DCBOOKS
Malayalam News Literature Website

യോഗേന്ദര്‍ സിങ് യാദവ്; ടൈഗര്‍ ഹില്ലിലെ പോരാളി

ലഡാക്കിലെ ദ്രാസ് സെക്ടറിലുള്ള ഏറ്റവും ഉയര്‍ന്ന കൊടുമുടിയായിരുന്നു ടൈഗര്‍ ഹില്‍. സുരക്ഷാപരമായി ഏറെ പ്രാധാന്യമുള്ള ഇടമായിരുന്നു അത്. അവിടെനിന്നു നോക്കിയാല്‍ ശ്രീനഗര്‍-ലേ ദേശീയപാത വ്യക്തമായി കാണാന്‍ കഴിയുമായിരുന്നു. പരിസരം മുഴുവന്‍ നിരീക്ഷിക്കാന്‍ ഇവിടെ നിന്ന് ആകും. കയറി ചെന്നെത്തുക ദുഷ്‌കരമായതുകൊണ്ട് പെട്ടെന്നുള്ള ആക്രമണങ്ങളെ ഭയക്കേണ്ടതുമില്ലായിരുന്നു. ടൈഗര്‍ ഹില്ലിന്റെ പ്രാധാന്യം അറിയാവുന്ന പാക്ക് പട്ടാളക്കാര്‍ അവിടെ നുഴഞ്ഞുകയറി സൈനികപോസ്റ്റ് സ്ഥാപിച്ചു.

ദ്രാസിലെ അവരുടെ സൈനികനീക്കങ്ങള്‍ മുഴുവന്‍ ഈ പോസ്റ്റിനെ കേന്ദ്രീകരിച്ചായിരുന്നു നീങ്ങിയിരുന്നത്. ആ പോസ്റ്റില്‍ നിന്നുകൊണ്ട് പരിസരങ്ങളില്‍ ആക്രമണം നടത്താനും എളുപ്പമായിരുന്നു. ടൈഗര്‍ ഹില്‍ ഒഴിപ്പിക്കാത്തിടത്തോളം ഇന്ത്യയ്ക്ക് ആ മേഖലയില്‍ അനായാസം ഒരു നീക്കവും നടത്താനാകാത്ത സ്ഥിതിയായിരുന്നു. യോഗേന്ദര്‍ ഉള്‍പ്പെടുന്ന ഘട്ടക്ക് പ്ലാറ്റൂണിനായിരുന്നു ടൈഗര്‍ ഹില്ലില്‍നിന്ന് നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിക്കേണ്ട ചുമതല വന്നുചേര്‍ന്നത്. ആക്രമണത്തിന്റെ മുന്നില്‍ നില്‍ക്കാന്‍ തയ്യാറായി യോഗേന്ദര്‍ മുന്നോട്ടുവന്നു. കാര്‍ഗിലില്‍ അതിനകംതന്നെ ഒട്ടേറെ ദൗത്യങ്ങളില്‍ ആ ചെറുപ്പക്കാരന്‍ പങ്കെടുത്തിരുന്നു.

സമുദ്രനിരപ്പില്‍നിന്ന് 16500 അടി ഉയരത്തിലായിരുന്നു ടൈഗര്‍ ഹില്‍ ടോപ്. കുത്തനെയുള്ള കയറ്റം. പാറയും മഞ്ഞും സ്ഥിതി കൂടുതല്‍ ദുഷ്‌കരമാക്കി. മല കയറാന്‍ കയര്‍ ഉറപ്പിച്ചു. വിചാരിച്ചതിലും പ്രയാസമാണ് ഘട്ടക്ക് പ്ലാറ്റൂണിന് ഉണ്ടായത്. കടുത്ത ആക്രമണമായിരുന്നു അവര്‍ക്കു നേരിടേണ്ടിവന്നത്. വെടിയുണ്ടകളും ഗ്രനേഡുകളും റോക്കറ്റുകളും അവരെത്തേടി വന്നു. കമാന്‍ഡറും രണ്ടു സൈനികരും കൊല്ലപ്പെട്ടു. ആരും പതറിപ്പോകുകയും പിന്മാറുകയും ചെയ്യുന്ന ആ സാഹചര്യത്തിലും യോഗേന്ദര്‍ കുലുക്കമില്ലാതെ നിന്നു. പാക്ക് ആക്രമണത്തില്‍ യോഗേന്ദറിനും മുറിവേറ്റിരുന്നു. മൂന്നു വെടിയുണ്ടകളാണ് ശരീരത്തില്‍ തറച്ചത്. എന്നാല്‍ അതില്‍ മനസ്സുകൊടുക്കാതെ ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധിച്ച് പിടിച്ചുകയറിക്കൊണ്ടിരുന്നു. പാക്ക് പോസ്റ്റിലേക്ക് പിടിച്ചുകയറി. പാക്ക് ബങ്കറിലേക്ക് ഗ്രനേഡ് എറിഞ്ഞ് യോഗേന്ദര്‍ നാലുപേരെ കൊലപ്പെടുത്തി. രണ്ടാമത്തെ ബങ്കറില്‍ മൂന്നുപേരെക്കൂടി കൊലപ്പെടുത്തുമ്പോഴേക്കും യോഗേന്ദറിനു പിന്തുണയുമായി രണ്ടു സൈനികര്‍കൂടി കയറിവന്നു.

നേര്‍ക്കുനേര്‍ ആക്രമണമെന്ന അവസ്ഥയായി. വെടിയുണ്ടകള്‍ ഏറ്റിട്ടും യോഗേന്ദര്‍ പാക്ക് സൈനികരെ ആക്രമിച്ചു. ശാരീരികമായ അവശതകളെ നിശ്ചയദാര്‍ഢ്യംകൊണ്ട് മറികടന്നു. ആ ചെറുപ്പക്കാരന്റെ കൂസലില്ലായ്മ പ്ലാറ്റൂണിലുള്ള മറ്റു സൈനികരെയും പ്രചോദിപ്പിച്ചു. പാക്കിസ്ഥാന്‍ ആക്രമണത്തിന്റെ മുനയൊടിച്ച് ടൈഗര്‍ ഹില്‍ ടോപ് പിടിക്കാന്‍ ഇന്ത്യയ്ക്കായത് യോഗേന്ദര്‍ എന്ന പോരാളിയുടെ തളരാത്ത മനസ്സ് ഒന്നുകൊണ്ടുമാത്രമായിരുന്നു. കാര്‍ഗിലില്‍ ഇന്ത്യ നേടിയ വലിയ വിജയങ്ങളിലൊന്നായിരുന്നു ഇത്. പാക്കിസ്ഥാന്റെ എല്ലാ ആക്രമണങ്ങള്‍ക്കും നുഴഞ്ഞുകയറ്റങ്ങള്‍ക്കുമുള്ള ഇന്ത്യയുടെ മറുപടിയായിരുന്നു അത്. ഏത് ഉയരത്തില്‍ പോയി ഒളിച്ചു നിന്ന് യുദ്ധം ചെയ്താലും എതിരാളികളെ പിന്തുടര്‍ന്നു വീഴ്ത്താനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് ഇന്ത്യ തെളിയിച്ച ദിവസമായിരുന്നു അത്.

ആക്രമണത്തില്‍ യോഗേന്ദര്‍ സിങ് യാദവ് മരിച്ചെന്നായിരുന്നു ആദ്യം കരുതിയത്. അപ്പോള്‍ മിലിറ്ററി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ടൈഗര്‍ ഹില്ലിലെ പോരാളി. ചെറുപ്പത്തിന്റെ ആ പോരാട്ടവീര്യത്തെ ആദരിക്കാന്‍ രാജ്യം തെല്ലും മടിച്ചില്ല. പരമോന്നത സൈനികബഹുമതിയായ പരമവീരചക്രമാണ് രാജ്യം യോഗേന്ദറിനു സമ്മാനിച്ചത്. ഈ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളാണ് യോഗേന്ദര്‍.

ഇന്ത്യയുടെ പരമോന്നത സൈനികബഹുമതിയായ പരംവീര്‍ചക്ര ലഭിച്ച കാര്‍ഗില്‍ യുദ്ധനായകന്‍ സുബേദാര്‍ മേജര്‍ യോഗേന്ദര്‍ സിങ് യാദവ് അടുത്തിടെ കേരളത്തിലെത്തിയിരുന്നു. പരമവീരചക്രം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന് വിശേഷണമുള്ള അദ്ദേഹത്തെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളെജില്‍വെച്ചു നടന്ന ചടങ്ങില്‍ ആദരിച്ചിരുന്നു. യോഗേന്ദര്‍ സിങ് യാദവിനെക്കുറിച്ചും പരമവീരചക്രം ലഭിച്ച ഇന്ത്യയിലെ മറ്റു വീരസൈനികരെക്കുറിച്ചും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പരമവീരചക്രം- ഇന്ത്യയുടെ വീരനായകന്മാര്‍ എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാനിനി മുകുന്ദയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.

Comments are closed.