DCBOOKS
Malayalam News Literature Website

സ്‌പേസസ്- ആശയാവലികളുടെ പുതിയ ലോകത്തിന് തുടക്കം കുറിക്കുന്നു

തിരുവനന്തപുരം: സാമൂഹികപുരോഗതിക്ക് പൊതു-സ്വകാര്യ ഇടങ്ങളെ പുനര്‍വീക്ഷണത്തിനും വിചിന്തനങ്ങള്‍ക്കും വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ SPACES: Design, Culture & Politics ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. 2019 ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. ലോകപ്രശസ്തരായ വാസ്തുകലാവിദഗ്ധര്‍, സാമൂഹ്യചിന്തകര്‍, എഴുത്തുകാര്‍, പൊതുപ്രവര്‍ത്തകര്‍, ചലച്ചിത്രതാരങ്ങള്‍, കലാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന മഹോത്സവമാണ് SPACES. കവിയും ചിന്തകനുമായ പ്രൊഫ.കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. പ്രശസ്ത ആര്‍ക്കിടെക്റ്റ് ടി.എം സിറിയക് ആണ് ഫെസ്റ്റിവല്‍ ക്യുറേറ്റ് ചെയ്യുന്നത്.

വാസ്തുകലയും ഡിസൈനും സാമൂഹികചിന്തയും മുഖാമുഖം സംവാദത്തിലേര്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആശയോത്സവമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ഒരേ സമയം മൂന്നു വേദികളിലായി നൂറിലേറെ സംവാദങ്ങളാണ് വിവിധ വിഷയങ്ങളിലായി നടക്കുക. പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷാജി എന്‍ കരുണ്‍ ക്യുറേറ്റ് ചെയ്യുന്ന ചലച്ചിത്രോത്സവം ഈ ആശയോത്സവത്തിന്റെ പ്രധാന സവിശേഷതയാണ്. ഒപ്പം ചിത്രകാരന്‍ റിയാസ് കോമുവിന്റെ ഇന്‍സ്റ്റലേഷന്‍, ശില്പകലാശാലകള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.

അഞ്ഞൂറിലേറെ സാഹിത്യകലാപ്രവര്‍ത്തകരും ചിന്തകരും ആര്‍ക്കിടെക്ചര്‍മാരും നാലുദിവസങ്ങളിലായി കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന സംവാദങ്ങളില്‍ പങ്കെടുക്കും.  സ്പെയ്ന്‍, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ ആര്‍ക്കിടെക്ചര്‍മാരും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. വൈകുന്നേരങ്ങളില്‍ സംഗീത-നൃത്ത പരിപാടികളും അരങ്ങേറും.

Comments are closed.