DCBOOKS
Malayalam News Literature Website

ഒരേ സമയം ചിന്തിപ്പിക്കുകയും പ്രത്യാശയുടെ സുഗന്ധം പരത്തുകയും ചെയ്യുന്ന പുസ്തകം – ദൃശ്യ പത്മനാഭൻ

പുസ്തകം : കൈയൊപ്പിട്ട വഴികൾ ( ഡോ. ദിവ്യ. എസ്. അയ്യർ ഐ. എ. എസ് )

readers reviewഅക്ഷരങ്ങളിലൂടെ എഴുത്തുകാർ കോറിയിടുന്ന വരികൾ എന്തു തന്നെ ആയാലും ആ വരികൾക്ക് വായനക്കാരുടെ മനസ്സിനെ തൊട്ടുണർത്താൻ കഴിയുന്നുണ്ടോ? അല്ലെങ്കിൽ ചിന്തിപ്പിക്കാൻ കഴിയുന്നുണ്ടോ? അതിലൂടെ അവരുടെ വീക്ഷണത്തെ വിശാലമാക്കാൻ കഴിയുന്നുണ്ടോ എന്നതാണ് ഒരു പുസ്തകത്തിൽ ഞാൻ കാണുന്ന മേന്മ. അത്തരത്തിൽ എന്നിലെ വായനക്കാരിയെ ഒരേ സമയം ചിന്തിപ്പിക്കുകയും പ്രത്യാശയുടെ സുഗന്ധം നൽകുകയും ചെയ്ത പുസ്തകമാണ് ഡോ. ദിവ്യ എസ്. അയ്യരുടെ “കൈയൊപ്പിട്ട വഴികൾ “. എഴുത്തുകാരിയുടെ ജീവിതഗന്ധികളായിട്ടുള്ള അനുഭവങ്ങൾ സമൂഹത്തിലേക്ക് സമ്മാനിക്കുകയാണീ പുസ്തകത്തിലൂടെ. ലളിതസുന്ദരമായ ഭാഷയിലെഴുതിയ ഹൃസ്വവും ചിന്തോദ്ദീപകവുമായ പുസ്തകമാണ് 133 പേജുകളുള്ള ഡോ. ദിവ്യ എസ് അയ്യരുടെ “കൈയൊപ്പിട്ട വഴികൾ “. 31 ലേഖനങ്ങളുടെ സമാഹരമാണീ ചെറുപുസ്തകം. ഓർമ്മക്കുറിപ്പുകൾ എന്നോ അനുഭവക്കുറിപ്പുകൾ എന്നോ വിശേഷിപ്പിക്കാൻ കഴിയുന്ന ലേഖനങ്ങൾ. ഇതിലെ ഓരോ ലേഖനങ്ങളും നാരങ്ങമിഠായി നുണച്ചിറക്കുന്ന ലാഘവത്തോടെ അനായാസം നമുക്ക് വായിച്ചു തീർക്കാൻ കഴിയും . ‘ എന്റെ മൽഹാർവാവയ്ക്കും അവന്റെ തലമുറക്കാർക്കും ‘ എന്ന സമർപ്പണത്തോടെയാണ് എഴുത്തുകാരി ഈ പുസ്തകത്തിന്റെ വാതായനങ്ങൾ വായനക്കാർക്ക് മുന്നിലേക്ക് തുറന്നിടുന്നത്. അതുകഴിഞ്ഞു എഴുത്തുകാരിയുടെ വ്യക്തവും സ്പഷ്ഠവുമായ ആമുഖം. അതിൽ എഴുത്തുകാരി തന്റെ ജീവിതഗന്ധിയായ പച്ചയായ അനുഭവങ്ങളെ വായനക്കാർക്ക് മുന്നിൽ തുറന്നിടുന്നതോടൊപ്പം ഈ പുസ്തകത്തിലേക്കുള്ള എഴുത്തുവഴികൾ കൂടി അക്ഷരങ്ങളിലൂടെ അടയാളപ്പെടുത്തുന്നു. ശേഷം മുൻ അംബാസിഡർ ടി. പി ശ്രീനിവാസൻ സാറിന്റെ മുഖവുരയാണ്. എഴുത്തുകാരിയെക്കുറിച്ചും ഈ പുസ്തകത്തെക്കുറിച്ചും വായനക്കാരിൽ ഒരു അവബോധം സൃഷ്ടിക്കുന്ന മുഖവുര. ഡോ. ദിവ്യ. എസ് അയ്യരുടെ ” കൈയൊപ്പിട്ട വഴികൾ ” എന്ന പുസ്തകത്തിന്റെ രത്നച്ചുരുക്കമെന്ന് വേണമെങ്കിൽ അദ്ദേഹത്തിന്റെ മുഖവുരയെ വിശേഷിപ്പിക്കാം. അതു കഴിഞ്ഞാണ് പ്രത്യാശയുടെ പ്രഹേളികയായ 31 ലേഖനങ്ങൾ വരുന്നത്. ശേഷം പുറം ചട്ടയിൽ പുസ്തകത്തിന്റെ ലാളിത്യ ത്തിലേക്ക് ഇറങ്ങിച്ചെന്ന് അതിന്റെ ആത്മാവിനെ തൊട്ടു തലോടുന്ന രീതിയിലുള്ള മലയാളത്തിന്റെ വാനമ്പാടി കെ. എസ് ചിത്രയുടെയും പ്രിയ എഴുത്തുകാരൻ ശ്രീ ബെന്യാമിന്റെയും ആശംസകളായി ലളിതസുന്ദരമായ വാക്കുകളും കാണാം. പുസ്തകത്തിനു ഉതകുന്ന തരത്തിലുള്ള ചെറുകുറിപ്പെന്നു വേണമെങ്കിൽ പറയാം.
ഇതാണ് കൈയൊപ്പിട്ട വഴികൾ എന്ന പുസ്തകത്തിന്റെ ഘടന. ‘ശുഭാരംഭം തുടക്കം മാത്രം ‘ , തുടങ്ങി ‘ദൈവം തൊട്ട വഴികൾ ‘ എന്നിങ്ങനെ നീളുന്ന 31 ലേഖനങ്ങൾ. ഈ പുസ്തകത്തിലെ ഓരോ ലേഖനത്തിനും ഒരു വേറിട്ട ശൈലി അല്ലെങ്കിൽ ഒരു ഘടന കാണാൻ കഴിയും. ഓരോ ലേഖനത്തിന്റെയും ആരംഭത്തിൽ ആ ലേഖനത്തിന്റെ രത്നച്ചുരുക്കമെന്ന് വിശേഷിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള വരികൾ ആദ്യം ഉദ്ധരിച്ച് ശേഷം എഴുത്തുകാരി തന്റെ ജീവിതാനുഭവങ്ങളിലൂടെ മാധുര്യമാർന്ന ബാല്യകാലസ്മരണകളിലൂടെ പറഞ്ഞു പോവുകയാണ് ചെയ്യുന്നത്. ഒടുവിൽ ആ ലേഖനം പ്രതിനിധാനം ചെയ്യുന്ന ആശയവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ കഥകൾ ഒരു ബോക്സിൽ ഒരു സമ്മാനപൊതി പോലെ കൊടുത്തിരിക്കുന്നു. ഇതേ ഘടനയിലൂടെയാണ് ഈ പുസ്തകത്തിലെ 31 ലേഖനകളും വായനക്കാർക്ക് മുന്നിലെത്തുന്നത്. ഈ പുസ്തകത്തിന്റെ ഒരു സവിശേഷതയായി എനിക്ക് തോന്നിയത് ഇതിലെ ഓരോ ലേഖനത്തോടൊപ്പവും കണ്ണിന് ദൃശ്യചാരുതയേകികൊണ്ടുള്ള ലളിതമാർന്ന ചിത്രങ്ങളും കൊടുത്തിരിക്കുന്നുണ്ട് എന്നതാണ്. ആ ചിത്രങ്ങളൊക്കെ തന്നെയും മുന്നോട്ട് വെക്കുന്ന ആശയം ആ ലേഖനത്തിന്റെ കാച്ചിക്കുറുക്കിയ രൂപമാണെന്ന് പറയാമെന്നെനിക്ക് തോന്നുന്നു. അതുകൊണ്ടുതന്നെ ഇതിലെ ഓരോ ലേഖനങ്ങളും വായനക്കാരന്റെ കണ്ണിന് കുളിർമ്മയേകുകയും മനസ്സിന് തൊട്ടുന്നർത്തുമുണ്ട്.
ഇതിലെ ഓരോ ലേഖനങ്ങൾ വായിച്ചു തുടങ്ങുമ്പോഴും നമ്മൾ അറിയാതെ കാലത്തിന്റെ മടിത്തട്ടിലെന്നോ ഉറങ്ങി കിടന്ന ബാല്യകാലസ്മരണകളിലേക്ക് പോവും. ഒരർത്ഥത്തിൽ പറഞ്ഞാൽ നമ്മൾ നമ്മളിലേക്ക് തന്നെയൊന്ന് എത്തിനോക്കും, കഴിഞ്ഞു പോയ മാസ്മരിക ലോകത്തിലേക്കുള്ള വഴികളിൽ.. നിഷ്കളങ്കമായ ഒരുപിടി ഓർമ്മകളുടെ വാതായനങ്ങൾ നാമറിയാതെ ക്ഷണിക്കപ്പെടാത്ത അതിഥിയെപോലെ മനസ്സിലേക്ക് കടന്നു വരുമെന്നതാണ്. ഉദാഹരണമായി ആദ്യത്തെ ലേഖനമായ ‘ശുഭാരംഭം തുടക്കം മാത്രം ‘ എന്ന ലേഖനത്തിൽ എഴുത്തുകാരിയ്ക്ക് തന്റെ അമ്മ പരീക്ഷ ഭീതിയകറ്റാനുള്ള സൂത്രപണിയായി പറഞ്ഞു കൊടുത്ത പോംവഴി കാണാം .. ‘നന്നായി ഉത്തരം അറിയാവുന്ന ചോദ്യം ശരിയായ നമ്പർ ഇട്ട് ആദ്യം എഴുതുകയെന്ന്.. ‘ ഇത് വായിച്ചപ്പോൾ എനിക്ക് എന്റെ വീട്ടിലുള്ളവരെ തന്നെയാണ് ഓർമ്മ വന്നത്.. ഇപ്പോഴും പരീക്ഷയ്ക്ക് പോവുമ്പോൾ വീട്ടിൽ നിന്നും പറയാറുള്ള കാര്യമാണിത്. എല്ലാ മാതാപിതാക്കളും ബാല്യത്തിൽ പരീക്ഷയ്ക്ക് പോവുമ്പോൾ ഇങ്ങനെ പറഞ്ഞു കൊടുത്തിട്ടുണ്ടാവാം. അതുപോലെ കുഞ്ഞു കുഞ്ഞുകാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക, നമ്മൾ നമ്മുടെ പരിചിതമായ ഇടങ്ങളിൽ നിന്നും പുറത്തുകടക്കുക അല്ലെങ്കിൽ മാറിചിന്തിക്കേണ്ടതിന്റെ ആവശ്യകത, നമ്മൾ എന്ത് ചെയ്യുമ്പോഴും നമ്മുടേതായൊരു വ്യക്തിമുദ്ര ഉണ്ടാവണം. കാരണം ഒരു വ്യക്തിയും അല്ലെങ്കിൽ ഓരോ മനുഷ്യനും രൂപം കൊണ്ടും ഭാവം കൊണ്ടും എല്ലാതരത്തിലും വ്യത്യസ്തനാണല്ലോ.. അതുകൊണ്ട് തന്നെ നമ്മൾ എന്ത് ചെയ്യുമ്പോഴും നമ്മുടേതായ കൈയൊപ്പ് ചാർത്താൻ ശ്രമിക്കണം. അത് നമ്മളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കും. കണ്ട് മറന്ന കേട്ട് മടുത്ത സ്ഥിരം പല്ലവിയിൽ നിന്നും എങ്ങനെ വേറിട്ട ശൈലി കൈവരിക്കാമെന്ന് ഓരോ വായനക്കാരന്റെ ഉള്ളിലും ഒരാത്മപരിശോധന നടത്തിയാൽ അത് തന്നെയാണ് ഒരു എഴുത്തുകാരിയുടെ വിജയം.
ഇതിലെ ‘ ചോദിക്കാം ജിജ്ഞാസ എന്ന വരം ‘ എന്ന ലേഖനത്തൽ ജിജ്ഞാസയെക്കുറിച്ചാണ് പറയുന്നത്. ഒരർത്ഥത്തിൽ പറഞ്ഞാൽ ബാല്യത്തിൽ എന്നും നമ്മുടെ കൂടപ്പിറപ്പായി ഉണ്ടാവുന്ന ഒന്നാണല്ലോ കൗതുകം. പോകെ പോകെ കുട്ടി വളർന്നു വരുമ്പോൾ ജിജ്ഞാസ അല്ലെങ്കിൽ കൗതുകം ആ വ്യക്തിയിൽ നിന്നും അന്യമായി പോവുകയാണ് പതിവ്. എന്റെ അഭിപ്രായത്തിൽ പ്രായഭേദമന്യേ മനുഷ്യരിൽ വേണ്ട ഒന്നാണ് ആഴത്തിലുള്ള ജിജ്ഞാസ. ഒരു വ്യക്തിയെ അറിവിലേക്ക് നയിക്കുകയാണ് ജിജ്ഞാസ ചെയ്യുന്നത്. അങ്ങനെ സ്വായത്വമാക്കുന്ന അറിവാണ് പിന്നീട് പല സന്ദർഭങ്ങളിലും നമ്മളിൽ അഭയമായി മാറുന്നത്.
അതുപോലെ മറ്റൊരു ലേഖനത്തിൽ ഭാഷയുടെ അല്ലെങ്കിൽ വാക്കുകളുടെ പ്രാധാന്യത്തെ പറ്റി പറയുന്നുണ്ട്. വാക്കുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്. എന്റെ അഭിപ്രായത്തിൽ വാക്കുകൾ ഒരു വ്യക്തിയെ ഇടിച്ചുതാഴ്ത്തി ഇല്ലായ്മ ചെയ്യാനും പിടിച്ചുയർത്തി ഉണർവ്വേകാനുമുള്ള അദൃശ്യ ശക്തി ഉണ്ടെന്നാണ്. വാക്കുകൾക്കൊണ്ട് ആരെയും വേദനിപ്പിക്കുന്നത് നന്മയല്ല തിന്മയാണെന്നുള്ള തിരിച്ചറിവാകട്ടെ ഈ ലേഖനം. അതുപോലെ മറ്റൊരു ലേഖനത്തിൽ ഒരു വ്യക്തിയുടെ ചുറ്റുപാടുകൾ ആ വ്യക്തിയിൽ പ്രതിനിധാനം ചെയ്യുന്നത് മാനസിക സന്തോഷത്തിന്റെ പൊൻകിരണങ്ങളാണെന്നും, ബാഹ്യ- ആന്തരിക ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചൊക്കെ വിളിച്ചോതുന്നതാണ്.
‘സ്നേഹമെന്ന വജ്രായുധം ‘ എന്ന ലേഖനം എന്നെ ഒരുപാട് ചിന്തിച്ചു എന്ന് വേണമെങ്കിൽ പറയാം. അതിൽ പറയുന്നത് നമ്മളെ നമ്മളായിക്കണ്ടു സ്നേഹിക്കപ്പെടുന്നതാണ് യഥാർത്ഥ സ്നേഹം, അവിടെ തെറ്റ് ചെയ്യുവാൻ പോലും ഒരിടം ഉണ്ട് എന്നൊക്കെ എഴുത്തുകാരി പറഞ്ഞു പോവുന്നുണ്ട്.. എന്റെ അഭിപ്രായത്തിൽ വിജയിച്ചവരെ വാഴ്ത്തിപാടുമ്പോൾ പരാജിതരെ പഴിക്കുന്നത് നമ്മുടെ സമൂഹത്തിൽ എന്നും നിഴലിച്ചു വരുന്ന മനോഭാവമാണല്ലോ…. ഇത്തരത്തിലുള്ള സമൂഹത്തിന്റെ ഇടുങ്ങിയ മനഃശാസ്ത്രം അഴിച്ചു പണിയേണ്ടത്തിന്റെ ഓർമ്മപെടുത്തലാവുന്നു ഈ ലേഖനമെന്നെനിക്ക് തോന്നുന്നു. മറ്റൊരു ലേഖനത്തിൽ ഹൃദയം കൊണ്ട് സമ്മാനിക്കുന്ന സമ്മാനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഒരർത്ഥത്തിൽ പറഞ്ഞാൽ സമ്മാനങ്ങൾ ഇഷ്ടമല്ലാത്ത ആരാണുള്ളത്.. സമ്മാനങ്ങളുടെ വലിപ്പ ചെറുപ്പമല്ല പ്രാധാന്യം, സമ്മാനിക്കുന്ന ആളുടെ മനസ്സിന്റെ അല്ലെങ്കിൽ ഹൃദയത്തിന്റെ വിശാലതയാണ് അവിടെ പ്രാധാന്യം. അതുകൊണ്ടാണ് പല സമ്മാനങ്ങളുടെയും ഓർമ്മകൾ നമ്മെ ഇന്നും താലോലിക്കുന്നത്. അതാണ് ഹൃദയം കൊണ്ട് സമ്മാനിക്കൽ എന്ന് പറയുന്നത്. ഒരു വ്യക്തിക്ക് നമ്മൾ എന്തെങ്കിലുമൊരു സമ്മാനം സമ്മാനിച്ചാലോ അല്ലെങ്കിൽ ആശ്വാസമായി ഒരു നല്ല വാക്ക് സമ്മാനിച്ചാൽ പോലും പലരും പറയുന്നത് കേൾക്കാറുണ്ട് അവൻ / അവൾ സമ്മാനിച്ചത് അല്ലെങ്കിൽ സംസാരിച്ചത് ഹൃദയം കൊണ്ടാണെന്ന്.
ഇതിലെ 31 ലേഖനങ്ങളിലൂടെ കണ്ണോടിക്കുമ്പോഴും വായനക്കാർക്ക് ചിന്തിക്കാനുള്ളൊരിടം നൽകുന്നുണ്ട് എന്നതാണ് ഈ ലേഖനത്തിന്റെ പ്രത്യേകത. അടിസ്ഥാനപരമായി ഈ പുസ്തകം ഓർമ്മ (സ്മൃതി) കളുടെ ചുവടുപിടിച്ചാണ് പോവുന്നത്.

എഴുത്തുകാരി ആമുഖത്തിൽ പറയുന്ന ഒരു വാചകമുണ്ട്.. ‘ പല്ലിക്ക് പാപ്പം ( ആഹാരം ) കൊടുത്തോ ‘ എന്ന് നിഷ്കളങ്കമായി ചോദിക്കുന്ന മൽഹാർ വാവയുടെ വാക്കുകൾ.. ആ വാക്കുകൾ കേവലം മൽഹാർ വാവയുടെ വാക്കുകൾ മാത്രമല്ല.. നിഷ്കളങ്കതയുടെ നിസ്വാർത്ഥരായ ഒരുപറ്റം കൊച്ചു കുഞ്ഞുങ്ങളുടെ വാക്കുകളാണ്.. അതിലൂടെ എഴുത്തുകാരി പറഞ്ഞു പോവുന്ന അർഥതലം വളരെ വലുതാണെന്നെനിക്ക് തോന്നുന്നു. കുഞ്ഞുങ്ങളിലൂടെ മുതിർന്നവർക്കും ഒത്തിരി പഠിക്കാനുണ്ടെന്നാണ് എഴുത്തുകാരി പരോക്ഷമായി പറഞ്ഞു പോവുന്നത്. എന്റെ കാഴ്ചപ്പാടിൽ മരിക്കുന്നതുവരെ ഓരോ മനുഷ്യനും വിദ്യാർത്ഥിയാണ്.. പലരിൽ നിന്നും നമുക്ക് പഠിക്കാനായി പലതുമുണ്ട്. ഒരു വ്യക്തിയും ഈ ഭൂഗോളത്തിൽ പരിപൂർണ്ണനല്ല എന്ന തിരിച്ചറിവാണ് മനുഷ്യന് വേണ്ടത് എന്നെനിക്ക് തോന്നുന്നു. ഇതിലെ 31 ലേഖനങ്ങൾ വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് കടമ്മനിട്ടയെ ഓർമ്മ വന്നു, വള്ളത്തോളിനെ ഓർമ്മ വന്നു എന്തിനേറെ പറയുന്നു..സഹജീവി സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും വക്താവായ ബഷീറിനെ പോലും ഓർമ്മ വന്നു. സ്നേഹത്തിന്റെയും നന്മയുടെയും കരുതലിന്റെയും കരുണയുടെയും സഹവർത്തിത്വത്തിന്റെയും സമത്വത്തിന്റെയും സ്പർശം നമുക്ക് ഈ പുസ്തകത്തിൽ അനുഭവിച്ചറിയാൻ കഴിയും. ചുരുക്കി പറഞ്ഞാൽ എഴുത്തുകാരി സ്വന്തം ജീവിതാനുഭവങ്ങളെയും മറ്റുള്ളവരുടെ അനുഭവങ്ങളെയും സമന്വയിപ്പിച്ചുക്കൊണ്ട് താൻ എന്താണോ അനുവാചകരിലേക്ക് പകർന്നു നൽകാൻ ആഗ്രഹിച്ചിട്ടുള്ള ആശയം അത് വളരെ കൃത്യവും സ്പഷ്ഠവുമായി അറിവിന്റെ മൊഴിമുത്തുകളുടെ അകമ്പടിയാൽ കൂട്ടിയോജിപ്പിച്ചാണ് ഇതിലെ 31 ലേഖനങ്ങളും രചിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഡോ. ദിവ്യ. എസ് . അയ്യരുടെ ” കൈയൊപ്പിട്ട വഴികൾ ” ഒരു പ്രചോദനം എന്നതിലുപരി വായനക്കാരനെ കൂടുതൽ ചിന്തിപ്പിക്കാനും നിരീക്ഷിക്കാനും അന്വേഷണത്തിലേക്കും ആത്മപരിശോധനയിലേക്കും നയിക്കുമെന്ന് ഞാൻ നിസംശയം പറയുന്നു. നമ്മൾ നമ്മളെ തന്നെയൊന്ന് പുതുക്കിപ്പണിയാൻ മുതിരുമെന്നെനിക്ക് തോന്നുന്നു. ഈ പുസ്തകത്തിൽ എഴുത്തുകാരിയുടെ ആത്മാംശം മാത്രമല്ല, ഇത് വായിക്കുന്ന ഓരോ വായനക്കാരുടെയും ആത്മാംശം വീണുകിടപ്പുണ്ട്. എനിക്ക് തോന്നിയ മറ്റൊരു കാര്യമാണ് ഈ പുസ്തകത്തിന്റെ തുടക്കത്തിൽ മൽഹാർ വാവയ്ക്കും അവന്റെ തലമുറക്കാർക്കും വേണ്ടിയാണെന്ന് പറഞ്ഞു വെക്കുന്നുണ്ട് എഴുത്തുകാരി, എന്റെ അഭിപ്രായത്തിൽ ഈ പുസ്തകം എല്ലാ തലമുറക്കാർക്കും പ്രയോജനപ്രഥമാണ് എന്നാണ്. ഈ പുസ്തകത്തിന്റെ അവസാനത്തിന്റെ 3 പേജുകൾ ശൂന്യമായിട്ടാണുള്ളത് അതു വായനക്കാരുടെ ചിന്തയ്ക്കും അന്വേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കുമുള്ള ഇടമായി നമുക്ക് അനുമാനിക്കാം. ഇതിൽ എടുത്തുപറയേണ്ട മറ്റൊന്ന് എഴുത്തുകാരിയുടെ ദീർഘവീക്ഷണമാണ് കാരണം ഇന്നത്തെ പുതുതലമുറയ്ക്ക് ക്ഷമ ശീലം വളരെ കുറവാണു അതുകൊണ്ട് തന്നെ ആശാന്റെ ഖണ്ഡകാവ്യമോ ഷെയ്ക്സ്പീയരുടെ
വാല്യങ്ങളോ
ഒന്നും തന്നെ വായിക്കാനുള്ള ക്ഷമശീലം ഇല്ലെന്ന് തന്നെ പറയാം.. അത് മനസിലാക്കിയാവാം ഇതിലെ ഓരോ ലേഖനങ്ങളും ഹൃസ്വമാക്കിയത്, പുതുതലമുറയെ വായനയിലേക്ക് കൊണ്ടുവരാൻ കൂടിയാവാം ഇങ്ങനെയൊരു രചനാശൈലി എന്നെനിക്ക് തോന്നുന്നു.
ഒരമ്മ കുഞ്ഞിനോട് കഥപറയുന്ന നിഷ്കളങ്കതയും ലാളിത്യവുമുണ്ട് ഇതിലെ ഓരോ ലേഖനങ്ങൾക്കും. വായനയിലുടനീളം എഴുത്തുകാരി വായനക്കാരോടൊപ്പം സഹയാത്രികയായി മാറുന്നതായി നമുക്ക് അനുഭവപ്പെടാം. ഈ പുസ്തകത്തിന്റെ പേര് പോലും വിളിച്ചു പറയുന്നത് പുസ്തകത്തിന്റെ രത്നച്ചുരുക്കമാണെന്നെനിക്ക് തോന്നുന്നു. കാരണം വഴികൾ എന്നത് മുന്നോട്ടുള്ള യാത്ര അല്ലെങ്കിൽ സഞ്ചാരം എന്നാണല്ലോ… അതുകൊണ്ടുതന്നെ ഈ പുസ്തകം വായനക്കാരന്റെ മുന്നോട്ടുള്ള പ്രയാണത്തിലേക്കുള്ള മാർഗദർശി കൂടി ആവുന്നു. സത്യസന്ധതമായ ജീവിതാനുഭവങ്ങളുടെ വിശാലമായ നിരീക്ഷണപാഠങ്ങളുടെ ജീവിതവീക്ഷണങ്ങളുടെ ആഡംബരമുണ്ട് ഇതിലെ ഓരോ വാക്കുകൾക്കും വാചകങ്ങൾക്കും. ലളിത സൗകുമാര്യമാർന്ന ഭാഷയിലെഴുതിയ ഹൃസ്വമായ മൊഴിമുത്തുകളാണ് ഡോ. ദിവ്യ. എസ്. അയ്യരുടെ പുസ്തകം ” “കൈയൊപ്പിട്ട വഴികൾ “.

©Drishya padmanabhan

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.