DCBOOKS
Malayalam News Literature Website

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ ചിന്തയും ചിരിയും ചേര്‍ന്ന ലേഖനങ്ങള്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിനെക്കുറിച്ച് അറിയാത്തവരോ കേള്‍ക്കാത്തവരോ ഇന്നാട്ടില്‍ ചുരുക്കമാണ്. ചിരിയും ചിന്തയും കലര്‍ന്ന സംഭാഷണങ്ങളിലൂടെ എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു അദ്ദേഹം. തകര്‍ന്ന മനസ്സുകള്‍ക്ക് ഉണര്‍വേകാന്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ വാക്കുകള്‍ക്ക് കഴിയുന്നു. അതുകൊണ്ടുതന്നെ ജാതിമതഭേദമില്ലാതെ എല്ലാവരും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി കാതോര്‍ക്കുന്നുണ്ട്. സോഷ്യല്‍ മീഡയില്‍പോലും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ലേഖനങ്ങളും ആളുകള്‍ തെരഞ്ഞ് വായിക്കാറുണ്ട്. ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവുകളില്ലാതെ എല്ലാവര്‍ക്കും പ്രിയങ്കരനായ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ ചിന്തയും ചിരിയും ചേര്‍ന്ന ലേഖനങ്ങള്‍ ഒരിമിച്ച് സമാഹിരിച്ചിരിക്കുന്ന പുസ്തകമാണ് ‘ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങള്‍’. വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലുമുള്ള സന്തോഷം കണ്ടെത്താനും നഷ്ടപ്പെട്ടുപോയതോ കാണാതെപോയതോ ആയ സന്തോഷങ്ങളെ തിരച്ചുപിടിക്കാനും പ്രേരണയാകുന്ന ഈ കൃതി തയ്യാറാക്കിയിരിക്കുന്നത് എഴുത്തുകാരനും സ്വതന്തപത്രവര്‍ത്തകനുമായ വിനായക് നിര്‍മലാണ്.

പുസ്തകത്തെക്കുറിച്ചും ഫാ ജോസഫ് പുത്തന്‍പുരയ്ക്കലിനെക്കുറിച്ചും വിനായക് നിര്‍മല്‍ എഴുതുന്നു;

ജീവിതത്തില്‍ സന്തോഷിക്കാനുള്ള അവകാശങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്. അതൊരിക്കലും ആനുകൂല്യമല്ല. എന്നിട്ടും എത്രയോ കുറച്ചുപേര്‍ മാത്രമാണ് ആത്മാര്‍ത്ഥമായി ജീവിതത്തില്‍ സന്തോഷിക്കുന്നത്! വലിയ കാരണങ്ങളാണ് ജീവിതത്തില്‍ സന്തോഷം കടന്നുവരുന്നത്
എന്നാണ് പലരുടെയും ധാരണ.പക്ഷേ, മനസ്സുവച്ചാല്‍, സ്വസ്ഥമായി അവനവനിലേക്ക് നോക്കിയൊന്ന് ധ്യാനിച്ചാല്‍, ആയിരിക്കുന്ന ഇടങ്ങളിലൊക്കെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ കണ്ടെത്താനും അത് മറ്റുള്ളവരിലേക്കു പ്രസരിപ്പിക്കാനും കഴിയുന്നവരാണ് നമ്മളോരോരുത്തരും. കൊച്ചുകൊച്ചു സന്തോഷങ്ങള്‍കൊണ്ട് പൂരിപ്പിക്കേണ്ട പദപ്രശ്‌നംതന്നെയാണ് ജീവിതമെന്നും അത് ഓരോരുത്തരും കണ്ടുപിടിക്കേണ്ട സാധ്യതയാണെന്നും ഓര്‍മ്മിപ്പിക്കുന്ന പുസ്തകമാണ് ജീവിതം:കൊച്ചുകൊച്ചു സന്തോഷങ്ങള്‍.

സാധാരണയായി ജോസഫച്ചന്‍ ഫോക്കസ് ചെയ്യുന്നത് ദാമ്പത്യ പ്രശ്‌നങ്ങളിലേക്കാണെങ്കില്‍ ഈ കൃതിയിലാവട്ടെ അദ്ദേഹം വ്യക്തി ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പര്‍ശിച്ചാണ് കടന്നുപോകുന്നത്. ജാതിയുടെയും മതത്തിന്റെയും വര്‍ണ്ണത്തിന്റെയും പേരിലുള്ള വര്‍ഗ്ഗീകരണങ്ങളും വിഭാഗീയതകളും മുമ്പെന്നത്തെക്കാളുമേറെ ശക്തമാകുകയും അതൊരു പടികൂടി കടന്ന് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മുഖം കൈവരിക്കുകയും ചെയ്യുന്ന ആസുരമായ കാലത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. എന്നിട്ടും മതവും ജാതിയും വര്‍ഗ്ഗവും വര്‍ണ്ണവും നോക്കാതെ സകലരാലും അഭിമതരാകുക എന്നത് അപൂര്‍വ്വം ചിലര്‍ക്ക് മാത്രം ലഭിക്കുന്ന അംഗീകാരമാണ്. പ്രത്യേകിച്ച് ഒരു പ്രത്യേക മതത്തിന്റെ വക്താവായി പൊതുസമൂഹത്തില്‍ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരാള്‍ക്ക്.അത്തരമൊരു അംഗീകാരം കിട്ടിയിട്ടുള്ള അപൂര്‍വ്വം ചില ഗുരുക്കന്മാരില്‍ഒരാളാണ് പുത്തന്‍പുരയിലച്ചന്‍.അതിന് തെളിവാണ് ക്ഷേത്രങ്ങളില്‍പോലും പ്രസംഗിക്കാ അദ്ദേഹം ക്ഷണിക്കപ്പെടുന്നത്.എന്തുകൊണ്ട് അത്തരമൊരു മാനംഅദ്ദേഹത്തിന് ലഭിക്കുന്നുവെന്ന് ചോദിച്ചാല്‍ അതിന് ഒന്നേയുള്ളൂ ഉത്തരം. ജോസഫച്ചന്റേത് ഒരു പൊതുമുഖമാണ്. സാധാരണയായി നാം ശീലിച്ചുവരുന്ന ആത്മീയഗുരുക്കന്മാരില്‍നിന്നെല്ലാം രൂപം കൊണ്ടും ഭാവംകൊണ്ടും ഭാഷ കൊണ്ടും
അദ്ദേഹം വ്യത്യസ്തനാണ്.

ഇസ്തിരിയിട്ട മതപാഠങ്ങളൊന്നുമല്ല അച്ചന്‍ കൈമാറുന്നത്. മതവുംവിശ്വാസവും അദ്ദേഹത്തിന് വലുതാകുമ്പോഴും മറ്റാരെയും അതുകൊണ്ട് മുറിപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കുന്നില്ല. തന്റേതായ മതവിശ്വാസങ്ങള്‍ മറ്റുള്ളവരിലേക്ക് അടിച്ചേല്പിക്കാനും അദ്ദേഹം ശ്രമിക്കുന്നില്ല. ബാലന്‍സ്ഡായ ആത്മീയതയാണ് അച്ചന്റെ ഉള്ളുറപ്പ്. അതുകൊണ്ടുതന്നെയാണ് ദാമ്പത്യപ്രശ്‌നങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ പോലും അദ്ദേഹം പുരുഷനെ മാത്രമായോ സ്ത്രീയെ മാത്രമായോ പ്രതിചേര്‍ക്കാത്തത്. കരുതുന്നതുപോലെ സങ്കീര്‍ണ്ണമല്ല ജീവിതമെന്നും സരളമായിരുന്ന പലതിനെയും നാം സങ്കീര്‍ണ്ണമാക്കി മാറ്റിയതുകൊണ്ടാണ് അങ്ങനെ അനുഭവപ്പെട്ടതെന്നും നാം തിരിച്ചറിയും. അങ്ങനെ നമ്മുടെ സന്തോഷങ്ങളുടെ കാരണങ്ങളെകണ്ടെത്താന്‍ സഹായിക്കുന്ന ഉത്തമകൃതിയായി ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങള്‍ പരിണമിക്കുന്നു.
.

Comments are closed.