DCBOOKS
Malayalam News Literature Website

ഒരു സമൂഹത്തിന്റെ സാംസ്‌കാരികചരിത്രം

ഡോ. ദീപ ജി.

മനുഷ്യജീവിതത്തിന്റെ സര്‍വ്വതലങ്ങളെയും ഉള്‍ക്കൊള്ളുന്ന ബൃഹദ് വ്യവഹാരത്തെയാണ് വിശാലമായൊരര്‍ത്ഥത്തില്‍ സംസ്‌കാരം എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു വിഭാഗം മനുഷ്യരുടെ സംസ്കാരത്തെ വായിച്ചെടുക്കാനുള്ള ‘പാഠം’ വൈവിധ്യമാര്‍ന്ന അവരുടെ നിത്യജീവിതാചാരങ്ങള്‍തന്നെയാകും. മനുഷ്യരുടെ ദൈനംദിന Textകര്‍മ്മങ്ങളുടെ ഒരു സൂക്ഷ്മവായന അവരുടെ സാംസ്‌കാരികവും ചരിത്രപരവുമായ നിലനില്പിനെയുംപ്രയാണങ്ങളെയും വെളിപ്പെടുത്തുന്നു. ഈയൊരര്‍ത്ഥത്തില്‍ സാംസ്‌കാരിക പഠനങ്ങളില്‍ വിശകലനത്തിന് വിധേയമാക്കപ്പെടേണ്ടവസ്തുതകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണവും ഭക്ഷണരീതികളും. ശാരീരികമായ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിലുപരി, ഭക്ഷണം, അവ ഉണ്ടായി വന്നതും സഞ്ചരിച്ചതുമായ നാടുകളുടെയും കാലങ്ങളുടെയും സവിശേഷതകളെ ഉള്‍ക്കൊള്ളുന്നതായി കാണാം. ഒരോ കാലത്തിലും സംസ്‌കാരത്തിലും സ്വാധീനം ചെലുത്തിയ അധികാര സമവാക്യങ്ങള്‍ അതാതിടങ്ങളിലെ ഭക്ഷണരീതികളില്‍ കണ്ടെത്താന്‍ സാധിച്ചേക്കും. ചുരുക്കത്തില്‍ ഭക്ഷണത്തിന്റെ ചരിത്രം ഒരു സമൂഹത്തിന്റെ എഴുതപ്പെടാത്ത ചരിത്രംതന്നെയാണ്.

മലയാളിയുടെ ഭക്ഷണത്തിനും ഭക്ഷണരീതികള്‍ക്കും പറയാനുള്ളത് തനതു നൈപുണ്യത്തെക്കാള്‍ കടന്നുവരവിന്റെയും കൈമാറ്റങ്ങളുടെയും ചരിത്രമാണ്. കേരളത്തില്‍ ഇന്ന് പ്രചാരത്തിലുള്ള പല ഭക്ഷണവിഭവങ്ങളും ഒരു നൂറ്റാണ്ടിനു മുന്‍പ് മലയാളി-അടുക്കളയില്‍ പരിചിതമല്ലാത്തവയായിരുന്നു എന്നത് ഒരു ചരിത്രവസ്തുതയാണ്; അവയില്‍ പലതും കാലത്തിന്റെ ഗതിമാറ്റങ്ങള്‍ക്കനുസരിച്ച് നമ്മോടൊപ്പം ചേര്‍ന്നവയാണ്. സമകാലിക മലയാളിഅടുക്കളയില്‍ കാണപ്പെടുന്ന വിഭവങ്ങളെ ചരിത്രപരമായി അടയാളപ്പെടുത്താനുള്ള ചെറിയ ശ്രമമാണ് ഇതിലൂടെ നടത്തിയിട്ടുള്ളത്. വിഭവങ്ങളുടെ ചരിത്രം തേടിയുള്ള എന്റെ ഈ ശ്രമം അപൂര്‍ണ്ണമാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.