DCBOOKS
Malayalam News Literature Website

കവിതയെഴുതാന്‍ എനിക്കൊരു ആപ് ഉണ്ട്…

തടിഫ്രെയിമുള്ള സ്ലേറ്റ് എനിക്ക് ടാബായിരുന്നു. അതിലാണ് ‘പലപല നാളുകള്‍ ഞാനൊരു പുഴുവായ് പവിഴക്കൂട്ടിലുറങ്ങി’ എഴുതിപ്പഠിച്ചതും മഷിത്തണ്ടുകൊണ്ട് ഡിലീറ്റ് ചെയ്തതും. ‘തിങ്കളും താരങ്ങളും തൂവെള്ളി കതിര്‍ ചിന്നും തുങ്കമാം വാനിന്‍ ചോട്ടില്‍ ആണെന്റെ വിദ്യാലയം’ ഇന്നും ഞാന്‍ മനസ്സില്‍ സേവ് ചെയ്തുവച്ചിട്ടുണ്ട്. ‘ഒന്നാനാം കൊച്ചുതുമ്പീ എന്റെ കൂടെ പോരുമോ നീ’യും ‘കാക്കേ കാക്കേ കൂടെവിടെ’യും മനസ്സിലെ ഫോള്‍ഡറില്‍ സുരക്ഷിതമാണ്.

സ്‌കൂള്‍ സിലബസിലെ പല കവിതകളും അര്‍ത്ഥമറിയാതെ പഠിച്ച അക്ഷരങ്ങളും കാണാപ്പാഠം പഠിച്ച ഈണങ്ങളുമായിരുന്നു. ‘ഒരൊറ്റമതമുണ്ടുലകിന്നുയരാം പ്രേമ,മതൊന്നല്ലോ’ ഉള്ളൂരിന്റെ പ്രേമസംഗീതവും ‘ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര’ ആശാന്റെ വീണപൂവും മറ്റും. പലതും തല്ലി പഠിപ്പിച്ചതല്ലേ? ആ തല്ലിന്റെ ഓര്‍മ്മയില്‍ ഞാനൊരു കുഞ്ഞുവരി കുറിച്ചിട്ടുണ്ട്: ‘ഉള്ളൂരിന്റെ ഒരു വരി മറന്നത്തിന് ഉള്ളംകൈയില്‍ ചൂരലിന്റെ ഈരടി’.

മധുസൂദനന്‍ നായരും അനില്‍ പനച്ചൂരാനും ഒ.എന്‍.വിയും മുരുകന്‍ കാട്ടാക്കടയും മറ്റും ഈണത്തിലും ഇമ്പത്തിലും പാടിത്തന്നപ്പോഴാണ് കവിത ഹൃദയത്തിലേക്ക് അഗാധമായി കുടിയേറാന്‍ തുടങ്ങിയത്. അതിനുശേഷം കവിതാവായന എത്തിനില്‍ക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്.

സോഷ്യല്‍ മീഡിയ വന്നതോടെ വായന മരിക്കും എന്ന മുറവിളികള്‍ ഉയര്‍ന്നു. മരിച്ചില്ല എന്ന് മാത്രമല്ല, വായന വളര്‍ന്നു, പടര്‍ന്നു, പന്തലിച്ചു. ആരും മടക്കി അയക്കും എന്ന ആശയങ്കയില്ലാതെ എഡിറ്ററുടെ കത്തിക്ക് ഇരയാകും എന്ന ഭയമില്ലാതെ അക്ഷരപ്പൂക്കള്‍ വിരിയാന്‍ തുടങ്ങി. കഥകളായി, കവിതകളായി, കുറിപ്പുകളായി ഒരു സമാന്തര സാഹിത്യ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. സാഹിത്യ കൂട്ടായ്മകള്‍ ഉണ്ടായി, സാഹിത്യ സംഗമങ്ങള്‍ ഉണ്ടായി. പുസ്തക പ്രകാശനങ്ങളുണ്ടായി. എഴുത്തിലെ ഒരു പുതുയുഗത്തെ അതടയാളപ്പെടുത്തി.

സാഹിത്യത്തിലെ ഏകാധിപത്യം തകര്‍ന്ന് ജനാധിപത്യം പുലര്‍ന്നു എന്ന് വേണേല്‍ പറയാം. എല്ലാവരും എഴുത്തുകാരായി എന്നൊക്കെ ആരോപണമുണ്ട്. അതായത് വായനക്കാരേക്കാള്‍ കൂടുതല്‍ എഴുത്തുകാര്‍. എല്ലാവരും എഴുത്തുകാരാകട്ടെ. എഴുത്ത് അത്ര മോശം സംഗതിയൊന്നുമല്ലോ?

മുന്നോട്ട് ഒഴുകേണ്ട ഒന്നല്ലേ കവിത? വൃത്തത്തിന്റെ വളവുകളും പ്രാസത്തിന്റെ തിരിവുകളും പദ്യത്തിന്റെ ചുഴികളും ഗദ്യത്തിന്റെ വെള്ളച്ചാട്ടങ്ങളും കടന്ന് കവിത ഒഴുകുന്നതല്ലേ നല്ലത്?

‘ഞാനെഴുതുന്നത് എന്റെ സ്വകാര്യ മുറിയിലെ ഒരു വെള്ള പേപ്പറിലല്ല, മറിച്ച് എനിക്ക് പ്രാപ്യമായ എനിക്ക് ചിലപ്പോഴൊക്കെ അപ്രാപ്യമായ ഒരു വലിയ സമൂഹത്തിന്റെ മുഖത്താണ് എന്നാണ് ഉമ്പര്‍ട്ടോ എക്കോ പറഞ്ഞിട്ടുള്ളത്. മുഖപുസ്തകം ഇന്ന് ഏറെക്കുറെ സമൂഹത്തിന്റെ മുഖമായി മാറിയിരിക്കുന്നു.

നമുക്കറിയാം പത്രങ്ങളുടെ പ്രചാരം കുറയുന്നു, വായന കുറയുന്നില്ല. ടെവിവിഷന്‍ കാഴ്ച കുറയുന്നു, ആസ്വാദനം കുറയുന്നില്ല. എല്ലാം ഓണ്‍ലൈനിലേക്ക് ചേക്കേറുന്നു എന്നാണ് നാം ഇതിനെ വായിക്കേണ്ടത്. കൈക്കുമ്പിളില്‍ കടല്‍ കോരിയെടുത്തു എന്നൊക്കെ കവികള്‍ എഴുതാറില്ലേ? നിങ്ങളുടെ കൈക്കുമ്പിളിലെ വിവരവിപ്ലവത്തിന്റെ കടലാണ് മൊബൈല്‍ ഫോണ്‍. ഒരു തുള്ളി ചോര ചീന്താതെ വിപ്ലവം എന്ന് പറയുമ്പോലെ ഒരു തുള്ളി മഷി വീഴ്ത്താതെ എഴുത്ത്. തൂലികത്തുമ്പില്‍നിന്നും കീപാഡിലേക്ക് എഴുത്ത് പരകായപ്രവേശം ചെയ്തു.

‘മാനം ചേര്‍ന്ന ഭടന്റെ മിന്നല്‍ ചിതറും കൈവാളിളക്കത്തിലും,
മാനഞ്ചും മിഴി തന്‍ മനോരമണനില്‍ച്ചായുന്ന കണ്‍കോണിലും,
സാനന്ദം കളിയാടിടുന്ന ശിശുവിന്‍ തൂവേര്‍പ്പണിപ്പൂങ്കവിള്‍
സ്ഥാനത്തും, നിഴലിച്ചുകാണ്മു കവിതേ, നിന്‍ മഞ്ജുരൂപത്തെ ഞാന്‍.’

എല്ലാത്തിലും കവിത കാണുന്ന ഇയുഗത്തില്‍ വള്ളത്തോളിന്റെ ഈ വരികളില്‍ കൈവാളിന് പകരം റിമോട്ടും കണ്‍കോണിന് പകരം ഗൂഗിള്‍ ഗ്ലാസും ആയിമാറുന്നു എന്നുമാത്രം.

എല്ലാവരും സാഹിത്യകാരാകാന്‍വേണ്ടി എഴുതുന്നതല്ല. എല്ലാം സാഹിത്യവുമല്ല. മിക്കവരും ലൈക്കിനും കമന്റിനുംവേണ്ടിയാണ് എഴുതുന്നത്. അങ്ങനയല്ലെന്ന് പറയുന്നവരൊക്ക സ്വന്തം വാക്കുകളുടെ ആത്മാര്‍ത്ഥത ഒന്നുകൂടി പരിശോധിക്കേണ്ടതാണ്. ആത്മസംതൃപ്തിക്കുവേണ്ടിയെന്നപോലെ അംഗീകാരത്തിനുവേണ്ടികൂടിയാണ് എഴുത്തുകള്‍. അല്ലെങ്കില്‍ ഒരു പുസ്തകത്താളില്‍ എഴുതി വീട്ടില്‍ സൂക്ഷിച്ചാല്‍ മതിയല്ലോ?

അതൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെ. സാഹിത്യം ഏതു തലത്തിലും, പുസ്തകത്തിലും മുഖപുസ്തകത്തിലും, പ്രസക്തമാണ്. കാരണം സാഹിത്യം ഇല്ലാത്തിടത്ത് ഒരു രാഹിത്യം ഉണ്ട്.

നാല് ലക്ഷത്തിലധികം അംഗങ്ങളുള്ള സാഹിത്യ ഗ്രൂപ്പുകളുണ്ട് ഫെയ്‌സ്ബുക്കില്‍. അതില്‍ കവിതകള്‍ എന്ന ഗ്രൂപ്പിന്റെ അഡ്മിന്‍കൂടിയാണ് ഞാന്‍. ഓര്‍ക്കൂട്ട് കാലത്തേ ആരംഭിച്ച ഗ്രൂപ്പാണ് കവിതകള്‍. മറ്റൊരു വലിയ സാഹിത്യ ഗ്രൂപ്പാണ് എന്റെ തൂലിക. കവിതകളുടെ ലോകം, തത്ത്വമസി, വാക്കനല്‍ ഇങ്ങനെ അസംഖ്യം ഗ്രൂപ്പുകളും പേജുകളും ഉണ്ട്.

ചെറുവരികള്‍ ഡിസൈന്‍ ചെയ്തിടുന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍ ഒരു ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു. കലപില, മലയാളി കമ്പനി തുടങ്ങിയ ആദ്യകാല ഗ്രൂപ്പുകള്‍ മുതല്‍ കടലാസ്, കനലുപൂക്കുന്നിടം, വേരുകള്‍ തുടങ്ങിയ പില്‍ക്കാല ഗ്രൂപ്പുകള്‍ വരെ സ്റ്റാറ്റസ് കവിതകളെ ‘നെറ്റി’ലെങ്ങും പാട്ടാക്കി.

അങ്ങനെയിരിക്കെയാണ് അല്‍ഗോരിതത്തിന്റെ അപഹാരം മൂലം ഫെയ്‌സ്ബുക്കിന്റെ റീച്ച് കുറഞ്ഞത്. ലൈക്കിന്റെ പ്രതാപകാലത്തുനിന്നും ലൈക്കീക ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ ഫെയ്‌സ്ബുക്കില്‍ അണ്‍ഫ്രന്‍ഡ് മാമാങ്കങ്ങള്‍ പതിവാണ്. ആരും മനപ്പൂര്‍വ്വം ലൈക്കാത്തതല്ല, കണ്ണില്‍പ്പെടാത്തതാണ്. 10% റീച്ച് ഉണ്ടായിരുന്നത് 2% ത്തിലേക്ക് താഴ്ത്തിയത് പോസ്റ്റുകള്‍ എല്ലാവരിലും എത്തുന്നത് തടയുന്നു. ഗതികിട്ടാത്ത പ്രേതങ്ങളെപ്പോലെ ഒരേ പോസ്റ്റുകള്‍ വീണ്ടും ന്യൂസ്ഫീഡില്‍ കറങ്ങിത്തിരിഞ്ഞു നടക്കുന്നു.

ഒരിക്കല്‍ മുഖപുസ്തകത്തിന് യുവത്വത്തിന്റെ ചോരത്തിളപ്പ് ഉണ്ടായിരുന്നു. ഇന്ന് തിളപ്പില്ല. പ്രായംകൊണ്ട് പലരും ആറിത്തണുത്തു. അമ്മയും അമ്മാവനുംതൊട്ട് പിതാമഹന്‍വരെ അക്കൗണ്ടുകളില്‍ നിന്നും എത്തിനോക്കുന്നുണ്ട്. പുച്ഛിച്ച് മാറിനിന്നവരും നവമാധ്യമസാധ്യത മനസ്സിലാക്കിയ മതരാഷ്ട്രീയ സംഘങ്ങളും മുഖപുസ്തകത്തിലെ പൗരന്മാരായി. ചെളിവാരിയേറ്, കരിവാരിത്തേക്കല്‍ എന്നീ കലാരൂപങ്ങള്‍ കെങ്കേമമായി കൊണ്ടാടാന്‍ തുടങ്ങി. പ്രൊഫൈല്‍ക്കൂട്ട ആക്രമണങ്ങളും പതിവായി. ഒരു ‘ഫണ്‍ പ്ലേസ്’ ആയിരുന്ന മുഖപുസ്തകം സീരിയസ് ആയി. അപ്പോള്‍ യുവത്വം ഇന്‍സ്റ്റഗ്രാമത്തിലേക്ക് കൂടുമാറി.

സ്റ്റാറ്റസ് കവിതകളുടെ ഈറ്റില്ലമാണ് ഇന്‍സ്റ്റഗ്രാം. അതില്‍ കവിത്വമോ കവിതയോ തിരയുന്നത് പലപ്പോഴും കച്ചിക്കൂനയില്‍ സൂചി തിരയും പോലെയാണ്. എന്നാല്‍ ശക്തമായ ആശയവും അടുക്കുഭംഗിയും ഉള്ള വരികളും ഉണ്ടാകാറുണ്ട്. വായനക്കാര്‍ സിംഹഭാഗവും 18 നും 25-നും മദ്ധ്യേയാണ്.

ഒരു ലക്ഷത്തിപതിനായിരത്തോളം പേര്‍ പിന്തുടരുന്ന ബലിക്കാക്ക എന്ന എന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഈ പ്രായം മാനിച്ചുതന്നെയാണ് എഴുതാറുള്ളത്. യുവജനതയുമായി ഇഷ്ടംകൂടാത്ത രചനകള്‍ അവിടെ കുറിക്കുന്നത് ആശാസ്യമല്ല. അവരുടെ രുചിക്കനുസരിച്ച് എഴുതുന്നതിനിടയ്ക്ക് നമ്മുടെ രുചിക്കനുസരിച്ചുള്ള രചനകളുംകൂട്ടിച്ചേര്‍ത്ത് ‘ബാലന്‍സ് കെ നായര്‍’ ആകാം. കട്ടന്‍കാപ്പി, വേരുകള്‍, തൂലികതാളുകള്‍, കടലാസ്…. അങ്ങളെ നീളുന്നു ഇന്‍സ്റ്റഗ്രാം കവിത പേജുകള്‍.

സാഹിത്യമാസികകളും പ്രസിദ്ധീകരണങ്ങളും പഴയതലമുറയിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്നത്തിന് കാലം ദൃക്‌സാക്ഷിയാണ്. എഴുത്തുകാരനാകാന്‍ ഗോഡ്ഫാദര്‍മാരും വേണ്ട. ബസ്‌റ്റോപ്പിലോ ട്രെയിനിലോ ഇരുന്നു കുറിക്കുന്ന ഒരു വരി ചിലപ്പോള്‍ ലോകം സഞ്ചരിച്ചേക്കാം. ഒരു കുറിപ്പുകണ്ട് പ്രസാധകന്‍ നിങ്ങളെ തേടിവന്നേക്കാം. ഒരു കഥവായിച്ച് ഒരു സംവിധായകന്‍ നിങ്ങളെ സിനിമയിലെടുത്തേക്കാം.എല്ലാം പുലികാല വൈഭവം..!

അപ്പോള്‍, ആപ്പ്?

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വഴി ഇന്ന് കവിതകള്‍ എഴുതുന്നുണ്ടെങ്കിലും എഴുതാനുള്ള ഏറ്റവും മികച്ച ആപ് മസ്തിഷ്‌കം തന്നെയാണ്.

Comments are closed.