DCBOOKS
Malayalam News Literature Website

ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീലയ്ക്ക്

തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനക്കുള്ള 2018-ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നടി ഷീലയ്ക്ക്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ഈ അവാര്‍ഡ് മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേലിന്റെ സ്മരണാര്‍ത്ഥമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 27-ന് തിരുവനന്തപുരത്തു വെച്ചു നടക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിന്റെ വേളയിലാകും ഷീലക്ക് പുരസ്‌കാരം സമ്മാനിക്കുക.

പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ ചെയര്‍മാനും നടന്‍ നെടുമുടി വേണു, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍,സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയായിരുന്ന സമ്മാനത്തുക ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അഞ്ചു ലക്ഷമായി ഉയര്‍ത്തിയിരുന്നു. 2016-ല്‍ അടൂര്‍ ഗോപാലകൃഷ്ണനും 2017-ല്‍ ശ്രീകുമാരന്‍ തമ്പിക്കുമാണ് ജെ.സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചത്.

Comments are closed.