DCBOOKS
Malayalam News Literature Website

‘കളി’ കരുണാകരന്‍ എഴുതിയ കഥ

 

”ഇന്ന് അവള്‍ കയറിയതിനു ശേഷം ഞാന്‍ വേറെ ആരെയും എന്റെ ഓട്ടോവില്‍ കയറ്റിയിട്ടില്ല”, രാഘവന്‍ പറഞ്ഞു. ”നോക്ക്, അവളുടെ മണം ഇപ്പോഴും ഇതിനുളളിലുണ്ട്”

കരുണാകരന്‍
വര: മനോജ് എം. വയനാന്‍

പകലുകളെല്ലാം എല്ലാവര്‍ക്കും ഉള്ളതാണെങ്കില്‍, രാത്രികളെല്ലാം എല്ലാവര്‍ക്കും ഉള്ളതാണെങ്കില്‍, സകല ചരാചരങ്ങളെയും മറച്ചു പിടിച്ച ആ രാത്രി ഞങ്ങള്‍ക്കുവേണ്ടി മാത്രം കരുതിവെച്ചതായിരുന്നു: ഞങ്ങള്‍ക്കുവേണ്ടി മറ്റാരോ, ഒരുപക്ഷെ ദൈവംതന്നെ, കൊത്തിയെടുത്തതായിരുന്നു ആരാത്രി. അങ്ങനെ മാത്രമേ എനിക്ക് ആ രാത്രിയും അതിനുമുമ്പേ വന്ന മറ്റൊരു രാത്രിയും ഇപ്പോള്‍ ഓര്‍ക്കാന്‍ പറ്റുന്നുള്ളൂ. അങ്ങനെയാണ് അന്ന്, രാത്രി വളരെ വൈകി, ഞങ്ങള്‍, രാഘവനും ഞാനും, ‘മിസ്റ്റ്’ എന്ന് പേരുള്ള ആ ബ്യൂട്ടി പാര്‍ലര്‍ തച്ചുപൊളിക്കാനും കൊള്ളയടിക്കാനും എത്തിയത്.

അപ്പുവിനും ഒപ്പം.
അപ്പു രാഘവന്റെ നായയാണ്.

വായക്കു ചുറ്റും കറുപ്പ് നിറമുള്ള, ഉടല്‍ മണ്ണിന്റെ നിറമുള്ള, അപ്പുവിനെ കൊള്ളസംഘത്തിലെ പ്രാധാന അംഗം എന്നാണ് രാഘവന്‍ എനിക്ക് പരിചയപ്പെടുത്തിയത്. ”ഇരുട്ടിലും മണ്ണിലും ഒരുപോലെ അപ്പു അവനെ കാണാതാക്കും”, രാഘവന്‍ എന്നോട് പറഞ്ഞു.

ഞാന്‍ നായയെ നോക്കി.

”അപ്പൂ, നീ റോഡില്‍ പോയി
നില്‍ക്ക്”, രാഘവന്‍ നായയോട് പറഞ്ഞു.

”ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്ക്”.
നായ റോഡില്‍ പോയി നിന്നു.

Pachakuthira July 2021തെരുവിലെ വെളിച്ചത്തില്‍ അതിന്റെ നിഴലും മറ്റൊരു ജന്തുപോലെ ഒപ്പം നിന്നു.

”അപ്പു വെറുമൊരു നായയല്ല”, രാഘവന്‍ എന്നെ നോക്കി ചിരിച്ചു.

ഞാന്‍, പക്ഷെ നായയെ നോക്കിയില്ല.

”എന്താണെന്നുവെച്ചാല്‍ നീ വേഗം ചെയ്യ്” ഞാന്‍ എന്റെ പേടി മറയ്ക്കാതെ രാഘവനോട് പറഞ്ഞു. ”ഇനിയും വൈകിയാല്‍ ഒന്നും നടക്കില്ല”.

ഞാന്‍ വാച്ചില്‍ നോക്കി. സമയം പന്ത്രണ്ട് മണി കഴിഞ്ഞ് ഏഴു മിനിറ്റായിരിക്കുന്നു.

രാഘവന്‍ ധാരാളം സമയമുള്ളപോലെ പാര്‍ലറിന്റെ ഷട്ടര്‍ തുറക്കാനായി നിലത്ത് ഇരുന്നു. ഷട്ടറിന്റെ പൂട്ടില്‍ രണ്ടു കൈകള്‍കൊണ്ടും കൂട്ടിപ്പിടിച്ചു. പൂട്ടില്‍ അവന്റെ വലത്തേ ചെവി ചേര്‍ത്തു. കണ്ണുകള്‍ അടച്ചു. അല്‍പ്പം കഴിഞ്ഞ് പൂട്ട് ഊരി എടുത്ത് നിലത്ത് വെച്ചു. എന്നെ നോക്കി പുഞ്ചിരിച്ചു.

ഇപ്പോള്‍ നായ അവിടേക്ക് ഓടിവന്നു. പൂട്ട് ഒരു കോഴിക്കുഞ്ഞിനെ എന്നപോലെ അതിന്റെ വായിലെടുത്തു. വീണ്ടും റോഡില്‍ പോയി നിന്നു.

ഏതുതരം പൂട്ടും ഒരു തെളിവും ബാക്കി വെയ്ക്കാതെ അപ്പു കോഴിക്കുഞ്ഞിനെപ്പോലെ തിന്നുമെന്ന് രാഘവന്‍ എന്നോട് പറഞ്ഞു.
”കോഴികളുടെ തലകളെക്കാള്‍ അപ്പുവിനിഷ്ടം ഈ പൂട്ടുകളാണ്”.

ഞാന്‍ ഇപ്പോഴും നായയെ നോക്കിയില്ല.

ഒരിക്കല്‍ ഈ പാര്‍ലര്‍ കൊള്ളയടിക്കാന്‍ ഞങ്ങള്‍ രണ്ടുപേരും എത്തുമെന്ന് ഉറപ്പിക്കുന്നത് ഇതിനും വളരെ മുമ്പാണ്. ഒരു വൈകുന്നേരം ആറുമണിയോടെ ഇതേ പാര്‍ലറില്‍ നിന്നും ഇറങ്ങി വന്ന പെണ്ണ്, ആണോ പെണ്ണോ എന്നറിയാന്‍ റോഡിന്റെ ഇപ്പുറത്ത് ഞാനും രാഘവനും കാത്തുനില്‍ക്കുമ്പോള്‍. എനിക്കത് പെണ്ണ് തന്നെയായിരുന്നു. ”അതൊരു വേറെ ജനുസ്സാണ”, രാഘവന്‍ മറ്റൊരു മോഹത്തോടെ പറഞ്ഞു.

ഞാന്‍ അവളെത്തന്നെ നോക്കി ഇരുന്നു. അതിനും മുമ്പ് രാത്രിയിലേക്ക് കലരാനിരിക്കുന്ന ഒരു മണം മറ്റൊരു ഉടലിന്റെ എല്ലാ അടയാളങ്ങളുമായി എന്നെ തൊട്ടുനില്‍ക്കാനും തുടങ്ങിയിരുന്നു.

”ഇന്ന് എന്റ ഓട്ടോയില്‍ കയറിയത് ഒരു ചരക്കാണ്”, ഇതേ പെണ്ണിനെപ്പറ്റി രാഘവന്‍ ഫോണില്‍ വിളിച്ചു പറയുമ്പോള്‍ ഞാന്‍ പട്ടണത്തിലെത്തന്നെ മറ്റൊരു തെരുവിലായിരുന്നു, രണ്ടോ മൂന്നോ ഓട്ടം കഴിഞ്ഞ് റോഡിനരികില്‍ നിര്‍ത്തിയിട്ട ഓട്ടോവിന്റെ പിന്‍സീറ്റില്‍ മയങ്ങുകയായിരുന്നു. ”നിനക്ക് അതിനെ കാണണോ?”, രാഘവന്‍ ചോദിച്ചു.

അന്ന് പകല്‍ തന്റെ ഒട്ടോവില്‍ അങ്ങനെ ഒരാളെ, ആണിനും പെണ്ണിനും ഇടയില്‍ മായുകയും തെളിയുകയും ചെയ്യുന്ന ഒരു പെണ്ണിനെ, രാഘവന്‍ പട്ടണത്തിലെ പാര്‍ലറിലേക്ക് കൊണ്ടുപോകുമ്പോള്‍ അവനറിയാതെതന്നെ ഓട്ടോ പതുക്കെയാവുകയായിരുന്നു എന്ന് രാഘവന്‍ എന്നോട് പറഞ്ഞു. അതുവരെയും പിറകോട്ടു പാഞ്ഞ റോഡ് ഇപ്പോള്‍ തന്റെ പിറകെ തിരിച്ചുവരികയാണ് എന്നും അവനു തോന്നി. രാഘവന്‍ മുമ്പിലെ കണ്ണാടിയിലൂടെ തന്റെ യാത്രക്കാരിയെ നോക്കി ചോദിച്ചു:

”മാഡത്തിനെ ഇവിടെ കണ്ടിട്ടില്ല, ആദ്യമായാണോ ഇവിടെ?”

അവളുടെ മറുപടിക്കായി രാഘവന്‍ കണ്ണാടിയില്‍ത്തന്നെ നോക്കി. അവളുടെ ചുണ്ടുകളില്‍ത്തന്നെ കണ്ണുകള്‍ ഉറപ്പിച്ചു. അവള്‍ പുഞ്ചിരിച്ചു.

”ആദ്യമാവും അല്ലെ മാഡം?” അവളുടെ ചുണ്ടുകള്‍ വെളുപ്പ് കലര്‍ന്ന റോസ് നിറത്തില്‍ പതുക്കെ വിടരുകയായിരുന്നു,

”അതെ”, അവള്‍ പറഞ്ഞു.

അങ്ങനെ ”അതെ” എന്ന് പറഞ്ഞത് അവളും അവനും ഒരുമ്മിച്ചായിരുന്നു. രാഘവന്‍ എന്നോട് പറഞ്ഞു. ആണിനും പെണ്ണിനും ഇടയ്ക്കുള്ള ഒരൊച്ചയായിരുന്നു അത്. ഇപ്പോള്‍ അതേ ഒച്ച, ആണോ പെണ്ണോ എന്ന് തിരിയാതെ, അവന്റെ ഒട്ടോവില്‍ നിശബ്ദമായി സഞ്ചരിയ്ക്കുകയുമായിരുന്നു.

പാര്‍ലറിനു മുമ്പില്‍ ഓട്ടോ നിര്‍ത്തി രാഘവന്‍ തന്റെ യാത്രക്കാരിയെ തിരിഞ്ഞു നോക്കി. ”മാഡം, ഇവിടെ നിന്നും മടങ്ങുന്ന സമയം പറഞ്ഞാല്‍ ഞാന്‍ വീണ്ടും വരാം”. രാഘവന്‍ തന്റെ യാത്രക്കാരിയോടു പറഞ്ഞു. അവളറിയാതെ അവളുടെ മാറിടത്തിലേക്ക് നോക്കി. അവള്‍ കൈയില്‍ കരുതിവെച്ചിരുന്ന രൂപ എടുത്ത് രാഘവന് കൊടുത്തു. ”ആറുമണി കഴിയും”, അവള്‍ പറഞ്ഞു. ”ഞാന്‍ വേറെ ഓട്ടോ പിടിച്ചോളാം”. അവള്‍ രാഘവനെ നോക്കി പുഞ്ചിരിച്ചു. ഓട്ടോവില്‍ നിന്നിറങ്ങി പാര്‍ലറിലേക്ക് നടന്നു.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ജൂലൈ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ  ലക്കം ലഭ്യമാണ്‌

 

Comments are closed.