DCBOOKS
Malayalam News Literature Website

ദേശീയഗാനത്തിന്റെ ആത്മാവിനെ തൊട്ടറിയുമ്പോള്‍…

 

കടല്‍ക്കാറ്റിന്റെ ഊഷ്മളത കലര്‍ന്ന ‘എഴുത്തോല’ വേദിയില്‍, ടി.എം കൃഷ്ണയുടെ മധുരശബ്ദത്തിലൂടെ കേട്ട ഇന്ത്യന്‍ ദേശീയഗാനത്തിന്റെ നിര്‍വ്വചനങ്ങള്‍ കേള്‍വിക്കാരില്‍ പുതിയ ആശയങ്ങളും ദേശസ്‌നേഹത്തിന്റെ മറ്റൊരു വശവും തുറന്ന് കൊടുക്കുകയായിരുന്നു. മാഗ്‌സെസെ പുരസ്‌കാരജേതാവും കര്‍ണാടക സംഗീതത്തെ സമൂഹ്യമധ്യത്തിലേക്ക് കൊണ്ടുവരുന്നതില്‍ മുഖ്യപങ്ക് വഹിച്ചവരിലൊരാളുമായ ടി.എം കൃഷ്ണയുടെ ‘Jana Gana Mana: Poetic Masterpiece, National Treasure’ എന്ന സെഷന്‍ ഭാരതത്തെയും ഭാരതസംസ്‌കാരത്തെയും ഇന്ത്യയിലെ ആനുകാലിക സംഭവവികാസങ്ങളെയും കുറിച്ച് ഗാഢമായ ചിന്തകള്‍ പകര്‍ന്നുനല്‍കുന്നതായിരുന്നു.

ഇന്ത്യന്‍ ദേശീയഗാനത്തിന്റെ കാവ്യാത്മക നിര്‍വ്വചനമായിരുന്നു സെഷന്റെ കേന്ദ്രതന്തു. ‘ജന ഗണ മന’ എന്ന ശ്രേഷ്ഠഗാനത്തെ ചരിത്രത്തിന്റെയും ഈണത്തിന്റെയും വരികളുടെയും വശത്തുനിന്ന് പരിശോധിച്ചപ്പോള്‍ എത്തിച്ചേര്‍ന്നത് ഇന്ത്യന്‍ ആനുകാലിക സംഭങ്ങളിലേക്കായിരുന്നു. ഇന്ത്യയെ അറിയാന്‍ ടാഗോര്‍ എഴുതിയ ഈ ഗാനം വായിക്കുന്നതിനെക്കാള്‍ മികച്ച ഒന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ദേശീയഗാനത്തെ മുന്‍നിര്‍ത്തി ഉടലെടുത്ത പല വിവാദങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പലതും ഈ ഗാനത്തെ കളങ്കപ്പെടുത്താന്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയെടുത്തതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ദേശീയഗാനത്തെ വരികള്‍ക്കിടയിലൂടെ പരിശോധിച്ച് ഒരോ വരികളും വിവിധ അര്‍ത്ഥതലങ്ങളിലൂടെ കടന്ന് ചെല്ലുന്നവയാണെന്നും അത് തന്നെയാണ് ഇന്ത്യന്‍ ദേശീയഗാനത്തിന്റെ പ്രത്യേകത എന്നും പറഞ്ഞു വെച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിരല്‍ ചൂണ്ടിയ ടി.എം.കൃഷ്ണ യുവത്വങ്ങളിലാണ് രാജ്യത്തിന്റെ ഭാവിയെന്നു നിരീക്ഷിച്ചു. ഭരണഘടനയുടെ സംരക്ഷണത്തിനായി വിദ്യാര്‍ഥികള്‍ തെരുവുകളിലേക്ക് ഇറങ്ങിയതിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഒരിക്കല്‍, തനിക്ക് കേവലമൊരു ഗാനം മാത്രമായിരുന്ന ജന ഗണ മന ഇന്ന് അങ്ങനെയല്ലാത്തതിന്റെ കാരണം അതിന്റെ ആത്മാവിനെ തൊട്ടറിയാന്‍ സാധിച്ചത് കാരണമാണെന്ന് പറഞ്ഞ ടി.എം.കൃഷ്ണ ശ്രോതാക്കളില്‍ നിന്നുവന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്കുകയും ചെയ്തു.

11 മണിക്ക് ആരംഭിച്ച സെഷന്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നു. ടി.എം.കൃഷ്ണക്കൊപ്പം വേദിപങ്കിട്ട കെ.ടി ദിനേശ്, കലയില്‍ പ്രാവീണ്യമുള്ളവര്‍ മാത്രമല്ല, അതിനെ സൈദ്ധാന്തികമായി പരിഗണിക്കുന്നവരെയാണ് കൂടുതല്‍ ആവശ്യമെന്നും ടി.എം കൃഷ്ണ അത്തരത്തിലൊരാളാണെന്നും അഭിപ്രായപ്പെട്ടു.

Comments are closed.