DCBOOKS
Malayalam News Literature Website

ചില ‘തന്റേടി’, ‘നിഷേധി’ വിളികളൊക്കെ ഒരു അംഗീകാരമാണ്!

ലാജോ ജോസിന്റെ ഏറ്റവും പുതിയ നോവല്‍ ‘കന്യാ-മരിയ’ ക്ക് നന്ദിനി ബി നായര്‍ എഴുതിയ വായനാനുഭവം

പതിവിലും നേരത്തേ ഇന്നലെ ഉറങ്ങാനായി കിടന്നു. നേരത്ത കിടക്കുന്ന ദിവസങ്ങളില്‍ എല്ലാം ഉറക്കം വരാറ് വളരെ-വളരെ വൈകിയായിരിക്കും എന്നതാണ് സത്യം.

ഇരുട്ടിന്റെ കനം കൂടി വരുംന്തോറും ഉറക്കവും എന്നില്‍ നിന്നും അകന്നുപ്പോയ്‌കൊണ്ടിരുന്നു. അപ്പോഴാണ് ചുമരില്‍ ഹാങ് ചെയ്തിട്ടിരുന്ന പിസ്ത ഗ്രീന്‍ നിറത്തിലുള്ള ഹാന്‍ഡ് ബാഗിലേക്ക് നോട്ടം ചെന്നെത്തിയത്. ഹാന്‍ഡ് ബാഗ് കണ്ടപ്പോള്‍ തന്നെ ലാജോ ജോസിന്റെ കന്യാ-മരിയയെ ഓര്‍ത്തു.

സാധാരണ വായിച്ചതും വായിക്കാത്തതുമായ എല്ലാ പുസ്തകങ്ങളും മേശയുടെ മുകളില്‍ അടുക്കി-ഒതുക്കി വെക്കാറാണ് പതിവ്. പക്ഷേ ഇന്ന് അതില്‍ ഒരു പുസ്തകത്തിന്റെ അഭാവം ഉണ്ടായിരുന്നു, അത് കന്യാ-മരിയ ആയിരുന്നു.

എന്തുകൊണ്ടോ പുസ്തകങ്ങള്‍ അടുക്കിവെച്ചു കഴിഞ്ഞപ്പോള്‍ കണ്ണില്‍പ്പെട്ട കന്യാ-മരിയ എടുത്ത് ഞാന്‍ എന്റെ റൂമില്‍ ഹാങ് ചെയ്തിരുന്ന ബാഗില്‍ ഭദ്രമായി എടുത്തുവെച്ചിരുന്നു.

Textഅങ്ങനെ എന്റെ കഴിഞ്ഞ ദിവസത്തെ രാത്രി കന്യാ-മരിയയ്ക്ക് ഉള്ളതായി മാറി. പുസ്തക വായന ആരംഭിച്ചപ്പോള്‍ അടുത്ത് അലസമായിവെച്ചിരുന്ന സ്മാര്‍ട്ട് ഫോണില്‍ സമയം നോക്കി, 11.15. വായന ആരംഭിച്ചപ്പോള്‍ എന്തുകൊണ്ടും പുസ്തകം വായിക്കാന്‍ പറ്റിയ സമയം ഇതു തന്നെയെന്ന് തോന്നി.

താളുകള്‍ മറിഞ്ഞു-മറിഞ്ഞുപ്പൊയ്‌ക്കൊണ്ടേ ഇരുന്നു. ഒപ്പം വായനയുടെ വേഗതയും. ചിലപ്പോഴൊക്കെ കന്യാ-മരിയ എന്ന പുസ്തകത്തിലെ കഥാപാത്രങ്ങളിലൂടെയും, കാഴ്ച്ചകളിലൂടെയും, കാഴ്ച്ചപ്പാടുകളിലൂടെയും,പല സന്ദര്‍ഭങ്ങളിലൂടെയും ഞാനും കടന്നുപോകുന്നതുപോലെ തോന്നി. അങ്ങനെ അങ്ങനെ കന്യാ-മരിയയെ ആര്‍ത്തിയോടെ വായിച്ചുകൊണ്ടിരുന്നു. കണ്ണിമകള്‍ ധ്രുതഗതിയില്‍ ചലിക്കുവാന്‍ തുടങ്ങി.

ഹൊറര്‍ സീക്വന്റ്സ് ഇഷ്ട്ടമുള്ള ഒരു വ്യക്തിയെന്ന നിലയില്‍ കന്യാ-മരിയയില്‍ അത്തരമൊരു ഭാഗം എത്തിയപ്പോള്‍ ഞാന്‍ വളരെ ആകാംഷയോടെ ഇരുന്നു. നിര്‍ഭാഗ്യവശാല്‍, സിസ്റ്റര്‍ വിന്‍സിയുടെ ആത്മാവ് സെമിത്തേരിയില്‍ വന്നതും എന്റെ മുറിയിലെ ബള്‍ബ് പെട്ടെന്ന് അണഞ്ഞതും ഒരുപോലെ ആയിരുന്നു. ഞാന്‍ ഒന്ന് അന്ധാളിച്ചുപോയെങ്കിലും ഇത് കറന്റ് പണിമുടക്കിയത് ആണെന്ന് മനസ്സിലായി.

അടുത്ത് കിടന്നിരുന്ന ഫോണ്‍ എടുത്തു സമയം നോക്കിയപ്പോള്‍ 12.38 (നമ്മളെ സംബന്ധിച്ച് 12 മണി കഴിഞ്ഞാല്‍ ആത്മാക്കള്‍ night walkന് ഇറങ്ങുന്ന സമയമാണല്ലോ). ഫോണിലെ ലൈറ്റ് കത്തിച്ചു അങ്ങനെ അല്‍പ്പ സമയം ഇരുന്നു. ആ വെളിച്ചത്തില്‍ വായന തുടരാന്‍ മനസ്സ് പറഞ്ഞെങ്കിലും അതിനു സാധിച്ചില്ല, കാരണം പേടി തന്നെ. അഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ കറന്റ് വന്നു.വായന തുടര്‍ന്നു. വായനയുടെ ലഹരി ആവേശത്തോടെ സിരകളില്‍ ഒഴുകിനടന്നു. അത്രത്തോളം വായനക്കാരെ പിടിച്ചിരുത്താന്‍ സാധിക്കുമായിരുന്നു ലാജോയുടെ കന്യാ-മരിയയ്ക്ക്.

വളരെ സംതൃപ്തിയോടെ വായന അവസാനിപ്പിക്കുവാന്‍ സാധിച്ചു. ‘കഥയ്ക്ക് പിന്നില്‍’ എന്ന ഭാഗം വായിച്ചത് വളരെ രസകരമായി തോന്നി അതേപോലെ തന്നെ ആശ്ചര്യപ്പെടുത്തുകയും ചെയ്തു.
വായന അവസാനിപ്പിച്ചപ്പോള്‍ സമയം 2 മണി കഴിഞ്ഞിരുന്നു.

മരിയയെക്കാളും എനിക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയത് ആഗ്നീറ്റയെയാണ്. ആഗ്നീറ്റ,  ഉറച്ച നിലപാടുകളോട് കൂടിയ, ബോള്‍ഡായ ഒരു പെണ്ണ്. അതുകൊണ്ട് തന്നെ ആഗ്നീറ്റക്ക് മഠത്തില്‍ ഉള്ള മറ്റ് സിസ്റ്റേര്‍സ് ‘തന്റേടി, നിഷേധി’ എന്ന വിശേഷണങ്ങള്‍ കൊടുക്കുന്നതില്‍ അത്ഭുതം ഒന്നും തോന്നാനില്ല.

ഏത് കാലത്തായാലും സ്വന്തം അഭിപ്രായം പറയുന്നതും അതേപോലെ, ശരി ഏത് തെറ്റ് ഏത് എന്ന് ചൂണ്ടികാട്ടുന്ന സ്ത്രീകള്‍ക്ക് എല്ലായിപ്പോഴും സമൂഹം (അതിപ്പോള്‍ വീട്ടില്‍ ആയാലും നാട്ടില്‍ ആയാലും) ചാര്‍ത്തികൊടുക്കുന്ന വിശേഷണങ്ങള്‍ ആണ് തന്റേടി, നിഷേധി എന്നിവയൊക്കെ. എന്നെ സംബന്ധിച്ചു അതൊരു അംഗീകാരമായി മാത്രമേ ഞാന്‍ കാണാറുള്ളൂ.

പുസ്തക വായനയ്ക്ക് ശേഷം, ഉറങ്ങാനായി കണ്ണുകള്‍ അടച്ചു കിടന്നപ്പോള്‍ മനസ്സില്‍ വന്നത് കല്ലറകളുടെയിടയില്‍ നിന്ന് പഴകിദ്രവിച്ച തിരുവസ്ത്രങ്ങളും,ജീര്‍ണ്ണിച്ച ശരീരങ്ങളുമായി ഒട്ടനവധി കന്യാസ്ത്രീകല്‍ ഉയര്‍ന്നു വന്നതും, ജീര്‍ണ്ണിച്ച അനേകം കൈകള്‍ മണ്ണില്‍ ഉയര്‍ന്നുവന്നതുമെല്ലാമായിരുന്നു. അതുകൊണ്ട് തന്നെ ഒരു കണ്ണ് തുറന്ന് വെച്ച് ഉറങ്ങാന്‍ ഉള്ള ടെക്നിക്ക് പഠിച്ചു എന്ന് തന്നെ പറയുന്നതാവും ശെരി. ചുരുക്കി പറഞ്ഞാല്‍ കന്യാ-മരിയ അതുഗ്രന്‍ തന്നെ. ലാജോയുടെ ഓരോ പുസ്തകങ്ങള്‍ വായിച്ചു തീര്‍ക്കുമ്പോഴും അടുത്ത നോവല്‍ ഇനി എന്നായിരിക്കും എന്നാണ് ചിന്തിക്കുക. ഇനി അടുത്ത നോവലിനു വേണ്ടിയുള്ള കാത്തിരിപ്പില്‍.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.