DCBOOKS
Malayalam News Literature Website

ജെ.ആർ.ആർ. റ്റോൾകീൻ ; ആധുനിക ഫാന്റസി സാഹിത്യത്തിന്റെ പിതാവ്

ദ ഹോബിറ്റ്, ലോര്‍ഡ് ഓഫ് ദ് റിങ്സ് എന്നീ കൃതികളുടെ കര്‍ത്താവ്
ജോണ്‍ റൊണാള്‍ഡ് റൂവല്‍ റ്റോള്‍കീന്‍ സി.ബി.ഇ (ജനുവരി 3 1892 – സെപ്റ്റംബര്‍ 2 1973)യുടെ ചരമവാര്ഷികദിനമാണ് ഇന്ന്.  ഇംഗ്ലീഷ് ഫിലോളജിസ്റ്റും എഴുത്തുകാരനും സര്‍‌വ്വകലാശാല അദ്ധ്യാപകനുമായിരുന്നു അദ്ദേഹം. ദ് ഹോബിറ്റ്, ലോര്‍ഡ് ഓഫ് ദ് റിങ്സ് എന്നീ കൃതികളുടെ കര്‍ത്താവ് എന്ന നിലയിലാണ് റ്റോള്‍കീന്‍ പ്രശസ്തനായത്.

റ്റോള്‍കീന്റെ പിതാവ് സൗത്ത് ആഫ്രിക്കയില്‍ ബാങ്ക് മാനേജറായിരുന്നു.അദ്ദേഹത്തിന് നാല് വയസ്സുള്ളപ്പോള്‍ അമ്മക്കും ഇളയ സഹോദരനുമൊപ്പം ബിര്‍മിങ്ഗത്തിനടുത്തുള്ള് സേര്‍ഹോളില്‍ താമസ്മാക്കി.അമ്മയുടെ മരണശേഷം അദ്ദേഹം ഒരു കാത്തലിക് പുരോഹിതന്റെ മേല്‍നോട്ടത്തിലാണ് വളര്‍ന്നത്.ഒന്നാം ലോക മഹായുദ്ധകാലത്ത് അദ്ദേഹം സൈനിക സേവനം നടത്തി. അതിനു ശേഷം 1925 മുതല്‍ 1945 വരെ ഒക്സ്ഫോര്‍ഡ് സര്‍‌വ്വകലാശാലയിലെ ആംഗ്ലോ-സാക്സണ്‍ ഭാഷ (റാവില്‍സണ്‍ ആന്റ് ബോസ്വര്‍ത്ത് പ്രൊഫസ്സര്‍ ഓഫ് ആംഗ്ലോ-സാക്സണ്‍) പ്രൊഫസ്സര്‍ ആയിരുന്നു റ്റോള്‍കീന്‍. 1945 മുതല്‍ 1959 വരെ ഇംഗ്ലീഷ് ഭാഷ, സാഹിത്യം എന്നിവയിലെ മെര്‍ട്ടണ്‍ പ്രൊഫസ്സര്‍ ആയിരുന്നു. ഒരു ഉറച്ച റോമന്‍ കത്തോലിക്ക വിശ്വാസിയായ റ്റോള്‍കീന്‍ സി.എസ്. ലൂയിസിന്റെ അടുത്ത സുഹൃത്ത് ആയിരുന്നു. ഇവര്‍ ഇരുവരും ഇങ്ക്ലിങ്സ് എന്ന അനൗപചാരിക ചര്‍ച്ചാവേദിയിലെ അംഗങ്ങളായിരുന്നു.

ഹോബിറ്റ്, ലോര്‍ഡ് ഓഫ് ദ് റിങ്ങ്സ് എന്നീ പുസ്തകങ്ങളെ കൂടാതെ റ്റോള്‍കീന്‍ സില്‍മാരല്ല്യണ്‍ എന്ന നോവലും രചിച്ചു. റ്റോള്‍കീന്റെ പല കൃതികളും റ്റോള്‍കീന്റെ മരണശേഷം പുത്രനായ ക്രിസ്റ്റഫര്‍ റ്റോള്‍കീന്‍ ചിട്ടപ്പെടുത്തി പ്രസിദ്ധീകരിച്ചു. നമ്മുടെ ലോകത്തിന്റെ ഒരു പര്യായ ഭൂതകാലത്തില്‍ നടക്കുന്നു എന്ന വിധേനയാണ് റ്റോള്‍കീന്റെ കൃതികള്‍. ഇവയില്‍ കഥാസമാഹാരങ്ങള്‍, റ്റോള്‍കീന്‍ വിഭാവനം ചെയ്ത് രചിച്ച ചരിത്രങ്ങള്‍, റ്റോള്‍കീന്‍ നിര്‍മ്മിച്ച ഭാഷകള്‍, ആര്‍ഡ എന്ന ഭാവനാലോകത്തെ കുറിച്ചുള്ള ഉപന്യാസങ്ങള്‍, മിഡില്‍ എര്‍ത്ത് (മദ്ധ്യ ഭൂമി) (മിഡ്ഡങ്ങിയാര്‍ഡ് എന്ന ഓള്‍ഡ് ഇംഗ്ലീഷ് പദത്തില്‍ നിന്ന് രൂപപ്പെടുത്തിയത് – മനുഷ്യര്‍ക്ക് താമസിക്കാന്‍ പറ്റുന്ന ഭൂമി) എന്നിവ ഉള്‍പ്പെടുന്നു. റ്റോള്‍കീന്‍ തന്റെ കൃതികളെ ഒട്ടാ‍കെ ലെജെന്റാറിയം എന്ന വാക്കുകൊണ്ട് വിശേഷിപ്പിച്ചു.അദ്ദേഹത്തിന്റെ കഥകളില്‍ നോര്‍ഡിക് പുരാണങ്ങളുടെ സാനിധ്യം കാണാന്‍ സാധിക്കുന്നതാണ്.

വില്യം മോറിസ്, റോബര്‍ട്ട് ഇ. ഹോവാര്‍ഡ്, ഇ.ആര്‍. എഡിസണ്‍ തുടങ്ങിയ പല ഫാന്റസി (ഭാവന) എഴുത്തുകാരും റ്റോള്‍കീനു മുന്‍പ് വന്നുവെങ്കിലും തന്റെ കൃതികളുടെ വമ്ബിച്ച ജനപ്രീതിയും അവയുടെ ഫാന്റസി സാഹിത്യത്തിലെ‍ സ്വാധീനവും മൂലം ആധുനിക ഫാന്റസി സാഹിത്യത്തിന്റെ പിതാവ് എന്ന് റ്റോള്‍കീന്‍ അറിയപ്പെടുന്നു. പില്‍ക്കാലത്ത് ഫാന്റസി സാഹിത്യം എന്ന സാഹിത്യശാഖയെ റ്റോള്‍കീന്റെ കൃതികളും രചനാശൈലിയും വളരെ സ്വാധീനിച്ചു.

കൃതികള്‍

ദ ഹോബിറ്റ്
ലോഡ് ഓഫ് ദ് റിങ്സ് (3 ഭാഗങ്ങളിലായി)
സില്‍മാരല്ല്യണ്‍

Comments are closed.