DCBOOKS
Malayalam News Literature Website

ജസ്‌നയുടെ തിരോധാനം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ഹൈക്കോടതിയില്‍

പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദവിദ്യാര്‍ത്ഥിനി ജസ്‌ന മരിയയുടെ തിരോധാനം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയ്‌സും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

മാര്‍ച്ച് 22-ന് കാണാതായ ജെസ്‌നയെ കുറിച്ച് ഇതുവരെയായും വിവരമൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കാണിച്ചാണ് ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിട്ടും പൊലീസ് ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

അതിനിടെ വെച്ചൂച്ചിറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയേയും ഡിജിപിയേയും കഴിഞ്ഞ ദിവസം കണ്ടിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്ന സൂചനയാണ് ഡി.ജി.പി ഭാരവാഹികള്‍ക്ക് നല്‍കിയത്.

അതേസമയം ജസ്‌ന അവസാനമായി മൊബൈലില്‍ സന്ദേശമയച്ച ആണ്‍സുഹൃത്ത് പൊലീസിന്റെ നിരീക്ഷണത്തിലാണ്. ജസ്‌നയുടെ വീടിന് സമീപം താമസിക്കുന്ന ഇയാള്‍ ജസ്‌നയുടെ സഹപാഠിയുമാണ്. ഇയാളെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.

Comments are closed.