DCBOOKS
Malayalam News Literature Website

ജോര്‍ജ്ജ് ബര്‍ണാര്‍ഡ് ഷായുടെ ജന്മവാര്‍ഷികദിനം

july-26പ്രശസ്ത ആംഗ്ലോഐറിഷ് നാടകകൃത്താണ് ജോര്‍ജ്ജ് ബര്‍ണാര്‍ഡ് ഷാ. സാഹിത്യസംഗീത മേഖലകളില്‍ വിമര്‍ശനാത്മകമായ ലേഖനങ്ങളെഴുതി സാഹിത്യലോകത്ത് പ്രവേശിച്ച അദ്ദേഹം,അറുപതിലധികം നാടകങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി.വിദ്യാഭ്യാസം, വിവാഹം ,മതം ,ഭരണസംവിധാനം, ആരോഗ്യം, സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ എന്നിങ്ങനെ സാമൂഹ്യജീവിതത്തിന്റെ എല്ലാമേഖലകളെയും ഹാസ്യാത്മകമായി വിമര്‍ശിക്കുന്ന ശുഭപര്യവസായികളായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍.

1856 ജൂലൈ 26ന് അയര്‍ലന്റിലെ ഡബ്ലിന്‍ നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. അച്ഛന്‍ ജോര്‍ജ്ജ് കര്‍ ഷാ ഡബ്ലിന്‍ കോടതിയിലെ ജീവനക്കാരനായിരുന്നു.ഉദ്യോഗത്തില്‍ നിന്നു വിരമിച്ച ശേഷം അദ്ദേഹം ധാന്യവ്യാപാരത്തില്‍ പ്രവേശിച്ചുവെങ്കിലും വിജയിക്കാനായില്ല. അമ്മ ലൂസിന്‍ഡ എലിസബത്ത് ഷാ. ബെര്‍ണാഡ് ഷായ്ക്ക് രണ്ടു സഹോദരിമാരുണ്ടായിരുന്നു. ഡബ്ലിനിലായിരുന്നു ഷായുടെ ആദ്യകാല വിദ്യാഭ്യാസം.ഡബ്ലിന്‍ ഇംഗ്ലീഷ് സയന്റിഫിക് ആന്റ് കൊമേഴ്‌സ്യല്‍ ഡേ സ്‌കൂളില്‍ പതിനഞ്ചാം വയസ്സില്‍ അദ്ദേഹത്തിന്റെ ഔപചാരികവിദ്യാഭ്യാസം അവസാനിച്ചു. അശാസ്ത്രീയമായ വിദ്യാഭ്യാസസമ്പ്രദായത്തെക്കുറിച്ച് ഷാ എന്നും തീവ്രമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള തന്റെ നിഷേധാത്മക നിലപാട് Cashel Byron’s Profession എന്ന നോവലിലും ഷാ വെളിപ്പെടുത്തിയിട്ടുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തിലെ പാഠ്യപദ്ധതികള്‍ ആത്മാവിനെ കൊല്ലുകയും ബുദ്ധിയെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 1876 ഏപ്രില്‍ മാസത്തില്‍ അദ്ദേഹം ലണ്ടനിലെത്തി.അവിടെ വച്ച് സാഹിത്യത്തില്‍ കൂടുതല്‍ തത്പരനായ ബര്‍ണാഡ് ഷാ സ്റ്റാര്‍ എന്ന ഇംഗ്ലീഷ് സായാഹ്ന ദിനപ്പത്രത്തില്‍ സംഗീതസംബന്ധിയായ ലേഖനങ്ങളെഴുതാനാരംഭിച്ചു. പിന്നീട് സാറ്റര്‍ഡേ റിവ്യു എന്ന വാരികയില്‍ അക്കാലത്തെ പ്രമുഖ നാടകങ്ങളെ വിമര്‍ശിച്ചും അദ്ദേഹം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

1884 സെപ്റ്റംബറില്‍ ലണ്ടനില്‍ വച്ച് പ്രശസ്ത അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞന്‍ ഹെന്റി ജോര്‍ജ്ജ് നടത്തിയ പ്രസംഗം അദ്ദേഹത്തെ ഫാബിയന്‍ സൊസൈറ്റിയിലേക്ക് ആകര്‍ഷിച്ചു. സാവധാനപരിവര്‍ത്തനത്തിലൂടെ സോഷ്യലിസം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ 1884ല്‍ നിലവില്‍ വന്ന പ്രസ്ഥാനമായിരുന്നു ഫാബിയന്‍ സൊസൈറ്റി.

1879നും 1883നും ഇടയില്‍ ബെര്‍ണാഡ് ഷാ ഏതാനും നോവലുകള്‍ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ നോവലുകള്‍ വേണ്ടത്ര ജനശ്രദ്ധ നേടിയില്ല. 1885 മുതല്‍ അദ്ദേഹം നാടകരചനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി.1892ലാണ് അദ്ദേഹത്തിന്റെ ആദ്യ നാടകം Widower’s Houses അരങ്ങിലെത്തിയത്.ലണ്ടനിലെ ചേരികളിലെ സാധാരണക്കാരുടെ ജീവിതമായിരുന്നു പ്രസ്തുത നാടകത്തിന്റെ പ്രമേയം. ആദ്യ നാടകത്തിനുശേഷം ഒരു ദശാബ്ദം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തിലെ ശക്തമായ സാന്നിദ്ധ്യമായി മാറി.അറുപത്തിമൂന്നു നാടകങ്ങള്‍ക്കുപുറമേ നിരവധി നോവലുകളും ലേഖനങ്ങളും ലഘുലേഖകളും 2,50,000ത്തോളം എഴുത്തുകളും അദ്ദേഹത്തിന്റേതായുണ്ട്.

1895ല്‍ ഫാബിയന്‍ സൊസൈറ്റിയിലെ തന്റെ സഹപ്രവര്‍ത്തകരായിരുന്ന സിഡ്‌നി വെബ് ,ബിയാട്രിസ് വെബ്, ഗ്രഹാം വല്ലസ് എന്നിവരുമായിച്ചേര്‍ന്ന് ബെര്‍നാര്‍ഡ് ഷാ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് സ്ഥാപിച്ചു.ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ ലൈബ്രറിയില്‍ ഷായുടെ ബഹുമാനാര്‍ഥം ഇന്നും അദ്ദേഹത്തിന്റെ കൃതികളുടെയും ചിത്രങ്ങളുടെയും ഒരു ശേഖരം സൂക്ഷിച്ചിരിക്കുന്നു.1925ല്‍ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.1931മുതല്‍ 1936 വരെ അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് നിരവധി പ്രഭാഷണങ്ങള്‍ നടത്തി.1938ലെ മികച്ച തിരക്കഥയ്ക്കുള്ള അക്കാദമി പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചു. 1943 സെപ്റ്റംബര്‍ 12ന് ഷാര്‍ലറ്റ് ഷാ അന്തരിച്ചു.

അവസാനകാലം ‘ഷാസ് കോര്‍ണറി’ലാണ് അദ്ദേഹം ചിലവഴിച്ചത്.1950 നവംബര്‍ 2ന് 94ആം വയസ്സില്‍ വൃക്കസംബന്ധമായ അസുഖം ബാധിച്ചായിരുന്നു ബര്‍ണാഡ് ഷായുടെ അന്ത്യം. അദ്ദേഹത്തിന്റെ ചിതാഭസ്മം പത്‌നി ഷാര്‍ലറ്റ് ഷായുടേതിനൊപ്പം ഷാസ് കോര്‍ണറിലെ പൂന്തോട്ടത്തില്‍ വിതറി.

Comments are closed.