DCBOOKS
Malayalam News Literature Website

അയ്യപ്പപ്പണിക്കരുടെ ‘കവിതകള്‍ സമ്പൂര്‍ണ്ണം’; നവതി പതിപ്പായി പ്രസിദ്ധീകരിക്കുന്നു

“നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെയിരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ”

മലയാളത്തിന്റെ കാവ്യസ്വരം അയ്യപ്പപ്പണിക്കരുടെ നവതിയാണ് സെപ്തംബര്‍ 12.
മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്ന ഡോ.അയ്യപ്പപ്പണിക്കരുടെ  ‘കവിതകള്‍ സമ്പൂര്‍ണ്ണം’; നവതി പതിപ്പായി ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു .  മലയാള കവിതയിലെ ആധുനികതാ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായ ഡോ.കെ. അയ്യപ്പപ്പണിക്കരുടെ നവതി ആഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേഹത്തിന്റെ കവിതകളുടെ സമ്പൂര്‍ണ്ണ സമാഹാരം  നവതി പതിപ്പായി ഡിസി ബുക്‌സ് രണ്ട് വാല്യങ്ങളിലായി പുറത്തിറക്കുന്നത്.

അയ്യപ്പപ്പണിക്കരുടെ കവിതകള്‍ മലയാളത്തിന് നല്‍കിയത് നവഭാവുകത്വവും സംവേദനത്തിലെ സാധാരണത്വവുമാണ്. ചൊല്ലിത്തീരുന്നതിനു മുന്‍പ് ആസ്വാദകനെ കവിതയുടെ ഭാഗമാക്കി മാറ്റുന്ന ചാരുതയാര്‍ന്ന കലാവിരുന്നിന് അയ്യപ്പപ്പണിക്കരുടെ കവിതകള്‍ ഉദാഹരണങ്ങളാണ്.കാലത്തോടൊപ്പം സഞ്ചരിച്ച അയ്യപ്പപ്പണിക്കര്‍ മലയാളകവിതയ്ക്ക് ആധുനികതയും ഉത്തരാധുനികതയും കൊണ്ടുവന്നു.നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. മലയാള കവിതയെ ആധുനികതയിലേക്കും ഉത്തരാധുനിക കവിതയിലേക്കും കൈപിടിച്ചു നടത്തിയത് അയ്യപ്പപ്പണിക്കരാണെന്നു പറയാം.

1960-ൽ ദേശബന്ധു വാരികയിൽ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് മലയാള ആധുനിക കവിതയുടെ ആധാരശില. സർവ്വേന്ദ്രിയസ്പർശിത്വമാണ് കാവ്യാനുഭൂതിയുടെ കാതൽ എന്നെഴുതിയ അയ്യപ്പപ്പണിക്കരുടെ ഓരോ കവിതയും പിന്നീട് മലയാള കവിതയ്ക്ക് നവീനഭാവുകത്വത്തിലേക്കുള്ള മുന്നേറ്റങ്ങളായി.

കവിതയെ പുനര്‍നിര്‍വചിച്ച, കവിയും ദാര്‍ശനികനുമായി ജീവിച്ച അയ്യപ്പപ്പണിക്കരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഡിസി ബുക്‌സിന്റെ ആദരം, ‘ഡോ.അയ്യപ്പപ്പണിക്കരുടെ ‘കവിതകള്‍ സമ്പൂര്‍ണ്ണം’

Comments are closed.