DCBOOKS
Malayalam News Literature Website

കടലുകളില്ലാതെ അനുഭവിക്കുന്ന കടല്‍മണം!

ഡി സി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തില്‍ സമ്മാനാര്‍ഹമായ റിവ്യൂ

പി എഫ് മാത്യൂസിന്റെ ‘കടലിന്റെ മണം’ എന്ന പുസ്തകത്തിന്  ഷംല എം.കെ. എഴുതിയ വായനാനുഭവം. (ഡി സി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തില്‍ സമ്മാനാര്‍ഹമായ റിവ്യൂ)

“തിരിഞ്ഞു നോക്കിയാൽ പരിപൂർണ്ണമായ ഒരു അബദ്ധം മാത്രമായിരുന്നു ജീവിതം..”

പി എഫ് മാത്യുസിന്റെ  ‘കടലിന്റെ മണം ‘എന്ന നോവലിലെ കഥാപാത്രം കഥയുടെ അന്ത്യത്തിൽ ഇങ്ങനെ ഒരു ചിന്ത അനുവാചകരിലേക്ക് പകർന്നു നൽകുന്നുണ്ട്. അതിലേക്ക് നയിച്ച സാഹചര്യങ്ങൾ പല ജീവിതങ്ങളായി നോവലിൽ ഉടലെടുക്കുന്നു. അതിഗംഭീരം എന്ന വാക്കിൽ പോലും പ്രശംസകുറഞ്ഞു പോകുന്ന അത്യപൂർവ്വമായ ഒരു സൃഷ്ടിയാണ് കടലിന്റെ മണം.

സച്ചിദാനന്ദൻ എന്ന പൊതുമരാമത്തു വകുപ്പ് മേലുദ്യോഗസ്ഥന്റെ അമ്പത്തിമൂന്ന് വർഷമായി തുടരുന്ന ദിനചര്യക്കിടയിൽ അവിചാരിതമായി കടന്നു വരുന്ന ഒരു ഫോൺകാൾ.. പച്ചയും ചുവപ്പും നിറങ്ങളിൽ തെളിയുന്ന ജീവിതം.. ഏത് നിറവും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നിരിക്കെ അയാൾ പച്ച തിരഞ്ഞെടുക്കുന്നിടത്ത് ഈ നോവൽ തുടങ്ങുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ചുവപ്പ് തിരഞ്ഞെടുത്തിരുന്നെങ്കിൽ ഈ നോവൽ ഉണ്ടാകില്ലായിരുന്നു. Textഅതിപ്രധാനമായ ആ തിരഞ്ഞെടുപ്പ് മുതൽ ആകാംക്ഷയുടെ തിരിയും തെളിച്ചു വായനക്കാർ സച്ചിദാനന്ദനെ പിന്തുടരും. കഥയുടെ അന്ത്യത്തിൽ ഇനിയൊരു തുടർച്ചയില്ലെന്നോണം ചുവപ്പ് തിരഞ്ഞെടുത്ത് കഥ അവസാനിപ്പിക്കുകയും ചെയ്യുന്നു.

സഹോദരൻ അടിച്ചേൽപ്പിച്ച നിർബന്ധിതജീവിതം ദുരന്തമായി മാറിയപ്പോൾ കുഞ്ഞിനെ വളർത്താനായി ശരീരംവിറ്റു ജീവിക്കേണ്ടി വന്ന സഫിയ എന്ന കഥാപാത്രം കഥയിൽ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായി ആദ്യം മുതൽ അവസാനം വരെ നിലനിൽക്കുന്നു. സഫിയയുടെ വരവോടെ ഗതിമാറുന്ന അനേകം ജീവിതങ്ങൾ.. സച്ചിദാനന്ദന്റെ മകളായ മായ ശക്തമായ കഥാപാത്രമായി കഥാഗതിയിൽ നിർണ്ണായക പങ്കു വഹിക്കുന്നു. മാറിവരുന്ന പെണ്മനസ്സുകളുടെ പ്രതീകങ്ങളാണ് മായയും സഫിയയും.എന്നാൽ സ്ത്രീയെ സമൂഹത്തിന്റെ ഇടുങ്ങിയ കാഴ്ച്ചപ്പാടുകളിലേക്ക് ഒതുക്കി നിർത്തുന്ന പിന്തിരിപ്പൻ തത്വങ്ങളോട് പ്രാതിനിധ്യം പ്രാപിച്ചവരായി സുലേഖയും ചിന്നമ്മയും ജീവിതത്തിലേക്ക് നോക്കി പകച്ചു നിൽക്കുന്നു. ഒടുവിൽ സഹനത്തിന്റെ സർവ്വ സീമയും കടന്നു ഉന്മാദത്തിന്റെ ആഴങ്ങളിലേക്ക് ആ അമ്മമാർ ഇറങ്ങിപ്പോകുമ്പോൾ വായനക്കാരിൽ നോവിന്റെ കടലിരമ്പുന്നുണ്ട്.

അതിസൂക്ഷ്മമായ ഓരോ കഥാപാത്രനിർമ്മിതിയുടെയും ചിന്താമണ്ഡലത്തിലൂടെ നീങ്ങുന്ന നോവൽ മനുഷ്യൻ ഒന്നല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ വെറും നിസ്സഹായരാണെന്ന് ബോധ്യമാക്കുന്നു. അത്കൊണ്ട് തന്നെ ഓരോ കഥാപാത്രത്തിന്റെയും മാനസികാവസ്ഥ പെട്ടെന്ന് അനുവാചകർക്ക് മനസ്സിലാക്കാനും സാധിക്കുന്നു. പേര് പോലും വെളിപ്പെടുത്താതെ കടന്നു വരുന്ന ‘ഞാൻ ‘എന്ന കഥാപാത്രം യാഥാർത്ഥ്യത്തിനും മിഥ്യയ്ക്കും ഇടയിലുള്ള മായക്കാഴ്ചകളാണ് ചിലപ്പോഴൊക്കെ ജീവിതം എന്ന സത്യം വെളിപ്പെടുത്തുന്നു.

പുറമേക്ക് ശാന്തവും സുന്ദരവുമായി കാണുന്ന മനുഷ്യമനസ്സുകൾ കലുഷിതമായ കടലാഴങ്ങൾ ആണെന്നും അവയിൽ നിന്നും വമിക്കുന്ന ഗന്ധം കടലിന്റെ മണം പോലെ നിഗൂഢമാണെന്നും എഴുത്തുകാരൻ പറഞ്ഞുവെക്കുന്നു. ഈയടുത്ത കാലത്ത് ഇത്രമേൽ ഹൃദയത്തെ സ്വാധീനിക്കുകയും അസ്വസ്ഥതപ്പെടുത്തുകയും ചെയ്ത ഒരു നോവൽ ഉണ്ടായിട്ടില്ല. അത്കൊണ്ട് തന്നെയാവും ഇടയ്ക്ക് വായന നിർത്തി വെക്കുമ്പോൾ ബാക്കി അറിയാനുള്ള ജിജ്ഞാസ എന്നെ ഭരിച്ചത്… ഉറക്കത്തിൽ പോലും കഥാപാത്രങ്ങൾ മനസ്സിൽ നിന്നിറങ്ങാതെ എന്നെ പിന്തുടർന്നത് .
കടൽ പോലെ വിശാലമേറിയതും ആഴമേറിയതുമായ മനുഷ്യജീവിതങ്ങളിലൂടെ അധികാര അടിമത്ത വ്യവസ്ഥിതികളോടും ആധുനിക വത്കരണത്തിന്റെ പൊയ്മുഖങ്ങളോടും ഗരിമയൊട്ടും ചോരാതെ എഴുത്തുകാരൻ പ്രതികരിക്കുന്നു.

കടലിന്റെ ഒരു തുണ്ട് പോലും പശ്ചാത്തലത്തിൽ നീട്ടാതെ പല കഥാസന്ദർഭങ്ങളിലും കടലിന്റെ നിഗൂഢമായ മണം വായനക്കാർക്കായി ഒരുക്കി വച്ചിട്ടുള്ള ഈ നോവൽ മികച്ച ആഖ്യാനരീതി കൊണ്ട് അവസാനം വരെ ജിജ്ഞാസയും ഉദ്വേഗവും നിലനിർത്തുന്നുണ്ട്. ലൈംഗിക തൊഴിലാളികളെ എക്കാലവും നികൃഷ്ടരായി കാണുന്ന സാമൂഹിക വ്യവസ്ഥിതിയിലേക്ക്, സഫിയയെ പോലെയുള്ള ഒരു കഥാപാത്രത്തെ അനിഷ്ടത്തിന്റെയോ വെറുപ്പിന്റെയോ ഒരു കണിക പോലും വായനക്കാരിൽ നിറയ്ക്കാതെ അവതരിപ്പിച്ച എഴുത്തുകാരന്റെ കഴിവ് പ്രശംസനീയം തന്നെയാണ്. ലളിതവും സുന്ദരവുമായ ഭാഷയാൽ സമ്പന്നമായ ഈ മനോഹരനോവൽ മലയാളസാഹിത്യത്തിനു ഒരു മുതൽക്കൂട്ട് തന്നെയാണ്.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.