DCBOOKS
Malayalam News Literature Website

കേരളം മഹാമാരികളെ നേരിടും വിധം; സി.എസ് ചന്ദ്രിക എഴുതുന്നു

സി. എസ്‌. ചന്ദ്രിക

കേരളത്തില്‍ ജനിച്ച് ഇവിടെത്തന്നെ ജീവിക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുകയും ആശ്വസിക്കുകയും ചെയ്യുന്നു എന്ന് ഞാനീയിടെ ഇടയ്ക്കിടക്ക് പറയുന്നുണ്ട്. 2018 ല്‍ കേരളം നേരിട്ട അതിപ്രളയത്തിനു മുന്നില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയും സര്‍ക്കാരും സന്നദ്ധ പ്രവര്‍ത്തകരും യുവജനങ്ങളും മഹാ വിപത്തില്‍ ആശ്രയമറ്റവര്‍ക്ക് കൈ ചേര്‍ത്തു പിടിച്ചു നില്‍ക്കാനുള്ള സമാധാനത്തിന്‍റെ തുരുത്തുകളായി മാറുന്ന അവിശ്വസനീയമായ പ്രതിഭാസം കണ്ടു കൊണ്ടിരിക്കേയാണ് ഞാന്‍ കേരളത്തെ മുമ്പെന്നത്തേക്കാളും കൂടുതല്‍ സ്നേഹിക്കാന്‍ തുടങ്ങിയത്.

അതു വരേയും ഞാന്‍ കേരളത്തിന്‍റെ നേട്ടങ്ങളേക്കാള്‍, കുഴപ്പങ്ങളെക്കുറിച്ചാണ് എപ്പോഴും തുറന്ന് നിശിതമായി വിമര്‍ശിക്കാറുള്ളത്. കേള്‍വി കേട്ട കേരള മോഡല്‍ വികസനത്തിനുള്ളില്‍ സ്ത്രീകളും പെണ്‍കുട്ടികളും ദലിതരും ആദിവാസികളും മത്സ്യത്തൊഴിലാളികളും പ്രകൃതിയും നേരിടുന്ന പ്രതിസന്ധികള്‍, തിരസ്ക്കാരങ്ങള്‍, വികസന വൈരുദ്ധ്യങ്ങള്‍ എന്നിവ സംബന്ധിച്ച ഉല്‍ക്കണഠകളിലും വേദനയിലും നിന്നാണ് ആ വിമര്‍ശനങ്ങള്‍ എപ്പോഴും ഉയര്‍ത്തിയിട്ടുള്ളത്. ഈ എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് പരിഹരിക്കപ്പെട്ടു എന്ന തോന്നലുണ്ടായതുകൊണ്ടുമല്ല ഞാനിപ്പോള്‍ കേരളത്തെ അങ്ങേയറ്റം സ്നേഹിക്കുന്നത്. മറിച്ച് നാം കടന്നു പോകുന്ന ഈ ദുരന്ത കാലമാണ് എന്നെക്കൊണ്ട് ഇങ്ങനെ വീണ്ടും വീണ്ടും പറയിപ്പിക്കുന്നത്. അടിയന്തരാവസ്ഥയെക്കുറിച്ച് കുട്ടിക്കാലത്ത് നിന്നുള്ള നേരിയ ഓര്‍മ്മകള്‍ക്കു ശേഷം, എന്‍റെ ഈ ജീവിത കാലയളവില്‍ ഈ വിധം മഹാമാരികള്‍ നമ്മെ ഗ്രസിച്ചിട്ടില്ല. ഇന്ത്യന്‍ ഭരണകൂട ഫാസിസത്തിന്‍റെ രൂപത്തിലും പ്രകൃതി ദുരന്തങ്ങളുടെ രൂപത്തിലും പകര്‍ച്ച വൈറസ് വ്യാധികളുടെ രൂപത്തിലും.

ശബരിമലയില്‍ ഭരണഘടന പ്രകാരം, സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ തുല്യ അവകാശമുണ്ട് എന്ന ആദ്യ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാടും ആര്‍ എസ് എസ് – ബി ജെ പി ഹിന്ദുത്വ ഭീകരതയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ നടത്തിയ നീക്കങ്ങളും നല്‍കിയ ആശ്വാസം അനുഭവിച്ച സന്ദര്‍ഭത്തിലായിരുന്നു ഞാനാദ്യമായി ഇങ്ങനെ തുറന്നു പറയുന്നത്. വീണ്ടും അങ്ങനെ തന്നെ വിചാരിച്ചത് കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ വര്‍ഗ്ഗീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ കേരളത്തിലെ ജനങ്ങള്‍ പരാജയപ്പെടുത്തിയപ്പോഴാണ്. പിന്നീട്, കേന്ദ്ര സര്‍ക്കാര്‍ ഏകാധിപത്യപരമായി നടത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാരും വലിയ വിഭാഗം ജനങ്ങളും ശക്തമായ പ്രതിരോധമുയത്തി നില്‍ക്കുന്നതിന്‍റെ അനുഭവത്തില്‍ ഞാനതാവര്‍ത്തിക്കുക തന്നെയാണ്.

ഇപ്പോള്‍, മറ്റൊരു സവിശേഷ സന്ദര്‍ഭമാണ് മുന്നിലുള്ളത്. കോവിഡ് 19 നെ നിയന്ത്രിക്കാന്‍ കേരള സര്‍ക്കാര്‍ നടത്തുന്ന തീവ്രപ്രതിരോധ ശ്രമങ്ങള്‍ കാണുമ്പോള്‍, പ്രത്യേകിച്ച് കേരളത്തിന്‍റെ ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചറുടെ ശാന്തവും പക്വവുമായ നേതൃത്വ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ പറയാതിരിക്കുന്നതെങ്ങനെ! തീര്‍ച്ചയായും കക്ഷി രാഷ്ട്രീയം മറന്നു കൊണ്ടുള്ള സ്നേഹാദരവ് മലയാളികള്‍ക്ക് ശൈലജ ടീച്ചറോടുണ്ട് എന്നത് ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് കാണാനാവുന്നു. ഒരു മന്ത്രി ജനങ്ങളുടെ പരിപൂര്‍ണ്ണമായ വിശ്വാസമാര്‍ജ്ജിച്ച ‘ടീച്ചറമ്മ’യായി മാറുന്നത് ഇന്ദ്രജാലം കൊണ്ടല്ല. പ്രഥമികാരോഗ്യ ശുശ്രൂഷാ സംവിധാനങ്ങളെ പരിഷ്ക്കരിക്കുകയും ശക്തിപ്പെടുത്തുകയും മുതല്‍ ആരോഗ്യ മേഖലയുടെ ഉന്നത തലം വരെ ശൈലജ ടീച്ചറുടെ മുന്‍കയ്യില്‍ നടത്തി വരുന്ന വലിയ പ്രവര്‍ത്തന പരിപാടികളുണ്ട് അതിനു പിറകില്‍. നമ്മെ പരിഭ്രാന്ത്രിയിലാഴ്ത്തി കഴിഞ്ഞ വര്‍ഷം രംഗപ്രവേശം ചെയ്ത നിപ്പ വൈറസിനെ നമ്മളാരും മറക്കുകയില്ല. നിപ്പയെ പടരാനനുവദിക്കാതെ ആരോഗ്യ രംഗത്തെ വലിയ കൂട്ടായ, ചിട്ടയായ പരിശ്രമത്തിന്‍റെ ഭാഗമായി നിയന്ത്രിച്ചതോടെ തന്നെ ശൈലജ ടീച്ചര്‍ കേരളത്തിന്‍റെ ജനഹൃദയങ്ങളില്‍ ഏറ്റവും നല്ല ആരോഗ്യ മന്ത്രിയായി പരസ്യമായി സ്ഥാനം പിടിച്ചു കഴിഞ്ഞു. രാജ്യത്തിനകത്തും പുറത്തും ഇതോടെയാണ് ടീച്ചര്‍ വലിയ തോതില്‍ ശ്രദ്ധേയയായിത്തീരുന്നതും.

ഇപ്പോള്‍ കോവിഡ് 19 ന്‍റെ ആക്രമണത്തോടെ ലോകമാകെ പരിഭ്രാന്തിയിലാണ്. ലോകം കേരളത്തിലേക്കും നമ്മുടെ ആരോഗ്യ മന്ത്രിയിലേക്കും ഉറ്റു നോക്കുന്നുമുണ്ട്. കാരണം, കൊറോണ വൈറസ് ബാധയുമായി ബുഹാനില്‍ നിന്ന് നാട്ടിലേക്ക് വന്ന മലയാളികളായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് കേരളത്തില്‍ ആദ്യത്തെ കോവിഡ് കേസ് ഉണ്ടാകുന്നത്. കൂടുതല്‍ മനുഷ്യരിലേക്ക് പകരാതെ വലിയ കരുതലെടുത്ത് വൈറസിനെ തടഞ്ഞു നിര്‍ത്തി. കേരളം ഒരു വിധം സമാധാനിച്ച് കഴിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ്, ലോകമാകെ കോവിഡ് പകര്‍ന്നു പിടിച്ചു കൊണ്ടേയിരിക്കുമ്പോള്‍ കഴിഞ്ഞ ദിവസം ബി ബി സിയില്‍ കേരളത്തില്‍ കോവിഡിനെ തടുത്തു നിര്‍ത്തിയ അനുഭവത്തേയും കേരളാ മോഡല്‍ ആരോഗ്യ രംഗത്തേയും കുറിച്ച് വലിയ ചര്‍ച്ച ഉണ്ടായത്.

എന്നാല്‍ മാര്‍ച്ച് 7 വൈകുന്നേരത്തോടെ അന്താരാഷ്ട്ര വനിതാ ദിന പരിപാടിക്കു പിറകേ, ശൈലജ ടീച്ചര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് കേരളത്തില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നു എന്ന വിവരമാണ്. എങ്ങനെയാണത് വന്നതെന്ന് ഇതിനോടകം എല്ലാവരും അറിഞ്ഞു കഴിഞ്ഞതാണ്. കേരളത്തിന് കിട്ടിയ സമാധാനം തകര്‍ക്കപ്പെട്ടു. ചൈനയും ഇറ്റലിയും കൊറിയയും ഇറാനും ജപ്പാനും സിങ്കപ്പൂരും കോവിഡിന്‍റെ പിടിയിലമര്‍ന്നു കഴിഞ്ഞിരിക്കുകയാണെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. മറ്റു പല രാജ്യങ്ങളിലുമെന്നതു പോലെ ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുമുണ്ട്. പക്ഷേ കോവിഡ് പിടിച്ചുലയ്ക്കുന്ന ഇറ്റലിയില്‍ നിന്ന് മലയാളികളുടെ ഒരു കുടുംബം നാട്ടിലെത്തുന്നതോടെ കാര്യങ്ങള്‍ ഇത്ര വലിയ ഭീതിദവും ദുഖകരവുമായ രീതിയില്‍ തകിടം മറിയുമെന്ന് നാമറിഞ്ഞില്ല. തീര്‍ച്ചയായും കോവിഡ് ഉള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന നമ്മുടെ നാട്ടുകാരെ കരുതലോടെ സ്വീകരിക്കാനും പരിചരിക്കാനും രക്ഷപ്പെടുത്താനുമുള്ള മനസ്സും സജ്ജീകരണങ്ങള്‍ക്കുള്ള പ്രാപ്തിയും കേരളത്തിന്‍റെ ആരോഗ്യ മേഖലക്കുണ്ട്. ബുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ വിജയകരമായി അത് നിര്‍വ്വഹിച്ചതുമാണ്. എന്നാല്‍ പത്തനം തിട്ടയില്‍ എത്തിയ കുടുംബത്തിലെ മൂന്നു അംഗങ്ങളില്‍ ഒരാള്‍ക്കു പോലും വിവേക ബുദ്ധിയോടു കൂടി ഇറ്റലിയില്‍ നിന്നാണ് തങ്ങള്‍ എത്തിയതെന്ന വിവരം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ തോന്നിയില്ല. അവരുടെ അയല്‍പക്കത്തുള്ളവര്‍ക്കോ, വാര്‍ഡ് മെമ്പര്‍ക്കോ, പള്ളിയിലെ അച്ചനോ, ബന്ധുക്കള്‍ക്കോ ആ വിവേകബുദ്ധി ഉദിച്ചില്ല. ഫലമോ! കേരളം വീണ്ടും കോവിഡിന്‍റെ പരിഭ്രാന്തിയില്‍ പെട്ടിരിക്കുന്നു.

ഞാന്‍ ഇതെഴുതുന്ന സമയത്തിനിടയില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചേര്‍ന്ന് മന്ത്രി സഭാ തീരുമാനങ്ങള്‍ അറിയിക്കാന്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുകയായിരുന്നു. ആവശ്യമായ ജാഗ്രതയുടെ വ്യാപ്തി എത്രമാത്രം വലുതാണെന്ന് നമ്മള്‍ ഓര്‍ക്കണം. കേരളം അതിജാഗ്രതയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍. പത്തനംതിട്ടയിലെത്തിയ ആ കുടുംബാംഗങ്ങളില്‍ നിന്ന് എട്ടു പേരിലേക്ക് കൂടി കോവിഡ് വൈറസ് പകര്‍ന്നതായി സ്ഥിരീകരിച്ചു. ഇപ്പോള്‍ അവരടക്കം, ആകെ പന്ത്രണ്ട് പേര്‍, ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തിയ ഒരു കുട്ടിയടക്കം, ചികിത്സയിലാണ്. തീര്‍ച്ചയായും ഇനിയും സംഖ്യ കൂടുമായിരിക്കും. 149 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 1116 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. സര്‍ക്കാരിന്‍റെ എല്ലാ പൊതുപരിപാടികളും റദ്ദാക്കുന്നു. മാര്‍ച്ചു മാസം മുഴുവന്‍ കോളേജുകള്‍, സ്കൂളുകള്‍ അടച്ചിടും. പത്താംക്ലാസ്സ്, പ്ലസ് ടു പരീക്ഷകള്‍ മാത്രം വലിയ ജാഗ്രതയോടു കൂടി നടക്കും.

ജനങ്ങള്‍ എന്ന മനുഷ്യര്‍ക്ക് സ്വന്തം അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടുന്ന കാര്യത്തില്‍ മാത്രമല്ല, മറ്റുള്ളവരോടുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്ന കാര്യത്തിലും കൃത്യമായ പൗരബോധം, സാമൂഹ്യബോധം, ആരോഗ്യ ബോധം എന്നിവയൊക്കെ ഉറപ്പാക്കണം എന്നു എല്ലാവരും മനസ്സിലാക്കേണ്ടതായ നിര്‍ണ്ണായക സന്ദര്‍ഭമാണിത്. കേരളം വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ വളരെ മുന്നിലാണ് എന്നെല്ലാവര്‍ക്കുമറിയാം. പല കാര്യങ്ങളിലും ലോകം കേരളത്തെ ഉറ്റു നോക്കുന്നുണ്ട്. എന്നാല്‍ നേടിയ വിദ്യാഭ്യാസം സ്വയവും അന്യര്‍ക്കും ഉപദ്രവകരമാകുന്നതു കാണുമ്പോഴാണ് നമ്മുടെ വികസനനേട്ടങ്ങളിലെ വൈരുദ്ധ്യത്തെ തിരിച്ചറിയാന്‍ വീണ്ടും വീണ്ടും നാം ബാദ്ധ്യസ്ഥരാകുന്നത്. വൈറസ് ബാധയുള്ള ഒരു രാജ്യത്ത് നിന്ന് വരുമ്പോള്‍ തങ്ങളുടെ ഉള്ളിലും ആ വൈറസ് ഉണ്ടാകാം എന്ന് ചിന്തിക്കാനും ജാഗ്രതപ്പെടാനും കഴിയാത്ത വിദ്യാഭ്യാസവും വിദേശവാസവും ഉദ്യോഗവും സമ്പന്നതയും കൊണ്ട് സമൂഹത്തിനെന്തു ഗുണം?

സമാനമായി, കേരള മാതൃക നേരിടുന്ന നിരവധി മഹാമാരികളുണ്ട്. ശബരിമലയില്‍ ലിംഗനീതി ഉറപ്പാക്കണമെന്ന സുപ്രീം കോടതി വിധി വന്നപ്പോള്‍ ഹിന്ദുത്വ ഭീകര സംഘടനകള്‍ക്കൊപ്പം ചേര്‍ന്നു കൊണ്ട് റോഡിലിറങ്ങിയ കേരള സ്ത്രീകള്‍ നേടിയെന്നു പറയുന്ന വിദ്യാഭ്യാസം കൊണ്ട് ഈ സമൂഹത്തിനെന്തു ഗുണമാണുള്ളത്? മനുഷ്യനെ മനുഷ്യനായി കാണാതെ മതവും ജാതിയുമായി വേര്‍തിരിച്ച് പുറന്തള്ളുകയും അസഭ്യം വിളിച്ചു പറയുകയും വെറുപ്പു പ്രസരിപ്പിക്കുകയും കൊലകള്‍ നടത്തുകയും ചെയ്യുന്നവര്‍ക്ക് വിദ്യാഭ്യാസമുണ്ടായിട്ട് എന്തു കാര്യം? സ്ത്രീകളെ ലൈംഗികാവയവങ്ങളായി മാത്രം കാണുകയും ആധിപത്യം കാണിക്കുകയും തരം കിട്ടിയാല്‍ വാക്കിലൂടേയോ നോട്ടത്തിലൂടേയോ ശാരീരികമായോ ലൈംഗിക കയ്യേറ്റം ചെയ്യുന്നവരുമായ, വിദ്യാഭ്യാസമുള്ളവരെന്നു പറയുന്ന ഭൂരിഭാഗം മലയാളി പുരുഷന്‍മാരെക്കൊണ്ട് ഇവിടത്തെ സ്ത്രീ സമൂഹത്തിനെന്തു ഗുണം? പ്രകൃതിയെ പിന്നെയും അമിതമായി ചൂഷണം ചെയ്യാനാണെങ്കില്‍ നാം നടത്തുന്ന പരിസ്ഥിതി പഠനം കൊണ്ടെന്തു ഗുണം?

അതിനാല്‍ ഈ മഹാമാരികളെ മുഴുവന്‍ നേരിടുന്നതിലൂടെയാണ് കേരളം ശരിക്കും നമുക്കു തന്നെയും ലോകത്തിനു മുമ്പാകെയും മാതൃകയാവുക. ആരോഗ്യ മേഖലയിലെന്ന പോലെ കേരളത്തിലെ ഇന്നത്തെ സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയില്‍ തുടങ്ങി വെച്ചിട്ടുള്ള പുതിയ പ്രവര്‍ത്തനങ്ങളില്‍ ഉള്‍ക്കൊള്ളിക്കേണ്ടതായ ഈ വലിയ ജാഗ്രതക്ക് ഞാനീ ചോദ്യങ്ങള്‍ കൂടി ഇപ്പോള്‍ മുന്നോട്ടു വെയ്ക്കുകയാണ്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാഭ്യാസത്തില്‍ ഫിന്‍ലന്‍ഡ് മാതൃക കൊണ്ടു വരുന്നു എന്ന വാര്‍ത്ത എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. മലയാളികളുടെ ‘വിദ്യാഭ്യാസ’ത്തിലേക്കുള്ള മുന്നോട്ടുള്ള വഴികളില്‍ യഥാര്‍ത്ഥ അറിവിന്‍റേയും അവബോധത്തിന്‍റേയും സാംസ്ക്കാരിക വെളിച്ചം ഉണ്ടാവട്ടെ.

കടപ്പാട്; മാധ്യമം ഓണ്‍ലൈന്‍

Comments are closed.