DCBOOKS
Malayalam News Literature Website

ഓർമകളുടെ കാറ്റേറ്റ്…

ദീപാനിശാന്തിന്റെ ‘ ജീവിതം ഒരു മോണാലിസച്ചിരിയാണ്’ എന്ന പുസ്തകത്തിന്  പ്രതീഷ് എഴുതിയ വായനാനുഭവം 

“ജീവിതമെന്നാൽ ഒരാൾ ജീവിച്ചുതീർത്തതല്ല. മറിച്ച്, അത് പുനരാവർത്തനംചെയ്യാനായി ഒരാൾ അതിൽ എന്തൊക്കെ ഓർത്തുവെയ്ക്കുന്നു, എങ്ങനെയൊക്കെ ഓർത്തുവെയ്ക്കുന്നു എന്നതാണ് ജീവിതം”

‘കഥപറയാനായി ജീവിച്ചിരിക്കുക’ എന്ന പുസ്തകത്തിൽ ലോകസാഹിത്യത്തിലെ ഇതിഹാസകാരനായ ഗബ്രിയേൽ ഗാർഷ്യ മാർക്കേസ് കുറിച്ചിട്ട വരികളാണിത്.

നിത്യജീവിതത്തിൽ പിന്നിട്ട വഴികളിലെ ഓർമ്മകളെ കണ്ടെത്തി.. അതിനെ മെരുക്കി.. വാക്കുകളാക്കി.. ഹൃദ്യമായി എഴുതുന്ന ദീപടീച്ചറുടെ കുറിപ്പുകളിൽ വിരഹവും പ്രണയവും, മൗനവും ശബ്ദവും, മരണവും ജീവിതവുമെല്ലാം ഭാവപകർച്ചയെടുക്കുന്നു. അത് നമ്മെ ഇന്നലെകളിലേക്ക് കൂട്ടികൊണ്ടുപോകുന്നു. ഭാനുടീച്ചറും ശിഹാബും ജയാപ്പനും അമ്പിളിയും Textമമ്മൂട്ടി സുബ്രുവും പ്രകാശൻ മാഷും എവിടെയൊക്കെയോ നമ്മൾ കണ്ടുമറന്ന മനുഷ്യരാകുന്നു…കുറിപ്പുകൾക്കൊടുവിൽ  ചിരപരിചിതരും… അവരുടെ സന്തോഷങ്ങൾ നമ്മെ ചിരിപ്പിക്കുകയും ദുഃഖങ്ങൾ നമ്മെ കരയിപ്പിക്കുകയും ചെയ്യുന്നു.

“ജീവിതം ഒരു മോണാലിസച്ചിരിയാണ്” കെട്ടിലും മട്ടിലും “കുന്നോളമുണ്ടല്ലോ ഭൂതകാലകുളിരി”നെയും, “നനഞ്ഞു തീർത്ത മഴകളെ”യെയും, “ഒറ്റമരപ്പെയ്ത്തി”നെയും എവിടെയൊക്കെയോ ഓർമിപ്പിക്കുന്നുണ്ട്.. ഓർമ്മയുടെ ഭ്രമണപഥത്തിലേക്കുള്ള ഈ റിവേഴ്‌സ് ഗിയറിൽ സന്തോഷങ്ങളും പരിഭവങ്ങളും കലങ്ങി മറിയുന്നു.. ഇനിയും വായിക്കപ്പെടാത്ത മൊണാലിസയുടെ ചിരിപോലെ.

ഓർമകൾക്ക് വർഷങ്ങൾക്കപ്പുറം നിന്ന് നോക്കുമ്പോൾ കുറേകൂടി ആഴം ഇവിടെ കൈവരുന്നു.

ഈ പുസ്‌തകം സമർപ്പിച്ചിരിക്കുന്നത് അനുവിന്ദിന്റെ ഓർമകൾക്ക് മുന്നിലാണ്..  അനുവിന്ദിന്റെ കഥ വായിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞത് എനിക്ക് മാത്രമാണോ..അറിയില്ല..

ഒന്നു പോകാമായിരുന്നു നേരത്തെ.. ഒരു മറുപടിയെങ്കിലും എഴുതാമയിരുന്നു..

ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ…അല്ലെങ്കിലും മനുഷ്യർ ചിലപ്പോഴൊക്കെ എത്ര നിസ്സഹായരാണ്… ടീച്ചർ പറയും പോലെ വീടാക്കടമേ മമ ജന്മം..

കുറെ മനുഷ്യരുണ്ട്.. ഈ വരികളിലൂടെ പരിചിതരായവർ.. അവരെ പറയാതെ ഈ കുറിപ്പ് പൂർണമാകില്ല.

മമ്മൂട്ടി ചിത്രങ്ങൾ തൂക്കിയിട്ട ആൽമരത്തെ തന്റെ മേൽവിലാസമാക്കി അതിന് ചുവട്ടിൽ  കിടന്ന് മരിച്ച മമ്മൂട്ടി സുബ്രുവും..

ഞാനവനെയല്ല. അവനെന്നെയാണ് കൂടുതൽ പഠിപ്പിച്ചിട്ടുള്ളത് എന്ന് ടീച്ചർ പറയുന്ന ഒരു അന്ധതയ്ക്കും കെടുത്താനാകാത്ത പ്രകാശം ഉള്ളിൽ വഹിക്കുന്ന ഷിഹാബും..

ശാരീരികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്ന ആളുകളെ പരിചരിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച് മാനവികതയുടെ  ദീപ്തമായ വെളിച്ചം പരത്തുന്ന ഭാനു ടീച്ചറും..

കരുതലിന്റെ കലയാണ് അധ്യാപനം എന്ന് പറഞ്ഞ,  മരിച്ചുപോയെങ്കിലും ഇന്നും മനസ്സുകളിൽ ജീവിക്കുന്ന പ്രകാശൻ മാഷും..

ഇവരെല്ലാവരും  നമുക്കും പരിചിതരാണ്..  പ്രിയപ്പെട്ടവരാണ്…

സമൂഹത്തിൽ നടമാടുന്ന ജാതി മത ചേരിതിരിവുകളെ വിമർശനാത്മമായി ടീച്ചർ ഇവിടെ  അവതരിപ്പിച്ചിരിക്കുന്നത് കാണാം. ഉദാഹരണത്തിന്  കടുത്ത വിശ്വാസികൾ പലപ്പോഴും തങ്ങളുടെ പരാജയങ്ങളെ മറികടക്കാൻ യുക്തിഹീനമായ കാരണങ്ങൾ കണ്ടെത്തുമെന്നും നവോത്ഥാനം സംഭവിച്ചതായി വിശ്വസിക്കപ്പെടുന്ന) ഒരു നാട്ടിൽ വീടിനകത്തും പുറത്തും നട്ടുവളർത്തുന്ന ജാതിയെന്ന പടുമരത്തിൽ ഇന്നും മനുഷ്യർ ആണ്ടുകിടക്കുന്നുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു.

സമകാലിക കുടുംബ ബന്ധങ്ങളെ പറ്റിയാണെങ്കിൽ പരാജിതരെ ഉൾക്കൊള്ളാൻ വിസമ്മതിക്കുന്നവയാണ് നമ്മുടെ കുടുംബങ്ങളെന്നും, എത്ര വ്യാജമാണ് നമ്മുടെ ചില സുരക്ഷിതത്വ ബോധങ്ങൾ എന്നും പറഞ്ഞുവെയ്ക്കുന്നു. അച്ഛനാവുക, അമ്മയാവുക എന്നതല്ല, മനുഷ്യരാവുക എന്നതാണ് കാര്യം ടീച്ചർ ഓർമ്മപ്പെടുത്തുന്നു.

കരിപാത്രം തേച്ചു മിനുക്കിയെടുക്കും പോലെ പഴയ ഓർമ്മകൾ മിനുക്കിയെടുക്കാനും കൂടിയുള്ളതാണല്ലോ ചില എഴുത്തുകൾ… ഇനിയും ഇത്തരം മിനുക്കിയെടുക്കലുകൾ സംഭവിക്കട്ടെ… ഓർമ്മമരങ്ങളായവ പൂത്തുലയട്ടെ..!!

ഓർമകളേ,

സമയമളന്ന് ജീവിക്കുന്നതിനിടയിൽ നിങ്ങൾ എന്നിൽ നിന്നും ഓടിമറയരുതേ..!!

നിങ്ങളുടെ കോപ്പി  ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.