DCBOOKS
Malayalam News Literature Website

അശോകന്‍ ചരുവിലിന്റെ ‘കാട്ടൂര്‍ കടവ്’ മികച്ച ഒരു വായനാനുഭവം

അശോകന്‍ ചരുവിലിന്റെ ‘കാട്ടൂര്‍ കടവ്’ എന്ന നോവലിന്  എം.ദാമോദരൻ എഴുതിയ വായനാനുഭവം

അത്യപൂർവ്വമായി ചില ചില ചെറുനോവലുകൾ എഴുതിയിട്ടുണ്ടെങ്കിലും വായനക്കാരുടെ ഒരിഷ്ട ചെറുകഥാകൃത്ത് ആയി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള എഴുത്തുകാരനാണ് അശോകൻ ചരുവിൽ. കനോലിക്കനാലും കാട്ടൂർകടവും കോൾപ്പാടങ്ങളും ഇഷ്ടികക്കളങ്ങളും ഇടവഴികളും നിറഞ്ഞ തൃശ്ശൂരിന്റെ പരിസരപ്രദേശങ്ങളും സാധാരണരും അസാധാരണവുമായ പഴയകാല പാർട്ടി സഖാക്കളും പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പ്രവർത്തകരും അവരുടെയൊക്കെ നിസ്വാർത്ഥവും ത്യാഗനിർഭരവുമായ പ്രവർത്തികളും സമരമുഖങ്ങളും നിരാധാരമായ ജീവിത അവസ്ഥകളും ഒക്കെ അശോകൻ കഥകളുടെ തുടക്കകാലം മുതലേ നമ്മൾ വായനക്കാർ അനുഭവിച്ച് അറിഞ്ഞിട്ടുണ്ടെങ്കിലും കാട്ടൂർകടവ് നോവലിലെ കഥയും കഥാപാത്രങ്ങളും ഗാത്രവും പരിചരണരീതി തന്നെയും വളരെയേറെ വ്യത്യസ്തമായ ഒന്നാണ്.

സിപിഐ, സിപിഐഎം, സിപിഐഎംഎൽ തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടികളുമായി ബന്ധപ്പെട്ട പ്രവർത്തകർ കഥാപാത്രങ്ങളായി വരുന്നുവെങ്കിലും പ്രസ്ഥാനങ്ങളുടെ ജീവചരിത്രം പ്രമേയം ആയിട്ടുണ്ടെങ്കിലും കാട്ടൂർകടവ് അവതാരികകാരൻ വിജയകുമാർ അവകാശപ്പെടുന്നത് പോലെ ഒരു രാഷ്ട്രീയ നോവലാണ് എന്ന് തോന്നുന്നില്ല. പാർട്ടി രാഷ്ട്രീയങ്ങൾക്ക് ഉപരിയായ കഥാഭാഗങ്ങളും പാർട്ടിയേതരരും വിരുദ്ധരുമായ അനേകം കഥാപാത്രങ്ങളും നിറഞ്ഞ നോവലാണ് കാട്ടൂർകടവ്. ചക്രപാണിവാര്യർ, ചെറുവത്തേരി വാരിയർ, കണ്ടൻകുട്ടി ആശാൻ, കൽക്കത്ത മാധവൻ, പി കെ മീനാക്ഷി, കറുപ്പയ്യ, തബല ശിവരാമൻ, കെ. എന്ന എഴുത്തുകാരൻ ജോർജ് ദിമിത്രി തുടങ്ങി ഏറെ പ്രമുഖ കഥാപാത്രങ്ങളും പുല്ലാനിക്കാട് ചന്ദ്രശേഖരൻ എഴുത്തുകാരൻ കെ.യുടെ പിതാവായ രാജശേഖരൻ മാഷ് Textചാക്കോരു മാഷ് കരുണൻമാഷ്, ത്രേസ്യ ടീച്ചർ, ഇംഗ്ലീഷ് രാമൻകുട്ടിനായർ, വിക്രമസിംഹൻ, മാവോ രഘൂത്തമൻ തുടങ്ങി അനേകം അപ്രമുഖ കഥാപാത്രങ്ങളും നിറഞ്ഞതാണ് കാട്ടൂർ കടവ്.

കെ. എന്ന എഴുത്തുകാരനും ജോർജ് ദിമിത്രിയുമാണ് നോവലിൽ ഉടനീളം കഥാഗതി നിയന്ത്രിക്കുന്ന പ്രധാന അന്തർധാരകൾ. കെ. എന്ന എഴുത്തുകാരൻ പഴയകാല പാർട്ടി പ്രവർത്തകൻ രാജശേഖരൻ മാഷിൻ്റെ മകനാണ്. രജിസ്ട്രാർ ഓഫീസിലെ കൈക്കൂലി വാങ്ങാത്ത ഏക ജീവനക്കാരൻ. ദിമിത്രി ജോലി ചെയ്തിരുന്ന കാലത്ത് ഒപ്പം തന്നെ രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരനായിരുന്നു. സർക്കാരിനെയും പാർട്ടിയെയും സദാ ന്യായീകരിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ ന്യായീകരണത്തൊഴിലാളി വേഷo കെട്ടിയതിന് പ്രതിഫലം എന്നോണം ഇടതു ഭരണകാലത്ത് സർക്കാരിൽ ഉന്നത പദവിയിൽ നിയമനം ലഭിക്കുകയും ചെയ്തയാൾ.

അശോകൻ ചെരുവിൽ എന്ന നോവലിസ്റ്റിന്റെ പ്രാഗ്രൂപമായോ പ്രതിരൂപമായോ വായനക്കാർ കെ. എന്ന എഴുത്തുകാരനെ കണ്ടാൽ കുറ്റം പറയുക വയ്യ. ജോർജി ദിമിത്രി കെ.എന്ന പോലെ തന്നെ പഴയകാല പാർട്ടി സഖാവ് ആയിരുന്ന പുല്ലാനിക്കാട് ചന്ദ്രശേഖരന്റെയും സഖാവ് പി. കെ.മീനാക്ഷിയുടെയും മകനാണ് , മന്ത്രവാദിയായ കണ്ടൻകുട്ടി ആശാൻ്റെ ചെറുമകൻ. രജിസ്ട്രാഫീസ് ജോലിയിൽ ഇരിക്കെ കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടിയിൽ ആവുകയും ജയിലിൽ അടക്കപ്പെടുകയും ചെയ്തയാളാണ് ദിമിത്രി. കെ.യുടെ പാർട്ടി ന്യായീകരണ പോസ്റ്റുകൾക്കെതിരെ ഡി.കാട്ടൂർകടവ് എന്ന വ്യാജ പേരിൽ എപ്പോഴും ഫേസ്ബുക്ക് പോസ്റ്റ് ഇടുന്ന ആൾ. ഇവർ രണ്ടുപേരും ആണ് നോവലിൽ നായക പ്രതിനായക വേഷങ്ങളിൽ മാറിമാറി പകർന്നാട്ടം നടത്തുന്ന പ്രധാന കഥാപാത്രങ്ങൾ.

നോവൽ വെറും രാഷ്ട്രീയ കഥ മാത്രമാകേണ്ട എന്ന് കരുതിയാണാവോ നോവലിസ്റ്റ് കറുപ്പയ്യ പോലുള്ള അപ്രസക്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ? അതും എത്രമാത്രം പുറങ്ങളാണ് കറുപ്പയ്യചരിതത്തിനായി നീക്കിവെച്ചത്? കറുപ്പുയ്യ ഒരു കൗതുക കഥാപാത്രമാണെങ്കിലും അത്രയേറെ പുറങ്ങൾ വേണ്ടായിരുന്നു എന്ന് വായനക്കാരെക്കൊണ്ട് തോന്നിപ്പിക്കും വിധമായി കറുപ്പയ്യചരിതം.

കാട്ടൂർ കടവ് നോവലിൻറെ യഥാർത്ഥ അന്തർധാരയും പ്രതിപാദ്യവും വായനക്കാർക്കറിയാനായിചില ഉദ്ധരണികൾ ഉദാഹരിക്കട്ടെ: ഒന്ന്: “സാഹിത്യലോകത്തിനപ്പുറത്ത് സാമൂഹ്യമാധ്യമങ്ങളിലും മറ്റും പാർട്ടിക്ക് വേണ്ടി ആവശ്യത്തിനും അനാവശ്യത്തിനും ന്യായീകരണം ചമയ്ക്കുന്നയാളായി അശോകൻ നിരന്തരം പ്രത്യക്ഷപ്പെടുകയും മറ്റുള്ളവരാൽ അപഹസിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പ്രത്യക്ഷത്തിൽ ഇയാൾ പ്രസ്ഥാനത്തെ നിരുപാധികം പിന്തുണയ്ക്കുന്നു. പക്ഷേ ഇയാളുടെ സാഹിത്യരചനകൾ വിമർശനം കൊണ്ട് നിറയുകയും ചെയ്യുന്നു.” അവതാരികയിൽ ശ്രീ വിജയകുമാർ.

“ഈ സാഹിത്യം ഉണ്ടല്ലോ. ഒരുതരം പൊഹയാണ്. അതുകണ്ട് ആളുകൾ വിസ്മയിക്കും. മനോബലം ഇല്ലാത്തവർ. ഒരു തേങ്ങയും അതിലില്ല. ബംഗാളിൽ എന്താ വലിയ സാഹിത്യമല്ലേ? നാടകം, സിനിമ, പാട്ട്. ഇന്നിപ്പോ എന്താ അവിടുത്തെ സ്ഥിതി?” കൽക്കത്തമാധവൻ .

“കെ.എഴുത്തുകാരനല്ല. അയാൾ പാർട്ടിയുടെ ഒരു കൊലക്കത്തിയാണ്.” ദിമിത്രി

“കമ്മ്യൂണിസ്റ്റുകാർക്ക് മനുഷ്യന്റെ ജീവിതല്ല. പാർട്ടിയാണ് വലുത്. ജീവിച്ചിരിക്കുന്ന ആൾക്കാരെക്കാളും അവർക്ക് പ്രധാനം മരിച്ചോരാണ് .രക്തസാക്ഷീന്ന് കേട്ടിട്ടില്ലേ?” പേജ് 224 – മുകുന്ദൻ വൈദ്യർ. “സത്യത്തിൽ രാഷ്ട്രീയം നിങ്ങൾക്ക് ഒരു കവചമാണ്. സ്വന്തമായി ഒരു പുറം തോടില്ലാത്തതുകൊണ്ട് നിങ്ങൾ അത് സ്വീകരിച്ചിരിക്കുന്നു. നട്ടെല്ലില്ലാത്തവന്റെ നട്ടെല്ലാണ് രാഷ്ട്രീയം. അതുപയോഗിച്ച്സ്വന്തം ദൗർബല്യത്തെയും പരിമിതികളെയും മറച്ചുവെക്കാൻ നിങ്ങൾ ശ്രമിക്കുന്നു. ആ സുരക്ഷിതത്വത്തിൽ ഇരുന്നാണ് നിങ്ങൾ പുറത്തേക്ക് തല നീട്ടുന്നത്. ഒരു വഴുവഴുപ്പൻ ജന്തുവാണ് നിങ്ങൾ.” .

അശോകൻ ചരുവിലിന്റെ കാട്ടൂർകടവ് നോവൽ വായിച്ചു വെക്കുമ്പോൾ വായനക്കാരന്റെ മനസ്സിലേക്ക് മറ്റൊരു മലയാള നോവലും കഥാപാത്രങ്ങളും കടന്നു വരാൻ ഇടയുണ്ട്. എം മുകുന്ദന്റെ പ്രശസ്ത കൃതിയായ , കേശവന്റെ വിലാപങ്ങൾ. കേശവന്റെ വിലാപങ്ങളിൽ പാർട്ടിയും കമ്മ്യൂണിസ്റ്റുകാരും കമ്മ്യൂണിസ്റ്റ് വിരുദ്ധരും കള്ളുകുടിയൻമാരും കേശവനും ശരവണനും ഇ.എം.എസ്സും ഒക്കെയാണെങ്കിൽ കാട്ടൂർ കടവിൽ കെ.എന്ന എഴുത്തുകാരനും അയാളുടെ മറുപാതിയും പ്രതിയോഗിയുമായ ജോർജി ദിമിത്രിയും, കൽക്കത്ത മാധവനും, മുകുന്ദൻ വൈദ്യരും, കണ്ടൻകുട്ടി ആശാനും, എകെജിയും, സി.എച്ചും ഒക്കെയാണ്. എം.മുകുന്ദന്റെ കേശവന്റെ വിലാപങ്ങളും അശോകൻ ചരുവിലിന്റെ കാട്ടൂർകടവും സാമ്യതകളേക്കാൾ ഏറെ വ്യത്യസ്തതകൾ വെച്ചുപുലർത്തുന്ന നോവലുകളാണ് . അവ തമ്മിൽ അപഹരണമോ അനുകരണമോ ആരോപിക്കുന്നതിൽ അർത്ഥമൊന്നുമില്ല. കമ്മ്യൂണിസ്റ്റുകാരോ വിരുദ്ധരോ ആയ വായനക്കാർക്ക് മികവേറിയ ഒരു വായനാനുഭവമാണ് അശോകൻ ചരുവിലിന്റെ കാട്ടൂർകടവ് നോവൽ എന്നതിൽ പക്ഷാന്തരമില്ല തന്നെ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.