DCBOOKS
Malayalam News Literature Website

പൊതുപ്രവര്‍ത്തനം ജാലവിദ്യയല്ല

ജനുവരി ലക്കം പച്ചക്കുതിരയില്‍

അഭിമുഖം

കെ.കെ. ശൈലജ / മനോജ്. വി

ഒരാളുടെ വിശ്വാസം എന്തോ ആയിക്കോട്ടെ സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി എല്ലാ വിശ്വാസികളും ഒരുമിച്ചു നില്‍ക്കണം. ഞാന്‍ ഭൗതികവാദിയാണ്. കമ്മ്യൂണിസ്റ്റുകാര്‍ ഭൗതികവാദികളായിരിക്കണം. കേവലമായ യുക്തവാദമല്ല ഭൗതികവാദം എന്നു തിരിച്ചറിയണം. സമൂഹത്തിന്റെയാകെ മനസ്സറിഞ്ഞുകൊണ്ട് അവരെയൊക്കെ ഒരുമിച്ചു നിര്‍ത്തിക്കൊണ്ട് മാത്രമേ മാറ്റത്തിനുവേണ്ടി പരിശ്രമിക്കാന്‍ സാധിക്കുകയുള്ളൂ. ദൈവവിശ്വാസിയല്ലാത്ത ഭൗതികവാദിയായ ഞാനാഗ്രഹിക്കുന്നത് ഒരു ഈശ്വരവിശ്വാസിക്ക് ഈ ജനാധിപത്യവ്യവസ്ഥയില്‍, മറ്റുള്ളവര്‍ക്ക് ദ്രോഹമാവാത്ത രീതിയിലുള്ള ഈശ്വരവിശ്വാസവും പ്രാര്‍ത്ഥനയും നടത്താനുള്ള സാഹചര്യം ഉണ്ടാകണമെന്നാണ്.

കേരള നിയമസഭയുടെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവുമധികം ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി. നാലുതവണ എം.എല്‍.എ; കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരില്‍ സാമൂഹ്യനീതി, ആരോഗ്യ കുടുംബക്ഷേമ വകുപ്പുമന്ത്രി. ഐക്യരാഷ്ട്രസഭയുടെ പൊതുസേവന ദിനത്തോടനുബന്ധിച്ച് സംസാരിക്കാന്‍ ക്ഷണിക്കപ്പെട്ട ലോകനേതാക്കളില്‍ ഒരാള്‍. നിപ്പ- കൊവിഡ് പ്രതിരോധശ്രമങ്ങളെ മുന്‍നിര്‍ത്തി മാഗ്സസെ പുരസ്‌കാരത്തിന് ഐകകണ്‌ഠേന നിര്‍ദ്ദേശിക്കപ്പെട്ട സാമൂഹിക പ്രവര്‍ത്തക. സി. പി. ഐ (എം) കേന്ദ്രകമ്മിറ്റി അംഗം. കേരളത്തിലെമുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളിലെ വനിതകളില്‍ ഏറ്റവുമധികം ജനകീയപിന്തുണയുള്ള വ്യക്തി. കെ.കെ. ശൈലജട്ടീച്ചര്‍ സംസാരിക്കുകയാണ്.

മനോജ് വി: ടീച്ചറുടെ ജനനം ഐക്യകേരളപ്പിറവിയിലാണോ അതോ ആദ്യത്തെ കമ്യൂണിസ്റ്റ്മന്ത്രിസഭ നിലവില്‍ വന്ന വര്‍ഷമോ. രണ്ടുതരത്തില്‍ രേഖപ്പെടുത്തിക്കാണുന്നു?

കെ. കെ. ശൈലജ: എല്ലാവരും എപ്പോഴും ഓര്‍ക്കുന്ന വര്‍ഷത്തിലാണ് ഞാന്‍ ജനിച്ചത്. ആദ്യം സൂചിപ്പിച്ച pachakuthiraഐക്യകേരളം പിറന്നവര്‍ഷം, അതായത് 1956 നവംബര്‍ 20 എന്നത് എന്റെ ഔദ്യോഗിക രേഖകളിലുള്ള ജനനത്തീയതിയാണ്; യഥാര്‍ത്ഥത്തില്‍ 1957 മാര്‍ച്ച് 15 ആണ്. സ്‌കൂള്‍ പ്രവേശനത്തിനുള്ള സൗകര്യാര്‍ത്ഥം ആറ് വയസ്സ് പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്ന ഒരു മാറ്റം. ഈ രണ്ടുവര്‍ഷവും വളരെ പ്രത്യേകതയുള്ളതാണ്. നമ്മുടെ രാജ്യം സ്വതന്ത്രമായതിനുശേഷം ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ രൂപംകൊണ്ടയുടനേ നടന്ന ജനാധിപത്യപരമായ തിരഞ്ഞെടുപ്പില്‍ 1957-ല്‍ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഇത്ച രിത്രത്തിലും ഒരു വഴിത്തിരിവാണ്. കാരണം അതുവരെ ഇടതുപക്ഷം പോരാടിയത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും അതോടൊപ്പം ഇവിടുത്തെ ജന്മിത്തം അവസാനിപ്പിക്കുന്നതിനുവേണ്ടിയുമായിരുന്നു. എന്റെ കുടുംബം ഈ പോരാട്ടത്തില്‍ ഭാഗഭാക്കായി.

കുടുംബ പശ്ചാത്തലം അറിയാന്‍ താത്പര്യമുണ്ട്.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത് മാടത്തിലാണ് ഞങ്ങളുടെ വീട്. അമ്മമ്മ എം. കെ. കല്യാണി ജനിച്ചതും വളര്‍ന്നതുമൊക്കെ കല്ല്യാശ്ശേരിയിലാണ്. അമ്മയുടെ അച്ഛന്‍ മാടവളപ്പില്‍ രാമന്‍ മേസ്ത്രി. അദ്ദേഹം മാക്കൂട്ടത്ത് ബ്രിട്ടീഷ് സായ്‌വിന്റെ തോട്ടത്തിലെ സൂപ്പര്‍വൈസറായിരുന്നു. ആ ജോലി അന്നുവലിയ പത്രാസായിരുന്നു. സായ്‌വിന്റെ തോട്ടത്തിലെ മേസ്ത്രി എന്നതുകൊണ്ട് സമൂഹത്തില്‍ വലിയ അംഗീകാരം ലഭിച്ചിരുന്നു. അന്ന് ഞങ്ങളുടെയൊക്കെ വിഭാഗത്തില്‍പ്പെട്ടവര്‍ കര്‍ഷകത്തൊഴിലാളികളും ചെറുകിട കര്‍ഷകരുമൊക്കെയായിരുന്ന കാലത്ത് സായ്‌വിന്റെ തോട്ടത്തിലെ ജോലി ഒരു വൈറ്റ്‌കോളര്‍ ജോലിയാണ്. അതുകൊണ്ടുതന്നെ എന്റെ അമ്മമ്മയൊക്കെ നല്ല സൗകര്യത്തോടും ഐശ്വര്യത്തോടുംകൂടി ജീവിച്ചു. അവര്‍ക്ക് ആറു മക്കള്‍. അഞ്ച് ആണ്‍
കുട്ടികളും എന്റെ അമ്മ ഒരു പെണ്‍കുട്ടിയും. ഇവരൊക്കെ വളര്‍ന്നുവരുന്ന ഘട്ടം നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരുന്ന 1920-30 കളിലാണ്. സ്വാതന്ത്ര്യസമരം ഇവരെയും ആകര്‍ഷിച്ചിരുന്നു. എന്റെ വല്യമ്മാമന്‍ മാരായിരുന്ന എം.കെ. രാമുണ്ണി, എം.കെ. കൃഷ്ണന്‍, എം.കെ. ദാമോദരന്‍ എന്നിവരൊക്കെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേരുകയും സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. എം.കെ. രാമുണ്ണി ഇതില്‍ പ്രധാനിയായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഫര്‍ക്കതല ഭാരവാഹിയായിരുന്നു. ഇവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെത്തന്നെ അവരെ ഇടതുപക്ഷ ആശയങ്ങളും സ്വാധീനിച്ചിരുന്നു. കൃത്യമായി പറഞ്ഞാല്‍ സോവിയറ്റ് റഷ്യയിലെ സോഷ്യലിസ്റ്റ് വിപ്ലവത്തോടുകൂടി കമ്മ്യൂണിസ്റ്റ് ആശയം ലോകവ്യാപകമായി ശ്രദ്ധനേടി.

പൂര്‍ണ്ണരൂപം 2023 ജനുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്‌

 

Comments are closed.