DCBOOKS
Malayalam News Literature Website

‘കാട്ടൂര്‍ക്കടവ്’ കാട്ടൂരിന്റെ മാത്രം ചരിത്രമല്ല: പി രാജീവ്

അശോകന്‍ ചരുവിലിന്റെ ‘കാട്ടൂര്‍ കടവ്’ എന്ന നോവലിനെക്കുറിച്ച്  മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്

‘ഒരു കാല്‍പ്പനിക ലോകമാണ് കാട്ടൂര്‍ കടവ്’ രഘുത്തമന്‍ ദിമിത്രിയോട് പറഞ്ഞു. ‘ സങ്കല്‍പ്പത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയിലെ വരമ്പിലൂടെ നടക്കുന്നതു പോലെ നമുക്ക് തോന്നും. വഴുക്കുന്ന വരമ്പുകളാണ്. ഏതു വശത്തേക്കും വീണു പോകാം. മിത്തുകളുണ്ടാക്കാനും പ്രചരിപ്പിക്കാനും സമര്‍ത്ഥരാണ് ആളുകള്‍. ഞാന്‍ കുട്ടിക്കാലത്ത് കുറെ നാള്‍ അവിടെ താമസിച്ചിട്ടുണ്ട്. മാന്ത്രിക കഥകള്‍ ഒരുപാട് കേട്ടു’. അശോകന്‍ ചരുവില്‍ കാട്ടൂര്‍ക്കടവില്‍ ഇങ്ങനെ എഴുതിയപ്പോള്‍ കാട്ടൂരില്‍ ജനിച്ച ഞാന്‍ കുഞ്ഞിലേ ചെവിയില്‍ കഥകള്‍ പറഞ്ഞാരെങ്കിലും ഉറക്കിയിരുന്നോ എന്ന് ആലോചിച്ചു. ഓര്‍ക്കാനുള്ള പ്രായം എന്റെ കാട്ടൂര്‍ ജീവിതത്തിനില്ലായിരുന്നു. അതു കൊണ്ട് ഭാവനക്കും യാഥാര്‍ത്ഥ്യത്തിനുമിടയിലൂടെയുള്ള അശോകന്‍ ചരുവിലിന്റെ ദേശാഖ്യാനം പിടിച്ചിരുത്തി. ഒരു വയസ്സ് തികയുന്നതിന് മുമ്പ് ഞാന്‍ കാട്ടൂരില്‍ നിന്നും കടുപ്പശ്ശേരിയിലേക്ക് സ്ഥലം മാറി പോകുന്ന അച്ഛനൊപ്പം വീടുമാറി. കാട്ടൂരില്‍ ഏതോ ദേവസ്സി ചേട്ടന്റെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന കാലത്തെ ജനനവും ജീവിതവും കേട്ടറിവാണ്.

Textഒടുവില്‍ ഞങ്ങള്‍ അന്നമനട പഞ്ചായത്തിലെ മേലഡൂരിലാണ് സ്ഥിരതാമസമാക്കിയത്. ഈ അന്നമനട യും കാട്ടൂര്‍ക്കടവില്‍ കണ്ടപ്പോള്‍ കൗതുകം കൂടി. ദിമിത്രിയുടെ അച്ഛന്റെ അമ്മ അവനേയും കൊണ്ട് അവരുടെ വീട്ടിലേക്ക് ചെല്ലുമ്പോള്‍ അവിടെയുള്ള ആങ്ങളയുടെ മകളെ വിവാഹം കഴിച്ചിരിക്കുന്നത് അന്നമനടയിലക്കാണ്. ഒരു കള്ളുഷാപ്പ് കോണ്‍ട്രാക്ടര്‍ …
എന്നാല്‍, വായനക്കാരന്റെ ഇത്തരം ബന്ധങ്ങളൊന്നും നോവലിലൂടെയുള്ള സഞ്ചാരത്തില്‍ പ്രസക്തമല്ല. അത് കാട്ടൂരിന്റെ മാത്രം ചരിത്രമല്ല. കാട്ടൂര്‍ ഏതിടവുമാകാം. അല്ലെങ്കില്‍ കേരളത്തിന്റെ ഒരു ചെറിയ പരിച്ഛേദം. അവിടെയുള്ള മനുഷ്യരുടെ ജീവിതത്തിന്റേയും പോരാട്ടത്തിന്റേയും കഥനം. അടിമുടി രാഷട്രീയമാണ് മനോഹരമായ എഴുത്തിലൂടെ അശോകന്‍ ചരുവില്‍ പറഞ്ഞു വെയ്ക്കുന്നത്.

critical insider എന്ന ഒരു പ്രയോഗം ഇംഗ്ലീഷിലുണ്ട്. ആന്തരിക വിമര്‍ശകന്‍ എന്നു പറയാം. അകത്തേക്ക് നോക്കിയുള്ള കലഹം പുറത്തേക്കുള്ള വഴി തുറക്കലല്ല. കെ എന്ന എഴുത്തുകാരനും ഡി കാട്ടുര്‍ക്കടവും രണ്ടാണോ ഒന്നാണോ എന്ന ചോദ്യവും പ്രസക്തം. നേരത്തെ പറഞ്ഞ , സങ്കല്‍പ്പത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയിലെ വഴുക്കുന്ന വരമ്പിലൂടെയുള്ള യാത്ര തന്നെയാണ് ഡി ക്കും കെയ്ക്കുമിടയിലൂടെ സഞ്ചാരവും.

എഴുത്തുകാരന് കുറച്ചു നിരാശ രോഗമുണ്ടെന്നും എല്ലാ എഴുത്തുകാര്‍ക്കും കുറച്ചൊക്കെ അതുണ്ടെന്ന് തെനാ ദിയര്‍ പറയുന്നുണ്ട്. ഡി യു ടെ ചോദ്യങ്ങള്‍ക്ക് കെ ഉത്തരം കണ്ടെത്തുന്നുണ്ടോ അതോ കുറെ കൂടി സങ്കീര്‍ണ്ണമായ ചോദ്യങ്ങളിലേക്ക് അറിയാതെ വികസിക്കുന്നുണ്ടോ ?

നാടിന്റെ രാഷ്ട്രീയ ചരിത്രം സാംസ്‌കാരിക ചരിത്രം കൂടിയാണ്. ഉപരിഘടന എത്രമാത്രം അടിത്തറയ കൂടി സ്വാധീനിക്കുന്നുവെന്ന കൊസാംബിയുടെ വിശകലനം ദിമിത്രിയുടെ സ്വഭാവരൂപീകരണത്തിലെ ജാതി സംഘര്‍ഷങ്ങള്‍ വായിച്ചപ്പോള്‍ അറിയാതെ ഓര്‍ത്തു പോയി. തന്റെ നാടിന്റേയും പ്രസ്ഥാനത്തിന്റേയും ചരിത്രത്തിനും ആത്മസംഘര്‍ഷങ്ങള്‍ക്കുമൊപ്പം പുതിയ കാലത്തിന്റെ സവിശേഷതകളും കാട്ടൂര്‍ക്കടവില്‍ ഇഴുകി ചേരുന്നു. കഥയെഴുത്തിന്റെ സൗന്ദര്യവും രഷ്ട്രീയവും നോവലെഴുത്തിലും പ്രകടിപ്പിക്കാന്‍ അശോകന്‍ ചരുവിലിന് കഴിഞ്ഞു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.