DCBOOKS
Malayalam News Literature Website

‘ഇരു’; മനുഷ്യചരിത്രത്തെ അവതരിപ്പിച്ചിരിക്കുന്ന നോവല്‍

വി ഷിനിലാലിന്റെ ‘ഇരു’ എന്ന നോവലിന് കിരൺ പനയമുട്ടം എഴുതിയ വായനാനുഭവം

തിരുവിതാംകൂര്‍ ചരിത്രത്തിലെ ഒരേടില്‍ തുടങ്ങി അതി മനോഹരമായ ജീവിതങ്ങളിലൂടെ മനുഷ്യചരിത്രത്തെ നമുക്കുമുന്നില്‍ അവതരിപ്പിച്ചിരിക്കുന്നു ഇരു എന്ന നോവല്‍. (കേവലമായ 300-വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക്)

ദേശം, കാലം, ഭാഷ, മതം തുടങ്ങിയ സങ്കീര്‍ണ്ണമായ വിഷയങ്ങളെ വര്‍ത്തമാനകാലത്ത് അതിന്റെ എല്ലാ സീമകള്‍ക്കും അപ്പുറത്ത് നിന്ന് നോക്കുക എന്നത് തന്നെ വളരെ വലിയ ഒരു രാഷ്ട്രീയമാണ് എന്നുളളതുകൊണ്ട് തന്നെ ഇതൊരു രാഷ്ട്രീയ നോവല്‍കൂടിയാണ്.

ആദിമ മനുഷ്യരുടെ ജീവിതത്തെ ഇത്രയും ആഴത്തില്‍ പഠനവിധേയമാക്കിയ ഒരു Textരചന സംഭവിക്കുന്നതിലുളള അത്യദ്ധ്വാനമാണ് നോവലിസ്റ്റ് തന്നെ സൂചിപ്പിക്കുമ്പോലെയുളള വര്‍ഷങ്ങളുടെ കാലതാമസം ഈ നോവല്‍സൃഷ്ടിയില്‍ ഉണ്ട് എന്നതിനുളള ഉത്തരവും .

ചരിത്രവും,ഭാവനയും വല്ലാതെ രീതിയില്‍ ഉരുക്കിച്ചേര്‍ത്തിരിക്കുന്നതിനാല്‍ ഈ പുസ്തകത്തിലെ ഓരോ സന്ദര്‍ഭങ്ങളും തുടര്‍വായനകള്‍ക്കും, തുടരന്വോഷണങ്ങള്‍ക്കുമുളള വാതിലുകളും തുറക്കുന്നുണ്ട്. (മേലാങ്കോട്ടമ്മയുടെ കൊടുതിത്തറയും, യാരോസ്ലോവ് നെവ്ക്കോവ്സ്കിയും,ജോണ്‍ അലന്റെ ഒബ്സര്‍വേറ്ററിയും തുടങ്ങി പലതും എന്നെ ഭ്രമിപ്പിക്കുന്നു)

മുന്നൂറുവര്‍ഷത്തെ ജീവിതം പറയുമ്പോഴും ആ മുന്നൂറുവര്‍ഷത്തെയും കേരളത്തിന്റെ  ചരിത്രമെന്താണ് എന്നും മനുഷ്യര്‍ എങ്ങനെയാണ് ‘ജാതി’ ബോധ്യങ്ങളില്‍ മാത്രം ജീവിച്ചത് എന്നും നിരീക്ഷിക്കാന്‍ ഈ കൃതിക്ക് കഴിഞ്ഞിരിക്കുന്നു എന്നും കാണാം. ഭാഷയും ജാതിയും തമ്മിലുളള വളരെ സങ്കീര്‍ണ്ണമായ സൂക്ഷ്മബന്ധങ്ങളെ വലിയൊരു അക്കാഡമിക്ക് ചര്‍ച്ചക്ക് വിധേയമാക്കുന്ന തരത്തില്‍ ഈ കൃതി ഉയര്‍ത്തിനിര്‍ത്തുന്നതും കാണാം.

മനുഷ്യന്റെ ജീവിതത്തിന്റെ നിസ്സാരതകളേയും, അവന്റെ ആസക്തികളേയും തുടങ്ങിയുളള മറ്റൊരു തലം കൂടി ഈ നോവല്‍ പറയാന്‍ ശ്രമിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു.

വേടര്‍സമൂഹത്തിന്റെ ചരിത്രത്തെ,അവരുടെ ജീവിതത്തെ,അവരുടെ സംസ്ക്കാരത്തെ ഒക്കെ ഭാവിയിലേക്ക് ഡോക്യൂമെന്‍റ് ചെയ്യുക എന്ന സങ്കീര്‍ണ്ണമായ ഒരു ദൗത്യം കൂടി ഈ കൃതി ഏറ്റെടുത്തിരിക്കുന്നു എന്നുളളത് എടുത്തുപറയേണ്ട ഒന്നാണ്.അവരുടെ ഭക്ഷണത്തിലെ കായ്കനികള്‍,അവരുടെ സംഗീതോപകരണങ്ങള്‍ തുടങ്ങിയ പലതും പുറം ലോകത്തിന് അജ്ഞാതമാണ് എന്നുളളതുകൊണ്ട് തന്നെ അവയൊക്കെ പുതിയ പഠനങ്ങള്‍ക്ക് സാധ്യതനല്‍കുന്നതാണ്.

ആദിമ സമൂഹത്തില്‍ മാത്രം ഒഴുകിപ്പരക്കുന്ന ഒന്നല്ല ഈ കൃതി,വിഭജനം നമുക്ക് സൃഷ്ടിച്ച മുറിവുകള്‍ ,കൂട്ടക്കൊലകള്‍,പാലായനങ്ങള്‍,ക്ഷാമകാലം തുടങ്ങി വല്ലാതെ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങള്‍ വരച്ചുകാട്ടാന്‍ നോവലിസ്റ്റിനു സാധിക്കുന്നുണ്ട് ഈ എഴുത്തില്‍ അതുകൊണ്ട് തന്നെ മനുഷ്യന്റെ സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകള്‍ ഈ നോവലിലുടനീളം നിങ്ങളെ തൊട്ട് നീങ്ങുന്നുണ്ട്.

ഒരുകാര്യം കൂടി പറഞ്ഞ് ഇതവസാനിപ്പിക്കാം,  അത് പ്രകൃതിയും മനുഷ്യനുമായുളള കലര്‍ച്ചയാണ്. കായനദിയില്‍ത്തുടങ്ങി അതിങ്ങനെ തിടം വച്ച് ഈ മനുഷ്യവംശ ചരിത്രത്തിന്റെ എല്ലാവശങ്ങളിലൂടെയും ഒഴുകിപ്പരക്കുന്നു.അത് പക്ഷിമൃഗാദികളായും, പ്രളയമായും,കാടായും ഒക്കെ ഈ പുസ്‌തകത്തില്‍ ഒഴുകിപ്പരക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.