DCBOOKS
Malayalam News Literature Website

ജെ.ആർ.ഡി. ടാറ്റയുടെ ഓര്‍മ്മകള്‍ക്ക് 28 വയസ്സ്

ഇന്ത്യയിലെ പ്രമുഖ വ്യവസായിയും വൈമാനികനും

ആഗോള വ്യവസായ രംഗത്ത് ഇന്ത്യയെ അടയാളപ്പെടുത്തിയ ടാറ്റാ ഗ്രൂപ്പിന് അരനൂറ്റാണ്ടുകാലം നേതൃത്വം നൽകിയ ജെആർഡി ടാറ്റയുടെ ഓർമകൾക്ക് 28 വയസ്സ് പൂര്‍ത്തിയായി. ഇന്ത്യയിലെ പ്രമുഖ വ്യവസായിയും, വൈമാനികനുമായിരുന്നു ജെഹാംഗീർ രത്തൻ‌ജി ദാദാഭോയ് ടാറ്റ എന്ന ജെ.ആർ.ഡി.ടാറ്റ. രാജ്യത്തിന്റെ സാമ്പത്തികവളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യവസായ പ്രമുഖൻ, സാമൂഹിക പ്രതിബദ്ധതയുള്ള ദേശിയ നേതാവ്, പട്ടാളക്കാരൻ, വൈമാനികൻ, ശാസ്ത്രകുതുകി, കുടുംബാസൂത്രണ പ്രചാരകൻ തുടങ്ങി വേറിട്ട മുദ്രകളാൽ അടയാളപ്പെടുത്തപ്പെട്ട വ്യക്തിത്വം.

1904 ജൂലായ് 29 ന് ഫ്രാന്‍സിലെ പാരീസിലായിരുന്നു ജെ ആര്‍ ഡി ടാറ്റ ജനിച്ചത്. ഇന്ത്യന്‍ വ്യവസായ പ്രമുഖനായിരുന്ന ജാംഷെഡ്ജി ടാറ്റയുടെ സഹോദരന്‍ (കസിന്‍)രത്തന്‍ ജി ദദാഭായ് ടാറ്റയുടേയും ഫ്രഞ്ചുകാരി സൂനി നീ സൂസന്നെ ബ്രൈറിയുറ്റേയും മകന്‍. പാര്‍സി- സൗരാഷ്ട്രിയന്‍ പാരമ്പര്യമുള്ള ടാറ്റയുടെ കുട്ടിക്കാലം അമ്മയോടൊപ്പം പാരീസിലായിരുന്നു. ആധുനിക ഇന്ത്യയിലെ വ്യാവസായിക പ്രമാണിയായി മാറിയ ടാറ്റയാണ് ഇന്ത്യന്‍ വ്യോമയാനത്തിന്‍റെ പിതാവ്.

22-ാം വയസ്സില്‍ ടാറ്റാ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ അദ്ദേഹം 1938-ല്‍ ടാറ്റാ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുത്തു. നെഹ്രുവുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ദേശീയ പ്രസ്ഥാനവുമായി സഹകരിച്ചിരുന്നു. കമേഴ്‌സ് പൈലറ്റ് ലൈസന്‍സ് നേടിയ ആദ്യ ഇന്ത്യക്കാരനാണ് ജെ.ആര്‍.ഡി. 1932-ല്‍ ടാറ്റ എയര്‍ലൈന്‍ ആരംഭിച്ചു. 1953-ല്‍ അദ്ദേഹം എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി. അനവധി ദേശീയ അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഓണററി എയര്‍മാര്‍ഷല്‍ (1974) ഫ്രഞ്ച് സര്‍ക്കാരിന്റെ കമാന്‍ഡര്‍ ഓഫ് ദ ഫ്രഞ്ച് ലീജിയന്‍ ഓഫ് ഓണര്‍ (1983), ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷന്‍ അവാര്‍ഡ് (1992) എന്നിവ ലഭിച്ചിട്ടുണ്ട്. 1955-ല്‍ പത്മഭൂഷണും 1992-ല്‍ ഭാരതരത്‌നവും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ജീവിച്ചിരുന്ന സമയത്ത് ഭാരതരത്‌നം ലഭിച്ച അപൂര്‍വ്വം വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്, ടാറ്റാ മോട്ടോഴ്‌സ്, ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ്, ടാറ്റാ ടീ, വോള്‍ട്ടാസ്, എയര്‍ ഇന്ത്യ എന്നീ വ്യവസായങ്ങളുടെ സ്ഥാപകനാണ്. നവംബര്‍ 29-ന് അന്തരിച്ചു.

 

 

 

 

Comments are closed.