DCBOOKS
Malayalam News Literature Website

ഇന്ദുലേഖ-ഒ.ചന്തുമേനോന്റെ തൂലികയില്‍ പിറവിയെടുത്ത നിത്യവിസ്മയം

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഒ.ചന്തുമേനോന്റെ ഇന്ദുലേഖയെക്കുറിച്ച് മലപ്പുറം പോട്ടൂണ്‍ മോഡേണ്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ദേവി നാഥ് ആര്‍.എഴുതിയത്.

പശ്ചാത്തലം

ഇന്ദുലേഖയെന്ന നോവലിന്റെ നാമം ഉരുത്തിരിഞ്ഞുവന്നത് കഥയിലെ കേന്ദ്രകഥാപാത്രമായ ഇന്ദുലേഖയെന്നു പേരുള്ള സുന്ദരിയും വിദ്യാസമ്പന്നയുമായ ഒരു നായര്‍യുവതിയില്‍ നിന്നാണ്. അവള്‍ക്ക് പ്രായം വെറും പതിനഞ്ച്. നായര്‍ സമുദായക്കാരുടെ മുന്നേറ്റകാലത്താണ് ഈ നോവല്‍ രചിച്ചിട്ടുള്ളത്. ഇവര്‍ പാശ്ചാത്യ സാംസ്‌ക്കാരത്തെ ആരാധിക്കുന്നവരാണ്. ഈ ഹ്രസ്വകാലം പാശ്ചാത്യസംസ്‌കാരത്തിന്റെയും പൗരസ്ത്യ സംസ്‌കാരത്തിന്റെയും ഇടയിലുള്ള സ്പര്‍ധകള്‍ക്ക് എന്നും ഇടയിലായിരുന്നു. ഭാരതീയര്‍ ഇവ രണ്ടിനുമിടയില്‍ കിടന്നുകൊണ്ട് ഞെരുങ്ങുന്ന ദയനീയാവസ്ഥയും പ്രകടമാണ്. കേരളത്തിലെ നമ്പൂതിരികള്‍ക്ക് നായര്‍ സ്ത്രീകളുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നത് അനുവദനീയമായിരുന്നു. ഇത്തരത്തിലുള്ള നമ്പൂതിരികള്‍ വേദവും സംസ്‌കൃതവും പഠിച്ചിട്ടുണ്ടെങ്കില്‍ക്കൂടി പാശ്ചാത്യശാസ്ത്രത്തെക്കുറിച്ചും ഇംഗ്ലീഷ് ഭാഷയെക്കുറിച്ചും തികച്ചും അജ്ഞാനികളായിരുന്നു. സമയത്തിന്റെ മാറ്റങ്ങളെ അനുവദിച്ചുകൊടുക്കുവാനുള്ള ഇത്തരക്കാരുടെ മടിയും, സംബന്ധവിവാഹങ്ങളില്‍ നിന്ന് പുറത്തുകടക്കുവാനുള്ള നായര്‍ സ്ത്രീകളുടെ കഠിനപരിശ്രമങ്ങളും ഈ നോവലിന്റെ മുഖ്യ പ്രമേയങ്ങളായി മാറിയിരിക്കുന്നു. ബഞ്ചമിന്‍ ഡിേ്രസലിയുടെ ‘ഹെന്റീറ്റാ ടെംബിള്‍’ എന്ന പുസ്തകത്തിന്റെ പരിഭാഷയായാണ് ഇന്ദുലേഖയെ ആദ്യം ചന്ദുമേനോന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇതുമൂലം ഉണ്ടാകുന്ന പാശ്ചാത്യ സംസ്‌കാരത്തോടുള്ള അത്യാസക്തി നിയന്ത്രിക്കുവാനായി സാധിക്കാതെ വന്നപ്പോഴാണ് അദ്ദേഹം ഈ ശ്രമം ഉപേക്ഷിച്ചത്. പിന്നീട് സ്വന്തം ഭാവനയില്‍ ഈ നോവല്‍ പൂര്‍ത്തിയാക്കി.

ഇന്ദുലേഖ

ലക്ഷണമൊത്തെ ആദ്യ മലയാള നോവല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ഒ. ചന്തുമേനോന്റെ ഇന്ദുലേഖ. 1889- ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. കോളിന്‍സ് മദാമ്മയുടെ ഘാതകവധം (1877), ആര്‍ച്ച് ഡീക്കന്‍ കോരിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുന്‍പുണ്ടായ നോവല്‍മാതൃകകള്‍. ഒരു നായര്‍ കുടുംബത്തിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. നായര്‍-നമ്പൂതിരി സമുദായത്തിലെ മരുമക്കത്തായവും, ജാതിവ്യവസ്ഥയും നമ്പൂതിരിമാര്‍ പല വേളികള്‍ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായര്‍ സമുദായച്യുതിയും ഇന്ദുലേഖയുടേയും മാധവന്റേയും പ്രണയകഥയിലൂടെ ചന്തുമേനോന്‍ അവതരിപ്പിക്കുന്നു. അദ്ദേഹംകൂടി അംഗമായിരുന്ന മലബാര്‍ വിവാഹ കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധാനിക്കുവാന്‍ ഈ ഈ നോവലിനു സാധിച്ചു. മലയാളത്തിലെ പില്ക്കാല നോവലുകളെ ഒരു വലിയ അളവില്‍ ഇന്ദുലേഖ സ്വാധീനിച്ചു. ഇന്ദുലേഖയുടെ പ്രസിദ്ധീകരണത്തിനുശേഷം ഇതിനോടു സാമ്യമുള്ള ഇതിവൃത്തത്തില്‍ മറ്റുപല നോവലുകളും പുറത്തിറങ്ങി. ചെറുവലത്തു ചാത്തുനായരുടെ മീനാക്ഷി (1890), കോമാട്ടില്‍ പാടുമേനോന്റെ ലക്ഷ്മീകേശവം (1892), ചന്തുമേനോന്റെ തന്നെ ശാരദ തുടങ്ങിയവ ഇത്തരത്തിലുള്ളതാണ്. പ്രേമസുഖത്തിന്റെയും തമ്മിലുള്ള അഗാധമായ സ്‌നേഹത്തിന്റെയും ഹൃദയസ്പര്‍ശിയായ മുദ്ര തന്നെയാണ് ഈ ചരിത്രപ്രസിദ്ധ നോവലിലുള്ളത്.

ഉള്ളടക്കം

നായര്‍ സമുദായത്തിലെ സന്തതികളായ മാധവനും ഇന്ദുലേഖയും തമ്മിലുള്ള അനശ്വര പ്രണയത്തെ വികാരാര്‍ദ്രമായ സന്ദര്‍ഭങ്ങളിലൂടെ ഈ നോവല്‍ ചിത്രീകരിക്കുന്നുണ്ട്. ഇരുപതോളം അധ്യായങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ നോവലില്‍ അതിനൊത്തെ ധാരാളം കഥാപാത്രങ്ങളും അടങ്ങിയിരിക്കുന്നു. പഞ്ചുമേനോന്‍ എന്ന കേമനായ നായര്‍ തറവാടിയുടെ അരുമയായ പേരമകളാണ് ഇന്ദുലേഖ. ജനിച്ചത് രാജാവവര്‍കളുടെ മകളായിട്ടാണെങ്കിലും തന്റെ അമ്മാവനായ കൊച്ചുകൃഷ്ണമേനോന്റെ വാത്സല്യവും ലാളനയുമാണ് അവള്‍ക്ക് ചൂടേകിയത്. ഇന്ദുലേഖയുടെ ജനനത്തോടെ അവളുടെ പിതാവ് മരണപ്പെട്ടതിനെത്തുടര്‍ന്ന് ഭാര്യയായ ലക്ഷ്മിക്കുട്ടിയമ്മ ‘കേശവന്‍ നമ്പൂതിരി’ അഥവാ ‘കറുത്തേട’ത്തിനെ പുനര്‍വേളി കഴിക്കുന്നു. രണ്ടാനച്ഛനുമായി യോജിപ്പില്ലെങ്കില്‍ക്കൂടി ഇന്ദുലേഖ വീട്ടിലേവര്‍ക്കും പ്രിയങ്കരിയായിരുന്നു. സ്വാഭാവികമായി മൂക്കത്തു ശുണ്ഠി കയറി ഏവരോടും ക്രോധിതനാകുന്ന കാരണവര്‍ പഞ്ചുമേനോന്‍ പോലും ഇന്ദുലേഖയ്ക്കു മുന്നില്‍ അലിഞ്ഞു പോകാറുണ്ട്. പൊതുവെ സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്യുന്നതിനര്‍ഹരല്ലെന്ന് ശാഠ്യം പിടിക്കുന്ന അക്കാലത്താണ് തന്റെ നീണ്ട പതിനാറുവയസ്സുവരെ ഇന്ദുലേഖ വിദ്യ അഭ്യസിച്ചത്. ഇംഗ്ലീഷിലും, സംസ്‌കൃത നാടകാലങ്കാരങ്ങളിലും, സംഗീതത്തിലും, തുന്നലിലും, ചിത്രപ്പണികളിലും അതിനിപുണയായിരുന്നു അവള്‍. ഈയിടെ തന്റെ അമ്മാവന്റെ മരണത്തോടുകൂടി മുത്തച്ഛനും അമ്മയും താമസിക്കുന്ന ‘പൂവരങ്ങ്’ എന്ന സ്വന്തം തറവാട്ടില്‍ ഇന്ദുലേഖ അധികം താമസിയാതെ തിരിച്ചെത്തുന്നു.

അവിടെവെച്ചാണ് അവള്‍ മാധവനെ കണ്ടുമുട്ടുന്നത്. ഇവരിരുവരും ചെറുപ്പത്തില്‍ത്തന്നെ കളിക്കൂട്ടുകാരായിരുന്നു. പഞ്ചുമേനോന്റെ അനന്തിരവനാണ് മാധവന്‍. മാധവനെക്കൂടാതെ മരുമക്കള്‍ വേറെയധികമുണ്ടെങ്കിലും പഞ്ചുമേനോന്റെ സ്‌നേഹം ലഭിച്ചിരുന്നത് മാധവനാണ്. അതിനാല്‍ത്തന്നെ അദ്ദേഹത്തെ പഠിപ്പിക്കുവാനും കലാകായിക വിദ്യകളില്‍ സമര്‍ഥനാക്കിത്തീര്‍ക്കുവാനും പഞ്ചുനായര്‍ നന്നെയാണ് മുന്നിട്ടിറങ്ങിയത്. മാധവന്‍ അതിബുദ്ധിമാനും അതികോമളനുമാണ്. തന്റെ ബുദ്ധിസാമര്‍ത്ഥ്യവും വാക്ചാതുരി കൊണ്ടും ബി.എല്‍. അദ്ദേഹം പാസ്സാകുന്നുണ്ട്. മുതിര്‍ന്നവരോടുള്ള ഭയഭക്തി ബഹുമാനവും എളിമയുമെല്ലം വളരെയധികമായി മാധവനുള്ളില്‍ തിങ്ങി നിറഞ്ഞിട്ടുണ്ട്. ദിനംപ്രതി ശരീരഗുണത്തിനുവേണ്ടി ആചരിച്ചുവരുന്ന വ്യായാമങ്ങളാല്‍ മാധവന്റെ ദേഹം അതിമനോഹരമായിരുന്നു. അച്ഛന്‍ ഗോവിന്ദപ്പണിക്കരെപ്പോലെത്തന്നെ നായാടുന്നത് അദ്ദേഹത്തിന് ഒരു ലഹരി തന്നെയായിരുന്നു. അമ്മ പാര്‍വതി അമ്മ. പാശ്ചാത്യസംസ്‌കാരത്തിനോടൊപ്പം പരമ്പരാഗതമായ തനിമകളേയും അദ്ദേഹം നിത്യം നിലനിര്‍ത്തിക്കൊണ്ടു പോവുന്നു. തലയിലെ കുടുമ ഇതിന്റെ ഉത്തമോദാഹരണമാണ്. തന്റെ സഹോദരങ്ങളും തന്നെപ്പോലെ അറിവു സമ്പാദിക്കണമെന്ന് മാധവന്‍ സദാ കാംക്ഷിക്കാറുണ്ട്. അതിനുവേണ്ടി തന്നാലാവുന്നവിധം മാധവന്‍ പരിശ്രമിക്കാറുണ്ട്. തന്നെ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി ജീവന്‍ വെടിയുന്ന മനോഭാവമാണ് മാധവനുള്ളത്. ഇത്തരത്തില്‍ സാത്വികമായ ഒരു സ്വഭാവത്തിനുടമയാണ് മാധവന്‍. തെല്ലും അഹങ്കാരമോ ക്രോധമോ അദ്ദേഹത്തില്‍ പ്രകടമാകുന്നില്ല. തന്റെ സഹോദരനായ ശിന്നനെ ഉപരിപഠനത്തിനായി തന്നോടൊപ്പം മദ്രാസിലേക്കു പറഞ്ഞയക്കണമെന്ന മാധവന്റെ അപേക്ഷയെ പഞ്ചുമേനോന്‍ തള്ളിക്കളയുന്നു. എന്നാല്‍ താന്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് ഉചിതമാണെന്ന് ഉത്തമബോധ്യമുള്ളതിനാല്‍ മാധവന്‍ തന്റെ അമ്മാവനെ എതിര്‍ക്കുന്നു. തറവാട്ടിലെ പൂര്‍വ്വികന്മാര്‍ വരുംതലമുറയുടെ അഭിവൃദ്ധിക്കായി കരുതിവെച്ച ദ്രവ്യം ശിന്നന്റെ പഠനത്തിനുവേണ്ടി ചിലവഴിക്കണമെന്ന് മാധവന്‍ നിര്‍ബന്ധം പിടിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പഞ്ചുമേനോനെ എതിര്‍ക്കുവാന്‍ ആരുംതന്നെ തുനിയുന്നില്ല. ഇതോടെ തന്റെ കൈയ്യില്‍നിന്നും തന്റെ പിതാവിന്റെ സ്വത്തില്‍ നിന്നും ചിലവുകള്‍ വഹിച്ച് മാധവന്‍ ശിന്നനെ തന്നോടൊപ്പം മദ്രാസിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. ഇക്കാര്യം ശിന്നന്റെ പിതാവായ ശീനുപട്ടരില്‍ നിന്നും അറിഞ്ഞ പഞ്ചുമേനോന്‍ മാധവനോട് മനസ്സാല്‍ കുപിതനാവുകയും തന്റ വാക്കുകളെ മാനിക്കാത്തതിനുള്ള പ്രതികാരം ചെയ്യുവാനൊരുങ്ങുകയും ചെയ്യുന്നു.

ഇന്ദുലേഖ കൊച്ചുകൃഷ്ണമേനോനോടൊപ്പം താമസിക്കുന്ന കാലവും മാധവനെ കൂടെക്കൂടെ കാണാറുണ്ടായിരുന്നു. കൊച്ചുകൃഷ്ണമേനോന് മാധവനെ വളരെയധികം ഇഷ്ടമായിരുന്നു. മാധവന്‍ അതിബുദ്ധിമാനായ കുട്ടിയാണെന്ന് പലപ്പോഴും അദ്ദേഹം സംഗതിവശാല്‍ പറയുന്നത് ഇന്ദുലേഖ തന്നെ കേട്ടിട്ടുണ്ട്. കൊച്ചുകൃഷ്ണമേനോന്റെ മരണശേഷം പൂവരങ്ങില്‍ താമസം തുടങ്ങിയ മുതല്‍ ഇന്ദുലേഖയും മാധവനും തമ്മില്‍ വളരെ സ്‌നേഹമായിത്തീര്‍ന്നു. അവരിരുവരും തമ്മില്‍ സംസാരിച്ചും കളിച്ചും ചിരിച്ചും വളരെയേറെ സമയം ചിലഴിച്ചിരുന്നു. ഇങ്ങനെയിരിക്കെയാണ് ഇന്ദുലേഖയ്ക്കും മാധവനും പരസ്പരം അനുരാഗം തോന്നിത്തുടങ്ങിയത്. എന്നാലിത് അവര്‍ അന്യോന്യം മറച്ചുവെക്കുന്നു. പക്ഷേ, മനസ്സില്‍ കുടിയേറിയ ഇന്ദുലേഖയോടുള്ള പ്രണയത്തെ കണ്ടില്ലെന്നു നടിക്കുന്നതില്‍ മാധവന്‍ പരാജയപ്പെടുന്നു. അവളെക്കുറിച്ച് ദിനംപ്രതി ഓര്‍ത്തുകൊണ്ടിരിക്കുന്നതിനിടയില്‍ ഭക്ഷണം, നിദ്ര തുടങ്ങിയവയിലുള്ള ശ്രദ്ധ കുറഞ്ഞുവരികയും ചെയ്തു. ഒടുവില്‍ താന്‍ ബി.എല്‍. ഒന്നാം ക്ലാസ്സോടുകൂടി പാസായ അന്നുതന്നെ ഇന്ദുലേഖയോടുള്ള സ്‌നേഹം മാധവന്‍ തുറന്നു കാണിക്കുന്നു. അവരുടെ അന്തഃകരണ വിവാഹവും ഇങ്ങനെ സംഭവിക്കുന്നു.

ഇന്ദുലേഖയുടെയും മാധവന്റെയും സ്‌നേഹബന്ധത്തെക്കുറിച്ച് നന്നേ അറിവുള്ള പഞ്ചുമേനോന്‍ മാധവനോടുള്ള പക വീട്ടുന്നതിനായി ഇന്ദുലേഖയെ അദ്ദേഹത്തിന് ഒരിക്കലും വിവാഹം ചെയ്തു കൊടുക്കില്ലെന്നുള്ള ശപഥം ചെയ്യുന്നു. ഇതുകൊണ്ടും മതിയാവാതെ ‘കണ്ണഴി മൂര്‍ക്കില്ലാത്ത മനയ്ക്കല്‍ സൂരി നമ്പൂതിരിപ്പാട്’ എന്ന വൃദ്ധനെക്കൊണ്ടു ഇന്ദുലേഖയെ വേളി കഴിപ്പിക്കാനും ശ്രമിക്കുന്നു. യൗവനം കഴിഞ്ഞെങ്കിലും സ്ത്രീകളില്‍ വളരെ ആസക്തിയുള്ള കൂട്ടത്തിലാണയാള്‍. തന്റെ മൂര്‍ച്ചയേറിയ നാവുകൊണ്ട് ആരെയും നുറുക്കുവാനുള്ള വാക്‌സാമര്‍ത്ഥ്യം നമ്പൂതിരിപ്പാടിനുണ്ട്. ഇയാള്‍ വേളി കഴിച്ചിട്ടില്ല. സാധാരണ അറിവും പഠിപ്പും ഇല്ലാത്ത ധനവാന്‍മാര്‍ക്കുണ്ടാവുന്നപോലെ, തന്നെപ്പറ്റി ഇദ്ദേഹത്തിനു വലിയ അഭിപ്രായം തന്നെയാണ് ഉണ്ടായിരുന്നത്. മുഖസ്തുതി കേട്ടുകേട്ട് താന്‍ ഒരു മഹാപുരുഷനാണെന്ന് ഇദ്ദേഹം മനസ്സില്‍ തീര്‍ച്ചയാക്കി വെച്ചിരുന്നു. നമ്പൂതിരിപ്പാട് ഒരു കഥകളി ഭ്രാന്തനുംകൂടിയാണ്.

സൂരിനമ്പൂതിരിപ്പാടിന്റെ ഉറ്റമിത്രമാണ് ചെറുശ്ശേരി നമ്പൂതിരി. ഇന്ദുലേഖയുമായുള്ള സംബന്ധത്തിനുള്ള ക്ഷണം സൂരിനമ്പൂതിരിപ്പാടിനു ലഭിക്കുന്നു. ഇന്ദുലേഖയും മാധവനും തമ്മിലുള്ള സ്‌നേഹത്തെക്കുറിച്ച് അറിയായിരുന്നെങ്കില്‍ക്കൂടി ചെറുശ്ശേരി നമ്പൂതിരി സൂരിനമ്പൂതിരിപ്പാടിന് പ്രത്യാശകള്‍ നല്‍കുന്നുണ്ട്. ബുദ്ധിമാനായ ഒരു വ്യക്തിയുടെ നീക്കങ്ങളുടെ ചടുലത ചെറുശ്ശേരിയുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. തന്റെ യുക്തിപൂര്‍വ്വമായ നീക്കങ്ങളിലൂടെ ചെറുശ്ശേരി നമ്പൂതിരിയെ അനുഗമിക്കുന്നു. ധൃതിയോടെ സൂരി നമ്പൂതിരിപ്പാട് ഇന്ദുലേഖയെ കാണുവാന്‍ വേണ്ടി പൂവരങ്ങിലെത്തിച്ചേരുന്നു. എന്നാല്‍ ഇത് ഇന്ദുലേഖയെ വളരയെധികം ചൊടിപ്പിക്കുന്നു. ഒരുപാടുനാള്‍ സൂരിനമ്പൂതിരിപ്പാട് പൂവരങ്ങില്‍ താമസിക്കുന്നുണ്ട്. എന്നാല്‍ ഓരോ ദിവസവും ഓരോ സ്ത്രീകളെയായി ഇയാള്‍ നോട്ടമിടാനും തുടങ്ങുന്നു. ആദ്യദിവസം തന്നെ ഇന്ദുലേഖയുടെ അമ്മ ലക്ഷ്മിക്കുട്ടിയമ്മയേയും പിന്നീട് തോഴി കല്യാണിക്കുട്ടിയേയും ഇയാള്‍ നോട്ടമിടുന്നുണ്ട്. ഇന്ദുലേഖയുമായി മധുരസല്ലാപത്തിനു നമ്പൂതിരിപ്പാട് തുനിഞ്ഞെങ്കിലും അവളുടെ പ്രതികരണങ്ങള്‍ അയാളില്‍ നേര്‍ത്ത നീരസമുണ്ടാക്കുന്നു. തന്റെ വിവാഹാലോചനകള്‍ തകൃതിയായി നടക്കുന്ന വിവരവും സൂരി നമ്പൂതിരിപ്പാടിനെക്കുറിച്ചുള്ള തമാശകളും ഇന്ദുലേഖയും മാധവനും തമ്മില്‍ കത്തുകളിലൂടെ നിത്യവും കൈമാറിക്കൊണ്ടിരുന്നു. വിദ്യാസമ്പന്നയായ ഇന്ദുലേഖ ഒരിക്കലും തനിക്കു വഴങ്ങില്ലെന്നു തീര്‍ച്ചപ്പെടുത്തിയ സൂരിനമ്പൂതിരിപ്പാട് കുറച്ചുനാളുകള്‍ക്കു ശേഷം ഇന്ദുലേഖയുടെ തോഴി കല്യാണിക്കുട്ടിയെ ഇന്ദുലേഖയെന്ന വ്യാജേന സംബന്ധം ചെയ്തിട്ട് പല്ലക്കിലേറ്റി തന്റെ മാളികയിലേക്കു കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു.
ഇതിനിടയിലാണു മാധവന്‍ നാട്ടില്‍ തിരിച്ചെത്തുന്നത്. വഴിയരികില്‍നിന്ന് കയറിയ ചായക്കടയിലെ ജനങ്ങള്‍ ഇന്ദുലേഖയുടെയും സൂരിനമ്പൂതിരിപ്പാടിന്റെയും വേളിയുടെ കാര്യങ്ങള്‍ പറയുന്നത് അദ്ദേഹം കേള്‍ക്കാനിടവരുന്നു. അതുസത്യമാണെന്ന് തന്റെ ഉറ്റമിത്രങ്ങളും പറഞ്ഞതോടുകൂടി മാധവന്‍ ആകെ തളര്‍ന്നുപോകുന്നു. തന്റെ പ്രിയപ്പെട്ടവരെ ഒരുനോക്കുപോലും കാണുവാന്‍ നില്‍ക്കാതെ മാധവന്‍ രാജ്യദേശാടനത്തിനൊരുങ്ങിത്തിരിക്കുന്നു. ഈ വിവരമറിഞ്ഞ ഇന്ദുലേഖ മാധവന്‍ തന്നെ സംശയിച്ചതോര്‍ത്തുകൊണ്ട് വിതുമ്പുന്നു. ഗോവിന്ദപ്പണിക്കരും സഹോദരനും കൂടി മാധവനെ അന്വേഷിച്ച് മുംബായിലേക്ക് കപ്പലു കയറുന്നു. എന്നാല്‍ മാധവന്‍ ഇവര്‍ക്ക് പിടികൊടുക്കാതെ ദേശങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരുന്നു. ഒരുപാടു നാളത്തെ അലച്ചിലുകളില്‍ മാധവന്‍ ഒരുപാടു അനീതികളും ക്രൂരതകളും നേരിടേണ്ടി വരുന്നു. ഇവിടെയെല്ലാം മാധവനു സഹായത്തിനായി ചില വലിയ മനുഷ്യര്‍ എത്തിച്ചേരുന്നു. അത്തരത്തിലൊരാളുടെ ഗൃഹത്തില്‍ താമസിച്ചുകൊണ്ടിരിക്കേ ഗോവിന്ദപ്പണിക്കരും സഹോദരനും മാധവനെ കണ്ടെത്തുന്നു. അവര്‍ തമ്മില്‍ ആനന്ദാശ്രുക്കള്‍ പങ്കിടുന്നു. ഇന്ദുലേഖയെ വേളി കഴിച്ചിട്ടില്ലെന്നും മാധവന്‍ എല്ലാം കേട്ട് തെറ്റിദ്ധരിച്ചതാണെന്നുമുള്ള സത്യം അവരിരുവരും അദ്ദേഹത്തെ ബോധിപ്പിക്കുന്നു. അതോടുകൂടി ഒരുപാടുനാളുകള്‍ക്കു ശേഷം നഷ്ടപ്പെട്ടുപോയ തന്റെ സന്തോഷങ്ങളും ഊര്‍ജ്ജസ്വലതയും മാധവന്‍ വീണ്ടെടുക്കുന്നു. അവര്‍ മൂവരുംകൂടി സ്വനാട്ടിലേക്ക് തിരിച്ചെത്തുന്നു. മാധവനെ കണ്ട ഇന്ദുലേഖ ആശ്വാസത്തോടെ നെടുവീര്‍പ്പിടുന്നു. താന്‍ ചെയ്തുപോയ ചെറിയ കുറ്റത്തിന് മാധവന്‍ ഇന്ദുലേഖയോടും തന്റെ മാതാവിനോടും ക്ഷമ യാചിക്കുന്നു. മടങ്ങിയെത്തിയ ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ മാധവന്റെയും അദ്ദേഹത്തിന്റെ മാത്രം ‘മാധവി’ യായ ഇന്ദുലേഖയുടേയും വിവാഹം നടക്കുന്നു. പിന്നീടുള്ള വളരെയേറെ സംവത്സരങ്ങള്‍ അവര്‍ ആഹ്ലാദത്തോടെ ഒരുമിച്ചു ജീവിക്കുന്നു.

ഇത്തരത്തില്‍ ശുഭപര്യവസായിയാണ് ഈ നോവല്‍. ആദ്യഭാഗത്തില്‍ പ്രേമവും മധ്യത്തില്‍ തമാശകളും പിന്നീട് വിരഹവേദനയും ഒടുവില്‍ കൂടിച്ചേരലിന്റെയും വൈരുദ്ധ്യമായ അവസ്ഥകളും ഈ നോവലിലൂടെ കടന്നുപോകുമ്പോള്‍ നാം തിരിച്ചറിയുന്നുണ്ട്. കഥയില്‍ നര്‍മ്മത്തിന് പാത്രമായത് സൂരി നമ്പൂതിരിപ്പാട് എന്ന വൃദ്ധനാണ്. തന്റെ പ്രായത്തെക്കുറിച്ച് തെല്ലും ബോധമില്ലാതെ അയാള്‍ കാണിക്കുന്ന പ്രവൃത്തികള്‍ നമ്മെ രസിപ്പിക്കുന്നതിനോടൊപ്പം ചൊടിപ്പിക്കുകയും ചെയ്യുന്നു. ഇന്ദുലേഖയുടെ തറവാട്ടിലേക്കുള്ള അയാളുടെ യാത്ര ബഹുവര്‍ണ്ണനായോജ്യമാണ്. ദേഹമാസകലം സ്വര്‍ണ്ണംകൊാണ്ടു മൂടി തന്റെ അഭംഗികളെ ഭംഗിയായി പരിവര്‍ത്തനപ്പെടുത്താമെന്നയാള്‍ വ്യാമോഹിക്കുന്നു. എന്നാല്‍ എല്ലാ സ്ത്രീകളും സ്വര്‍ണ്ണത്തില്‍ ആസക്തിയുള്ളവരല്ലെന്നു തിരിച്ചറിയാന്‍ വിഡ്ഢിയായ ഇയാള്‍ക്കു കഴിയുന്നില്ല. തികച്ചും സ്ത്രീലമ്പടനും മടയനും മടിയനുമായ ഇയാളുടെ അന്ത്യപ്രവൃത്തി തികച്ചും നൈര്‍മികമാണ്. എന്നാല്‍ ഇതുതന്നെയാണ് പിന്നീടുള്ള ദുരന്തങ്ങള്‍ മുഴുവന്‍ ക്ഷണിച്ചുവരുത്തിയതും.

മാധവന്റെയും ഇന്ദുലേഖയുടെയും സ്‌നേഹത്തെ എതിര്‍ക്കുന്ന ചുരുക്കംപേരെ കഥയിലുള്ളൂ. പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്നതുപോലെയെങ്കിലും അവരിരുവരുടേയും രക്ഷിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ പൂര്‍ണ്ണസമ്മതമായിരുന്നു. ചെറുശ്ശേരി നമ്പൂതിരിപ്പാടിന് മാധവനെയും ഇന്ദുലേഖയെയും നന്നായിട്ടറിയാമായിരുന്നു. അവര്‍ തമ്മിലുള്ള വേളി മാത്രമേ സംഭവിക്കൂ എന്നു തീര്‍ച്ചയുണ്ടായിട്ടും അദ്ദേഹം സൂരി നമ്പൂതിരിപ്പാടിന്റെ ദുരാഗ്രഹത്തെ അനുഗമിക്കുന്നതായി അഭിനയിക്കുന്നു. ഇത്തരത്തില്‍ മാധവനും ഇന്ദുലേഖയും പരസ്പരം യോജിക്കേണ്ടവരാമെന്ന് ലോകം മുഴുവന്‍ അഭിപ്രായപ്പെടുന്നു. അതിന്റെ ഫലമായിട്ടാവാം കഥാന്ത്യത്തില്‍ അവരൊന്നിച്ചത്.

ഒയ്യാരത്ത് ചന്തുമേനോന്‍

1847 ജനുവരി 9-ന് പ്രമാണിത്യമുള്ള കുടുംബത്തിലാണ് ചന്തുമേനോന്‍ ജനിച്ചത്. അച്ഛന്‍ ഉത്തരകേരളത്തിലെ കോട്ടയം താലൂക്കില്‍ തലശ്ശേരി നഗരത്തിന് സമീപം പിണറായി അംശം കെളാലൂര്‍ ദേശത്ത്, എടപ്പാടി ചന്തുനായര്‍. അദ്ദേഹം ആദ്യം പോലീസ് ആമീനും പിന്നീട് പലയിടങ്ങളിലായി തഹസീല്‍ദാറും ആയി ജോലി നോക്കി. അമ്മ കൊടുങ്ങല്ലൂര്‍ ചിറ്റെഴുത്ത് ഭവനത്തിലെ പാര്‍വ്വതി അമ്മ. രണ്ടു പെണ്‍മക്കളടക്കം മൂന്ന് ആണ്‍മക്കളും ഉള്ളതില്‍ ഇളയതായിരുന്നു ചന്തുമേമോന്‍. ചന്തുനായര്‍ കറുമ്പ്രനാട് താലൂക്കില്‍ നടുവണ്ണൂരില്‍ താമസിച്ച് അവിടത്തെ തഹസീല്‍ദാരായി ജോലിനോക്കുന്ന കാലത്താണ് ചന്തുമേനോന്‍ ജനിക്കുന്നത്. അവിടെനിന്ന് കോവില്‍ക്കണ്ടിയിലേക്ക് ചന്തുനായര്‍ക്ക് സ്ഥലംമാറ്റം കിട്ടി. അവിടെ കോതമംഗലം ക്ഷേത്രത്തിനടുത്തുള്ള വീട്ടിലായിരുന്നു ചന്തുമേനോന്റെ ബാല്യം. വിദ്യാരംഭം കഴിഞ്ഞ് അദ്ദേഹം കോരന്‍ കരിക്കള്‍ എന്ന നാട്ടെഴുത്തച്ഛന്റെ കീഴില്‍ പഴയ സമ്പ്രദായത്തില്‍ പഠിച്ചുവരെ കോട്ടയം താലൂക്കിലേക്ക് ചന്തുനായര്‍ക്ക് മാറേണ്ടിവന്നു. അങ്ങനെ തലശ്ശേരിയില്‍ തിരുവങ്ങാട്ടെ ഒയ്യാരത്ത് വീട്ടില്‍ താമസമായി. ആ വഴിക്കാണ് ഒയ്യാരത്ത് ചന്തുമേനോന്‍ എന്ന് പേര് സിദ്ധിക്കുന്നത്. കുഞ്ഞമ്പു നമ്പ്യാര്‍ എന്ന വിദ്വാന്റെ കീഴില്‍ കാവാല്യങ്കാദികള്‍ പഠിച്ച് സംസ്‌കൃതത്തില്‍ സാമാന്യപാണ്ഠിത്യം നേടി. കവിയായിരുന്ന നാരങ്ങോളി ചിറക്കല്‍ കുഞ്ഞിശങ്കരന്‍ നമ്പൂയാരുമായി ബന്ധം അദ്ദേഹത്തെ സാഹിത്യരസികനാക്കി. ചന്തുനായര്‍ക്ക് വീണ്ടും കോവല്‍ക്കണ്ടിലേക്ക് സ്ഥലം മാറ്റം ഉണ്ടായപ്പോള്‍ അവിടത്തെ ഒരു ഇംഗ്ലീഷ് സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിച്ചു. അക്കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഹിന്ദി ആവശ്യമായതിനാല്‍ അതു പഠിപ്പിക്കാനും ഏര്‍പ്പാടു ചെയ്തു. 1857-ല്‍ 57-ാം വയസ്സില്‍ ചന്തുനായര്‍ പ്രമേഹ രോഗത്താല്‍ മരിച്ചു. മൂത്തജ്യേഷ്ഠനായ ശങ്കരമേനോനും ആ വര്‍ഷം മേടത്തില്‍ തന്റെ 19-ാം വയസ്സില്‍ വസൂരി ബാധിച്ച് മരണമടഞ്ഞു. അദ്ദേഹം സരസകവിയും ദ്വിഭാഷാ പണ്ഡിതനുമായിരുന്നു. ശങ്കരമേനോന്റെ മരണശേഷം കുടുംബം തിരികെ തലശ്ശേരിയിലേക്ക് മാറി. ബാസല്‍ മിഷന്‍ തലശ്ശേരി പാര്‍സി സ്‌കൂളില്‍ ചന്തുമേനോന്‍ പഠിത്തം തുടര്‍ന്നു. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ സ്വന്തം നിലയില്‍ പഠിച്ച് ഇംഗ്ലിഷിലും സംസ്‌കൃതത്തിലും പ്രാവീണ്യംനേടി. അണ്‍കവനെന്റ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇംഗ്ലീഷില്‍ ഉന്നതനിലയില്‍ ജയിച്ച് ചന്തുമേനോന്‍ മെട്രിക്കുലേഷന്‍ ചേര്‍ന്നു. തലശ്ശേരി സ്മാള്‍ക്കാസ് കോടതിയില്‍ ജഡ്ജി ജെ.ആര്‍. ഷാര്‍പ്പ് ചന്തുമേനോന്റെ കഴിവറിഞ്ഞ് അവിടത്തെ ആറാം ഗുമസ്തനായി നിയോഗിച്ചു. 1864- ല്‍ അങ്ങനെ ആദ്യമായി അദ്ദേഹം സര്‍ക്കാരുദ്യോഗസ്ഥനായി. 1882- ല്‍ ചന്തുമേനോന്‍ കാത്തോളിവീട്ടില്‍ ലക്ഷ്മിയമ്മയെ വിവാഹം ചെയ്തു. ചന്തുമേനോന് അനുരൂപയായ സഹധര്‍മ്മിണിയായിരുന്നു അവര്‍. ഇന്ദുലേഖയുടെ സൃഷ്ടിക്കു പിന്നില്‍ തന്റെ പത്‌നിയാണെന്ന് ചന്തുമേനോന്‍ സൂചിപ്പിക്കുന്നുണ്ട്. വലിയ കോയിത്തമ്പുരാന്‍ അമരുകശതകം ഭാഷാന്തരീകരിച്ചതും അവരുടെ നിര്‍ബന്ധത്തിലാണ്. അഞ്ച് പുത്രന്മാരും രണ്ടു പുത്രിമാരുമാണിവര്‍ക്ക്. ഒരു പുത്രി ചെറുപ്പത്തില്‍ത്തന്നെ മരിച്ചുപോയി. ഇന്ദുലേഖയ്ക്കു മുമ്പ് ഒരു സാഹിത്യകാരനോ മലയാള സാഹിത്യത്തോട് വിശേഷ പ്രതിപത്തിയോ ഉള്ളയാളായി ചന്തുമേനോന്‍ അറിയപ്പെട്ടിരുന്നില്ല. ഇന്ദുലേഖയെക്കൂടാതെ അപൂര്‍ണ്ണമായ ശാരദയും വിദ്യാവിനോദിനിയില്‍ വന്ന മയൂരസന്ദേശത്തിന്റെ മണ്ഡനവും ചാത്തുക്കുട്ടി മന്നാടിയാരുടെ ഉത്തരരാമചരിതത്തെക്കുറിച്ചെഴുതിയ ഒരു കത്ത് എന്ന ദീര്‍ഘലേഖനവും നവീകരിച്ചതിനെഴുതിയ മുഖവുരയും ഇത്രയുമാണ് സാഹിത്യസംബന്ധിയായ ചന്തുമേനോന്റേ ആകെ രചനകള്‍.

1899 സെപ്റ്റംബര്‍ 7-ന് പതിവുപോലെ കേസ്സുവിചാരണകള്‍ കഴിഞ്ഞ് ചന്തുമേനോന്‍ നേരത്തെ വീട്ടിലെത്തി ആഹ്ലാദചിത്തനായിരുന്നു. ക്ഷീണം കണ്ട് ഡോക്ടറെ വരുത്തിയെങ്കിലും മൂര്‍ച്ഛയിലായിരുന്നു. പിറ്റേന്ന് സൂര്യോദയത്തോടെ അദ്ദേഹം മരണമടഞ്ഞു. ഇപ്രകാരം മലയാള സാഹിത്യത്തിലെ ഒരു തീരാനഷ്ടമായി മാറപ്പെട്ടു.

വിഷയങ്ങള്‍

വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ ഇന്ദുലേഖയെന്ന നോവലില്‍ അടങ്ങിയിരിക്കുന്നു. നായര്‍ നമ്പൂതിരി സമ്പ്രദായത്തിലെ വിവാഹാചാരങ്ങളും പാശ്ചാത്യസംസ്‌ക്കാരത്തെ അനുകരിക്കാനുള്ള ഭാരതീയരുടെ ആഗ്രഹവും കഥയിലെ മുഖ്യ പ്രമേയങ്ങളായി മാറിയിരിക്കുന്നു. എക്കാലവും സ്ത്രീയെ സ്വന്തം കാല്‍ച്ചുവട്ടിനുതാഴെ നിര്‍ത്താമെന്ന പുരുഷന്റെ വ്യാമോഹത്തിന് ഇവിടെ ഇന്ദുലേഖയെന്ന കേന്ദ്രകഥാപാത്രം അന്ത്യം കുറിക്കുന്നുണ്ട്. വിദ്യാഭ്യാസവും ഉയര്‍ന്ന ഉദ്യോഗസ്ഥവും പദവിയും ആത്മാഭിമാനവുമെല്ലാം പുരുഷന്മാര്‍ക്കു പുറമേ സ്ത്രീകള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന സത്യം ഇവളുടെ ധൈര്യവും പ്രതിസന്ധികളെ നേരിടുന്ന പ്രതികരണശേഷിയും നമ്മെ വിളിച്ചറിയിക്കുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി സ്വന്തം മനസ്സിലെ ന്യായമായ ആഗ്രഹങ്ങളെ ത്യജിക്കുവാന്‍ ഇന്ദുലേഖയും മാധവനും തയ്യാറാകുന്നില്ല. അവരുടെ ദൃഢതയേയും മനസ്സിന്റെ നിശ്ചയദാര്‍ഢ്യത്തെയും ഇതിലൂടെ തിരിച്ചറിയാന്‍ സാധിക്കുന്നു. എത്ര വലിയ ബുദ്ധിസാമര്‍ത്ഥ്യമുള്ളവര്‍ക്കും ചില നിമിഷങ്ങളില്‍ അബദ്ധങ്ങള്‍ സംഭവിക്കാമെന്ന് മാധവനു പറ്റിയ തെറ്റില്‍ നിന്ന് സഹൃദയര്‍ക്ക് ബോധ്യപ്പെടുന്നു. ഇത്തരത്തില്‍ ആധുനിക ലോകത്തിന് ഒരുപാടു സന്ദേശങ്ങള്‍ ഈ ചരിത്രനോവല്‍ എന്നെന്നും പ്രദാനം ചെയ്യുന്നു.

സംഗ്രഹം

ഇന്ദുലേഖയെന്ന ചരിത്രപ്രസിദ്ധനോവല്‍ സമകാലീക സമൂഹത്തിന് ഒരു മുതല്‍ക്കൂട്ടു തന്നെയാണ്. സ്ത്രീ- പുരുഷസമത്വം എപ്രകാരമാവണമെന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു. കഥയിലെ കേന്ദ്രകഥാപാത്രങ്ങളായ മാധവനും ഇന്ദുലേഖയും വിദ്യാഭ്യാസത്തിലും മറ്റു പ്രായോഗിക ഗുണങ്ങളിലും സമത്വമുള്ളവരാണ്. ആണ്‍- പെണ്‍ഭേദം ഈ നോവലിലുള്‍പ്പെടുന്നില്ല. അതിനുപുറമേ മനുഷ്യരുടെ അനുയോജ്യമല്ലാത്ത ആഗ്രഹങ്ങളേയും ഈ നോവലില്‍ ചിത്രീകരിക്കുന്നു. സൂരി നമ്പൂതിരിപ്പാട് തനിക്ക് അര്‍ഹതപ്പെട്ടതല്ലെങ്കിലും ഇന്ദുലേഖയെ വേളികഴിക്കുവാന്‍ തിടുക്കം കാട്ടുന്നുണ്ട്. തന്റെ പുത്രിയാവാന്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തുനിയുന്ന നമ്പൂതിരിപ്പാടിന്റെ മനസ്സ് സ്ത്രീയെ കാമത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണുന്ന ആധുനികസമൂഹത്തിന്റേതുകൂടിയാണ്. കഥാന്ത്യത്തില്‍ മാധവന്‍ യാതൊരു ഉറപ്പുകളുമില്ലാതെയാണ് ഇന്ദുലേഖയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത്. തന്റെ കുടുംബാംഗങ്ങളില്‍ കുറ്റം ചുമത്തി അവരെ ക്രൂശിക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ പ്രതിനിധിയാണ് മാധവന്‍. സമൂഹത്തിന്റെ വിവിധതരം കാഴ്ചകളിലൂടെ ഈ നോവല്‍ കടന്നുപോകുന്നു. ഇന്ദുലേഖയുടേയും മാധവന്റെയും സ്‌നേഹം തികച്ചും ആത്മാര്‍ത്ഥമാണ്. ഇത്തരത്തിലുള്ള ദിവ്യമായ സ്‌നേഹം ഇന്നത്തെ സമൂഹത്തില്‍ കാണാന്‍കിട്ടുക തന്നെ ദുര്‍ലഭമാണ്. അതിനാല്‍ ഇന്ദുലേഖ ചിരകാലപ്രസിദ്ധമായ നോവലായിത്തീരുന്നു എന്നെന്നും.

Comments are closed.