DCBOOKS
Malayalam News Literature Website

നമ്മള്‍ എന്തു ചെയ്യണം?

ആര്‍ കെ ബിജുരാജ് തയ്യാറാക്കിയ  കേരളം കേട്ട വിപ്ലവപ്രസംഗങ്ങള്‍-എരിയുന്ന നാവ് എന്ന പുസ്തകത്തില്‍ നിന്നും

എന്‍. കുമാരനാശാന്‍, എറണാകുളം, 1917, ഡിസംബര്‍ 30

ഈഴവസമുദായത്തിന്റെ ഉന്നമനത്തിനായി കവികൂടിയായ എന്‍. കുമാരനാശാന്‍ നിരന്തരം പോരാടി. എസ്. എന്‍. ഡി. പി. കെട്ടിപ്പടുക്കുന്നതിലും അതിന് ശരിയായ സംഘടനാരൂപം ഒരുക്കുന്നതിലും സമുദായാംഗങ്ങളെ ഒന്നിപ്പിക്കുന്നതിലും കുമാരനാശാന്റെ നേതൃത്വപാടവം വലിയ പങ്കുവഹിച്ചു. സംഘടനയുടെ തുടക്കം മുതല്‍  16 വര്‍ഷം കുമാരനാശാന്‍ സെക്രട്ടറിയായിരുന്നു. ഡോ. പല്പുവിനോടും നാരായണഗുരുവിനോടും കേരളം എത്രമാത്രംകടപ്പെട്ടിരിക്കുന്നോ അത്രയുംതന്നെ നവോത്ഥാനത്തിനും സാമൂഹിക പരിഷ്‌കരണത്തിനും സമൂഹം കുമാരനാശാനോടും കടപ്പെട്ടിരിക്കുന്നു. ഇന്ന് മഹാകവിയെന്ന നിലയിലേക്കു മാത്രം കുമാരനാശാന്റെ സംഭാവനകളെ ചുരുക്കുന്ന പ്രവണതയാണുള്ളത്. കുമാരനാശാന്റെ കാലത്തുനിന്ന് സമുദായവും എസ്. എന്‍. ഡി. പി.യും വളരെ മാറിപ്പോയി എങ്കിലും നൂറുവര്‍ഷം മുമ്പ് ചെയ്ത ഈ പ്രസംഗത്തിന്റെ പ്രസക്തി ഒട്ടും കുറയുന്നില്ല. 1917 ഡിസംബര്‍ 30-ന് എറണാകുളത്ത് നടന്ന കൊച്ചി ഈഴവ സമാജത്തിന്റെ അര്‍ദ്ധവാര്‍ഷിക യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം:

നാം-ഈഴവര്‍ അല്ലെങ്കില്‍ തീയര്‍ കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള വര്‍ഗ്ഗക്കാരാകുന്നു. ഹിന്ദുക്കളില്‍ ഒരു വര്‍ഗ്ഗക്കാരും സംഖ്യയില്‍ നമ്മോളമില്ല. 1911-ലെ സെന്‍സസ് കണക്കുപ്രകാരം നാം 16 ലക്ഷം ജനങ്ങളുണ്ട്. കൊച്ചി സംസ്ഥാനത്തില്‍ ആകെയുള്ള ജനസംഖ്യ Textഒമ്പതുലക്ഷത്തില്‍ ചില്വാനം മാത്രമാകുന്നു. തിരുവിതാം കൂറില്‍ ആകെ 34 ലക്ഷം ജനങ്ങളാണുള്ളത്. നോക്കുക. നാം കൊച്ചിയിലെ ആകെയുള്ള ജനങ്ങളെക്കാള്‍ ഏതാണ്ടു രണ്ടു മടങ്ങ് അധികമാണ്. തിരുവിതാംകൂറിലെ ആകെയുള്ള ജനങ്ങളുടെ പകുതിയോളം സംഖ്യാബലം നമുക്കുണ്ട്. ഇനി നമ്മുടെ സാമുദായികനില എന്തെന്നാലോചിക്കുക. നാം ഇവിടത്തെ അധഃകൃതവര്‍ഗ്ഗക്കാരുടെ മുന്നണിയില്‍, ഉയര്‍ന്നതും താണതുമായ ജനവിഭാഗങ്ങളെ വേര്‍തിരിക്കുന്ന അതിര്‍ത്തിയില്‍, ഭാരതത്തിന്റെ ഇതരഭാഗങ്ങളില്‍നിന്ന് മലയാളത്തെ വേര്‍തിരിക്കുന്ന വമ്പിച്ച സഹ്യപര്‍വ്വതംപോലെ ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. അതു കൊണ്ട് ഉയര്‍ന്ന വര്‍ഗ്ഗക്കാരുടെ നിര്‍ദ്ദയമായ ചവിട്ടും കുത്തു മെല്ലാം നമ്മുടെ തലയിലാണ് ആദ്യമായും ഏല്‍ക്കുന്നത്. നാം ഈ ചവിട്ടുകള്‍ എത്രയോ തലമുറയായി ഏറ്റുകൊണ്ടു നില്‍ക്കയാകുന്നു. എന്നിട്ടും നാം നശിച്ചുപോകുന്നില്ല. പിന്നോട്ടുപോകയും ചെയ്യുന്നില്ലെന്നാണ് എന്റെ വിശ്വാസം. ഇതു ശരിയാണെങ്കില്‍ അതൊരു പ്രശസ്തമായ ഭൂതകാലത്തെ കാണിക്കുന്ന വസ്തുതയാകുന്നു. അതായതു നമ്മുടെ ഇന്നത്തെ നിലതന്നെ കഴിഞ്ഞു പോയ ചില ഉത്കര്‍ഷങ്ങളുടെ അനുമാനത്തിനു ലിംഗമായി നിലനില്‍ക്കുന്നു.  Survival of the fittest അതിയോഗ്യമായതു ജീവിച്ചിരിക്കുന്നു എന്നുള്ള പരിണാമവാദതത്ത്വം ഈ അനുമാനത്തെ അനുകൂലിക്കുന്നു. ഏറിയ ശതവര്‍ഷക്കാലമായി നടന്നുകൊണ്ടിരിക്കുന്ന കിടമത്സരങ്ങളെ എല്ലാം സഹിച്ചുകൊണ്ട് ഇന്നു നാം ഈ നിലയില്‍ ജീവിക്കണമെങ്കില്‍ അതിനാവശ്യമായ വീര്യവിഭാവാദികള്‍ എല്ലാം നമ്മുടെ സമുദായശരീരത്തിലുണ്ടായിരിക്കണം. വീരപുരുഷന്മാര്‍, വിദ്വാന്മാര്‍, വസ്തു ഉടമസ്ഥന്മാര്‍, വലിയ ഈശ്വരഭക്തന്മാര്‍ ഇവരെല്ലാം അതാതു തലമുറകളിലെ സ്ഥിതിയനുസരിച്ചു നമ്മുടെ വര്‍ഗ്ഗത്തിലുണ്ടായിരുന്നു. ഇന്നും ആ അവസ്ഥ തുടര്‍ന്നുകൊണ്ടുതന്നെ ഇരിക്കുന്നു. നമ്മുടെ ഉത്കര്‍ഷത്തെ തടഞ്ഞുനില്‍ക്കുന്ന ദുഷ്‌കാലശക്തി ഇപ്പോള്‍ എന്തുകൊണ്ട് ആരംഭിച്ചു എന്നു നിര്‍വചിപ്പാന്‍ കഴികയില്ലെങ്കിലും അത് മദ്ധ്യകാലത്തു വല്ല രാഷ്ട്രീയ വിപ്ലവങ്ങളാലും വന്നതാണെന്ന് ഊഹിപ്പാന്‍ കഴിയും. തെങ്ങുകൃഷിയും മദ്യവ്യാപാരവുംകൊണ്ടാണ് നമ്മെ മറ്റു വര്‍ഗ്ഗങ്ങളില്‍നിന്ന് സാധാരണ ചിന്തകന്മാര്‍ വ്യാവര്‍ത്തിച്ചുവന്നത്. ദക്ഷിണ ഇന്ത്യയില്‍ അങ്ങനെയുള്ള വര്‍ഗ്ഗത്തില്‍ പല നാടുവാഴികളും രാജാക്കന്മാരും ഉണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ നിഷ്പക്ഷമായി അന്വേഷിച്ചാല്‍ അറിയാവുന്നതാണ്. ആര്യന്മാര്‍ ദക്ഷിണ ഇന്ത്യയിലേക്കു കടന്നതോടുകൂടി ദ്രാവിഡന്മാരുടെ സ്ഥിതിഗതികള്‍ക്കുണ്ടായ മാറ്റങ്ങള്‍ നാനാമുഖങ്ങളായിരുന്നു. അതിനെത്തുടര്‍ന്നുണ്ടായ രാജ്യവിപ്ലവങ്ങളാല്‍ അധികം ശക്തിയും നാഗരികവുമുള്ള വര്‍ഗ്ഗക്കാര്‍ നമ്മുടെ പൂര്‍വന്മാരെ കീഴടക്കുകയും അവരോട് നിര്‍ദ്ദയമായി പെരുമാറുകയും ചെയ്തതായിരിക്കണം. അടുത്ത ശതവര്‍ഷങ്ങളില്‍തന്നെ കേരളത്തില്‍ പുലയരിലും കുറവരിലുംകൂടി നാടുവാഴിത്തമാണല്ലോ. വിശേഷിച്ചു മദ്യവിക്രയം സംബന്ധിച്ചാണു ഹിന്ദുക്കള്‍ നമ്മെ വെറുത്തതെന്നു പറഞ്ഞുകൂടുന്നതല്ല. മദ്യം ഹിന്ദുശാസ്ത്രങ്ങളില്‍ അതിനിഷിദ്ധമല്ല. മറിച്ച് കൗളതന്ത്രത്തിലും മറ്റും അത് ഒരു പരിശുദ്ധവസ്തുവും ആകുന്നു. ബുദ്ധമതത്തിലാണ് ‘മദ്യ വിക്രതയ സന്ധാനദാനപാനാദികള്‍’ കഠിനമായി നിഷേധിക്കപ്പെട്ടിരിക്കുന്നത്. ആ മതത്തെ ഇന്ത്യയില്‍ നിന്ന് ആട്ടിയോടിച്ച ഹിന്ദുക്കള്‍ക്ക് അതിലെ നിഷിദ്ധകര്‍മത്തോട് അത്ര കഠിനമായ വെറുപ്പുതോന്നാന്‍ വകയില്ലാത്തതുമാണ്. നമ്മുടെ ഇന്നത്തെ അനുഭവവും അതിനു സാക്ഷിയാകുന്നു. ഇന്ന് ഈഴവനെ മേല്‍ജാതിക്കാര്‍ വെറുക്കുന്നുണ്ടെങ്കില്‍ അത് അവന്റെ മദ്യവ്യാപാരംകൊണ്ടാണോ? നിശ്ചയമായും അല്ല. അപ്പോള്‍ ഈ വെറുപ്പ് നിശ്ചയമായും സാത്വികമായ ഒരു പാപഭയത്തില്‍നിന്നുണ്ടായതല്ല, രാജസവും ക്രൂരവുമായ മത്സരബുദ്ധിയില്‍നിന്നും പരാജിതന്മാരോടു സഹജമായുള്ള അവജ്ഞയില്‍നിന്നും ഉണ്ടായിട്ടുള്ളതാകുന്നു. ബോവര്‍മാരുടെനേരേ നമുക്ക് ഇടക്കാലത്തുണ്ടായ അവജ്ഞ നോക്കുക. ജര്‍മ്മന്‍ കാരോടു നമുക്ക് ഇപ്പോഴുള്ള മനോഭാവത്തെപ്പറ്റി ആലോചിക്കുക. ഇതുപോലെ അജ്ഞാതമായ ഒരു കാലത്തുണ്ടായി വേരുറച്ച ഒരു വൈരസ്യം ആ കാലങ്ങളും കാരണങ്ങളും പ്രകൃതിയുടെ യന്ത്രത്തിരിച്ചിലില്‍പെട്ടു മറഞ്ഞുപോയ ഇക്കാലത്തും ജനങ്ങള്‍ വെറുതേ വച്ചുകൊണ്ടിരിക്കുന്നു എന്നല്ലാതെ എന്തു പറവാന്‍ കഴിയും. ഇപ്പോള്‍ ലോകത്തിന്റെ ചരിത്രം നാം അറിയുന്നു. ഭൂഗോളത്തിന്റെ ഏതൊരു ഭാഗത്തേങ്കിലും പട്ടിക്കും പൂച്ചയ്ക്കും നടക്കാവുന്ന വഴിയില്‍ക്കൂടി സഞ്ചരിപ്പാന്‍ മനുഷ്യനെ മനുഷ്യന്‍ അനുവദിക്കാത്ത ദിക്കുണ്ടോ? മനുഷ്യനെ തൊട്ടാല്‍ മനുഷ്യന്‍ കുളിക്കാറുണ്ടോ? മനുഷ്യനെ തീണ്ടിയാല്‍ പുണ്യാഹം കഴിക്കാറുണ്ടോ? മനുഷ്യനെ കാണുന്നതു പാപമായി വിചാരിക്കാറുണ്ടോ? പരിശുദ്ധമായ ഹിന്ദുത്വമേ നിന്റെ പേരില്‍ എത്ര മഹാപാപമാണ് ഈ വൈദിക മാന്യന്മാര്‍ ചെയ്യുന്നത്. ഹിന്ദുപണ്ഡിതന്മാര്‍ എത്ര കാലമാണ് ഈ പുണ്ണിനെ പൊതിഞ്ഞുവയ്ക്കാന്‍ ആശിക്കുന്നത്? ഈ ഭയങ്കരവ്യാധിയെ അശ്ശേഷം ചിന്തിക്കാതെ ഭാരതമാതാവിന്റെ സ്വയംഭരണ പ്രാര്‍ത്ഥികളായ തന്ത്രജ്ഞന്മാര്‍ എന്താണു മോഹിക്കുന്നത്?

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

 

 

Comments are closed.