DCBOOKS
Malayalam News Literature Website

‘കാട്ടൂർ കടവ്’ വായിച്ചപ്പോൾ…

അശോകന്‍ ചരുവിലിന്റെ ‘കാട്ടൂര്‍ കടവ്’ എന്ന നോവലിന്  വിജയലക്ഷ്മി എഴുതിയ വായനാനുഭവം

കേരളീയജീവിതത്തിൽ പോയദശകങ്ങളിൽ ഉണ്ടായ സമൂല പരിവർത്തനത്തെ സമീപകാല ജീവിതത്തിൻ്റെ പശ്ചാത്തലത്തിൽ മിഴിവോടെ കാഴ്ചവയ്ക്കുന്ന കാട്ടൂർ കടവ് വായനസുഖം തരുന്ന മലയാളഭാഷയാലും പരഹൃദയജ്ഞാനം തെളിഞ്ഞ ശൈലിയാലും ചരിത്രചൈതന്യത്താലും പ്രിയങ്കരമായി.

കഥാപാത്രമായ കെ. എന്ന എഴുത്തുകാരനെയും അയാൾ മുന്നോട്ടുവയ്ക്കുന്ന ചിന്തകളെയും മാറ്റിനിർത്തി, കേന്ദ്രകഥാപാത്രമായ ദിമിത്രിയുടെ കൂടെ നടക്കാനാണ് ഞാൻ ഇഷ്ടപ്പെട്ടത്. വായനയിൽ തന്നെ തന്മയീഭാവം ദിമിത്രിയുമായിട്ടായിരുന്നു. ദിമിത്രിക്ക് ഏറ്റ ബാല്യകാല ആഘാതങ്ങളുമായി തുലനം ചെയ്യുക വയ്യെങ്കിലും അതേകാലത്ത് ജനിച്ചു ജീവിച്ച് ജാതിശ്രേണിയുടെ വഴികളിൽ തട്ടിത്തടഞ്ഞു മുട്ടുപൊട്ടിയിട്ടുണ്ട്. അതിനാൽ വായന വികാരപരമായി. വിചാരം രണ്ടാമതായി. പക്ഷപാതപരമായ വായന. പക്ഷേ എല്ലാത്തരം വായനയ്ക്കും വഴങ്ങുന്നതാണ് ഈ പുസ്തകം. സ്ത്രീകളുടേതായി സ്ത്രീകൾക്ക് കരുതാം. കുട്ടികൾക്കോ കുട്ടികളുടേതായും. ചിന്തിക്കുന്നവർക്ക് കെ.യെ പിന്തുടരാം. സാമൂഹ്യമായും സാംസ്കാരികമായും കർമ്മനിരതനായവർക്ക് ഈ നോവൽ കാഴ്ചവയ്ക്കുന്ന രാഷ്ട്രീയ സാമൂഹ്യചിന്തകളെയും സമസ്യകളെയും വിശകലനം ചെയ്യാം. ചരിത്രനിരീക്ഷകർക്ക് രാഷ്ട്രീയവും സങ്കല്പവും നിഴലും നിലാവും പോലെ ഇടകലരുന്നത് കണ്ടു രസിക്കാം. കടന്നുപോയ കുറച്ചു പതിറ്റാണ്ടുകളിലെ കേരളത്തിൻ്റെ വളർച്ചയുടെയും ചില തളർച്ചകളുടെയും സൂക്ഷ്മമായ സമീപദൃശ്യങ്ങൾ കാണാൻ കാട്ടൂർകടവ് വായിക്കുക.

Textനമ്മുടെ നാട്ടിലെ സാധാരണ ജീവിതം ഇതായിരുന്നു. ഈ ഗ്രാമത്തിൻ്റെ ഉൾത്തുടിപ്പുകൾ ഒരു ഉദാഹരണം മാത്രം. ഇതുപോലെ ഗ്രാമാന്തരങ്ങളുടെ നിത്യസ്പന്ദനങ്ങൾ നെഞ്ചിടിച്ചു പെരുകിയാണ് നവകേരളമുണ്ടായത്. ശ്രീനാരായണഗുരുസ്വാമികളും ഒപ്പം പി.കെ.ചാത്തൻമാസ്റ്ററും സി.എച്ച്.കണാരനും പനമ്പിള്ളി ഗോവിന്ദമേനോനും പുസ്തകത്താളുകളിൽ തെളിഞ്ഞു മായുന്നു. അനീതിക്കെതിരെ പൊരുതാൻ ആത്മബലം നൽകിയ സാമൂഹ്യപരിഷ്കർത്താക്കളുടേയും രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും അടങ്ങാത്ത ഊർജ്ജം ഇതിലെ കഥാപാത്രങ്ങളുടെ സഞ്ചാരങ്ങളിൽ മനോവ്യാപാരങ്ങളിൽ തെരഞ്ഞെടുപ്പുകളിൽ പ്രവർത്തികളിൽ നിറഞ്ഞുനിൽക്കുന്നു.

കാട്ടൂർകടവിലെ കോൾപാടങ്ങളിലും ചകിരിക്കുഴികളിലും അധ്വാനിച്ച് അന്നംതേടുന്ന മനുഷ്യർ ഉത്സവങ്ങളും കളമെഴുത്തും പാട്ടും കൊട്ടുമായി കടന്നുപോയത് നോവിലൂടെ നടന്നാണ്. നോവ് തിന്നാണ്. ഇരുന്നും നിന്നും നടന്നും ഉരുണ്ടുപിരണ്ടെണീറ്റും കടന്നുപോയ ചിലർ. നാമിന്നറിയുന്ന സാമൂഹികനീതി ഇത്രയെങ്കിലും നേടാനായത് അവരുടെ രക്തബലിയിലൂടെയാണ്. മറക്കാൻ വയ്യാത്ത ധീരവനിതയാണ് ദിമിത്രിയുടെ അമ്മൂമ്മ കൗസല്യ. ദിമിത്രിയുടെ അമ്മയും അച്ഛൻ്റെ അമ്മയും ശക്തരാണ്. വ്യക്തിത്വമുള്ളവരും. അവരെ അറിയാനും ആ കൈകൾ മുറുകെ പിടിക്കാനും സ്ത്രീ വായനക്കാർ നിരവധി ഉണ്ടാവും. അത്ര തേജസ്സുറ്റ വരാണ് അവർ. ഈ സ്ത്രീകളുടെ പരിരക്ഷയിലും, ജന്മംനൽകിയ സ്ഥലകാലങ്ങൾ വാക്കാലും പ്രവർത്തിയാലും ആഘാതം ഏൽപ്പിച്ച് ദിമിത്രിയ അന്തർമുഖനാക്കി.

വൈകാരികാഘാതങ്ങൾ ഒരാളെ ഒറ്റപ്പെടുത്തുന്നത് അയാളുടെ ചിന്തകളെ വികലമാക്കുന്നത് ഞെരുക്കി വികൃതമാക്കുന്നത് എല്ലാമെല്ലാം തികച്ചും മനശാസ്ത്രപരമായിട്ടാണ് നോവലിസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൃത്യമായും പിന്തുടരാൻ കഴിയുന്ന വൈകാരികഭൂപടം. പ്രകൃതിയുടെയും മനുഷ്യന്റെയും അഗാധതകളിലെ സൂക്ഷ്മവിസ്മയങ്ങളിലേക്ക് പ്രകാശമാനമായി തുറക്കുന്ന സൂര്യദൃഷ്ടി കാട്ടൂർകടവിന്റെ രചയിതാവിനുണ്ട്. നാട്യങ്ങളില്ലാതെ എഴുതാൻ അദ്ദേഹത്തെ നയിക്കുന്നത് അതാണ്. ദേശചരിത്രം സമൂഹനോവുകളിലൂടെ ആകുമ്പോൾ മായാത്ത മുദ്രകൾ മനസ്സിൽ അവശേഷിക്കുന്നു.

സർവ്വസാധാരണമായ വിപണി തന്ത്രങ്ങളും ചേരുവകളും കൊണ്ട് കളങ്കപ്പെടാതെ നഗരജീവിതത്തിനും നാഗരികഭാവനയ്ക്കും അപ്രാപ്യമായ നിരവധി മനോഹാരിതകൾ ഇതിലുണ്ട്. അനുഭവമാണ് അനുപമമാണ് അവയൊക്കെ. കേരളമെന്തായി പിരിഞ്ഞാലും പരിണമിച്ചാലും ഭൂതകാലത്ത് അതെങ്ങനെയായിരുന്നു എന്ന് കാട്ടൂർകടവിലെ ഗ്രാമചേതന പറഞ്ഞു തരും. ദിമിത്രി കൂട്ടുകാരുമൊത്ത് വയലുകളിൽ ദിക്കുതെറ്റുന്ന ആ ഗ്രാമീണബാല്യം. സ്കൂളിൽ ചേരും മുമ്പ് അമ്മ പകർന്ന അക്ഷരപ്പഠിപ്പ്. അധികാരത്തിന്റെ രൗദ്രരൂപങ്ങളിൽ തട്ടിത്തകർന്ന് രൂപപ്പെട്ട അന്തർമുഖത്വം. കണ്ണുകൾ ഈറനായി പല പുറങ്ങളിലും വായന തടസ്സപ്പെട്ടു. കെ എന്ന എഴുത്തുകാരൻ ഫേസ്ബുക്കിൽ കുറിച്ച ദുഃഖമല്ല ദിമിത്രിയുടെ ദയനീയത ഉണർത്തിയ അന്തരാ ശ്രു.

കെ.യെ ബാധിച്ച നൈരാശ്യം – നോവലിൽ ഒരു അദൃശ്യസാന്നിധ്യമാണത്. നിരാശ ബാധിച്ച, രാവും പകലുമില്ലാത്ത ഉറക്കം, ഉൾവലിയൽ, ഒറ്റപ്പെടൽ. എത്ര കൃത്യമായാണ് ഒരു പ്രത്യേക സാഹചര്യത്തിൽ അത് നോവലിൽ ഇണക്കി ചേർത്തിരിക്കുന്നത്. മറ്റൊരിടത്തും ഒരു ചരിത്രസന്ദർഭത്തിൽ അതിനിത്ര സാധൂകരണം കണ്ടിട്ടില്ല. മറ്റൊരു നോവലിലും നൈരാശ്യത്തിന് ഇപ്രകാരം ഒരു കഥാപാത്രത്തിന്റെ മാനം കിട്ടിയതായി കണ്ടിട്ടുമില്ല. അതിനെപ്പറ്റി എഴുതുമ്പോൾ അനുതാപവും നർമ്മവും എഴുത്തുകാരന്റെ വാക്കുകളിൽ കുടിക്കലർന്നു. വായനയിലാകട്ടെ അത് ചിരിയും കരച്ചിലും കാരുണ്യവുമുണർത്തി.

ജനിക്കും മുമ്പേ തന്നെ നീരാളിപ്പിടുത്തമിടുകയും നുകം പോലെ കഴുത്തിൽ ഭാരം ആവുകയും ചെയ്യുന്ന ജാതി,നീചത്വസങ്കല്പമാണ് മറ്റൊരു അദൃശ്യ കഥാപാത്രം. നായകനും വില്ലനും ജാതി തന്നെയായ ജീവിതനാടകം. ദേശചരിത്രവും സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളും ചേർന്നൊരുക്കിയ മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് അത് അരങ്ങേറുന്നത്.

ഏത് പരിമിത സാഹചര്യത്തിലും ചിന്താപരതയാലും ആത്മാഭിമാനത്താലും നയിക്കപ്പെട്ടു മുന്നേറിയവരാണ് കേരളീയർ. നമ്മുടെ നാടിൻ്റെ ചരിത്രവും സംസ്കാരവും ഭാവനയിൽ അലിയിച്ചു സമന്വയിപ്പിച്ച ഈ ആഖ്യായികയുടെ കാലത്ത് ജീവിച്ചിരിക്കുന്നതിൽ അഭിമാനം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.