DCBOOKS
Malayalam News Literature Website

എഴുത്തുകാരും വായനക്കാരും സമൂഹത്തെ ഒന്നിപ്പിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

സാമൂഹിക ഐക്യത്തെ തകർക്കാനുള്ള നീക്കങ്ങളെ എഴുത്തുകാരും വായനക്കാരും ഒരുമിച്ച് എതിർക്കണമെന്നും സാഹിത്യസംഗമങ്ങൾ അതിന് ഊർജ്ജമാവണമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ആറാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിക്ക് ബിനാലെ പോലെയും തിരുവനന്തപുരത്തിന് ഫിലിം ഫെസ്റ്റിവൽ പോലെയും കോഴിക്കോടിന്റെ മുഖമുദ്രയായി മാറുകയാണ് ഈ സാഹിത്യോത്സവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത് എവിടെ വായന മരിച്ചാലും കേരളത്തിൽ വായന മരിക്കില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ച കോഴിക്കോട് മേയർ ബീന ഫിലിപ്പ്, സ്വാതന്ത്ര്യമുള്ളിടത്തെ കലയും സംസ്കാരവും വളരൂ എന്ന് ചൂണ്ടിക്കാണിച്ചു.

ബുക്കർ പുരസ്കാര ജേതാവ് ഷെഹാൻ കരുണതിലക, നോബൽ സമ്മാന ജേതാവ്  ആഡാ ഈ യോനാത്ത്, കേരള ധനകാര്യമന്ത്രി കെ. എൻ. ബാലഗോപാൽ, മ്യൂസിയം തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, തമിഴ്‌നാട് ധനകാര്യമന്ത്രി പളനിവേൽ ത്യാഗരാജൻ, മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ നവീൻ ചൗള ഐ. എ. എസ്., കോഴിക്കോട് കളക്ടർ ഡോ. നരസിംഹുഗരി ടി. എൽ. റെഡ്ഡി, പോപ് ഗായിക ഉഷാ ഉതുപ്പ്, എഴുത്തുകാരായ സച്ചിദാനന്ദൻ, സുധാമൂർത്തി, എം. മുകുന്ദൻ, കെ. ആർ. മീര, കെ. എൽ. എഫ്. കൺവീനർ പ്രദീപ് കുമാർ(മുൻ എം. എൽ. എ.) തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. കോഴിക്കോട് ബീച്ചിൽ നടക്കുന്ന സാഹിത്യോത്സവം ജനുവരി 15ന് സമാപിക്കും.

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കേരളസര്‍ക്കാരിന്റെയും, സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തില്‍ തുര്‍ക്കി, ജര്‍മനി, സ്‌പെയിന്‍, ബ്രിട്ടണ്‍, ഇസ്രയേല്‍, ന്യൂസിലാന്‍ഡ് തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍ പങ്കെടുക്കും.

ആറ് വേദികളിലായി അഞ്ഞൂറിലധികം പ്രഭാഷകര്‍ പങ്കെടുക്കുന്ന കെ. എല്‍. എഫില്‍ സാഹിത്യത്തിന് പുറമേ കല, രാഷ്ട്രീയം, ചരിത്രം, സംഗീതം, സാമ്പത്തികം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ സംവാദങ്ങള്‍ നടക്കും. സാഹിത്യരംഗത്തെ പ്രമുഖരായ ജഫ്രി ആര്‍ച്ചര്‍, ഫ്രാന്‍സെസ്‌ക് മിറാലെസ്, വില്യം ഡാല്‍റിമ്പിള്‍, അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാര ജേതാവ് ഗീതാഞ്ജലി ശ്രീ, ബുക്കര്‍ പുരസ്‌കാര ജേതാവ് ഷെഹാന്‍ കരുണതിലക തുടങ്ങിയവര്‍ സാഹിത്യോത്സവത്തിന്റെ മാറ്റ് കൂട്ടും.

നോബല്‍ പുരസ്‌കാര ജേതാക്കളായ ആഡാ ഈ യോനാത്ത്, അഭിജിത് ബാനര്‍ജി, ചരിത്രകാരനായ രാമചന്ദ്ര ഗുഹ, സാമ്പത്തികശാസ്ത്ര വിദഗ്ദ്ധരായ പളനിവേല്‍ ത്യാഗരാജന്‍, ശശി തരൂര്‍, സഞ്ജീവ് സന്യാല്‍ എന്നിവരും വിവിധ ചര്‍ച്ചകളുടെ ഭാഗമാകും.

സംഗീതത്തിനും വിനോദത്തിനുമുള്ള വേദി കൂടിയായ കെ എല്‍ എഫ് മറക്കാനാവാത്ത അനുഭവമായിരിക്കും കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത്. ഉഷാ ഉതുപ്പ്, റെമോ ഫെര്‍ണാണ്ടസ്, ഷഹബാസ് അമന്‍, ഹരീഷ് ശിവരാമകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരുടെ സാന്നദ്ധ്യം ഇതിനു മാറ്റ്കൂട്ടും. പരസ്യകലാരംഗത്തെ അതികായനായ പീയുഷ് പാണ്ഡെയുടെ സാന്നിദ്ധ്യമാണ് സാഹിത്യോത്സവത്തിന്റെ മറ്റൊരു ആകര്‍ഷണം. പ്രമുഖ വ്യക്തിത്വങ്ങളായ കമല്‍ ഹാസന്‍, പ്രകാശ് രാജ് തുടങ്ങിയവരുടെ സാന്നിദ്ധ്യം സംവാദങ്ങള്‍ക്ക് മിഴിവേകും.

മലയാള സാഹിത്യത്തിലെ അതികായന്മാരുടെ സംവാദങ്ങള്‍ കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവമാണ്  സമ്മാനിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സുയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെുള്ള സാഹിത്യോത്സമാണിത്.

Comments are closed.