DCBOOKS
Malayalam News Literature Website

12-ാം വയസ്സിൽ ‘പ്രഹ്ലാദചരിതം’; കെ. സി. കേശവപിള്ളയെ ഓര്‍ക്കുമ്പോള്‍

ചിത്രത്തിന് കടപ്പാട്
ചിത്രത്തിന് കടപ്പാട്

 

‘പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കാന്‍ കഴിവുള്ളവണ്ണം
ദീര്‍ഘങ്ങളാം കരങ്ങളെ നല്‍കിയത്രേ
മനുഷ്യനെ പാരിലയച്ചദീശന്‍’

സരസഗായകകവിമണി കെ. സി. കേശവപിള്ളയുടെ ചരമവാര്‍ഷികദിനമാണ് ഇന്ന്. കേശവീയം മഹാകാവ്യത്തിന്‍റെ കര്‍ത്താവായ കൊല്ലം പരവൂര്‍ സ്വദേശി കെ.സി.കേശവപിള്ള മലയാളത്തിലെ മഹാകവി മാത്രമായിരുന്നില്ല പ്രതിഭാധനനായ സംഗീതജ്ഞന് കൂടിയായിരുന്നു.

1868 ഫെബ്രുവരി 4-ന് കൊല്ലത്തിനടുത്ത് പരവൂരിൽ ജനനം. അമ്മയായ ലക്ഷ്മിയമ്മയുടെ വീട്ടുകാർക്ക് തിരുവിതാംകൂർ മഹാരാജാവ് നല്കിയ ബിരുദമാണ് കണക്കു ചെമ്പകരാമൻ. ഇതിന്റെ ചുരുക്കമാണ് കെ.സി. കേശവപിള്ളയിലെ കെ.സി. മലയാളം പാഠശാലയിലെ പഠനാനന്തരം വ്യാകരണത്തിലും സംസ്കൃതത്തിലും കാവ്യനാടകാദികളിലും വ്യുൽപത്തി നേടി. സുഹൃത്തുക്കളുടെ സഹായത്തോടെ ഇംഗ്ലീഷ് ഭാഷയും വശമാക്കി. കുറെക്കാലം അധ്യാപകനായി ജോലി നോക്കി. 12-ാം വയസ്സിൽ കേശവപിള്ള രചിച്ച ആട്ടക്കഥയാണ് പ്രഹ്ലാദചരിതം. ഹിരണ്യാസുരവധം, ശൂരപത്മാസുരവധം, ശ്രീകൃഷ്ണ വിജയം എന്നീ ആട്ടക്കഥകളും രചിച്ചിട്ടുണ്ട്.

കോട്ടയത്ത് കവിസമാജത്തിനുപോയ വിശേഷങ്ങൾ വർണ്ണിക്കുന്ന കവി സമാജയാത്രാശതകവും കൊല്ലം പ്രദർശനവർണ്ണനം മണിപ്രവാള കാവ്യവും ചരിത്രപ്രാധാന്യമുള്ള കൃതികളാണ്. മലയാള സാഹിത്യലോകത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ സാഹിത്യസംവാദമായിരുന്നു ദ്വിതീയാക്ഷരപ്രാസം. ഇതിൽ മുഖ്യ പങ്കുവഹിച്ച കെ.സി. രചിച്ച മഹാകാവ്യമാണ് കേശവീയം. പാർവ്വതീസ്വയംവരം അജ്ഞാനപ്പാട്ട്, രുഗ്മിണീ സ്വയംവരം കമ്പടികളിപ്പാട്ട്, വ്യകാസുരവധം വഞ്ചിപ്പാട്ട്, സുരതവിധിപാന എന്നിവയും കെ.സി.യുടെ രചനകളാണ്.

ആസന്ന മരണചിന്താശതകം, ശ്രീകാശിയാത്രാശതകം, ശാന്തി വിലാസം, ഷഷ്ടിപൂർത്തി ഷഷ്ടി മാനസോല്ലാസം, സാഹിത്യവിലാസം എന്നിവ അദ്ദേഹത്തിന്റെ ഖണ്ഡകാവ്യങ്ങളാണ്. രാഘവാധവം, ലക്ഷ്മികല്യാണം, സദാരാമ, വിക്രമാർവ്വശീയം എന്നീ നാടകങ്ങളും സന്മാർഗ്ഗ കഥകൾ, മാലതി എന്നീ കഥാസമാഹാരങ്ങളും രചിച്ചിട്ടുണ്ട്.

ഭാഷാനാരായണിയരചനയ്ക്ക് മൂലം തിരുനാൾ മഹാരാജാവിൽനിന്നും ദീഖചിതമായ മോതിരം സമ്മാനമായി ലഭിച്ചു. സുഭാഷിത രത്നാകര രചനയ്ക്ക് വീരശൃംഖലയും ലഭിച്ചു. ഇദ്ദേഹത്തിനു ലഭിച്ച ഏറ്റവും വലിയ സമ്മാനമായി കണക്കാക്കപ്പെടുന്നത് കേരളവർമ്മ വലിയ കോയിത്തമ്പുരാനിൽനിന്നും ലഭിച്ച സരസഗായകകവിമണി എന്ന വിശേഷണമാണ്. 1913 സെപ്തംബർ 4-ന് കെ. സി. കേശവപിള്ള അന്തരിച്ചു.

Comments are closed.