DCBOOKS
Malayalam News Literature Website

പി.എസ്.സി ഓഫീസിനു മുന്നിലെ നിരാഹാര സമരം; കവികള്‍ പങ്കുചേരുന്നു

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയുടെ ചോദ്യങ്ങള്‍ മാതൃഭാഷയിലും കൂടി വേണമെന്ന ആവശ്യം ഉന്നയിച്ച് ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന അനിശ്ചിതകാലനിരാഹാര സമരത്തിന് പിന്തുണയേറുന്നു. സമരത്തോട് പി.എസ്.സി.അധികൃതര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മലയാളത്തിലെ കവികളുടെ കൂട്ടായ്മ കൂടി സമരത്തിന് പിന്തുണയറിയിച്ചിട്ടുണ്ട്. റഫീക്ക് അഹമ്മദ്, എസ്.ജോസഫ്, അനിത തമ്പി, അന്‍വര്‍ അലി, വി.എം.ഗിരിജ, കെ.ആര്‍.ടോണി, മനോജ് കുറൂര്‍, വീരാന്‍കുട്ടി, പി.എന്‍.ഗോപീകൃഷ്ണന്‍, പി.രാമന്‍, അസീം താന്നിമൂട്, ഡി. യേശുദാസ്, ഒ.അരുണ്‍കുമാര്‍, ഡി. അനില്‍കുമാര്‍, രാഹുല്‍ എസ്, സാജോ പനയംകോട്, സച്ചിദാനന്ദന്‍ പുഴങ്കര, ആദില്‍ മഠത്തില്‍, എം.എ.അസ്‌കര്‍, വിജേഷ് എടക്കുന്നി, കാര്‍ത്തിക്.കെ, കളത്തറ ഗോപന്‍, അനു പാപ്പച്ചന്‍, വിനോദ് വെള്ളായണി, സെറീന, ബാലമുരളീകൃഷ്ണ, നാലാപ്പാടം പത്മനാഭന്‍ തുടങ്ങി നിരവധി പേര്‍ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ചോദ്യങ്ങള്‍ മലയാളത്തിലാക്കിയാല്‍ ചോരുമെന്ന പരിഹാസ്യമായ തടസ്സവാദമാണ് പി.എസ്.സി അധികൃതര്‍ മുന്നോട്ടുവെക്കുന്നതെന്നും സ്വന്തം നാട്ടിലെ സര്‍ക്കാര്‍ തസ്തികയിലേക്കു നടക്കുന്ന പി.എസ്.സി.പരീക്ഷയില്‍ മാതൃഭാഷയില്‍ കൂടി ചോദ്യങ്ങള്‍ വേണം എന്ന ആവശ്യമുന്നയിച്ച് ഇങ്ങനെയൊരു പ്രക്ഷോഭം നടത്തേണ്ടി വരുന്നു എന്നതുതന്നെ നാടിന് അപമാനകരമാണെന്നും കവികളുടെ കൂട്ടായ്മ പറയുന്നു.

ആവശ്യങ്ങള്‍ അംഗീകരിച്ച് ഒത്തുതീര്‍പ്പിലെത്താത്ത സാഹചര്യത്തില്‍ ഓണാഘോഷ പരിപാടികള്‍ മാറ്റിവെച്ച് ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ (സെപ്റ്റംബര്‍ 10, 11)  സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് പി.എസ്.സി ഓഫീസിനു മുന്നിലെ ഉപവാസ സമരത്തില്‍ പങ്കുചേരുമെന്നും കൂട്ടായ്മ അറിയിച്ചിട്ടുണ്ട്.

Comments are closed.