്റാണ്ടിലേറെ ശ്രമിച്ചിട്ടും ഭൂമി ഏറ്റെടുക്കല്‍ എങ്ങുമെത്താത്തതും അതിലെ അനീതി കൊണ്ടു തന്നെയാണ്. പലരേയും രണ്ടാമതും മൂന്നാമതും കുടിയിറക്കുകയാന്ന്. 30 മീറ്ററില്‍ ആറുവരിപ്പാത നിര്‍മ്മിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ ഒമ്പത് വര്‍ഷം മുമ്പ് കണ്ടെത്തിയതാണ്. ദേശീയപാതക്കായി മുപ്പത് മീറ്റര്‍ ഏറ്റെടുത്തിട്ട് പതിറ്റാണ്ടുകളായി. പക്ഷെ ദേശീയപാത സ്വകാര്യവല്‍ക്കരിച്ച് ബിഒടി അടിസ്ഥാനത്തില്‍ ടോള്‍ പിരിക്കാനുള്ള തീരു മാനത്തിനൊപ്പമാണ് സര്‍ക്കാര്‍. അവര്‍ മുന്നോട്ടുവക്കുന്ന മാനദണ്ഡം പാലിക്കാനാണ് 45 മീറ്റര്‍ എടുക്കുന്നത്. ഇതിന്റെ ഭാരം ജനങ്ങള്‍ക്ക് മേല്‍ വരുമെന്ന് പാലിയക്കര ടോള്‍ ബൂത്തിലെ പിരിവ് ബോധ്യപ്പെടുത്തുന്നു. ഇവിടെ എല്ലാ കക്ഷികള്‍ക്കും ഇരട്ടത്താപ്പാണ്. പാലിയക്കരയിലെ ടോള്‍ കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നത് കാപട്യമാണ്. ദേശീയ നിരക്കിലേ എവിടേയും പിരിക്കാന്‍ കഴിയൂ. ടോള്‍ പാതകള്‍ വേണ്ടെന്ന് അവര്‍ ഒരിക്കലും പറയില്ല. കാരണം അഴിമതിപ്പണത്തിന്റെ എടിഎമ്മുകളാണ് ടോള്‍ ബൂത്തുകള്‍. ഇങ്ങനെ കുടിയൊഴിപ്പിക്കപ്പെടുന്നവരില്‍ നല്ലൊരു പങ്ക് ചെറുകിട വ്യാപാര- വ്യവസായ മേഖലകളിലുള്ളവരാണ്. ഇവര്‍ ഇല്ലാതായാല്‍ കൂറ്റന്‍ മാളുകള്‍ ഹൈവേക്കരികില്‍ വരും. അതും നിക്ഷേപക സൗഹൃദനയമാണല്ലോ. പൊതുമേഖലാ സ്ഥാപനങ്ങളുടേയും ബാങ്കുകളുടേയും നയം ഓഹരി വില്‍പന തന്നെയാണ്. എന്നാല്‍ അതിനെ ശക്തമായി എതിര്‍ക്കുന്ന ഇടതുപക്ഷം തന്നെ പൊതുവഴി, പൊതുഭൂമി, സ്ഥാപനങ്ങള്‍ (ഹോട്ടലുകള്‍, ബസ് സ്റ്റാന്റ് മുതല്‍ വിമാനത്താവളം വരെ) മുതലായവ സ്വകാര്യ മൂലധന ശക്തികള്‍ക്ക് വില്‍ക്കാന്‍ തയ്യാറാകുമ്പോള്‍ ഈ എതിര്‍പ്പ് ആത്മാര്‍ത്ഥമെന്ന് പറയാന്‍ കഴിയില്ല.

ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തിലും മുല്ലപ്പെരിയാര്‍ സമരത്തിലുമെല്ലാം ഈ ഇരട്ടത്താപ്പ് കാണാം. ഇടതുഭരണത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട് അനുമതി നല്‍കപ്പെട്ടതാണ് ആറന്മുള വിമാനത്താവളം. ജനങ്ങള്‍ ഭരണം ആര്‍ക്കെന്നു നോക്കാതെ സമരം തുടങ്ങിയതാണ്. പക്ഷെ ഭരണം മാറിയപ്പോള്‍ ഇടതുപക്ഷവും ബിജെപിയും സമരനായകരായി. പമ്പയുടെ തീരത്ത് വന്‍ തോതില്‍ പാടം നികത്തി വിമാനത്താവളം നിര്‍മ്മിച്ചാല്‍ ഉണ്ടാകാവുന്ന പാരിസ്ഥിതിക ദുരന്തം ജനങ്ങള്‍ക്ക് മനസ്സിലായിരുന്നു. ഇക്കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രളയത്തില്‍ ആറന്മുളയാകെ മുങ്ങി. പാടം നികത്തി തോട് തിരിച്ച് വിട്ട് പെരിയാറില്‍ നിന്നു കുറച്ച് കി.മീ. മാത്രം ദൂരെ നിര്‍മ്മിച്ച നെടുമ്പാശ്ശേരി വിമാനത്താവളം ആഴ്ചകളോളം മുങ്ങുകയും സമീപവാസികളുടെ വീടുകളില്‍ പ്രളയദുരന്തം സൃഷ്ടിക്കുകയും ചെയ്ത അനുഭവം കൂടിയാകുമ്പോള്‍ ചിത്രം വ്യക്തമാകുന്നു. പുതുവൈപ്പിന്‍ ഐ ഒസിയുടെ പാചക വാതക സംഭരണികള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഇടങ്ങളില്‍ ഇതി നകം തന്നെ കടല്‍ കയറിക്കഴിഞ്ഞിരിക്കുന്നു.

കേരളം നേരിടുന്ന ഒരു പ്രതിസന്ധിക്കും പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയാത്ത ഭരണ പ്രതിപക്ഷമെന്ന മുഖ്യധാര, മറ്റു വിഷയങ്ങളിലേക്ക് ജന ശ്രദ്ധ തിരിച്ചു വിടുകയും വികസനമെന്ന കപടമുദ്രാവാക്യം മുഴക്കി രക്ഷപ്പെടുകയും ചെയ്യുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണം പ്രധാന അജണ്ടയാണെന്നു പ്രസംഗിക്കുന്നു. അധികാരം കിട്ടി ആറു മാസത്തിനകം ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുമെന്ന് മാനിഫെസ്റ്റോവില്‍ എഴുതിവെക്കുകയും ചെയ്തു. പക്ഷെ മൂന്നര വര്‍ഷം പിന്നിട്ടിട്ടും ഒന്നും ചെയ്തില്ല. കീഴാറ്റുരും കണ്ടങ്കാളിയിലുമെല്ലാം നെല്‍വയല്‍ സംരക്ഷിക്കാന്‍ സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. മിച്ചഭൂമിയാകുന്ന എസ്റ്റേറ്റുകള്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്കു നല്‍കുമെന്ന് പറയുകയും ഹാരിസണ്‍ നിയമവിരുദ്ധമായി കെ പി യോഹന്നാന് വിറ്റ ഭൂമി സര്‍ക്കാര്‍ വില കൊടുത്ത് വാങ്ങി സ്വകാര്യകമ്പനിക്ക് വിമാനത്താവളം ഉണ്ടാക്കാന്‍ നല്‍കുകയും ചെയ്യുന്നു. പാറയടക്കമുള്ള പ്രകൃതി ധാതുക്കളുടെ ഖനനം പൊതുമേഖല യിലാക്കാമെന്ന് വാഗ്ദാനം നല്‍കി അധികാരമേറ്റ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്വകാര്യ ഖനന മേഖലയെ കയ്യയച്ചു സഹായിക്കുന്നു. ജനവാസമേഖലയില്‍ നിന്നുള്ള ദൂരപരിധി കുറച്ചു. വനമേഖലയുടെ ബഫര്‍ സോണ്‍ പത്തിലാന്നായി കുറച്ചു. ഗ്രാമപഞ്ചായത്ത് സമിതി തീരുമാനം മറികടന്നുകൊണ്ട് ഖനനാനുമതി നല്‍കാന്‍ വേണ്ടി പലയിടത്തും പഞ്ചായത്ത് സെക്രട്ടറിമാരെ ചീഫ് സെക്രട്ടറി നേരില്‍ വിളിച്ചു വരുത്തി വിരട്ടുകയാണ്, പലയിടത്തും ഖനനക്കാരായോ അവരുടെ പങ്കാളികളായോ സംഘടനാ നേതാക്കളായോ സമരത്തെ നേരിടാനെത്തുന്നത് ഭരണപക്ഷത്തെ ശക്തരായ നേതാക്കളും ജനപ്രതിനിധികളുമാണ്. ഇതിനെയെല്ലാം നേരിട്ടു കൊണ്ടാണ് ജനങ്ങള്‍ സമരം ചെയ്യുന്നത്.

മാലിന്യം എന്ന വിഷയം ഒരിടത്തു പോലും ശാസ്ത്രീയമായി കൈകാര്യം ചെയ്യാന്‍ ഒരു നഗരസഭക്കും കഴിയുന്നില്ല. പത്തിലേറെ ഇടങ്ങളില്‍ ജനങ്ങള്‍ നടത്തിയ ശക്തമായ പോരാട്ടങ്ങളുടെ ഫലമായി കേന്ദ്രീകൃത സംവിധാനങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്നു. എന്നിട്ടും കേന്ദ്രീകൃത സംവിധാനം വന്‍ പരാജയമാണെന്ന് തദ്ദേശ സ്ഥാപനങ്ങളും അവ ഭരിക്കുന്ന രാഷ്ടീയ കക്ഷികളും മനസ്സിലക്കാത്തതെന്തുകൊണ്ട്? അതിനു കാരണം അഴിമതിയും കെടുകാര്യസ്ഥതയുമാണ്. അധികാരവികേന്ദ്രീകരണം അഴിമതിയിലാണ് ഏറ്റവും ഫലപ്രദമായതെന്ന് മിക്ക തദ്ദേശ സ്ഥാപനപ്രതിനിധികളേയും നിരീക്ഷിച്ചാല്‍ ബോധ്യമാകും. മിക്ക ജനകീയസമരങ്ങളിലും പ്രാദേശിക സമ്മര്‍ദ്ദങ്ങള്‍ മൂലം ജനപ്രതിനിധികള്‍ക്കും പ്രാദേശിക നേതാക്കള്‍ക്കും സമരങ്ങള്‍ക്ക് ഒപ്പം നില്‍ക്കേണ്ടി വരുന്നുണ്ട്. പലപ്പോഴും ഉന്നത നേതൃത്വങ്ങളെ അവര്‍ക്ക് ധിക്കരിക്കേണ്ടതായും വരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ജന്മവാസനയെന്നോണം നിലപാടെടുക്കുന്നു. സമരസമിതികളില്‍ വൈരുദ്ധ്യങ്ങള്‍ രൂപപ്പെടുന്നു. അത്തരം സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. മുഖ്യധാരക്കാര്‍ക്കു മാത്രമല്ല ചെറിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും പലപ്പോഴും ജനകീയസമരങ്ങളുടെ രാഷ്ട്രീയം മനസ്സിലാക്കാന്‍ കഴിയാറില്ല എന്നര്‍ത്ഥം. സമരസമിതികള്‍ സ്വതന്ത്രമായി തെരഞ്ഞെടുപ്പില്‍ ഇടപെട്ട അനുഭവങ്ങളും കുറവല്ല. കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പഞ്ചായത്തില്‍ എല്ലാ മുന്നണികളോടും മത്സരിച്ച് ജയിച്ചു. കാതിക്കുടം സമര പ്രതിനിധികളും രണ്ടു സീറ്റില്‍ വിജയിച്ചിട്ടുണ്ട്.

മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വ്വം ചില രാഷ്ട്രീയനേതാക്കള്‍ ഒരു പരിധിവരെ ഈ ജനകീയ സമരങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ട്. വിഎസ് അച്യുതാനന്ദനും വിഎംസുധീരനും ആ പട്ടികയില്‍ മുന്‍ നിരയിലാണ്. മൂലമ്പിള്ളി, ചെങ്ങറ, ഏലൂര്‍ മലിനീകരണം തുടങ്ങിയ ചില വിഷയങ്ങളില്‍ വിഎസിന് വ്യത്യസ്ത നിലപാടുണ്ടായിരുന്നു എന്നതൊരു രഹസ്യമല്ല. ഒട്ടു മിക്ക പ്രാദേശിക സമരക്കാരും വിഎസിനെയോ സുധീരനെയോ സ്വാഗതം ചെയ്തിരുന്നു. മറ്റു ചില നേതാക്കളും ഭാഗികമായി പരിസ്ഥിതി വിഷയങ്ങളില്‍ സമരങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ട്.

പ്രാദേശിക സമരങ്ങളുടെ മുദ്രാവാക്യങ്ങള്‍ പൊതുസമൂഹത്തിനും മിക്കപ്പോഴും ബാധകമായവയാണ്. കേരള വികസന മാതൃകയെന്ന് ഏറെക്കാലം കൊട്ടിഘോഷിച്ചിരുന്നതിന്റെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടുകയെന്ന ധര്‍മ്മം കൂടി ഈ സമരങ്ങള്‍ നിര്‍വ്വഹിക്കുന്നു എന്നത് വളരെ പ്രധാനമാണ്. സമ്പൂര്‍ണ ഭൂപരിഷ്‌ക്കരണം നടന്ന സംസ്ഥാനമെന്ന അവകാശ വാദമാണ് ചെങ്ങറ, അരിപ്പ, തൊവേരി മല തുടങ്ങിയ സമരങ്ങളിലൂടെ തകര്‍ന്നു വീണത് എന്നു നാം കണ്ടു. മൃതശരീരം അടുക്കളയില്‍ കുഴിച്ചിടേണ്ടി വന്നപ്പോഴും അത് അവഗണിച്ച സര്‍ക്കാരുകള്‍ക്ക് മുന്നില്‍ സത്യം തുറന്നു കാട്ടുകയായിരുന്നു. ജലത്തിന്റെ ജൈവരാഷ്ട്രീയം കേരളത്തെ ബോധ്യപ്പെടുത്തിയത് പ്ലാച്ചിമട സമരമാണ്. വെള്ളമെന്ന പ്രകൃതി വിഭവം ഒരാള്‍ ഊറ്റിയെടുത്ത് കുപ്പിയിലാക്കി വിലയിട്ടു വില്‍ക്കുന്നത് തെറ്റാണെന്ന് ഒരു കക്ഷിയും അവരുടെ യുവജന സംഘടനയും ഇന്നും മനസ്സിലാക്കിയിട്ടില്ല. മാലിന്യത്തിന്റെ രാഷ്ട്രീയവും അതുപോലെ തന്നെ. കേരളത്തിന്റെ ആരോഗ്യ മേഖല നമ്പര്‍ വണ്‍ ആണെന്ന അവകാശ വാദങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന പകര്‍ച്ചപ്പനികള്‍, ആരോഗ്യ മേഖലയില്‍ നടക്കുന്ന കൊടിയ ചൂഷണങ്ങള്‍, അതിന്റെ ഭാരിച്ച ചിലവ് തുടങ്ങി പാമ്പുകടിയേറ്റ് വയനാട്ടിലെ കുട്ടിയുടെ മരണം വരെയുള്ള അനുഭവങ്ങളിലൂടെ ചോദ്യം ചെയ്യപ്പെടുന്നു. സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ സമരം ചെയ്ത് രക്തസാക്ഷികളെ സൃഷ്ടിച്ച ഇടതുപക്ഷ പ്രസ്ഥാനം പരിയാരമടക്കം നിരവധി സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും സംരക്ഷകരും ഉപഭോക്താക്കളുമായി എന്നു തുറന്നു കാട്ടിയത് ജനകീയസമരങ്ങളാണ്. ഇങ്ങനെ നിരവധി ഉദാഹരണങ്ങളുണ്ട്.

ജനകീയ സമരങ്ങളുടെ സംഘാടനവും നേതൃത്വവും നിലവിലുള്ള മാതൃകകളില്‍ നിന്നും മിക്കപ്പോഴും വ്യത്യസ്തമാണ്. കാലഹരണപ്പെട്ടവയാണ് നിലവിലെ മാതൃകകള്‍ എന്ന് ഇവര്‍ വിളിച്ചു പറയുന്നു. നിലവിലുള്ള പൊതു പ്രത്യയശാസ്ത്രങ്ങള്‍ക്കു പകരം പുതിയ കാലത്തെ അറിവുകളും അനുഭവങ്ങളുമാണ് ഈ സമരങ്ങളുടെ പ്രേരണ എന്നതിനാല്‍ അതിനു യോജിച്ചതും വൈവിദ്ധ്യപൂര്‍ണവുമായ സമര സംഘാടനമാണ് നടക്കുന്നത്. ഫെന്‍സസ് ആന്റ് വിന്‍ഡോസ് എന്ന ഗ്രന്ഥത്തില്‍ നവോമി ക്ലീന്‍ ഇന് സംബന്ധിച്ച് വിശദമായി എഴുതിയിട്ടുണ്ട്.

ഇത്രയും ആമുഖമായി പറഞ്ഞത് കേരളത്തിലെ ജനകീയ സമരങ്ങള്‍ ഏറെക്കുറെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഐ. ഗോപിനാഥ് എഴുതിയ ഈ ഗ്രന്ഥത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താനാണ്. ഇങ്ങനെ ഒരു പുസ്തകം ഉണ്ടാകണമെന്ന് എന്നോട് ആവര്‍ത്തിച്ചു ആവശ്യപ്പെട്ടത് ബി ആര്‍ പി ഭാസ്‌കര്‍ ആണ്. അതിനു അദ്ദേഹം പറഞ്ഞ കാരണം ഏറെ പ്രസക്തമാണ്. നമ്മുടെ നാട്ടില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും പൊതു സമൂഹത്തിനു തന്നെയും ഒരു ധാരണയുണ്ട്. വലിയ രാഷ്ട്രീയ സാമുദായിക ശക്തികള്‍ക്ക് മാത്രമേ ജനകീയ സമരങ്ങള്‍ നടത്തി വിജയിപ്പിക്കാന്‍ കഴിയു എന്ന്. പക്ഷെ കഴിഞ്ഞ മൂന്നോളം പതിറ്റാണ്ടുകളായി ഈ നേതൃത്വങ്ങള്‍, ഭരണപ്രതിപക്ഷങ്ങള്‍ ചെയ്യുന്ന അനുഷ്ഠാന സമരങ്ങളൊഴിച്ചു. കേരളത്തിന്റെ ദിശ നിര്‍ണയിക്കുന്ന ഒരു സമരവും ചെയ്തിട്ടില്ല. സമരങ്ങള്‍ വിജയിച്ചുവോ ഇല്ലയോ എന്ന ചോദ്യം പലപ്പോഴും അപ്രസക്തമാണ്. പല സമരങ്ങളും ഒറ്റയടിക്ക് ലക്ഷ്യം നേടണമെന്നില്ല. കേരളത്തില്‍ നടന്ന ശക്തമായ സമരങ്ങള്‍ പലതും (പുന്നപ്ര, വയലാര്‍, കയ്യൂര്‍ കരിവെള്ളൂര്‍ തുടങ്ങിയവ) പരാജയമായിരുന്നു. എങ്കിലും അത് സൃഷ്ടിച്ച സ്വാധീനം വലിയ മാറ്റങ്ങള്‍ക്കു പിന്നീട് വഴി വച്ചു. കേരളത്തില്‍ നടന്ന നൂറുകണക്കിന് ജനകീയ സമരങ്ങള്‍ നമ്മുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യധാരാ രാഷ്ട്രീയത്തെ സ്വാധീനിക്കാനും അവരുടെ നിലപാട് തിരുത്തിക്കാനും അത്തരം സമരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പ്ലാച്ചിമട , എന്‍ഡോസള്‍ഫാന്‍, നെല്‍വയല്‍, വനം, പുഴ, കായല്‍ തുടങ്ങിയവയുടെ സംരക്ഷണം തുടങ്ങി നിരവധി പരിസ്ഥിതി വിഷയങ്ങള്‍, ആദിവാസി ഭൂമി, ദളിത് സമൂഹത്തിനു ഭൂമിയിലുള്ള അവകാശം (ഭാഗികമായെങ്കിലും), കുടിയൊഴിക്കലുമായി ബന്ധപ്പെട്ട നയങ്ങള്‍, മാലിന്യം, കാലാവസ്ഥാമാറ്റം, സ്ത്രീപുരുഷബന്ധങ്ങള്‍, ട്രാന്‍സ്ജെന്റര്‍ പോലുള്ള വിഷയങ്ങള്‍ എന്നിങ്ങനെ പലതും മുഖ്യധാരയുടെ ശ്രദ്ധയില്‍ കൊണ്ട് വന്നത് ഈ സമരങ്ങളുടെ നേട്ടങ്ങളാണ്. ഈ സമരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ വിഷയങ്ങള്‍ മുഖ്യധാരാ കേരളീയ സമൂഹം ചര്‍ച്ച ചെയ്യാന്‍ തന്നെ സാധ്യതയില്ല. ആ അര്‍ത്ഥത്തില്‍ മിക്ക സമരങ്ങളും വിജയം തന്നെയാണ്. അവയൊക്കെ രേഖപ്പെടുത്തപ്പെടണം എന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശം സമരമുഖങ്ങളിലേക്കു നിരന്തരമുള്ള യാത്രകള്‍ക്കിടയില്‍ എനിക്ക് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഗോപിനാഥന് അത് സാധിച്ചിരിക്കുന്നു. ഏറെ പരിമിതികള്‍ ഉണ്ടാകാമെങ്കിലും ഞാന്‍ കണ്ടിടത്തോളം ഏറെക്കുറെ എല്ലാ മേഖലകളേയും സ്പര്‍ശിക്കാന്‍ ഇതിനായിട്ടുണ്ട്. വരുംതലമുറ ഇതിന്റെ കൂടുതല്‍ ഉയര്‍ന്ന മൂല്യം കണ്ടെത്തുമെന്ന് തീര്‍ച്ച. കാരണം ഇതിലെ പല പോരാട്ടങ്ങളും അവര്‍ക്കു കൂടി വേണ്ടിയാണല്ലോ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.