DCBOOKS
Malayalam News Literature Website

കലാമണ്ഡലം കൃഷ്ണന്‍ നായരുടെ ഓര്‍മകളിലൂടെ…

 

കഥകളിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച പ്രതിഭാധനനായിരുന്നു കലാമണ്ഡലം കൃഷ്ണന്‍ നായര്‍. അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ കഥകളി നടന്മാരില്‍ ഒരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു. കണ്ണൂര്‍ ജില്ലയിലെ ചെറുതാഴത്ത് ജനിച്ച ഇദ്ദേഹം വാരണക്കോട്ടില്ലത്തിന്റെ കീഴിലെ കഥകളിയോഗത്തിലാണ് പഠനം ആരംഭിച്ചത്. അവിടെ നിന്ന് കിട്ടിയ സഹായം കൊണ്ടാണ് തുടര്‍പഠനങ്ങള്‍ പൂര്‍ത്തീകരിച്ചത്.

വള്ളത്തോള്‍ കലാമണ്ഡലം തുടങ്ങിയപ്പോള്‍ വാരണക്കോട് കൃഷ്ണന്‍ എന്ന വിദ്യാര്‍ത്ഥി അവിടെ പഠിക്കാനെത്തി. വടക്കന്‍ ചിട്ടയിലുള്ള പരിശീലനം സിദ്ധിച്ച ശേഷമായിരുന്നു ഗുരു കുഞ്ചുക്കുറുപ്പിന്റെയും പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെയും ശിഷ്യനാവാന്‍ കൃഷ്ണന്‍ എത്തിയത്. കലാമണ്ഡലത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഈ വിദ്യാര്‍ത്ഥി പുറത്തിറങ്ങിയപ്പോള്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ എന്ന മഹാനാടനെയാണ് കേരളത്തിന് ലഭിച്ചത്.

കഥാപാത്രങ്ങളുമായി വളരെവേഗം താദാത്മ്യം പ്രകടിപ്പിക്കാനുള്ള കഴിവ്, ഭാവ രസങ്ങളുടെ ദീപ്തമായ അവതരണം എന്നിവ കൃഷ്ണന്‍ നായരെ മറ്റു കഥകളി നടന്മാരില്‍ നിന്നും വ്യത്യസ്തനാക്കി. പച്ച, മിനുക്ക് വേഷങ്ങളിലായിരുന്നു കൃഷ്ണന്‍ നായരുടെ പ്രാഗത്ഭ്യം. നളചരിതത്തിലെ നളന്‍, ബാഹുകന്‍, നിവാത കവച കാലകേയ വധത്തിലെ അര്‍ജുനന്‍, രുഗ്മാംഗദ ചരിതത്തിലെ രുഗ്മാംഗദന്‍, പൂതനാമോക്ഷത്തിലെയും കൃമ്മീര വധത്തിലെയും ലളിതമാര്‍, സന്താനഗോപാലത്തിലെ കുന്തി തുടങ്ങി കൃഷ്ണന്‍ നായര്‍ അഭിനയ മികവിലേറ്റിയ വേഷങ്ങള്‍ നിരവധിയാണ്. മാണി മാധവ ചാക്യാരുടെ കീഴിലുള്ള കണ്ണ് സാധകവും ഗുരുകുഞ്ചുക്കുറപ്പിന്റെ കീഴിലുള്ള മുഖഭിനയ പഠനവും, ഭാവരസമുഖരാഗ പരിചയവുമാണ് കൃഷ്ണന്‍ നായരെ മികച്ച കഥകളി നടനാക്കിയത്. ആംഗികാഭിനയത്തിന് പ്രാധാന്യം നല്‍കുന്ന വടക്കന്‍ ചിട്ടയില്‍, സാത്വികാഭിനയത്തിന് ഊന്നല്‍ നല്‍കുന്ന തെക്കന്‍ ചിട്ട വിദഗമായി ഉപയോഗിക്കാന്‍ കൃഷ്ണന്‍ നായര്‍ക്ക് കഴിഞ്ഞു.

പ്രേഷകരുമായി എന്നും പ്രത്യേകതരം ആത്മബന്ധം കാത്തുസൂക്ഷിക്കാന്‍ കൃഷ്ണന്‍ നായര്‍ക്ക് കഴിഞ്ഞിരുന്നു. ഡോ.ബി. പത്മകുമാര്‍ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയായിരുന്നു ഇദ്ദേഹത്തിന്റെ പത്‌നി. പ്രമുഖ ചലച്ചിത്രനാടക നടന്‍ കലാശാല ബാബു ഇദ്ദേഹത്തിന്റെ പുത്രനായിരുന്നു. 1970ല്‍ ഇദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. കേന്ദ്ര-കേരള സാഹിത്യ നാടക അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 1990 ഓഗസ്റ്റ് 15നായിരുന്നു കലാമണ്ഡലം കൃഷ്ണന്‍ നായരുടെ അന്ത്യം.

Comments are closed.