DCBOOKS
Malayalam News Literature Website

കടലിൽ പണിയെടുക്കുന്നവരുടെ അനുഭവങ്ങൾ ഉൾക്കൊള്ളുന്ന എഴുത്തുകളാണ് കടലെഴുത്തുകൾ: അനിൽ കുമാർ

കുറച്ചുകാലമേ ആയിട്ടുള്ളൂ കടലെഴുത്ത് എന്ന പ്രയോഗം കേട്ട് തുടങ്ങിയിട്ട്. സമാനമായിട്ട് കടലിനെ കേന്ദ്രീകരിക്കുന്ന കടലിൽ നിന്നും നോക്കുന്ന കടലിൽ പണിയെടുക്കുന്നവരുടെ അനുഭവങ്ങൾ ഉൾക്കൊള്ളുന്ന എഴുത്തുകളെയാണ് നമ്മൾ കടലെഴുത്തുകൾ എന്ന് പറയുന്നത്. ഈ എഴുത്ത് അതിനകത്തെ പ്രാധിനിത്യ സമത്വനീതിയെക്കുറിച്ച് സൂചിപ്പിക്കുന്നു. ഈ സന്ദർഭത്തെ പ്രക്ഷോഭവൽക്കരിച്ച് കടൽത്തീര സാഹിത്യത്തെ പ്രാദേശികതയുടെ കടൽത്തീര ഭാവത്തെ കുറിച്ച് സംസാരിക്കുന്ന കടലെഴുത്ത് എന്ന സമീപനത്തെ എങ്ങനെയാണ് കാണാൻ സാധിക്കുന്നത് എന്ന് മോഡറേറ്റർ ചോദിക്കുകയുണ്ടായി. ലോക സാഹിത്യത്തിലെ ഒരു അടയാളമായി കാണപ്പെടാവുന്ന ഒന്ന് തന്നെയാണ് കടൽ സാഹിത്യമെന്നും മലയാളഭാഷ ഇതുവരെ കാണാത്ത പ്രമേയം കൊണ്ടുവരാൻ ഇതിന് സാധിച്ചുവെന്നും ഡോ. അനിൽകുമാർ മറുപടി പറഞ്ഞു. കടലിന്റെ തുടുപ്പുകളെ ഒപ്പിയെടുത്ത് എഴുതുന്നത് അസാധ്യമാണ്. സാഹിത്യകാരന്മാർക്ക് പോലും അതിനെ കീഴ്പ്പെടുത്തുവാൻ സാധിക്കില്ല എന്ന് സോമൻ കടലൂർ പറഞ്ഞു.

സാഹിത്യ ലോകത്ത് വർത്തമാനകാലത്തിൽ കടലിനും കടലെഴുത്തുകൾക്കും പ്രാധാന്യം നൽകുന്നില്ല. പതിനെട്ടാം നൂറ്റാണ്ടിൽ അതിന് കിട്ടിയ പ്രാധാന്യം പോലും ഇന്നില്ല എന്ന് അദ്ദേഹം പറയുകയുണ്ടായി. കടലെഴുത്തുമായി ബന്ധപ്പെട്ടിട്ടുള്ള സാമുദായികതയെ കുറിച്ച് അനിൽകുമാറും അധികാര വിമർശനമായി സോമൻ കടലൂരും മറ്റു സാഹിത്യങ്ങൾക്ക് കിട്ടുന്ന പ്രാധാന്യം എന്തുകൊണ്ട് കടലെഴുത്ത് കൃതികൾക്ക് കിട്ടുന്നില്ല എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് ഫ്രാൻസിസ് നൊറോണയും ചർച്ച അവസാനിപ്പിച്ചു.

Comments are closed.