DCBOOKS
Malayalam News Literature Website

‘കപാലം’; ഒരു പോലീസ് സര്‍ജന്റെ കുറ്റാന്വേഷണ യാത്രകള്‍

‘ഹരി, അനില്‍ എപ്പോഴാണ് ഉറങ്ങാന്‍ പോയത്? അയാള്‍ എവിടെയാണ് കിടന്നിരുന്നത്?’

‘സര്‍, ആര്‍ക്കും അതിനെക്കുറിച്ച് അറിയില്ല. താഴത്തെ ഒന്നാമത്തെ മുറിയില്‍ കിടന്നുറങ്ങിയ രണ്ടുപേരും ഏഴുമണിയോടെ ഉണര്‍ന്നപ്പോള്‍ അനില്‍ ഡബിള്‍ കോട്ടിന്റെ വലതറ്റത്ത് കമിഴ്ന്നു കിടന്നുറങ്ങുന്നു. ഉടുത്തിരുന്ന കൈലി കഴുത്തുവരെ പുതച്ചിട്ടുണ്ട്. അവന്‍ എപ്പോഴാണ് അവിടെ വന്നുകിടന്നതെന്ന് അവര്‍ക്കറിയില്ല. അവര്‍ അവനെ ഉണര്‍ത്താതെ പ്രഭാതകൃത്യങ്ങളെല്ലാം നിര്‍വ്വഹിച്ചു. ഏഴര മണിയോടെ അവര്‍ അനിലിനെ വിളിച്ചു. അവന്‍ വിളികേള്‍ക്കാത്തതുകൊണ്ട് കുലുക്കിവിളിച്ചു. അവന്റെ ശരീരം തണുത്തിരുന്നു. അവനെ മലര്‍ത്തിക്കിടത്തി. അവന്റെ കണ്ണുകള്‍ മിഴിച്ചിരുന്നു. മൂക്കില്‍നിന്നും ചോരകലര്‍ന്ന വെളുത്ത പത വരുന്നുണ്ടായിരുന്നു. അവര്‍ ഉച്ചത്തില്‍ കൂട്ടുകാരെ വിളിച്ചു. എല്ലാവരും ഓടിവന്നു. ബോട്ടിന്റെ ഡ്രൈവറും ഷെഫും എത്തിയപ്പോള്‍ അവര്‍ ബോട്ട് സ്റ്റാര്‍ട്ട് ചെയ്ത് എറണാകുളത്തേക്കു പുറപ്പെട്ടു. താമസിയാതെ ആശുപത്രിയിലെത്താന്‍ വേണ്ടി മേവര ഫോക്‌ലോര്‍ മ്യൂസിയത്തിനടുത്തുള്ള ജെട്ടിയില്‍ ബോട്ടടുപ്പിച്ചു. അവിടെനിന്നും ഒരു ടാക്‌സി കാറില്‍ കയറ്റി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. കാഷ്വാലിറ്റി ഡോക്ടര്‍ പരിശോധിച്ചിട്ട് മരിച്ചുപോയി എന്നും മരിച്ചിട്ട് ആറു മണിക്കൂര്‍ കഴിഞ്ഞെന്നും പറഞ്ഞു. പൊലീസില്‍ വിവരമറിയിച്ചു. ബോഡി ഫ്രീസറില്‍ സൂക്ഷിച്ചു.’

‘ഇന്‍ക്വസ്റ്റ് കസ്ബാ പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍. പോസ്റ്റ്‌മോര്‍ട്ടം പരിശോധന ഡെപ്യൂട്ടി പൊലീസ് സര്‍ജന്‍ ഷിബു ശ്രീധരന്‍. അവിടംതൊട്ട് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നു…’

(‘കപാല‘ത്തില്‍നിന്നും)

പുസ്തകത്തിന്റെ ആമുഖത്തില്‍ ഡോ. ബി. ഉമാദത്തന്‍ എഴുതിയത്

‘ ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന എന്റെ പുസ്തകത്തിന്റെ ഒരു രണ്ടാം ഭാഗം എന്ന രീതിയില്‍ ഒരു പുസ്തകം എഴുതിയാല്‍ അത് ആവര്‍ത്തനവിരസമാകുമെന്ന് എനിക്കുതോന്നി. അതിനാല്‍ എന്റെ പതിനഞ്ചോളം കേസ്സുകള്‍ക്ക് ഒരു ഫിക്ഷന്റെ പരിവേഷം നല്‍കുവാന്‍ തീരുമാനിച്ചു. അസാധാരണ മരണങ്ങളില്‍ അന്വേഷണം ആരംഭിക്കുന്നത് മൃതദേഹപരിശോധനയില്‍നിന്നാണ്. അതില്‍നിന്നും വെളിവാകുന്ന മരണകാരണവും അനുബന്ധമായ നിരവധി ശാസ്ത്രീയമായ നിഗമനങ്ങളുമാണ് കുറ്റാന്വേഷണത്തിന്റെ നാന്ദി. ഒരു ഫോറന്‍സിക് വിദഗ്ധന്റെ അത്തരം നിഗമനങ്ങളുടെ ചുവടുപിടിച്ച് നിരവധി അന്വേഷണങ്ങളിലൂടെ കുറ്റവാളിയെ കണ്ടെത്തുവാനും അയാളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുവാനും ന്യായപീഠത്തിനു മുന്നിലെത്തിക്കുവാനും അശ്രാന്തപരിശ്രമം നടത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ അനുയായികളുമാണ്. ഫോറന്‍സിക് ശാസ്ത്രകാരന്മാര്‍, വിരലടയാള വിദഗ്ധന്മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍ മുതലായവരുടെ സഹായവും വിജയകരമായ കുറ്റാന്വേഷണത്തിന് അത്യന്താപേക്ഷിതമാണ്. ഇങ്ങനെ എത്രയോ പേരുടെ കൂട്ടായ പരിശ്രമമാണ് ഓരോ അന്വേഷണത്തിനും പിന്നില്‍.

ഫോറന്‍സിക് തെളിവുകളുടെ ചുവടുപിടിച്ച് ഡോ.ബി ഉമാദത്തന്‍ തെളിയിച്ച പതിനഞ്ചു കേസ്സുകളാണ് കഥാരൂപത്തില്‍ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രതത്വങ്ങളും ഒപ്പം ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ അന്വേഷണവഴികള്‍ ഉദ്വേഗജനകമായ വായനാനുഭവം പ്രദാനം ചെയ്യുമെന്ന് തീര്‍ച്ച. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഡോ.ബി.ഉമാദത്തന്റെ കപാലം ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

Comments are closed.