DCBOOKS
Malayalam News Literature Website

ടി.എം.കൃഷ്ണയുടെ പുസ്തകപ്രകാശനത്തിന് വേദി അനുവദിച്ചത് കലാക്ഷേത്ര റദ്ദാക്കി

ചെന്നൈ: പ്രശസ്ത സംഗീതജ്ഞനും പ്രഭാഷകനും എഴുത്തുകാരനുമായ ടി.എം.കൃഷ്ണയുടെ പുസ്തകപ്രകാശനത്തിന് വേദി അനുവദിച്ചത് ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷന്‍ റദ്ദാക്കി. ടി.എം.കൃഷ്ണയുടെ സെബാസ്റ്റ്യന്‍ ആന്‍ഡ് സണ്‍സ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് മൃദംഗം മേക്കേഴ്‌സ് എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് കലാക്ഷേത്രയില്‍ നടത്താന്‍ തീരുമാനിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് കലാക്ഷേത്ര ഫൗണ്ടേഷന്‍. സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹികവുമായി സൗഹാര്‍ദ്ദം തകര്‍ക്കാന്‍ സാദ്ധ്യതയുള്ള പരിപാടികള്‍ കലാക്ഷേത്ര ഫൗണ്ടേഷനില്‍ വെച്ച് നടത്താനാവില്ലെന്ന് ഫൗണ്ടേഷന്‍ ഡയറക്ടര്‍ രേവതി രാമചന്ദ്രന്‍ പുസ്തകത്തിന്റെ പ്രസാധകര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

രാഷ്ട്രീയപരമായും വിവാദങ്ങളുണ്ടാക്കുന്നതുമായ ചില കാര്യങ്ങള്‍ പുസ്തകത്തിലുണ്ടെന്നും കത്തിലുണ്ട്. ഓഡിറ്റോറിയം പുസ്തകപ്രകാശനത്തിന് നല്‍കുമ്പോള്‍ ഇക്കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും കത്തില്‍ പറയുന്നു.

അതേസമയം കലാക്ഷേത്രയുടെ തീരുമാനത്തില്‍ സങ്കടവും അത്ഭുതവും തോന്നുന്നുവെന്ന് ടി.എം.കൃഷ്ണ പ്രതികരിച്ചു. കര്‍ണാടക സംഗീതത്തിലെ പ്രാഥമിക താളവാദ്യ ഉപകരണമായ മൃദംഗത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രം പറയുന്നതാണ് സെബാസ്റ്റ്യന്‍ ആന്‍ഡ് സണ്‍സ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് മൃദംഗം മേക്കേഴ്‌സ് എന്ന പുസ്തകം. ദലിത്, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ള ഐതിഹാസിക മൃദംഗം കലാകാരന്‍മാരുടെ ജീവിതമാണ് പുസ്തകം പറയുന്നത്.

Comments are closed.