DCBOOKS
Malayalam News Literature Website

പൊറുക്കാനാവാത്ത പാപമോ പ്രണയം?


മാധവിക്കുട്ടിയുടെ ‘ഈ ജീവിതംകൊണ്ട് ഇത്രമാത്രം’ എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം

ഇന്നലെ ഉച്ചയുറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നപ്പോള്‍ മുട്ടയുടെ തോട് തകര്‍ത്ത് പുറത്തുകടന്ന ഒരു കോഴിക്കുഞ്ഞിനെപ്പോലായിരുന്നു ഞാന്‍. അന്തര്‍ലീനമായ ശൂന്യത നികത്തുവാനും എനിക്ക് പരിപൂര്‍ണത നേടിത്തരാനും എന്റെ ഇണയ്ക്കു മാത്രമേ സാധിക്കുകയുള്ളൂവെന്ന യാഥാര്‍ത്ഥ്യം ഞാന്‍ വീണ്ടും  വീണ്ടും എന്റെ സുഖസ്വപ്നങ്ങളില്‍ മനസ്സിലാക്കുകയാണോ? ശരീരത്തിന്റെ വാഴ്ച ഇനിയും അവസാനിച്ചിട്ടില്ലേ? ആത്മാവിന്റെ ശാന്തി ശരീരത്തിന്റെ ശാന്തിയില്‍നിന്നോ ജനിക്കുന്നതും മുളച്ച് വളര്‍ന്ന് തഴയ്ക്കുന്നതും?

അല്ലാഹുവേ, നീ തമസ്സുകളെ ദൂരീകരിക്കുക. ശല്യപ്പെടുത്തുന്ന ഈ ശരീരത്തെ അതിന്റെ രാം സ്ഥാനത്തില്‍നിന്ന് വ്യതിചലിക്കാതിരിക്കുവാന്‍ ശീലിപ്പിക്കുക. അതിന്റെ കാമനകളില്‍നിന്ന് എനിക്ക് മോചിതയാവണം. പിന്നീട് സര്‍വമോചനങ്ങളില്‍നിന്നും ഞാന്‍ മോചിതയാവും. എന്റെ കിനാവുകളില്‍ നീ മാത്രം പ്രത്യക്ഷപ്പെടുക. നീ മതി, നിന്റെ മണലാരണ്യങ്ങള്‍ മതി, നിന്റെ ഉഷ്ണക്കാറ്റുകള്‍ മതി…

Textഎന്റെ സഞ്ചാരത്തിന്റെ അയഞ്ഞ താളം നീ ശ്രദ്ധിക്കുന്നില്ലേ? എന്റെ ഒട്ടകത്തിന്റെ വായ്‌ക്കോണുകളിലൂടെ നുരയും പതയും താഴോട്ട് അരിച്ചിറങ്ങുന്നത് നീ കാണുന്നില്ലേ? കത്തുന്ന മധ്യാഹ്നസൂര്യന്‍ കണ്ണുകളില്‍ ഒരന്ധതാമിസ്രം തെളിയിക്കുന്നു. വെണ്മയുള്ള മഹാസൗധങ്ങള്‍ പ്രത്യക്ഷപ്പെടുന്നുവോ? പടിഞ്ഞാട്ട് നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് ഒരു മരീചികയാണോ? ജലാശയങ്ങളും ഈന്തപ്പനകളും വെറുമൊരു മരീചികയോ?

കഴിഞ്ഞ ആഴ്ച ഒരു ഉച്ചയുറക്കത്തില്‍ ഞാന്‍ എന്റെ പ്രേമഭാജനത്തെ സ്വപ്നം കു. പ്രാര്‍ത്ഥനയ്ക്കു മുമ്പ് നനഞ്ഞ കൈകൊ് സ്വയം മാടിയ മുടി കടലിന്റെ തിരകളായിരുന്നു. എന്റെ വലത്തെ ചുമലില്‍ മുഖം ചായ്ച്ചവന്‍ ഉറങ്ങി. ഉറക്കത്തില്‍ മെല്ലെ, വളരെ മെല്ലെ, ഞരങ്ങി. സ്വപ്നത്തിന്റെ ഖനികളില്‍ വിളയുന്ന അപാരലാവണ്യമേ, നിന്നെ ഞാന്‍ എങ്ങനെ മറക്കും? ഏറ്റവും ഭീതികരമായ ഒരു പരീക്ഷണമാണ് ഈ സ്വപ്നം കാണല്‍. പല നാളുകളായി മെരുക്കിയെടുത്ത മനസ്സിന്റെ സുകൃതഭാരം നേര്‍ത്തുപോവുന്നോ? എന്റെ ശരീരം എന്നേ നിരത്തിലെ കുപ്പത്തൊട്ടിയില്‍ വലിച്ചെറിയേിയിരുന്ന പാഴ്‌വസ്തുവാണ്. എന്റെ ആത്മാവില്‍നിന്നും അവനോട് ഒടുങ്ങാത്ത ആസക്തിയോ?

അല്ലാഹുവേ, നിന്നോട് ഞാന്‍ പാപമോചനം തേടുകയും നിന്നിലേക്ക് മടങ്ങുകയും ചെയ്യുന്നു.

ഈ പ്രാര്‍ത്ഥന ഞാന്‍ ദിവസേന നൂറു തവണ ഉച്ചരിക്കുന്നു. എന്നിട്ടും എന്റെ കരവലയത്തില്‍ ഉറങ്ങിക്കിടന്നവന്റെ നിശ്വാസവും ഞരക്കവും ഞാന്‍ ഓര്‍മ്മിക്കുന്നു. ഓര്‍മ്മിക്കുന്തോറും അവന്റെ സാമീപ്യം ഞാന്‍ കൊതിച്ചുപോവുന്നു. അല്ലാഹുവേ, പൊറുക്കുക. പൊറുക്കാന്‍ കഴിയാത്ത പാപമാണോ അഗാധമായ പ്രണയം? പൊറുക്കാന്‍ വയ്യാത്തൊരു കുറ്റമാണോ സ്ത്രീയെയും പുരുഷനെയും ബന്ധിപ്പിക്കുന്ന ഗാഢാശ്ലേഷം? എന്നെ ഒരു നടിയാക്കുവാന്‍ പ്രേരിപ്പിക്കരുത്. കാപട്യം എന്റെ ജീവിതശൈലിയാക്കുവാന്‍ പ്രോത്സാഹിപ്പിക്കരുത്. സ്വര്‍ഗരാജ്യത്തില്‍ എനിക്കായി ഒരുക്കിയ രാജകീയ സൗഭാഗ്യങ്ങള്‍ ഞാന്‍ ത്യജിക്കാം, തിരസ്‌കരിക്കാം. നഗരവീഥികളില്‍ ആളിക്കത്തുന്ന വസനങ്ങളുമായി ഞാന്‍ അലഞ്ഞുകൊള്ളട്ടെ. എന്റെ സുഭഗനായ ഇണയെ തള്ളിപ്പറയുവാന്‍ എന്റെ ആത്മാവിന് ശേഷിയില്ലാതായിരിക്കുന്നു.

പണ്ഡിതരേ, ഗുണകാംക്ഷികളായ നവസുഹൃത്തുക്കളേ, എന്നില്‍ പ്രതീക്ഷകള്‍ അര്‍പ്പിക്കാതിരിക്കുക. തിളങ്ങുന്ന ഈ മുഖത്തിനു പിന്നില്‍ ഭക്തിയുടെ ചിരാതുകള്‍ മാത്രമല്ല കത്തിനില്ക്കുന്നത്. പ്രേമത്തിന്റെ ദീപങ്ങളും കത്തുന്നു. ഓര്‍മകള്‍ മടങ്ങുമ്പോഴൊക്കെയും ജ്വലിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.