DCBOOKS
Malayalam News Literature Website

ജെ.സി.ബി സാഹിത്യപുരസ്‌കാരം 2022, ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഷീലാ ടോമിയുടെ ‘വല്ലി’ പട്ടികയില്‍

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2022-ലെ ലോങ്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഷീലാ ടോമിയുടെ ‘വല്ലി’ ഉൾപ്പെടെ 10 കൃതികളാണ് പരിഗണനാപട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യാക്കാർ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. ജയശ്രീ കളത്തിലാണ് ഷീലാടോമിയുടെ ‘വല്ലി’ എന്ന കൃതി അതേ പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. ഹാർപ്പർ കോളിൻസ് ആണ് പ്രസാധകർ. ചുരുക്കപ്പട്ടിക ഒക്ടോബറില്‍ പ്രഖ്യാപിക്കും. നവംബറിലാണ് അന്തിമ ഫലപ്രഖ്യാപനം.

ലോങ്‌ലിസ്റ്റില്‍ ഇടം നേടിയ മറ്റ് പുസ്തകങ്ങള്‍

 • ക്രിംസണ്‍ സ്പ്രിങ്:എ നോവല്‍, നവതേജ് സര്‍ന
 • എസ്‌കേപ്പിംഗ് ദി ലാന്‍ഡ്, മാമാങ് ദായ്
 • ഇമാന്‍, മനോരഞ്ജന്‍ ബ്യാപാരി (ബംഗാളിയില്‍ നിന്ന് വിവര്‍ത്തനം ചെയ്തത് അരുണാവ സിന്‍ഹ)
 • റോഹ്സിന്‍, റഹ്മാന്‍ അബ്ബാസ് (ഉറുദുവില്‍ നിന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നത് സാബിക അബ്ബാസ്)
 • സോംഗ് ഓഫ് ദി സോയില്‍, ചുഡെന്‍ കബിമോ ലെപ്ച (നേപ്പാളിയില്‍ നിന്ന് അജിത് ബറാല്‍ വിവര്‍ത്തനം ചെയ്തു)
 • സ്പിരിറ്റ് നൈറ്റ്‌സ്, ഈസ്റ്ററിന്‍ കിരെ
 • ദി ഓഡ് ബുക്ക് ഓഫ് ബേബി നെയിംസ്, അനീസ് സലീം
 • ദി പാരഡൈസ് ഓഫ് ഫുഡ്, ഖാലിദ് ജാവേദ് (
  ഉറുദുവില്‍ നിന്ന് വിവര്‍ത്തനം ചെയ്തത് ബാരന്‍ ഫാറൂഖി)
 • ടോംബ് ഓഫ് സാന്‍ഡ്, ഗീതാഞ്ജലി ശ്രീ (ഡെയ്‌സി റോക്ക്‌വെല്‍ ഹിന്ദിയില്‍ നിന്ന് വിവര്‍ത്തനം ചെയ്തു)

പത്രപ്രവര്‍ത്തകനും എഡിറ്ററുമായ എ എസ് പനീര്‍ശെല്‍വന്‍ അധ്യക്ഷനായ ജൂറിയാണ് കൃതികള്‍ തിരഞ്ഞെടുത്തത്. എഴുത്തുകാരായ അമിതാഭ് ബാഗ്ചി, ജാനിസ് പര്യാട്ട്, ചരിത്രകാരിയും അക്കാദമിഷ്യയുമായ ജെ ദേവിക,  രാഖി ബലറാം എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങള്‍.

വയനാട്ടിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പ്രമേയമാക്കി എഴുതപ്പെട്ട നോവലാണ് വല്ലി. കുടിയേറ്റത്തിനിടയില്‍ സംഭവിക്കുന്ന പ്രണയങ്ങളും പ്രണയനിരാസവും വിപ്ലവവും മറ്റു സങ്കീര്‍ണ്ണതകളുമൊക്കെ ഈ നോവലിലുമുണ്ട്. വറ്റിവരണ്ട് മെലിയുന്ന നദിയും സമൃദ്ധമായ കാട് മെല്ലെ മെല്ലെ ഇല്ലാതായികൊണ്ടിരിക്കുന്നതുമായ കല്ലുവയൽ എന്ന ഗ്രാമമാണ് നോവലിന്‍റെ പ്രധാന ഭൂമിക. പ്രകൃതിയുമായുള്ള മനുഷ്യന്‍റെ ഗാഢ ബന്ധവും അതിലുപരി, ജാതി, ഗോത്രം, ഇക്കോഫെമിനിസം, തൊഴിൽ, ആത്മീയത, കുടിയേറ്റം, കുടിയിറക്കം, എന്നിങ്ങനെ ഒട്ടേറെ പ്രമേയങ്ങളുടെ സൂക്ഷ്മാവതരണവും വല്ലിയിലുണ്ട്. വയനാടിന്‍റെ സമഗ്രാഖ്യാനമെന്ന നിലയില്‍ വയനാട് പ്രമേയമായ ഇതര നോവലുകളില്‍നിന്ന് വേറിട്ടു നിൽക്കുന്ന രചന.

കുത്തനെയുള്ള ഇറക്കവും വളവും തിരിവും മലയും പുഴയും കാടും മഞ്ഞുമുള്ള വയനാടിന്റെ മുക്കിലും മൂലയിലുംകൂടി മിത്തുകള്‍ക്കൊപ്പം ഒരു നവസഞ്ചാരമാണ് ഷീല ടോമിയുടെ വല്ലി എന്ന നോവല്‍. മാധവ് ഗാഡ്ഗില്‍ പല ഇക്കോളജിക്കലി സെന്‍സിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന ബയല്‍നാട് എന്ന വയനാട്ടില്‍നിന്ന് ഒരു വനഗാഥ. എപ്പോഴും പരാജയപ്പെടുത്തപ്പെടുന്ന ആദിവാസികളുടെ, പാവപ്പെട്ട കുടിയേറ്റകര്‍ഷകരുടെ ജീവഗാഥ. 2021-ലെ ചെറുകാട് അവാര്‍ഡ് ‘വല്ലി’ ക്കായിരുന്നു.

2021 ലെ ജെ.സി.ബി സാഹിത്യ പുരസ്‌കാരം എം മുകുന്ദന്റെ ദൽഹിഗാഥകളുടെ ഇംഗ്ലീഷ് പരിഭാഷയായ ‘Delhi: A Soliloquy’ -ആയിരുന്നു. ഫാത്തിമ ഇ.വി, നന്ദകുമാർ കെ എന്നിവർ ചേർന്നാണ് പുസ്തകം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്.

2021 ലെ ജെ.സി.ബി സാഹിത്യ പുരസ്‌കാരം എം മുകുന്ദന്റെ ദൽഹിഗാഥകളുടെ ഇംഗ്ലീഷ് പരിഭാഷയായ ‘Delhi: A Soliloquy’ -ആയിരുന്നു. ഫാത്തിമ ഇ.വി, നന്ദകുമാർ കെ എന്നിവർ ചേർന്നാണ് പുസ്തകം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്. അവസാന പട്ടികയിൽ വി ജെ ജയിംസിന്റെ ആന്റി ക്ലോക്കും ഇടം പിടിച്ചിരുന്നു. എസ്.ഹരീഷിന്റെ പ്രശസ്ത നോവൽ മീശയുടെ ഇംഗ്ലീഷ് വിവർത്തനമായ Moustache-നാണ് 2020-ലെ പുരസ്‌ക്കാരം ലഭിച്ചത്. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ജയശ്രീ കളത്തിലാണ് നിർവ്വഹിച്ചിരിക്കുന്നത്. 2018-ലെ പ്രഥമ ജെ.സി.ബി സാഹിത്യ പുരസ്‌കാരം മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരൻ ബെന്യാമിന്റെ Jasmine Days എന്ന കൃതിക്കായിരുന്നു. ബെന്യാമിന്റെ മുല്ലപ്പൂനിറമുള്ള പകലുകൾ എന്ന മലയാളനോവൽ ജാസ്മിൻ ഡെയ്‌സ് എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ഷഹനാസ് ഹബീബായിരുന്നു.

ഇന്ത്യയിൽ സാഹിത്യരചനകൾക്ക് ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന ജെ.സി.ബി സാഹിത്യ പുരസ്‌കാരം ജെ.സി.ബി ലിറ്ററേച്ചർ ഫൗണ്ടേഷനാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. പൂർണ്ണമായും ഇന്ത്യൻ എഴുത്തുകാരെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2018 മുതലാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ഇന്ത്യാക്കാർ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.

വല്ലി വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.