DCBOOKS
Malayalam News Literature Website

ഭരതന്റെ രാജ്യഭാരം

ഭരതരാജകുമാരനോളം മാലോകര്‍ക്ക് മുന്നില്‍ അപമാനഭാരത്തോടെ നില്‌ക്കേണ്ടിവന്ന രഘുവംശ രാജാകുമാരന്മമാര്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല. അമ്മയായ കൈകേയി രഘുവംശ രാജവംശത്തിന്റെ നിയമവും ചട്ടവും നടപടിക്രമങ്ങളുമെല്ലാം തെറ്റിച്ചുകൊണ്ട് മകനുവേണ്ടി രാജ്യം നേടാന്‍ നടത്തിയ ശ്രമം അമ്മക്കും മകനും ഒരുപോലെ അപമാനകരമായിരുന്നു. മകനായ ഭരതന്റെ അറിവോടെയല്ല കൈകേയി അവ്വിധം പെരുമാറിയത് എന്ന് മാലോകരെ വിശ്വസിപ്പിക്കേണ്ട ബാധ്യത ഭരതനു വന്നുചേര്‍ന്നു. അമ്മാവനായ യുഥാജിത്തിനോടൊപ്പം മുത്തച്ഛന്റെ പരിലാളനകളേറ്റ് മാതൃഗൃഹത്തില്‍ കഴിഞ്ഞിരുന്ന ഭരതന്‍ അയോദ്ധ്യയിലെ സംഭവ വികാസങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ല. രഘുവംശ നിയമം അനുസരിച്ച് താന്‍ രാജ്യം ലഭിക്കാന്‍ അനര്‍ഹനാണെന്നും രാജ്യാധികാരി തന്റെ മൂത്തസഹോദരന്‍ രാമനാണെന്നും ഭരതനറിയാമായിരുന്നു. അതുകൊണ്ടുതന്നെ രഘുവംശ നിയമം ലംഘിച്ചു രാജ്യാവകാശിയാകാന്‍ ഭരതന്‍ സ്വപ്നത്തില്‍ പോലും ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ കൈകേയിയുടെ അതിബുദ്ധി അവരെ വെറുക്കപ്പെട്ടവളാക്കി എന്നുമാത്രമല്ല, ഭരതനെ സംശയത്തിന്റെ നിഴലിലുമാക്കി. അയോദ്ധ്യയില്‍ തിരിച്ചെത്തിയ ഭരതന്‍ കൗസല്യയോടും സുമിത്രയോടും മാത്രമല്ല, വസിഷ്ഠന്‍ ഉള്‍പ്പെടെയുള്ള ആചാര്യ ശ്രേഷ്ഠരോടും തന്റെ നിരപരാധിത്വം ആവര്‍ത്തിച്ചു പറയുന്നുമുണ്ട്. ഭാഗ്യവശാല്‍ അവര്‍ക്കെല്ലം ഭരതകുമാരനില്‍ വിശ്വാസമുണ്ടായിരുന്നു. കൈകേയിയെ കഠിനപദങ്ങളാല്‍ ശകാരിക്കാനും അധിക്ഷേപിക്കാനും ഭരതന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. രാമന്‍ കാട്ടിലേക്ക് പോയതോടെ രാജ്യം അനാഥമായെന്നു കണ്ട ഭരതന്‍ രഘുവംശ നിയമങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യം നേടില്ല എന്നു ശപഥം ചെയ്യുകയും ചെയ്തു. പുത്രവിയോഗ ദുഃഖത്താല്‍ ഹതനായ രാജാദശരഥന്റെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ഭരതനും പരിവാരങ്ങളുമെല്ലാം രാമനെ തേടി കാട്ടിലേക്ക് പോകുകയാണുണ്ടായത്. രാമനെ തിരിച്ച് അയോദ്ധ്യയിലെത്തിച്ച് രാജ്യത്തെ രക്ഷിക്കുന്നതോടൊപ്പം തന്നില്‍ പതിഞ്ഞ സംശയത്തിന്റെ നിഴല്‍ ദുരീകരിക്കണമെന്നും ഭരതന്‍ ആഗ്രഹിച്ചു.

രാമന്‍ അപ്പോള്‍ ചിത്രകൂട പര്‍വ്വതത്തിലൂടെ ഒഴുകുന്ന മന്ദാകിനീ നദീതീരത്തിലുള്ള ആശ്രമത്തിലായിരുന്നു വാസം. മൂന്ന് അമ്മമാരും വസിഷ്ഠന്‍ ഉള്‍പ്പെടെയുള്ള ഗുരുജനങ്ങളും ബന്ധുജനങ്ങളും സൈന്യവും എല്ലാമായി കാട്ടില്‍ വെച്ചുതന്നെ രാമപട്ടാഭിഷേകം നടത്തണം എന്ന ലക്ഷ്യത്തോടെയാണ് ഭരതന്‍ ചിത്രകൂടത്തിലെത്തുന്നത്. സൈന്യസമേതമുള്ള ഭരതപ്രയാണത്തെ സംശയത്തോടെയാണ് ലക്ഷ്മണന്‍ വീക്ഷിച്ചത്. ഭരതന്‍ സൈന്യസമേതം രാമലക്ഷ്മണന്മാരെ ആക്രമിക്കാന്‍ വരുന്നു എന്നാണ് ലക്ഷ്മണന്‍ കരുതിയത്. എന്നാല്‍, ഒരു ചെറിയ ഉപദ്രവം പോലും തങ്ങള്‍ക്കെതിരെ ചെയ്യാന്‍ ഭരതന്‍ മുതിരില്ല എന്നുപറഞ്ഞ് രാമന്‍ ലക്ഷ്മണനെ സാന്ത്വനിപ്പിച്ചു. രാമപാദങ്ങളില്‍ പ്രണമിച്ചുകൊണ്ട് ഭരതന്‍ പറഞ്ഞു: പുത്രവിയോഗം സഹിക്കാതെ താതന്‍ മരിച്ചു. അമ്മ കൈകേയി നാടു നേടിയില്ല. വിധവയാകുകയും ചെയ്തു. ദുഃഖത്താല്‍ ശ്രീ നശിച്ച തന്റെ അമ്മ കൊടിയ നരകത്തില്‍ പതിക്കുകയും ചെയ്യും. അതുകൊണ്ട് ദേവേന്ദ്രനെപോലെ രാമന്‍ രാജ്യം സ്വീകരിക്കണം.

രാമന്‍ ഭരതനെ സ്‌നേഹവാത്സല്യങ്ങളോടെ ആലിംഗനം ചെയ്തു സമാശ്വസിപ്പിച്ചുകൊണ്ട് ഭരതനില്‍ ഒരു ദോഷവും താന്‍ കാണുന്നില്ല എന്ന് പറഞ്ഞു. ഭരതന്‍ അമ്മയായ കൈകേയിയെ നിന്ദിക്കരുതെന്നും മാതൃനിന്ദനം അറിവില്ലായ്മയെയാണ് ഉദാഹരിക്കുന്നതെന്നും വിശദീകരിച്ചു. പിതാവായ ദശരഥനും മാതാക്കളായ കൗസല്യ, കൈകേയി, സുമിത്രമാരും ധര്‍മ്മനിഷ്ഠരുമാണ്. മരവുരിയും ധരിച്ച് കാട് വാഴാനുള്ള കല്പനയാണ് അവര്‍ തനിക്ക് നല്‍കിയത്. മാതാപിതാക്കളുടെ ആജ്ഞ അനുസരിക്കുക എന്നതാണ് പുത്രധര്‍മ്മം. അതിനപ്പുറമൊന്നും താന്‍ ഇച്ഛിക്കുന്നില്ല. പിതൃനിര്‍ദ്ദേശം അനുസരിക്കലാണ് ലോകനായകപദവി നേടുന്നതിനേക്കാള്‍ മഹത്തരം എന്നും രാമന്‍ പറഞ്ഞു. ധര്‍മ്മനിഷ്ഠനായ ഒരാള്‍, ഒരു പെണ്ണിന്റെ വാക്കു കേട്ട്, അവളുടെ ഇഷ്ടം സമ്പാദിക്കാനായി ഇത്തരം ഒരു ഘോരകൃത്യം ചെയ്യുമോ എന്നും ആലോചനാരഹിതമായി പിതാവ് ചെയ്ത തെറ്റ് തിരുത്തുന്നത് പുത്രധര്‍മ്മമാണെന്നും ഭരതന്‍ മറുവാദം ഉന്നയിച്ചു.

പക്ഷേ, ഭരതന്‍ പറഞ്ഞ കാര്യങ്ങളോട് രാമന്‍ വിയോജിച്ചു. നാടു ഭരിക്കാന്‍ ഭരതനെയാണ് ദശരഥന്‍ തെരഞ്ഞെടുത്തതെന്നും താതന്റെ ആജ്ഞ അനുസരിക്കുവാനുള്ള ബാധ്യത പുത്രനുണ്ടെന്നും രാമന്‍ ഭരതനെ ഓര്‍മ്മിപ്പിച്ചു. പുന്നാകമാകും നരകത്തില്‍ നിന്ന് തന്നുടെ താതനെ ത്രാണനം ചെയ്തതുകൊണ്ടാണ് പുത്രന്‍ എന്ന പേര് ലഭിച്ചതെന്നും പുത്രന്‍ പിതൃആജ്ഞ അനുസരിക്കുമ്പോഴാണ് പിതാവിന്റെ സദ്ഗതി പൂര്‍ണ്ണമാകുന്നതെന്നും അതിന് പരിശ്രമിക്കുന്നതാണ് പുത്രധര്‍മ്മമെന്നുമായി ശ്രീരാമന്‍. എന്നാല്‍ രഘുവംശ രാജവംശ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി താന്‍ അര്‍ഹിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാത്ത രാജ്യം സ്വീകരിക്കുന്നത് അധര്‍മ്മമാകുമെന്നും അതിന് തന്നെ പ്രേരിപ്പിക്കരുതെന്നും പറഞ്ഞുകൊണ്ട് രാമന്‍ രാജ്യം സ്വീകരിക്കണമെന്ന നിലപാടില്‍ നിന്നും മാറാന്‍ ഭരതന്‍ തയ്യാറായില്ല. ഇതിനിടയിലാണ് വിരുദ്ധ വാദവുമായി ജാബാലി എത്തിയത്. ലോകം തന്നെ അപ്രതിഷ്ടവും അസ്ഥിരവുമാണെന്നും സ്ത്രീ പുരുഷ സംയോഗത്താല്‍ കുട്ടികള്‍ ജനിക്കുന്നു എന്നല്ലാതെ അച്ഛന്‍, അമ്മ എന്നീ കാര്യങ്ങള്‍ക്കൊന്നും വലിയ പ്രാധാന്യമില്ലെന്ന വിദണ്ഡവാദം ജാബാലി ഉന്നയിച്ചു. ലോകം നിലനില്ക്കുന്നതു സത്യത്തിലാണെന്നും അനശ്വരമായ സത്യത്തിലാണ് രാജധര്‍മ്മം നിലനില്ക്കുന്നതെന്നും സത്യത്തിന് അപ്പുറം മറ്റൊന്നുമില്ലെന്നും അതിനാല്‍ സത്യ ലംഘനം താന്‍ ഒരു കാരണവശാലും ചെയ്യില്ല എന്നും രാമന്‍ പറഞ്ഞു.

ഈ സന്ദര്‍ഭത്തിലാണ് തന്റെ ചേട്ടന്റെ ഹൃദയത്തില്‍ കനിവ് ഉയരുവാനായി താന്‍ ദര്‍ഭോപവേശം ചെയ്യുമെന്ന് ഭരതന്‍ പറഞ്ഞത്. സൂതനായ സമന്ത്രര്‍ ഭരതകുമാരന് ദര്‍ഭ എത്തിച്ചുകൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ സ്വയം ദര്‍ഭയെടുത്തുപിരിച്ചുകൊണ്ട് ദര്‍ഭോപവേശത്തിനായി ഭരതന്‍ ശ്രമിച്ചു. അഭിഷേകം കഴിച്ച്, കിരീടം ധരിച്ച്, രാജ്യം ഭരിക്കാന്‍ നിയുക്തനായ ഒരുത്തന് ദര്‍ഭോപവേശം ചെയ്യാന്‍ അധികാരമില്ലെന്നും എഴുന്നേറ്റ് അതിവേഗത്തില്‍ അയോദ്ധ്യയിലെത്തണമെന്നും അപ്പോള്‍ രാമന്‍ പറഞ്ഞു. ജലത്തേയും തന്നെയും തൊട്ട് വ്രതമവസാനിപ്പിക്കാന്‍ സ്‌നേഹവാത്സല്യങ്ങളോടെ ഭരതനെ രാമന്‍ ഉപദേശിക്കുകയും ചെയ്തു. മറ്റ് വഴികള്‍ ഒന്നും കാണാതായപ്പോള്‍ ഭരതന്‍ അപ്രകാരം ചെയ്തു.

അങ്ങനെയാണ് ശ്രീരാമപാദുകങ്ങളെ അഭിഷേചിച്ചുകൊണ്ട് ആ പാദുകങ്ങളെ സാക്ഷിനിര്‍ത്തി രാമന് വേണ്ടി പതിന്നാല് വര്‍ഷത്തേക്ക് രാജ്യഭരണം നടത്താമെന്ന് ഭരതന്‍ സമ്മതിച്ചത്. അതും ജടാമകുടധാരിയായി സന്യാസജീവിതം നയിച്ചുകൊണ്ട് നന്ദിഗ്രാമിലിരുന്നായിരുന്നു അയോദ്ധ്യാഭരണം നടത്തിയത്. അയോദ്ധ്യയുടെ ആര്‍ഭാടത്തില്‍ നിന്നും അകന്നുനിന്നുകൊണ്ട് ആശ്രമാന്തരീക്ഷത്തില സന്യാസഭിക്ഷയോടെ പിതൃവിയോഗത്തിന്റെ ശോകവും കാടുകയറിയ സഹോദരന്റെ പേരിലുള്ള ദുഃഖവും ആകറ്റുന്നതിനായി നന്ദിഗ്രാമില്‍ വസിച്ചും കൊണ്ട് ഭരതന്‍ രാജ്യംഭരിച്ചു. രാജ്യലോഭം മൂലമാണ് കൈകേയി മകനുവേണ്ടി രാജ്യം ചോദിച്ചുവാങ്ങിയത്. പക്ഷേ, അതിന് അവര്‍ക്ക് വന്‍വില നല്‌കേണ്ടിവന്നു. ലോകവാദത്താല്‍ ഹതയായി ഒരു രാജ്യത്തെ മുഴുവന്‍ ജനങ്ങളാലും വെറുക്കപ്പെട്ട് അപമാനിതയായി കൈകേയിക്ക് കഴിയേണ്ടിവന്നു. അവള്‍ ആര്‍ക്കുവേണ്ടിയാണോ രാജ്യം ഇരന്നുവാങ്ങിയത് ആ മകന്‍ തന്നെ അവരെ വെറുക്കുകയും തള്ളിപ്പറയുകയും ചെയ്തു. ഭര്‍ത്താവിന്റെ മരണത്തിനും സര്‍വ്വരും പ്രാണന് തുല്യം സ്‌നേഹിക്കുന്ന രാമകുമാരന്റെ കാനനവാസത്തിനും കാരണക്കാരിയായ കൈകേയിക്കുവേണ്ടി നല്ല വാക്ക് പറയാന്‍ രാമനല്ലാതെ മറ്റാരും ഉണ്ടായില്ല എന്നതും ശ്രദ്ധേയം.

എന്തു ചെയ്തും ലോകഭോഗം കൈവരിക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും സംഭവിക്കാവുന്ന ദുര്യോഗത്തിലേക്കാണ് കൈകേയിയുടെ രാജ്യലോഭകഥ വിരല്‍ ചൂണ്ടുന്നത്. രാജ്യം ത്യജിച്ചുകൊണ്ട് കാട്ടില്‍ പോയ രാമനും ഋഷിതുല്യമായ നിര്‍മ്മമതയോടെ രാജ്യത്തിന്റെ ആര്‍ഭാടങ്ങളെയും അധികാരത്തിന്റെ പകിട്ടിനേയും നിരാകരിച്ചുകൊണ്ട് ആശ്രമാന്തരീക്ഷത്തില്‍ രാജ്യഭാരം നടത്തിയ ഭരതനും കൈകേയിയുടെ രാജ്യലോഭത്തെ നിരാകരിക്കുകയാണ് ചെയ്യുന്നത്. എന്തുചെയ്തും ലോകഭോഗം കയ്യടക്കാന്‍ ശ്രമിക്കുന്നവരോടാണ് അധാര്‍മ്മികമായി ലഭിക്കുന്ന ലോകാധികാരത്തെ വിഷം കലര്‍ന്ന ആഹാരത്തെപോലെ ഉപേക്ഷിക്കണമെന്ന് രണ്ട് സന്ദര്‍ഭങ്ങളിലായിട്ടാണെങ്കിലും രാമനും ഭരതനും പറയുന്നത്. ധര്‍മ്മബോധത്തില്‍ നിന്നും വ്യതിചലിക്കാന്‍ രണ്ടുപേരും ഒരുപോലെ വിസമ്മതിക്കുന്നു. പിതാവായ ദശരഥന്റെ പറയാതെപോയ ആജ്ഞ അറിഞ്ഞനുസരിച്ച് പിതാവിന് സത്യദോഷം വരാതിരിക്കാനായി കാടുകയറിയ മൂത്തമകന്‍ രാമന്‍. താന്‍ ആഗ്രഹിക്കുകയോ അര്‍ഹിക്കുകയോ ചെയ്യാത്ത രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരിക്കാന്‍ തയ്യാറല്ല എന്നു പറയുന്ന ധര്‍മ്മനിഷ്ഠനായ ഭരതന്‍. തീര്‍ച്ചയായും വസിഷ്ഠനടക്കമുള്ള ഋഷിമാര്‍ പറയുന്നതുപോലെ ധര്‍മ്മനിഷ്ഠയില്‍ നിന്നും വ്യതിചലിക്കാത്ത ഈ കുമാരന്മാരുടെ അച്ഛനമ്മമാരാണ് ഏറ്റവും ഭാഗ്യശാലികള്‍.

Comments are closed.