DCBOOKS
Malayalam News Literature Website

മാറുന്ന ചിന്ത, മാറുന്ന പ്രകൃതി

വാക്കിന്റെ വേദിയില്‍ ഇന്ത്യയിലെ മികച്ച വാസ്തുശില്പ വിദഗ്ധര്‍ അണിനിരന്നപ്പോള്‍ പ്രകൃതി നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവെക്കപ്പെട്ടു. വിനോദ് സിറിയക്ക്, നന്ദലാല്‍, ദിലീപ് നാരായണന്‍, ജയഗോപാല്‍ തുടങ്ങിയ വിദഗ്ധര്‍ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ ആബിദ് റഹ്മാന്‍ മോഡറേറ്ററായി. ആധുനിക ലോകത്തിന് ആവശ്യമായ ജീവിതരീതിയെക്കുറിച്ചും അതുവഴിയുള്ള പ്രകൃതിസംരക്ഷണവുമാണ് സംവാദത്തില്‍ പ്രധാനമായും ചര്‍ച്ചയായത്.

പ്രശസ്ത വാസ്തുകലാ വിദഗ്ധന്‍ വിനോദ് സിറിയക്ക് പ്രളയാനന്തര കേരളത്തെ മുന്‍നിര്‍ത്തിയാണ് പ്രകൃതിസംരക്ഷണത്തെക്കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവെച്ചത്. ജയഗോപാല്‍ ഗാന്ധിയന്‍ വീക്ഷണത്തിന്റെ ചുവടുപിടിച്ച് വികേന്ദ്രീകൃതമായ വികസനത്തിന്റെ സാധ്യതകള്‍ പങ്കുവെച്ചു. കേരളത്തിന്റെ പ്രകൃതി സംരക്ഷണ സമരചരിത്രത്തെ സൂചിപ്പിച്ചു കൊണ്ട് വികസനം ആര്‍ക്കുവേണ്ടി എന്ന ചോദ്യത്തെ നന്ദലാല്‍ മുന്നോട്ടുവെച്ചു.

ചര്‍ച്ചയെ നിയന്ത്രിച്ച ആബിദ് റഹ്മാന്‍ പ്രകൃതിസംരക്ഷണം എന്തുകൊണ്ട് സാധ്യമാകുന്നില്ല എന്ന സംശയം വേദിയില്‍ പങ്കുവെച്ചു. ചര്‍ച്ചയില്‍ സദസ്യരുടെ ഇടയില്‍ നിന്ന് ഒട്ടനേകം ചോദ്യങ്ങളും ഉയര്‍ന്നുവന്നു. സാംസ്‌കാരികമായ മാറ്റം പ്രകൃതിസംരക്ഷണത്തിനുതകും വിധം എപ്രകാരം സാധ്യമാക്കാമെന്ന ചിന്ത പകര്‍ന്നുനല്‍കിയാണ് സംവാദം സമാപിച്ചത്.

Comments are closed.