DCBOOKS
Malayalam News Literature Website

രാഷ്ട്രീയത്തിന് വേണ്ടി സിനിമ ഉപേക്ഷിക്കാനും തയ്യാറെന്ന് കമല്‍ഹാസന്‍

ചെന്നൈ: രാഷ്ട്രീയ ജീവിതത്തിന് തടസ്സമായാല്‍ സിനിമാഭിനയം അവസാനിപ്പിക്കുമെന്ന് നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍. രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്തത് വ്യക്തമായ ലക്ഷ്യങ്ങളോടെയാണ്. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ രാഷ്ട്രീയത്തിലേക്കിറങ്ങി എന്നതുകൊണ്ട് ഒരു അവസരവാദിയായി തന്നെ ചിത്രീകരിക്കരുതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ജനങ്ങളോടുള്ള കടപ്പാടാണ് വലുത്. അവര്‍ക്കായി തന്റെ കഴിവിനനുസരിച്ച പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ഹാസന്‍ വ്യക്തമാക്കി.

എല്ലാ തീവ്രവാദങ്ങള്‍ക്കും താന്‍ എതിരാണെന്നും സിനിമയിലൂടെ രാഷ്ട്രീയം പറയുന്നത് തുടരുമെന്നും കമല്‍ഹാസന്‍ സൂചിപ്പിച്ചു. തീവ്രവാദത്തേക്കാള്‍ ഭയക്കേണ്ടത് ഭീകരവാദത്തെയാണ്. ജനങ്ങളുടെ അശ്രദ്ധയാണ് അഴിമതിക്കാരും അലസരുമായ രാഷ്ട്രീയക്കാരെയും ജനങ്ങളെ ദ്രോഹിക്കുന്ന ഭീകരവാദികളെയും സൃഷ്ടിക്കുന്നത്. അതിനാല്‍ അശ്രദ്ധ മാറ്റി നാടിനെ ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചു. എല്ലാ തരത്തിലുളള ഭീകരവാദങ്ങള്‍ക്കും എതിരായി നിലകൊള്ളുന്ന ആളാണ് താന്‍. അത് തുറന്ന് സമ്മതിക്കാന്‍ ഒരു മടിയുമില്ല. ഇതുവരെ അത്തരം നിലപാടുകള്‍ തുറന്നു പറഞ്ഞിരുന്നു. ഇനിയും പറയാന്‍ ഒരു മടിയും ഇല്ല. കമല്‍ഹാസന്‍ പറയുന്നു.

 

 

Comments are closed.