DCBOOKS
Malayalam News Literature Website

ചേപ്പാട് ഭാസ്‌ക്കരന്‍ നായരുടെ കാവ്യനക്ഷത്രങ്ങള്‍ എന്ന ബാലസാഹിത്യകൃതിക്ക് ഒരു ആസ്വാദനക്കുറിപ്പ്

ചേപ്പാട് ഭാസ്‌കരന്‍ നായര്‍ എഴുതിയ കാവ്യനക്ഷത്രങ്ങള്‍ എന്ന ബാലസാഹിത്യ കൃതിക്ക് ഡോ. ചേരാവള്ളി ശശി എഴുതിയ ആസ്വാദനം..

അച്ചടിയും പുസ്തകങ്ങളും ഒന്നും അത്ര പ്രചാരത്തിലല്ലാതിരുന്ന കാലത്ത് സഹൃദയരായ ജനങ്ങള്‍ മുഖ്യമായതെന്തും ഓര്‍മ്മിച്ചുവെക്കാന്‍ പദ്യത്തെ ആശ്രയിച്ചിരുന്നു. കേട്ടുപഠിക്കാമെന്നുള്ളതു കൊണ്ട് നിരക്ഷരരും പദ്യം ഹൃദിസ്ഥമാക്കിയിരുന്നു. കഴിഞ്ഞ തലമുറയില്‍പ്പെട്ട എഴുത്തും വായനയും അറിയാത്ത എത്രയോ പേര്‍ മഹാകവികളുടേതടക്കമുള്ള കൃതികള്‍ ഹൃദിസ്ഥമാക്കിയിരുന്നു. വൃത്തത്തിന്റെ ഈ മികവ് മനസ്സിലാക്കി നമ്മുടെ ആയുര്‍വ്വേദവും ജ്യോതിഷവും തച്ചുശാസ്ത്രവും നീതിസാരവും കണക്കുകളും പരസ്യങ്ങളും എന്നുവേണ്ട സകലതും പത്രവാര്‍ത്തകള്‍ വരെ പദ്യത്തിന്റെ ശില്പതന്ത്രത്തില്‍ ചമയ്ക്കപ്പെട്ടു.

നിര്‍വചനങ്ങളും സൂത്രവാക്യങ്ങളുമെല്ലാം പദ്യഘടനയില്‍വന്നതോടെ വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ അത് ഓര്‍ത്തുവെച്ച് പ്രയോജനപ്പെടുത്തി. പക്ഷേ, കാര്യങ്ങള്‍ പദ്യത്തില്‍ ഓര്‍ത്തുവയ്ക്കുന്ന ആ കാലം ഇങ്ങിനിവരാതെവണ്ണം മാഞ്ഞുപോവുകയാണ്. കാണാപ്പാഠം പഠിക്കുന്നത് ഏതോ വലിയ പാതകമാണെന്ന രീതിയില്‍ താക്കീതുകള്‍ ഇവിടെ പ്രചരിക്കുകയാണ്. ഇങ്ങനെ വിരല്‍ത്തുമ്പില്‍ വിജ്ഞാനം വിളയാടുന്ന ഈ ശാസ്ത്ര സാങ്കേതിക കാലത്ത് പദ്യവും വൃത്ത രൂപത്തിലുള്ള കവിതയുമൊക്കെ അറുപഴഞ്ചനായി നോക്കിക്കാണാന്‍ പുതിയ ബുദ്ധിരാക്ഷസര്‍ നമ്മെ ഉത്‌ബോധിപ്പിച്ചിരിക്കുകയാണ്.

ഈ പശ്ചാത്തലത്തിലാണ് ബാല സാഹിത്യത്തിനുവേണ്ട കൈ മെയ് മറന്ന് ജീവിതം സമര്‍പ്പിച്ചിരിക്കുന്ന ചേപ്പാട് ഭാസ്‌കര്‍നായരുടെ ഏറ്റവും പുതിയ ബാലസാഹിത്യകൃതിയുടെ പ്രസക്തി. കാവ്യനക്ഷത്രങ്ങള്‍ എന്നു പേരിട്ടിരിക്കുന്ന ഈ കൃതിയില്‍ അപൂര്‍വ്വമായൊരു സാഹസികതയുണ്ട്. ഇതില്‍ മലയാളകവിതയിലെ നാഴികക്കല്ലുകളും അല്ലാത്തവരുമായ 32 കവികളെ ഗ്രന്ഥകാരന്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നു. ആ പരിചയപ്പെടുത്തലാണ് സാഹസികത. ചെറുശ്ശേരിയില്‍ നിന്നാരംഭിച്ച് ക്രമത്തിലും ഒട്ട് ക്രമം തെറ്റിച്ചും ഒ.എന്‍.വി.യില്‍ അവസാനിക്കുന്ന മുപ്പത്തിരണ്ടു കവികളെയും ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത് പദ്യത്തിലൂടെയാണ്.

അനുഷ്ടുപ്പ് വൃത്തമാണ് ഇതിന് അധികവും ഉപയോഗിച്ചിരിക്കുന്നത്. നമ്മുടെ കവി രാമായണവും കവിഭാരതവും കവിപുഷ്പമാലയും കവിമൃഗാവലിയുമൊക്കെ മലയാളകവികളെ ശ്ലോകങ്ങളിലൂടെ പലതായി (രാമായണ കഥാപാത്രങ്ങള്‍ തൊട്ട് പുഷ്പ – പക്ഷി- മൃഗങ്ങള്‍ വരെ) അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവരാരും ചെയ്യാത്തവിധം നമ്മുടെ കവികളുടെ കാവ്യപരമായ പ്രത്യേകതകളും കൃതികളുടെ പേരുകളും ജീവചരിത്ര മര്‍മ്മങ്ങളും (ഉദാ: പൂന്താനവും മേല്പത്തൂരും തമ്മിലുള്ള ഭക്തി വിഭക്തിക്കഥ) മറ്റും സൂചിപ്പിച്ച് തികഞ്ഞ കൈയടക്കത്തോടെ പദ്യശില്പങ്ങള്‍, കൃതഹസ്തനായ ചേപ്പാട് നമുക്ക് പണിഞ്ഞുതന്നിരിക്കുന്നു.

ഇതുവായിക്കുന്ന കുട്ടികള്‍ക്കു മാത്രമല്ല, അദ്ധ്യാപകര്‍ക്കും പൊതുവായനക്കാര്‍ക്കുമെല്ലാം മുപ്പത്തിരണ്ടു കവികളെക്കുറിച്ച് പെട്ടെന്നൊരു ചിത്രം കിട്ടാന്‍ ഈ പദ്യശില്പങ്ങള്‍ സഹായിക്കുമെന്ന കാര്യം ഉറപ്പ്. ഇരുപത്തിനാലു വരികള്‍ക്കപ്പുറം പലപ്പോഴും നീണ്ടുപോകാത്ത ഈ പദ്യങ്ങള്‍ കാണാതെ പഠിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്കെല്ലാം ഈ കവികളെക്കുറിച്ച് എവിടെയും നല്ലൊരു ചിത്രം കാഴ്ചവെയ്ക്കാന്‍ സാധിക്കും.

കവികളുടെ പേരും അവരുടെ രചനാശീര്‍ഷകങ്ങളും വൃത്തത്തിന്റെ പഞ്ജരത്തില്‍ ഒതുക്കിക്കൂട്ടാന്‍ പ്രയാസമാണ്. അതിന്‍രേതായി ഞെരുക്കങ്ങള്‍ ആവിഷ്‌കരണത്തിലുണ്ടാകും. എന്നിട്ടും അതിനിടയില്‍
വെളുത്ത താമരപ്പൂക്കള്‍
ചാര്‍ത്തി നില്കുന്ന വിഗ്രഹം
കണ്ടുകണ്ടുവണങ്ങീടില്‍
ഉണ്ടാകും നവ്യനിര്‍വൃതി
(ഉണ്ണായി വാര്യര്‍)
എന്നൊക്കെ അനുഭവങ്ങള്‍ വെളിപ്പെടുത്താനും
മഹാകാവ്യം രചിക്കാതെ
മഹാകവിത്വമാര്‍ന്നവന്‍
സ്‌നേഹഗായകനെന്നും നാം
സ്‌നേഹത്തോടെ വിളിപ്പവന്‍
വീണപൂവിനെ ദര്‍ശിച്ച്
ദീനത്വം പൂണ്ടുനിന്നവന്‍
ബാലരാമായണകാവ്യം
ബാലന്മാര്‍ക്കായ് ചമച്ചവന്‍
(കുമാരനാശാന്‍)
എന്നേല്ലാം ഒരു കവിയുടെ ഹൃദയരേഖകള്‍
കോറിയിടാനും
”നിളയില്‍ മുങ്ങി നുര്‍ന്നല്ലോ
ഗുരുവായൂരില്‍ ദര്‍ശനം
വടക്കും നാഥനെക്കണ്ടു
വണങ്ങാന്‍ പിന്നെയാത്രയായ്”
(പി. കുഞ്ഞിരാമന്‍ നായര്‍)
എന്നൊക്കെ ഒരു കവിയുടെ സഞ്ചാരപഥങ്ങള്‍ തേടിപ്പോകാനുമൊക്കെ കാവ്യകുതുകിയായ ചേപ്പാട് ഭാസ്‌കരന്‍ നായര്‍ക്കു കഴിഞ്ഞിട്ടുണ്ട്.

കവിത വായിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഗദ്യത്തിലൂടെ കാര്യം ഗ്രഹിക്കാന്‍ വേണ്ടി ഈ മുപ്പത്തിരണ്ട് കവികളുടെയും ജീവിതചിത്രങ്ങള്‍ സംക്ഷിപ്തസുന്ദരമായി ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്നുണ്ട്. ഒറ്റപ്പുറങ്ങളില്‍ നില്‍ക്കുന്ന ആ വിവരണങ്ങളും ഒറ്റപ്പുറങ്ങളില്‍ ഒതുങ്ങുന്ന പദ്യാഖ്യാനങ്ങളും വായിച്ചുകഴിയുമ്പോള്‍ ഏതൊരുവനും പ്രസ്തുത മലയാള കവികളെപ്പറ്റി സാമാന്യമായൊരു ധാരണ ലഭിക്കും. അവര്‍ക്ക് ആ കവികളെ തങ്ങളുടെ ഉള്ളില്‍ പ്രതിഷ്ഠിക്കാനാവും. കാവ്യലോകത്തുനിന്നും മാതൃഭാഷയായ മലയാളത്തില്‍ നിന്നും അമന്ദം അകന്നുകൊണ്ടിരിക്കുന്ന പുതിയ തലുറയെ മലയാള കവിതയിലേക്കും കവികളിലേക്കും തിരിച്ചുകൊണ്ടുവരാനുള്ള ചേപ്പാടിന്റെ ഈ യത്‌നം ശ്ലാഘനീയമാണെന്ന് എടുത്തുപറഞ്ഞേ പറ്റൂ. മുപ്പത്തിരണ്ടു കവികളുടെയും ചിത്രങ്ങള്‍ ഈ പരിചയപ്പെടുത്തലിനോടൊപ്പം നില്‍ക്കുന്നതും ആകര്‍ഷകവുമാണ്. പ്രൊഫ. എസ്. ശിവദാസിന്റെ അവതാരികക്കുറിപ്പ് കാവ്യനക്ഷത്രങ്ങളുടെ തിളക്കം ഏറെ വര്‍ദ്ധിപ്പിക്കുന്നുവെന്നും പറഞ്ഞുകൊള്ളട്ടെ.

 

Comments are closed.