DCBOOKS
Malayalam News Literature Website

സ്‌നേഹത്തോടെ…അഷിത

(2007-ല്‍ ‘കാവേരിയുടെ നേര്’ ആദ്യപതിപ്പ് വായിച്ച് അഷിത ഗ്രേസിക്ക് അയച്ച കത്ത്)

എന്റെ ഗ്രേസിക്ക്,

വിചാരിക്കാതെ ഒരു ഉച്ചയ്ക്ക് കാവേരിയുടെ നേര് എന്റെ കൈയിലെത്തി.
കുട്ടിക്കാലത്ത് ഓര്‍ക്കാപ്പുറത്ത് ഒരു സമ്മാനം കിട്ടുമ്പോഴത്തെ ആ വേൃശഹഹ പിന്നെയും
ഒരിക്കല്‍ക്കൂടി കിട്ടി. എനിക്ക് കത്തു വല്ലതുമുണ്ടോ എന്ന് തിരയാന്‍ പുസ്തകം ധൃതിയില്‍ മറിച്ചുനോക്കി. പിന്നീട് വായിക്കാമെന്നായിരുന്നു കണക്കാക്കിയത്. വായിച്ച് അത്യാവശ്യമായി അഭിപ്രായം പറയേണ്ട രണ്ടു പുസ്തകങ്ങള്‍ ഒരുമിച്ച് വായിക്കുകയായിരുന്നു ഞാനാ ഉച്ചയ്ക്ക്! അങ്ങനെ മറിക്കുമ്പോള്‍ ഒരു വാചകത്തില്‍ കണ്ണുടക്കി. അതു വായിച്ചു. അപ്പോള്‍ അതൊരെണ്ണം മുഴുവനും വായിച്ചിട്ട് മടക്കാമെന്ന് നിശ്ചയിച്ചു. അങ്ങനെ അനിയത്തിയുടെ ക്രൂരകൃത്യങ്ങള്‍
വായിച്ചു. അത് വായിച്ചപ്പോള്‍ അതിനപ്പുറത്തെയും ഇപ്പുറത്തെയും വായിക്കാമെന്നായി മനസ്സ്. അങ്ങനെ… അങ്ങനെ… മുഴുവന്‍ പുസ്തകവും വായിച്ചിട്ടേ എഴുന്നേറ്റുള്ളു. അന്നുച്ചയ്ക്ക് ഒന്നും വെച്ചുതിന്നുമില്ല! മറ്റേ രണ്ട് പുസ്തകവും വായിക്കാതെ അവിടെ കിടക്കുന്നു.

ഗ്രേസിയെ എനിക്കെപ്പോഴും നല്ല ഇഷ്ടമാണ്. എഴുതുമ്പോഴും എഴുതാത്തപ്പോഴും കെടാതെ Textകാക്കുന്ന ഒരു തിരിനാളംപോലെ എന്തോ ഒന്ന് ഗ്രേസിയിലുണ്ട്, എപ്പോഴും ഏതോ രണ്ടു കൈകള്‍ അതിനെ കാക്കുന്നുണ്ട്.

മറ്റുള്ളവര്‍ കാണുന്ന ഗ്രേസിയെയല്ല ഞാന്‍ കാണുന്നത്. ഗ്രേസി എഴുതുന്നത് വായിക്കുമ്പോള്‍ ഞാന്‍ സാഹിത്യമോ സത്യമോ ഒന്നുമല്ല കാണുന്നത്. ഒരു ഹൃദയമാണ്. ഒരു ആത്മാവാണ്. അതിനോട് ‘സാരമില്ല’ ‘സാരമില്ല’ എന്ന് പറയാന്‍ ഞാന്‍ പണ്ടുമുതലേ വെമ്പിയിട്ടുണ്ട്. കുഞ്ഞാത്തിരിയെ അവളെ കാണുംമുമ്പേ ഞാന്‍ സ്‌നേഹിച്ചുപോയതാണ്.

ഇന്നലെ വെളുക്കുംവരെ ഞാന്‍ അപ്പുവിനെ കല്യാണവേഷത്തില്‍ സ്വപ്‌നം കണ്ടു. അവള്‍ മൂക്കുത്തിയിട്ടിരുന്നു. അതെനിക്ക് ഇഷ്ടമായില്ല. അവള്‍ മെല്ലെ ചിരിച്ചുകൊണ്ട് നില്ക്കുന്നത് കാണാന്‍ നല്ല ചന്തമുണ്ടായിരുന്നു. എവിടെ തായ്‌വാനിലെ മോതിരം എന്ന് ഞാനവളോട് ചോദിച്ചു. അത് വിരലില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇനി അതൊരിക്കലും ഊരിക്കളയാന്‍ സാധിക്കുകയില്ലല്ലോ എന്ന് ഞാന്‍ അപ്പുവിനോട് പറഞ്ഞു. അവള്‍ ഒന്നും മിണ്ടാതെ ചിരിച്ചു.

ഗ്രേസിയുടെ നേര് ഞാന്‍ പലകുറി ഇനിയും വായിക്കും. ഒറ്റയ്ക്കാവുന്ന ഉച്ചനേരങ്ങളില്‍, ഇനിയും ഒരുപാട് തവണ… ഒരുപാട് വയസാവുന്നതുവരെ.

ഞാന്‍ തൃശ്ശൂര്‍ കിഴക്കുംപാട്ട്കരയില്‍ ആറുസെന്റ് വാങ്ങിച്ചു. വീട് പണിയണം. താമസം തൃശ്ശൂര്‍ക്ക് മാറ്റണം. തൃശ്ശൂരിനും ആലുവയ്ക്കുമിടയില്‍ അപ്പുവിനെ കൊടുത്താല്‍ മതി. എനിക്കും ഇടയ്ക്കു കാണാമല്ലോ. ഗ്രേസിയുടെ നമ്പര്‍ മാറിയോ, ഞാന്‍ പലകുറി വിളിച്ചു. കിട്ടിയില്ല.

‘കാവേരിയുടെ നേര്’ പുതിയ പതിപ്പ് വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.